ലേഖനം
ഉവൈസ് നടുവട്ടം
ജീവിക്കാൻ സ്വസ്ഥമായ ഭൂമി എന്നത് സർവ്വരുടെയും അവകാശവും സ്വപ്നവുമാണ്. മനുഷ്യന്റെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നാണ് വർഷങ്ങളെടുത്ത് അവൻ കെട്ടിപ്പടുത്ത പുരയിടവും അവന്റെ സമ്പാദ്യങ്ങളും സന്താനങ്ങളും. അവയെ ഭദ്രമാക്കാൻ രാപ്പകൽ ഭേദമന്യേ വിയർപ്പൊഴുക്കുന്നത് ആ സന്തോഷ ജീവിതത്തെ നിലനിർത്താൻ വേണ്ടിയാണ്. മനുഷ്യരുടെ ഈ സാമൂഹിക ജീവിതത്തിൽ വിള്ളലേൽപ്പിക്കുന്ന അധികാര രാഷ്ട്രീയ ദുർവിനിയോഗങ്ങൾ മനുഷ്യരാശിയുടെ സാമൂഹിക നന്മയെയാണ് യഥാർഥത്തിൽ തടസ്സപ്പെടുത്തുന്നത്.
“ജനതയ്ക്കുമേൽ പ്രത്യക്ഷ ബലാൽക്കാരമാകുന്ന വികസന തീവ്രവാദത്തിന് നിദാനമാവുന്ന ഹിംസാത്മകതയാണ് അപഹരണത്തിലൂടെയുള്ള കുന്നുകൂട്ടൽ ” ( accumulation by dispossession ). ഇത് വിശദീകരിച്ചത് പ്രസിദ്ധ മാർക്‌സിസ്റ്റ് ചിന്തകനും ഭൂമിശാസ്ത്രകാരനുമായ ഡേവിഡ് ഹാർവിയാണ്. യുദ്ധവും അപഹരണവും പൗരരുടെ ഹനിക്കപ്പെടുന്ന മൗലികാവകാശങ്ങളും അത്തരത്തിലൊന്നായി നമുക്ക് വ്യാഖ്യാനിക്കാം.
സൂക്ഷ്മമായി പരിശോധിച്ചാൽ നിലവിലെ ചരിത്രങ്ങളിലൊക്കെയും വിഷലിപ്തമായ ഇത്തരം ആഖ്യാനങ്ങളെ രേഖപെടുത്താനുണ്ടാകും. ആദിമ സമൂഹം മുതൽ പ്രബുദ്ധതയുടെ വക്താക്കൾ വരെ മലിനതയുടെ പ്രയോക്താക്കളായി ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. കോളനിയാനന്തര ചരിത്രങ്ങളിലൊക്കെയും നിസ്സഹായരായ പീഢിത സമൂഹത്തിന്റെ നിസ്സംഗതയെ വിവരിച്ചത് നമ്മൾ കണ്ടവരാണ്. ജനതയുടെ സുസ്ഥിരമായ ജീവിത സ്വപ്നങ്ങളെയാണ് ഇത്തരം അപഹരണത്തിലൂടെ ഇവർ പരിക്കേൽപ്പിക്കുന്നത്. ആവാസ വ്യവസ്ഥയിൽ നല്ല കിടപ്പാടം മുതൽ ജീവിതോപാധി വരെ കൃത്യമായി സംരക്ഷിക്കേണ്ടിടത്ത് നിർജീവമായ കോലങ്ങളായി ഇവർ മാറേണ്ടി വരുന്നു. അല്ല, ഇവരെ ഇങ്ങനെയാക്കി മാറ്റുന്നു എന്ന് പറയലാവും ശരി.
തത്വചിന്തകനും എഴുത്തുകാരനുമായ നോം ചോംസ്കി, കടൽ കൊള്ളക്കാരും ചക്രവർത്തിമാരും (Pirates and emperor) എന്ന തന്റെ പുസ്തകത്തിൽ യുദ്ധത്തെ പൈശാചിക സമൂഹത്തിന്റെ വേലയായാണ് അടയാളപ്പെടുത്തുന്നത്. സത്യത്തിൽ യുദ്ധവും അപഹരണവും ബാക്കി വെക്കുന്നത് കണ്ണീരിന്റെയും വെറുപ്പിന്റെയും ഓർമകളെ മാത്രമാണ്. ഒരിക്കലും കെട്ടടങ്ങാത്ത വലിയൊരു മുറിവായി ആ കഥനകഥകളെ തലമുറകളിലൂടെ അവർ കൈമാറ്റം ചെയ്യുന്നു.
ഇത്തരം പ്രത്യയ ശാസ്ത്രങ്ങൾക്കെതിരെ വിയോജിപ്പിൻ്റെ നേർത്ത സ്വരങ്ങൾ പോലും പ്രകടിപ്പിക്കാതെ ഭരണകൂട ഭീകരതകളുടെ ഇരകളായി സ്വയം മാറുന്ന അവസ്ഥയെയാണ് നാം ഭയക്കേണ്ടത്. മതത്തിന് വെറുപ്പിന്റെ ആൾബലം നൽകി ഒരു ജനതയെ വംശഹത്യ ചെയ്യുമ്പോൾ ആ പ്രത്യയശാസ്ത്രങ്ങളെ അനുകൂലിക്കുന്ന അധമരെ മനുഷ്യ വർഗങ്ങളായി പരിഗണിക്കുന്നതെ തെറ്റാണ്. മതം മനുഷ്യനെ വേട്ടക്ക് വിടുന്ന തരത്തിൽ ഭരണകൂടം തന്നെ നിലവിൽ അജണ്ടകളെ സെറ്റ് ചെയ്യുമ്പോൾ എന്തും വിശ്വസിക്കുന്ന
ആൾക്കൂട്ടത്തെയാണ് ഈയൊരു വർഗീയതയിലൂടെ ഇവർ ലക്ഷ്യം വെക്കുന്നത്. “നിരക്ഷരരായ ജനതയ്ക്കു മാത്രമെ മൃഗീയമായ വംശഹത്യക്കും അപരവൽകരണത്തിനും സാധ്യമാവൂ” എന്ന് ഫ്രഞ്ച് എഴുത്തുകാരനായ മോപസാങ് പറഞ്ഞത് എത്ര ശരിയാണ്.
ഓസ്ട്രേലിയൻ എഴുത്തുകാരനായ മാർക്കൂസ്സൂ സാക്കിന്റെ ദി ബുക് തീഫ് എന്ന നോവലിൽ ലെയ്സൽ എന്ന പെൺകുട്ടിയുടെ യുദ്ധാനന്തരമുളെളാരു കഥ നോവലിസ്റ്റ് പറയുന്നുണ്ട്. ഹിറ്റ്ലർ യൂത്ത് മൂവ്മെൻ്റിലെ അംഗമായിരുന്ന ലെയ്സൽ,നാസികളുടെ ക്രൂരതകൾ കണ്ടുകൊണ്ട് പ്രസ്ഥാനത്തെ വെറുക്കുകയും പക്ഷേ ശബ്ദിക്കാൻ ധൈര്യമില്ലാത്തതു കാരണം ആൾപ്പെരുമാറ്റമില്ലാത്ത ഒരിടത്തു പോയി “ഞാൻ ഹിറ്റ്ലറെ വെറുക്കുന്നു” എന്നു ഉറക്കെ വിളിച്ചു പറയുന്ന രംഗമാണ് നോവലിലേത്. നമ്മുടെ പ്രതികരണമില്ലായ്മയെയാണ് പ്രമേയത്തിലൂടെ എഴുത്തുകാരൻ വിമർശിക്കുന്നത്. 2013 ൽ ബ്രയിൻ പെർസിവൽ ഈ നോവലിനെ സിനിമയാക്കുകയും, ചിത്രത്തിൽ മാനുഷിക നന്മ എപ്രകാരം നമ്മിൽ നിന്ന് അന്യമാവുന്നു എന്ന് മികവോടെ അടയാളപ്പെടുത്താനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെ സൂക്ഷ്മമായി വിശകലനം ചെയ്തുനോക്കിയാൽ ഓരോ ചലചിത്രവും സമൂഹത്തിന്റെ ജീർണിച്ച വ്യവസ്ഥകളെ തുറന്നു കാട്ടാൻ ശ്രമിക്കുന്നതായി കാണാം.
പലസ്തീനിയൻ കവിയായ മുരീദ് ബർഗൂത്തിയുടെ “റാമല്ല ഞാൻ കണ്ടു” എന്ന ബൃഹത്തായ കൃതി സ്വന്തം ഇടങ്ങളിൽ അന്യനായി മാറിയവന്റെ വിഷാദഭരിതമായ കഥയെയാണ് വിവരിക്കുന്നത്. അഭയാർഥികളും കുടിയൊഴിപ്പിക്കലും പ്രത്യയശാസ്ത്രമായി കാണുന്ന നിലവിലെ രാഷ്ട്രീയ പ്രവണതകളോട് മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷം തന്റെ ജന്മ നാട്ടിലേക്ക് മടങ്ങി വരുമ്പോൾ താൻ അനുഭവിക്കുന്ന വേദനയെയാണ് പുസ്തകത്തിലൂടെ എഴുത്തുകാരൻ പങ്കുവെക്കുന്നത്. അന്യാധീനമായി കുടിയേറി എന്ന വ്യാജേന ബുൾഡോസർ കൊണ്ട് കിടപ്പാടം ഇടിച്ചു തകർത്ത് മനുഷ്യരെ തെരുവിലേക്ക് ഇറക്കുന്ന നിലവിലെ ഫാസിസ്റ്റ് ക്രമീകരണത്തിന് തുറന്നു വെച്ച ചോദ്യവുമാണ് മുരീദ് ബർഗൂത്തിയുടെ “റാമല്ല ഞാൻ കണ്ടു” എന്ന പുസ്തകം.
മനുഷ്യന്റെ യഥാര്‍ഥ ദുരന്തം തിരിച്ചറിഞ്ഞ്, അതിനെതിരെ ശബ്ദിക്കാന്‍ നൈതിക ശക്തികള്‍ ഇല്ലാതെ പോയതാണ് ഇനി നാം അനുഭവിക്കേണ്ടി വരുന്ന പ്രധാന വെല്ലുവിളി. ലോകയുദ്ധകാലത്ത് യുദ്ധത്തിനെതിരെ തെരുവിലിറങ്ങിയ ബെർട്രന്റ് റസ്സലിനെ ബ്രിട്ടീഷ് ഭരണകൂടം ജയിലിലടച്ചപ്പോഴും വിയോജിപ്പിന്റെ ശബ്ദം അയാൾ ഉറക്കെ പറയാൻ ശ്രമിക്കുകയായിരുന്നു. വെറുമൊരു വിരലടയാളം മാത്രമാവാതെ സ്വരചേർച്ചകളെ അംഗീകരിക്കാനും ഉൾക്കൊളളാനും കഴിയുന്ന ജനാധിപത്യത്തിന്റെ പ്രതിനിധികളായാണ് നാം മാറേണ്ടത്. സുസ്ഥിരമായ ജീവിത സ്വപ്നങ്ങൾക്ക് അവിടെ മാത്രമെ നിലനിൽപ്പുണ്ടാവൂ.
മുരുകൻ കാട്ടാക്കടയുടെ കവിത ഇവിടെ പ്രസക്തമായി തോന്നുന്നു. “ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമി തന്നുടെ നന്മകൾ… നനവു കിനിയും മനസ്സുണർന്നാൽ മണ്ണിലിനിയും ജീവിതം” മനുഷ്യനാണ് ഈയൊരു ആഘാതത്തിനു പിന്നിൽ എന്നത് കവിതയിലൂടെ വ്യക്തമാണ്. നനവു കിനിയുന്ന മനസ്സുകൾക്ക് മാറ്റിയെടുക്കാൻ കഴിയുന്ന പ്രശ്നങ്ങളെ നമ്മളിൽ ഉള്ളൂ എന്ന കാലികമായ ഉൾക്കാഴ്ചയും കവിതയിൽ ഉണ്ട്. മാറേണ്ടതും മാറ്റേണ്ടതും മനുഷ്യനെയാണ്. മലീമസമായ അവന്റെ ചിന്തകളെയാണ് ബ്രെയിൻവാഷ് ചെയ്യേണ്ടത്. സൽബുദ്ധി ലഭിക്കാത്ത കാലത്തോളം അപര സങ്കൽപ്പങ്ങളെ മനുഷ്യർ തകർത്തു കൊണ്ടേയിരിക്കും. ശരിയായ വിദ്യാഭ്യാസത്തിന് മാത്രമേ സമ്പുഷ്ടമായ രാജ്യത്തെ നിർമിക്കാൻ കഴിയൂ.
എഴുത്തുകാരനായ ബെന്യാമിന്റെ മാർകേസ് ഇല്ലാത്ത മക്കൊണ്ടോ ഒരു നഗരത്തിന്റെ സവിശേഷേതയെ പറയുന്നുണ്ട്. ലാറ്റിനമേരിക്കൻ സാഹിത്യത്തിന് ഏകാന്തതയുടെ നൂറ് വർഷം സമ്മാനിച്ച ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിനെ ജന്മനാട്ടിൽ നിന്നും പിന്നീടു വന്നുപോയ സംസ്കാരങ്ങൾ കുടിയൊഴിപ്പിച്ചതിനെ വേദനയോടെ ആ കുഞ്ഞു പുസ്തകത്തിൽ പരാമർശിച്ചതു കാണാം. തന്റെ മാജിക്കൽ റിയലിസത്തിലൂടെ പ്രതാപിയായ മക്കൊണ്ടയെ വിശേഷിച്ച് ഇന്നൊന്നും ഒപ്പിയെടുക്കാൻ തന്റെ ക്യാമറകണ്ണിനു സാധിക്കാത്ത സങ്കടം എഴുത്തുകാരൻ വിവരിക്കുന്നുണ്ട്. അനുദിനം കുമിഞ്ഞടിയുന്ന സംസ്കാരങ്ങൾ നമ്മെ മലീമസമാക്കുന്നുവോ എന്ന ആശങ്കയും ബെന്യാമിന്റെ എഴുത്തിലുണ്ട്.
1973-ല്‍ പിനാഷെയുടെ ഫാസിസ്റ്റ് പട്ടാളം കൊല ചെയ്ത ലാറ്റിനമേരിക്കന്‍ കവി പാബ്ലോ നെരൂദയുടെ വാക്കുകളിലൂടെ നിലവിലെ പ്രതിസന്ധികളെ നമുക്ക് പരിഹരിക്കാം “സ്വേച്ഛാധിപത്യം കവികളെ ശിരഛേദം ചെയ്യുന്നു; പക്ഷെ ഭൂഗര്‍ഭത്തില്‍ നിന്നും അവരുടെ വാക്കുകള്‍ ജനങ്ങളുടെ ചുണ്ടുകളിലേക്ക് വീണ്ടെടുക്കപ്പെടുന്നു” നീതി നിഷേധത്തിനും അവകാശ സംരക്ഷണത്തിനും തുറന്ന പ്രതികരണമെ ഫലവത്താവൂ എന്ന് കവിത പങ്കുവെക്കുന്നു.
സ്നേഹ സംവാദാത്മകതയോടെ പരിഹരിത്തക്ക വിഷയം മാത്രമായി നമ്മുടെ പ്രശ്നങ്ങൾ ചുരുങ്ങേണ്ടതുണ്ട്. മാനുഷിക പരിഗണനക്ക് മതമോ പ്രത്യയ ശാസ്ത്രങ്ങളോ ഒരു തടസ്സമാവരുത്. സുസ്ഥിരമായ സന്തോഷ ജീവിതം എല്ലാവരുടെയും പ്രതീക്ഷയും പ്രത്യാശയുമാണ്. എന്നിരിക്കെ, യുദ്ധവും അപഹരണവും അവയ്ക്ക് ആഘാതമേൽക്കുന്നതാവരുത്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.