ശബ്ദത്തിൻ്റെ മോർച്ചറികൾ

1
272
E N Shanthi

പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
പെയിൻറിങ്ങ് ഇ. എൻ. ശാന്തി

ആദ്യം ശബ്ദമാണല്ലോ….
പിന്നെയാണ് ആളും അർത്ഥവും ഉണ്ടാകുന്നത്.
ഈ ആഖ്യാനം കൂറ്റുകളെ കുറിച്ചാണ്.
ഞങ്ങൾക്ക് ശബ്ദവും ഒച്ചയും ഇല്ല.
എല്ലാം കൂറ്റാണ്.
കൂറ്റ് ശബ്ദമോ ഒച്ചയോ അല്ല.
അത് വേറൊരു ജീവിതമാണ്.
വേരിൻ്റെ, ഇലയുടെ നാട്ടൗഷധ വീര്യമിറ്റിയ പച്ചമണമുണ്ട് കൂറ്റിന്.
കൊട്ടമ്പാളയും
തെരുവൻ മുണ്ടും
വെയിലിൻ്റെ കരുവാളിപ്പും
കണ്ടത്തിലെ ചളിയും
കൂറ്റെന്ന ഒറ്റവാക്കിൻ്റെ
പെട്ടകത്തിലുണ്ട്.
ഒച്ചയെക്കാൾ ശബ്ദത്തെക്കാൾ രൂപത്തികവുണ്ട്
ഉള്ളുറപ്പുണ്ട് കൂറ്റിന്.
അയിരുള്ള മണ്ണിൽ തെഴുമ്പ പൊട്ടിയ ഒരു നാട്ടുചെടി.
കാലവും ദേശവും മണക്കുന്ന വാക്കിൻ്റെ ഉടൽ രൂപകം.

ഓരോ ശബ്ദത്തിനും ഓരോ ജീവിതമുണ്ട്.
ഓരോ ദേശവും അതിൻ്റെ ശബ്ദത്താൽ വിരചിതമാണ്.
തൃക്കരിപ്പൂരിൻ്റെ ശബ്ദ ശാസ്ത്രത്തെ എങ്ങനെ ഉപന്യസിക്കാം.
എന്തൊക്കെ സങ്കലിത ശബ്ദ മിശ്രണങ്ങളിലൂടെയാണ് ഒരു ദേശത്തിന് രൂപം തികയുന്നത്.
ഓരോ ശബ്ദവും ഓരോ ജീവിതമാകുന്നതിനാൽ പല വിധ ശബ്ദങ്ങൾ ചേർന്നതാണ് ഒരു ദേശത്തിൻ്റെ ഭൂപടം.

കഴിഞ്ഞ നാൽപത് വർഷ കാലത്തിനിടയിൽ എത്രയെത്ര കൂറ്റുകളാണ് അതിൻ്റെ സൂക്ഷ്മ സ്വരൂപത്തിൽ വിലയം പ്രാപിച്ച് അപ്രത്യക്ഷമായത്.
എത്രയെത്ര പുതിയ കൂറ്റുകളാണ് സ്ഥൂലാകാരം പൂണ്ട് പുതിയ ജീവിതത്തെ അടയാളപ്പെടുത്തി വെക്കുന്നത്…

ഇല്ലാതായി പോയ ശബ്ദഭംഗികളെല്ലാം
സംഗീതമാണ്.
ഇരുണ്ട മോർച്ചറിയുടെ അന്ധകാര ശൂന്യതയിൽ ശവക്കച്ച ചിറ്റിയ ശബ്ദങ്ങളുടെ അഴുകിയ ശവശരീരങ്ങൾ…
ശവസൂക്ഷിപ്പ് മുറിക്ക് പുറത്ത് ബാക്കിയായ ശബ്ദങ്ങളുടെ ദീനവിലാപങ്ങൾ.
ഇനി തിരിച്ചുനടക്കാൻ പറ്റാത്ത വിധം അകലത്തായ ശബ്ദങ്ങൾ.
ഒറ്റപ്പെട്ടു പോയവ.
ചങ്ങലയിൽ ബന്ധിച്ചവ.
കൈകാലുകൾ ഛേദിച്ചവ.
കണ്ണു കുത്തി പൊട്ടിച്ചവ….

പടിഞ്ഞാറ് നിന്ന് മഴയും കാറ്റും കൈതാങ്ങി ആനയിച്ചു കൊണ്ടു വരുന്ന കടലിരമ്പം കേൾക്കാതായത് എന്ന് മുതൽക്കാണെന്ന് കൃത്യമായി ഓർമ്മയില്ല.
മിഥുനം അതിൻ്റെ എല്ലാ ആസക്തിയിലും സ്ഖലിച്ച് പെയ്യുന്ന കഠിന രാത്രികൾ.
അമ്പ് തറച്ച് പിടയുന്ന നിദ്ര.
രതിമൂർച്ചയ്‌ക്കൊടുവിൽ മഴ തളർന്നു വീഴുമ്പോൾ നെഞ്ചിടിപ്പ് പോലെ കടലിരമ്പം.
തുറന്നിട്ട ജനാലയിലൂടെ ഇരുളിൻ്റെ കൊല്ലിയിലേക്കിറങ്ങിപ്പോയ എത്രയെത്ര ഉറക്കമറ്റ രാത്രികൾ.
മഴയുടെ ആവേശമൊടുങ്ങിയ നിശ്വാസങ്ങൾക്ക് മുകളിൽ പെരുകി പെരുകി വരുന്ന കടലിരമ്പം.
പടിഞ്ഞാറെ താഴ്ച്ചയിലെ ഇരുട്ട് പൊട്ടി കടൽ ജനാലയിലൂടെ അകത്തേക്കിരമ്പിയാർത്തു.

ഉറ്റ ചങ്ങാതിയെ പോലെ
ഏകാന്തരാത്രിയെ പകുത്ത കടലിരമ്പം ഇന്നില്ല.
തൃക്കരിപ്പൂരിന്റെ ശബ്ദങ്ങളിൽ ഒന്നാമത്തേതായിരുന്ന കടൽക്കൂറ്റിനെ കൊന്നുകളഞ്ഞത് ആരാണ്….
അങ്ങനെയെത്രയെത്ര ശബ്ദങ്ങൾ നാക്കു നിലച്ച് നിശ്ശബ്ദമായി.
ഒരു നാട് മാറുമ്പോൾ അതിൻ്റെ ശബ്ദവും മാറുന്നു.
ചില ശബ്ദങ്ങൾ ഇന്നും നിലനിൽക്കുന്നു. അംഗവിഛേദത്താൽ ശ്രുതി ഭംഗം സംഭവിച്ച ആ ശബ്ദത്തിന് ഇന്ന് ശ്രോതാക്കളില്ല.
പകലോനുണരും മുന്നം ഉണരുന്ന കൊട്ടണച്ചേരി അറയിലെ കുട്ടായിക്കാരുടെ കതിന പൊട്ടുന്ന കാറ് തൃക്കരിപ്പൂരിൻ്റെ സമയ സൂചിയായിരുന്നു.
പുലർച്ചെ പയ്യീന കറക്കുന്നവർക്കും വൈകുന്നേരം വിളക്ക് കത്തിക്കുന്ന അമ്മമാർക്കും കൊട്ടണച്ചേരി അറയിലെ വെടി അവരുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായിരുന്നു.
സമയകാഹളം തൊണ്ടയിലൊളിപ്പിച്ച് നേരത്തെ കടുകിട തെറ്റാതെ കാക്കുന്ന ഉസ്താദുമാരായ പൂവൻ കോഴികൾ തൃക്കരിപ്പൂരിലെത്തുന്ന വിര്ന്നന്മാർക്കായി വെന്തു തിളക്കുക കൂടി ചെയ്യുന്നുണ്ട്.
അന്ന് കോഴി ഘടികാരവും ആഹാരവുമായിരുന്നു.
മരുന്ന് കുത്തി വീർപ്പിച്ച
കച്ചവടമായി കോഴി വികസിച്ചിരുന്നില്ല.

മൃഗങ്ങളും മനുഷ്യനും പക്ഷികളും മഴയുമായിരുന്നു കൂടുതലും ശബ്ദങ്ങളുണ്ടാക്കിയവർ.
യന്ത്രങ്ങൾ തീരെ കുറവായിരുന്നു.
ചില ശബ്ദങ്ങൾ നാട്ടറിവുകളും ജീവിതത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമായിരുന്നു.
മേടപ്പുകച്ചിലിൽ പടിഞ്ഞാറ്റകത്തെ കിണ്ടിയിലെ ജലതൽപ്പത്തിലിരുന്ന് മണ്ണാട്ടിത്തവളകൾ മഴയുടെ സന്തൂരി മീട്ടി.
മഴ വരുമെന്ന് ആദ്യം മണ്ണാട്ടിത്തവളയും പിന്നെ അമ്മയും പറഞ്ഞു.
രാത്രിയിൽ കാലൻകോഴികൾ കാലന് വേണ്ടി പിന്നണിപ്പാട്ടുപാടി.
വാവടുക്കുമ്പോൾ നട്ടുച്ചയുടെ വിജനതയിലേക്ക് രജസ്വലകളായ പശുക്കൾ ഉടൽ ശമിക്കാത്ത കാമത്തിനായി കരഞ്ഞ് കേണു കൊണ്ടിരുന്നു…
ഹോ…. ഇണക്ക് വേണ്ടിയുള്ള
വൈരം കൊടുക്കൽ കേട്ട് കയറ് പൊട്ടിക്കാനാകാത്ത മൂരിക്കുട്ടന്മാർ മുക്കറയിട്ടു…
പല ശബ്ദങ്ങൾ
പല അർത്ഥങ്ങൾ
ജിവിതങ്ങൾ
അധികാരം അതിൻ്റെ നീതി നടപ്പാക്കുന്നത് നിശ്ശബ്ദമായിട്ടാണെന്നും നിലനിൽപ്പെന്നത് ശബ്ദായമാനമായ പോരാട്ടമാണെന്നും കരഞ്ഞ് കരഞ്ഞ് പഠിപ്പിച്ചത് നീർക്കോലി കടിച്ച് പിടിച്ച തവളയാണ്.
രൂപമില്ലാതെ ശബ്ദം മാത്രമായി ആവർത്തിച്ച് കേൾക്കുന്ന ജീവിതത്തിലേക്കുള്ള തവളയുടെ ശരണം വിളികൾക്ക് പിറകെ കുട്ടിക്കാലത്ത് എത്ര നേരം കളഞ്ഞു.
ഒടുവിൽ നേർത്ത് നേർത്തില്ലാതാകുന്ന തവളയുടെ ജീവിതം.
ശബ്ദത്തിലൂടെയുള്ള അവസാനത്തെ അടയാളപ്പെടൽ.
ശബ്ദം നിലക്കുമ്പോഴുള്ള കനത്ത ശുന്യത…

പല ശബ്ദങ്ങൾ
പല ജീവിതങ്ങൾ
പല അർത്ഥങ്ങൾ
പല സങ്കടങ്ങൾ…
ഒരു ഗ്രാമത്തിന് അതിൻ്റേതായ ശബ്ദമുണ്ട്.
പുല്ലരിയാൻ പോകുന്ന പെണ്ണുങ്ങൾ കൂട്ടുകാരിയെ വിളിക്കുന്ന നീട്ടി വിളികൾ എവിടെ നിന്നാലും കേൾക്കാം.
ഒരു ഏരത്ത് നിന്നും മറ്റാര് ഏരത്തേക്കുള്ള വിളികൾ ചിറകുകൾ വീശി പറന്നുല്ലസിച്ചു.
ശബ്ദങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കാനാകുന്ന ഭൂവിസ്താരങ്ങളാണ് പഴയ കാല ഗ്രാമങ്ങൾ
ധനുമാസപ്പുലരിയിയിൽ മരതകപ്പച്ചയിൽ മാണിക്യ മുത്ത് തിളങ്ങുന്ന പാടം മുറിച്ച് അവറോന്നൻ ചിണ്ടൻ പൂശാരിയുടെ പാൽക്കാവടിയും സംഘവും കടന്നു.. കാവടിച്ചെണ്ടയുടെ കുറ്റ്
പൂശാരിക്കൊപ്പം പോകാതെ മഞ്ഞു കുടിച്ചുന്മത്തമായി കണ്ടത്തിൽ
താറിത്താറി നടന്നു.
മീനത്തിൽ രാത്രികൾ പൊള്ളി നീറി എല്ലാ ശബ്ദവും നിലക്കുമ്പോൾ കാതങ്ങളകലെ തെയ്യാത്താംവളപ്പിൻ്റെ പട വിളി മുറിഞ്ഞു മുറിഞ്ഞ് ഈണത്തിൽ കേൾക്കാം….
കതിവനൂർ വീരൻ്റെ തോറ്റം പാട്ട്.
കെട്ടടങ്ങാത്ത മീനമാസ സൂര്യൻ്റെ കൊടും താപത്തിനെക്കാളും ഉൾത്താപം ഉള്ളം നീറ്റിയ മാങ്ങാട്ട് മന്നപ്പൻ്റെ ജീവിതാസക്തിയും മരണാസക്തിയും രാത്രിയുടെ വിജനതയെ ഭഞ്ജിച്ച് ശബ്ദങ്ങളായി രൂപത്തികവോടെ മുന്നിൽ വന്ന് താരി കിലുക്കി.
എത്രയോ രാത്രികളിൽ മന്നപ്പൻ മുറിഞ്ഞ് മുറിഞ്ഞ് വീഴുന്ന നിലവിളികൾ മുറിഞ്ഞ് കേൾക്കുമ്പോൾ എത്രയോ രാത്രികളിൽ ആ മരണപ്പിടച്ചിലിലേക്ക് സൈക്കിൾ ചവിട്ടി വിയർത്തിട്ടുണ്ട് ..
ഒറ്റപ്പെട്ട ശബ്ദങ്ങളുടെ പ്രത്യേക അതിനൊരു നാഥനുണ്ട്
അതിനൊരു ജീവിതമുണ്ട് എന്നതാണ്
പക്ഷെ ബഹളങ്ങൾ അങ്ങനെയല്ല
ഇത് ബഹളങ്ങളുടെ കാലമാണ്
ജീവിതമാണ്
നേരത്തെ കൂകിയറിയിക്കുന്ന ശബ്ദം
ഇന്ന് ആവശ്യമില്ല.
പ്ലാവിൻ്റെ കൊമ്പിൽ
കൂമൻമൂളലിൻ്റെ അന്യോന്യമില്ല
രതി സമ്പൂർത്തിക്കായി കരയുന്ന
പയ്യുകൾ ചിത്രകഥയിൽ പോലുമില്ല…

ഒരു നാടിൻ്റെ ശബ്ദ ജാതകം
തിരുത്തിയെഴുതിക്കഴിഞ്ഞു
പല ശബ്ദം
പല ജീവിതം
പല ദു:ഖം
പല നാട്…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. കൂറ്റുകൾ സ്നേഹമുള്ളവരുടെ കുരൽ ഉണ്ടാക്കുന്നതല്ലേ….കടലിനെ നാം പുലിമുട്ട് കെട്ടി ദൂരത്ത് നിർത്തി….അത് പോലെ തൊട്ട് നിന്നിരുന്ന പലതിനെയും നാം ഓരോ കാരണങ്ങൾ കാട്ടി അകറ്റി ..

    അപ്പോൾ പിന്നെ ഒരിക്കലും ഇനി അവ നമ്മെ തേടി വരില്ല.

    മണ്ണിന്റെയും മണ്ണട്ടയുടെയും കൂറ്റു കേൾക്കുന്ന കാതും അന്യം നിന്നു പോയി.

LEAVE A REPLY

Please enter your comment!
Please enter your name here