വിസ്മൃതി  

0
477
vismruthi-vinod-vr-athmaonline-the-arteria

കഥ
വിനോദ് വിയാർ
 
കായംകുളം 7 Km
 
പച്ചച്ചായമടിച്ച, വെളുത്ത അക്ഷരങ്ങളുള്ള ബോർഡിലെ മുകളിലത്തെവരി മാത്രം ഒരു സാധാരണ കാഴ്ചയുടെ ലാഘവത്തോടെയല്ലാതെ മുകുന്ദൻ ശ്രദ്ധിച്ചു. കായംകുളത്തിനപ്പുറം ഓച്ചിറയും കരുനാഗപ്പള്ളിയും കാവനാടുമെല്ലാം കടന്ന് ഈ സൂപ്പർഫാസ്റ്റ് കൊല്ലത്തെത്തുന്ന ഒരു ഏകദേശ സമയം മനസ്സിൽ കണക്കുകൂട്ടി അയാൾ നെടുവീർപ്പിട്ടു. അപ്പോഴേക്കും അമ്മാവൻ്റെ ശരീരം പട്ടടയിലേക്കെടുത്തേക്കുമോ എന്നൊരു ആധിയും അയാൾക്കുണ്ടായിരുന്നു.
 
ഓരോ നാശങ്ങള് നോക്കണേ, ഞായറാഴ്ചയായിട്ട് കവിതയുമായി ഒരു സിനിമയ്ക്കൊക്കെ പോകാം എന്നു കണക്കു കൂട്ടിയിരുന്നതാണ്. രാവിലെ കിടക്കപ്പായിൽ നിന്ന് വിളിച്ചുണർത്തിയത് രവീന്ദ്രൻ്റെ ഫോണാണ്. അച്ഛൻ മരിച്ചു എന്നയാൾ പറഞ്ഞപ്പോൾ ഒരു വികാരത്തിലും മുങ്ങിപ്പോകാതെ മുകുന്ദന് ഇരിക്കാൻ കഴിഞ്ഞു, രവീന്ദ്രൻ്റെ അച്ഛൻ മുകുന്ദന് വകയിലൊരു അമ്മാവൻ ആയിരുന്നെങ്കിൽപ്പോലും. അമ്മാവൻ മുകുന്ദനോ കുടുംബത്തിനോ ഒരു രീതിയിലും ഉപകാരപ്പെട്ടില്ല എങ്കിലും രവീന്ദ്രനുമായി ഒരു നല്ല ബന്ധം വളർന്നിരുന്നു. അതാണ് അയാളെ ഈ യാത്രയിലേക്ക് തള്ളിവിട്ടത്. അല്ലായിരുന്നെങ്കിൽ കവിതയുടെ വീർത്തുകെട്ടിയ മുഖത്തിൻ്റെ സന്തോഷത്തിനായി ഒരു കള്ളത്തിൻ്റെ മറപിടിച്ച് രവീന്ദ്രനോട് വരില്ല എന്നു പറഞ്ഞേനെ.
 
 ആലപ്പുഴയിൽ നിന്ന് കയറിയപ്പോൾ തന്നെ ചെവിക്കുള്ളിലിരുന്ന് പാടാൻ തുടങ്ങിയ ഇയർഫോൺ –
‘കണ്ണുപട പോകുതയ്യാ ചിന്നകൗണ്ടറേ
സുറ്റിപോട വേണമയ്യാ ചിന്നകൗണ്ടറേ
ഉനക്ക് സുറ്റിപോട വേണമയ്യാ ചിന്നകൗണ്ട റേ’
എന്ന തമിഴ്പാട്ടിൽ സ്റ്റക്കായി നിൽക്കുന്നു. സ്ലോമോഷനിൽ നടന്നുവരുന്ന നായകനിൽ അമ്മാവൻ്റെ പഴയമുഖം കലരുത് എന്തുകൊണ്ടാണെന്ന് മുകുന്ദന് മനസ്സിലായില്ല. പഴയ പ്രതാപങ്ങളിൽ നിന്നെല്ലാം അമ്മാവൻ എത്രയോ മുന്നോട്ടുപോയിരിക്കുന്നു. മദ്യമായിരുന്നു അമ്മാവൻ്റെ കഥയിലെ വില്ലൻ. മദ്യത്തിന് ആന്തരാവയവങ്ങളെപ്പോലെ പണത്തേക്കും കാർന്നുതിന്നാനുള്ള കഴിവുണ്ട് എന്നത് എത്രയോ ഉദാഹരണങ്ങളിലൂടെ കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.
 
പാട്ട് ഓഫ് ചെയ്ത് സീറ്റിലേക്ക് ഒന്നുകൂടി ചാഞ്ഞിരുന്നപ്പോഴാണ് അടുത്തിരിക്കുന്നവൻ തൂങ്ങി തൂങ്ങി തൻ്റെ തോളിലാണ് സുഖനിദ്രയ്ക്ക് താവളം കണ്ടെത്തിയിരിക്കുന്നതെന്ന് മുകുന്ദൻ ശ്രദ്ധിച്ചത്. അവൻ്റെ വായിൽ നിന്നും ഒഴുകാൻ തുടങ്ങിയ ദ്രാവകം അൽപം കൂടി കഴിഞ്ഞാൽ തൻ്റെ ഷർട്ട് നനയ്ക്കും എന്ന തിരിച്ചറിവിൽ അയാൾ അവൻ്റെ തലപിടിച്ചൊരു തള്ള് കൊടുത്തു. തല സൈഡിലെ കമ്പിയിലിടിച്ച് ഞെട്ടി കണ്ണുമിഴിച്ച യാത്രക്കാരനെ നോക്കി മുകുന്ദൻ സ്നേഹക്കൂടുതലിൻ്റേതായ ഒരു ചിരിചിരിച്ചു.

“ദു:സ്വപ്നം കണ്ട് ഞെട്ടിപ്പോയോ! നട്ടുച്ചയ്ക്ക് ഇങ്ങനെ ഉറങ്ങാൻ പാടില്ല. കൺട്രോൾ യുവർസെൽഫ്.”
കവിതയുടെ ഫോൺകോൾ അപ്പോൾ വന്നില്ലായിരുന്നെങ്കിൽ ഒന്നുരണ്ട് ഉപദേശം കൂടി ഫ്രീയായി യാത്രക്കാരന് കിട്ടുമായിരുന്നു.
“ഹലോ”
‘…………………………………..’
”കായംകുളമെത്താറായി
‘……………………………………’
“എന്തായാലും കൊല്ലമെത്തുമ്പോ മൂന്നുമണി കഴിയും. അവിടന്ന് അഞ്ച് കിലോമീറ്റല്ലേ ഉള്ളൂ. ഓട്ടോപിടിക്കാം. ബോഡി എടുക്കുന്നതിന് മുമ്പേ എത്താമെന്ന് തോന്നുന്നു.”
‘…………………………………………….’
” ഇല്ല വൈകില്ല. തലകാണിച്ച് അപ്പോ ഇറങ്ങും. നീ അപ്രത്തെ വീട്ടിലെ ദേവകി അക്കയുടെ മക്കളെ വിളിച്ച് കൂട്ടിരുത്ത്.”
 
കായംകുളത്ത് പത്തുമിനിട്ട് ഹാൾട്ട് ഉണ്ടായിരുന്നിട്ടും മുകുന്ദൻ പുറത്തേക്കിറങ്ങിയില്ല. പുറത്തെ തീച്ചൂടിലേക്കിറങ്ങിയാൽ പഴുത്തുപോകുമോ എന്ന അനാവശ്യമായ ഒരു തോന്നൽ അയാളെ ചൂഴ്ന്നുനിന്നു. അകത്തെ ചൂട് തന്നെ അസഹനീയമായിരുന്നു. ദിവസങ്ങൾ അടരുന്തോറും ഭൂമി ഒരു ആലയായി മാറുകയാണെന്നും അതിനുള്ളിൽ വെന്തുനീറി ചാരമാകാൻ വിധിക്കപ്പെടുകയാണ് മനുഷ്യജന്മങ്ങളെന്നും അയാൾക്കു തോന്നി. ആ തോന്നലിനൊപ്പം പത്തുമിനിട്ട് കഴിഞ്ഞിട്ടും ഡ്രൈവറും കണ്ടക്ടറും എത്താത്തതിലുള്ള ഈർഷ്യയും അയാളെ ചുറ്റിവരിഞ്ഞു.
 
“ഇതെത്ര നേരമായി. പത്തുമിനിട്ടും കഴിഞ്ഞു പതിനഞ്ച് മിനിട്ടും കഴിഞ്ഞു. ഇവന്മാരിത് എവിടെപ്പോയിക്കിടക്കുന്നു. ആൾക്കാർക്ക് എത്തേണ്ടിടത്ത് എത്തണ്ടേ.” ഉച്ചത്തിൽ പറഞ്ഞുപോകാൻ തക്കവണ്ണം മുകുന്ദനിൽ ഏതൊക്കെയോ ചിന്തകൾ തലങ്ങും വിലങ്ങും പാഞ്ഞു. ബസ്സിലെ മറ്റുള്ളവരെല്ലാം ഒരു അത്ഭുതജീവിയെ നോക്കുന്നതു പോലെ ഒച്ചവെയ്ക്കുന്ന മുകുന്ദനെ നോക്കി.
“ബസ്സിൽ ആദ്യമായാണോ കയറുന്നത്?” എതിരേ ഇരുന്ന തലനരച്ച മനുഷ്യൻ ചിരിച്ചു.

“അവരൊന്ന് ചെറിയ രീതിയിൽ കഴിച്ച് ഒരു പൊകയെടുത്ത് കൊച്ചുവർത്തമാനം പറഞ്ഞുവരുമ്പോൾ അവരുടെ വാച്ചിൽ കൃത്യം പത്തുമിനിട്ടേ ആവൂ. സമയമായിട്ടില്ല. നിങ്ങളുടെ വാച്ച് തെറ്റായിരിക്കും. ഒന്നുനോക്കിയാട്ടെ.” അയാളുടെ ചിരി ഒന്നുകൂടി വിടർന്നു. മുകുന്ദന് ആ ചിരി തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും വായടച്ച് പുറത്തേക്ക് ഉറ്റുനോക്കിയിരുന്നു. ദൂരെ തീയിൽ നിന്ന് പിച്ചതെണ്ടുന്ന വയസ്സിത്തള്ളയുടെ നിസ്സഹായാവസ്ഥയിലേക്ക് അധികനേരം കണ്ണുവെയ്ക്കാനും അയാൾക്ക് കഴിഞ്ഞില്ല. അയാൾ വലിച്ചെറിഞ്ഞുകൊടുത്ത പത്തുരൂപാ തുട്ടിലേക്ക് ആർത്തിയോടെ ചാടിവീണ് അവർ ചിരിച്ച ചിരിയ്ക്ക് നിരവധി അർത്ഥങ്ങൾ കൽപിക്കാൻ കഴിയുമായിരുന്നു.
 

vinod
ചിത്രീകരണം : സുബേഷ് പത്മനാഭൻ

കണ്ണടച്ച് സീറ്റിലേക്ക് ചാഞ്ഞിരുന്ന നിമിഷങ്ങളിൽ എപ്പോഴോ വണ്ടി സ്റ്റാർട്ടാവുന്ന ശബ്ദം കേട്ടു. ഒപ്പം’ആള് കയറാനുണ്ട്’ എന്നൊരു കാറലും. ബസ്സിൻ്റെ പിൻസീറ്റുകളിൽ എവിടെ നിന്നോ ആണ്.
“സാറേ ഒരാളും കൂടി കയറാനുണ്ട്. അയാളുടെ കവറ് ദേ ഇരിക്കുന്നു.”
“എങ്കിൽ വേഗം അയാളെ വിളിക്ക്.” കണ്ടക്ടർ ഒട്ടും ധൃതിയില്ലാതെ പറഞ്ഞു.
”വിളിക്കാനോ! എനിക്കൊന്നും അയാളെ അറിയില്ല.”
കണ്ടക്ടർ ഒറ്റബെല്ലടിച്ചു. മുകുന്ദൻ്റെ മനസ്സിൽ അമ്മാവൻ്റേയും കവിതയുടേയും മുഖം ഒന്നിനുമീതെ ഒന്നായി വന്നുവീണുകൊണ്ടിരുന്നു. ആകെ അരിശത്തിൽ അയാളൊന്നു വിറച്ചു.
“ഇതിപ്പം എത്രനേരമായി സാറേ… ആ കവറെടുത്ത് താഴെയെങ്ങാനും കൊടുത്ത് വണ്ടി വിട്. മനുഷ്യനെ മിനക്കെടുത്താനായിട്ട്.” ദേഷ്യം ചുഴറ്റിക്കറക്കിയ നാവ് കൊണ്ട് മുകുന്ദൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു. മറ്റു യാത്രക്കാർ, നിശബ്ദത ശീലിച്ചുവന്നതിൻ്റെ ഭാഗമായിക്കിട്ടിയ പരിഹാസച്ചിരി മുഖത്തുവരുത്തി അയാളെ നോക്കി.
 
ഗതിയില്ലാതെ കണ്ടക്ടർ കവറെടുത്ത് ഡിപ്പോയിൽ ഏൽപിച്ച് വണ്ടിക്ക് ഡബിൾ ബെൽ കൊടുത്തു. മുകുന്ദന് വല്ലാത്ത ആശ്വാസം തോന്നി. ദൂരെ മരച്ചോട്ടിലിരുന്ന് പൊതിച്ചോറുണ്ണുന്ന വയസ്സിത്തള്ളയുടെ കണ്ണുകളിലെ സന്തോഷം ബസ്സിൻ്റെ പോക്കിനിടയിൽ ഒരു മിന്നായം പോലെ കണ്ടു. മുകുന്ദൻ മനസ്സുനിറഞ്ഞു ചിരിച്ചു. ഏതു തിരിച്ചറിവിലാണ് ആ ചിരി ഒരു ഞെട്ടലിന് വഴിമാറിയത്! ആ സമയം വർഗ്ഗീസിനെക്കുറിച്ച് ഓർക്കാൻ ഒരു കാരണവുമുണ്ടായിരുന്നില്ല എന്നതും സത്യമാണ്. പക്ഷേ മുകുന്ദൻ്റെ മനസ്സിലേക്ക് വർഗ്ഗീസ് കടന്നുവരികയും ഹരിതവനം പോലെ ഇളകാൻ തുടങ്ങുകയും ചെയ്തു.
 
വർഷങ്ങൾക്കുശേഷം തൻ്റെ പഴയ സുഹൃത്തിനെ ഇന്ന് ആലപ്പുഴയിൽ വെച്ച് കണ്ടുമുട്ടുമ്പോൾ ആദ്യമൊന്നു പകച്ചു. പിന്നെ ചിരിച്ചു. ഒരുപാട് സംസാരിച്ചു. കൊല്ലത്തേക്ക് തന്നെയായിരുന്നു വർഗ്ഗീസിൻ്റേയും യാത്ര. ഒരുമിച്ച് ഒരു ബസ്സിൽ കയറിയെങ്കിലും മുന്നിലും പിന്നിലുമായാണ് സീറ്റ് കിട്ടിയത്. വർഗ്ഗീസ് തനിക്കും കൂടി ടിക്കറ്റെടുത്തു, അത് വേണ്ടിയിരുന്നില്ലെങ്കിലും. ടിക്കറ്റുയർത്തിക്കാണിച്ച് പ്രത്യേകരീതിയിൽ ചിരിക്കുന്ന വർഗ്ഗീസ് മുകുന്ദനിൽ ഇപ്പോൾ വ്യക്തമായ ഓർമ്മയായി ജ്വലിക്കുന്നു. അയാൾ കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന കവറിൻ്റെ നിറം കായംകുളം ഡിപ്പോയിൽ ഏൽപ്പിക്കപ്പെട്ട കവറിൻ്റെ നിറം തന്നെയാണല്ലോ എന്ന തിരിച്ചറിവിൽ മുകുന്ദൻ ഉഷ്ണത്തിൻ്റെ സഹായമില്ലാതെ വിയർത്തു.
 
കാര്യമറിഞ്ഞ് ചിരിതുടങ്ങിയ കണ്ടക്ടർക്ക് ടിക്കറ്റിനുള്ള കാശ് നീട്ടുമ്പോൾ കായംകുളത്ത് അടുത്ത ബസ്സിനായി കാത്തുനിൽക്കുന്ന വർഗ്ഗീസിൻ്റെ മുഖം നീറ്റലായി മുകുന്ദനിൽ കിളിർത്ത് വളർന്നു. ഉപകാരം ചെയ്യുന്നവനെ വേഗം മറക്കുകയും അവനിട്ട് തന്നെ കുഴിതോണ്ടുകയും ചെയ്യുന്ന പൊതുസ്വഭാവത്തെ പഴിച്ച ആ നിമിഷത്തിൽ, തിരക്കുകുറഞ്ഞ റോഡിൽ വേഗം കൊള്ളുന്ന ബസ്സിനുള്ളിൽ അസഹനീയതയോടെ അയാളിരുന്നു.
 …

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
 

 

LEAVE A REPLY

Please enter your comment!
Please enter your name here