വില്വാദ്രിയിലെ ചെറിയ കല്ലുകൾ പഠിപ്പിക്കുന്ന വലിയ പാഠങ്ങള്‍

0
482

ഡോ. കെ.എസ്.കൃഷ്ണകുമാർ

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രപ്പടവുകൾക്ക്‌ താഴെ വലതു ഓരത്ത്‌ ഒരു ആൽവൃക്ഷത്തറയുണ്ട്‌. സരസ്വതിസന്നിധിയെന്ന് സങ്കൽപം. ദേവസന്നിധിയിൽ വിശേഷാൽ നവരാത്രി കാലങ്ങളിൽ ഭക്തർ ആ തറയിന്മേൽ വിരൽകൊണ്ട്‌ ഇഷ്ടദേവധ്യാനശ്ലോകങ്ങൾ കുറിക്കാറുണ്ട്‌. ഇവിടെ മറ്റൊരു ആകർഷകമായ അനുഷ്ഠാനമായി കാണുന്നതാണു ദേവീഭക്തർ ആ വിശ്വാസത്തറയിന്മേൽ ചെറുകൽകഷ്ണങ്ങളെ മേൽക്കുമേൽ അടക്കിവെയ്‌ക്കുന്നത്‌. മറ്റ്‌ ധാരാളം ദേവാലയങ്ങളിലും ഇത്തരം ആചാരങ്ങൾ കാണാനാകും.

 

 

ചില ബുദ്ധവിഹാരങ്ങളിൽ ശ്രദ്ധയുടെ പരിശീലനത്തിനായും ഈ ക്രിയകൾ ഭിക്ഷുക്കൾ പരിചയിക്കാറുണ്ട്‌. ഗുഹാക്ഷേത്രങ്ങൾ, മലയോര-വന ആരാധനായിടങ്ങളിലും ഇത്തരം കല്ലടുക്കുചെറുശിൽപങ്ങളുടെ അനുഷ്ഠാനങ്ങൾ കാണാം. ആരാധനയുടെ മന:ശാസ്ത്രം പല രീതികളിൽ, പല തലങ്ങളിൽ ഇതിനെ വ്യാഖ്യാനിക്കുന്നു. അപ്രസക്തിയുടെയും തിരസ്കാരത്തിന്റെയും ഉപയോഗശൂന്യതകളുടെയും ശ്രദ്ധാപൂർവ്വമുള്ള പുനരവതരണങ്ങളിൽ സാധിക്കാകുന്ന കലാമൂല്യങ്ങളുടെ കലാപ്രകടനപരതകളാണെന്ന് സാങ്കേതികമായി ഇവയെ വിവരിക്കാനാകും.

 

 

നിസാരം എന്നു കരുതിയവയിൽ നിന്ന്, തൃണവൽക്കരിച്ചവയിൽ നിന്ന്, വിവിധ നവാർത്ഥങ്ങളെ, രൂപവിഭാവനങ്ങളെ വാർത്തെടുക്കാനാകുമെന്ന് ഈ ചെറുശിൽപങ്ങൾ ഉദാഹരിക്കുന്നു. ഭക്തിയും ക്ഷമയും സമർപ്പണവും ധ്യാനവും മനസ്സിന്റെ അടരുകളിൽ ഉറവകളായൂറി ഓരോരുത്തരും തന്നാലാകുന്ന ഉയരത്തിലേക്ക്‌ സൂക്ഷ്മതയോടെ കല്ല് കഷ്ണങ്ങളെ പടുത്ത്‌ വയ്‌ക്കുന്ന ഈ ആരാധനാരീതിയിൽ ഉരുതിരിയുന്ന കലാചാരുതയിൽ പല ജീവിതപാഠങ്ങളും വെളിച്ചപ്പെടുന്നുണ്ട്‌. ബാലക്രീഡയായി ഇതിനെ കാണുന്നവരുമുണ്ട്‌. വിശ്വാസികൾ അടുക്കിയടുക്കി വച്ച ഈ ശിൽപസമമായ കരവേലകളെ ആളൊഴിഞ്ഞ പൂജേതരസമയങ്ങളിൽ ഓരോന്നായി സസൂക്ഷ്മം ശ്രദ്ധിക്കുന്നത്‌ രസകരമാണ്.

 

 

ഓരോ പൂർത്തീകരണങ്ങളിൽ നിന്നും അതതു മനസ്സുകളെ ചിത്രരേഖകൾ വായിക്കാനാകും. വലിയ കഷ്ണങ്ങൾ കൊണ്ട്‌ എളുപ്പത്തിൽ ലക്ഷ്യം സാധിച്ചത്‌, ആവർത്തിച്ചാവർത്തിച്ചും അൽപഫലങ്ങളുമായി സമാധാനപ്പെട്ടത്‌, കേവലം വാക്‌പാലനകർമ്മമായി പൂർത്തീകരിച്ചത്‌,അങ്ങനെ പല ചേതോവ്യാപാരങ്ങൾ ഈ കൽകഷ്ണടക്കുകളിൽ തെളിയുന്നു. ധ്യാനത്തിന്റെ ഭേദങ്ങളെ വായിക്കാം ഈ സൂക്ഷ്മശിൽപങ്ങളിൽ നിന്ന്. മനുഷ്യമനസ്സുകൾ നടത്തിയ അൽപനേരയാത്രകളുടെ ഓരോ ഖണ്ഡങ്ങളാണിവ, പാദപ്പാടുകളാണിവ. വലിയ പാഠങ്ങൾ അവയിൽ ഒളിഞ്ഞിരിപ്പുണ്ട്‌. ഉടച്ചുവാർക്കുന്ന ശിൽപക്കഥകൾ മുതൽ പുനർജ്ജന്മവിശ്വാസങ്ങൾ വരെ.

ഫോട്ടോഗ്രാഫി : അഖിൽ നന്പിയത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here