മേരിക്കുട്ടിക്ക് അപ്പച്ചന്റെ മറുപടിക്കത്ത് 

0
410
raheema-shaikh-mubarak-athmaonline-the-arteria

കഥ

റഹീമ ശൈഖ് മുബാറക്ക്

1974 മെയ് പന്ത്രണ്ട് ഒരു വെളുപ്പാൻ കാലം. അന്നാണ് മേരിക്കുട്ടീടെ അപ്പച്ചൻ പത്രോസ് തൂങ്ങി മരിക്കുന്നത്. മേരിക്കുട്ടിക്കന്ന് പത്ത് വയസ്സ് പ്രായം കാണും. ഇപ്പോൾ വർഷം നാൽപ്പത്തേഴ് പിന്നിടുമ്പോൾ തന്റെ അമ്പത്തേഴാം വയസ്സിൽ മേരിക്കുട്ടി അവരുടെ അപ്പച്ചനെ സ്വപ്നം കണ്ടിരിക്കുകയാണ്. സ്വപ്നം എന്ന് പറയുമ്പോൾ അതൊരു വെറും സ്വപ്നമല്ല.

കഴുക്കോലിൽ കയറിട്ടു കൊണ്ട് അപ്പച്ചൻ പത്രോസ് മേരിക്കുട്ടിയെ വിളിച്ചു,

‘മേരികുട്ടിയെ….’

മുട്ടോളമെത്തുന്ന നീല ഉടുപ്പിട്ട് മുടിയിഴകളെ ഇരുഭാഗത്തേക്കും മെടഞ്ഞിട്ട്,
വീടിന് മുൻവശത്ത് നിന്നും ഇറുത്തു വന്ന മുല്ലപ്പൂക്കൾ കൈകളിൽ മുറുകെ പിടിച്ച് കൊണ്ട് മേരിക്കുട്ടി ഓടി വന്നു.

‘എന്താണപ്പച്ച..’

കിതച്ചുകൊണ്ടവൾ ചോദിച്ചു.

‘മേരിക്കുട്ടിയെ അപ്പച്ചന്റെ കീശയില് കത്തിനുള്ള മറുപടിയുണ്ട്… ‘

മുല്ലപ്പൂക്കൾ കയ്യിൽ നിന്നും തെന്നിപ്പോയി. മേരിക്കുട്ടി കീശയിൽ നിന്നും മറുപടി കത്ത് പുറത്തേക്കെടുത്ത്
ആകാംഷയോടെ വായിച്ചു.

2021നവംബർ 26 ഒരു വെളുപ്പാൻകാലം. മേരിക്കുട്ടി സ്വപ്നം കണ്ട് ഞെട്ടിയുണർന്നു. അവർക്ക് തൊണ്ട വരണ്ടു വന്നു. മേശക്ക് മുകളിൽ ജഗ്ഗ് വെള്ളമൊഴിഞ്ഞു ശൂന്യമായിരുന്നു.

‘ലിന്റാ മോളെ ലിന്റാ’

മേരിക്കുട്ടി മരുമോളെ നീട്ടി വിളിച്ചു. ഏതാണ്ട് തലഭാഗം വരെ ചത്തുപോയ കോൾഗേറ്റിന്റെ മേത്തേക്ക് അമ്മിക്കല്ല് വച്ചുരുട്ടി പല്ലുകൾ വെടുപ്പാക്കാനുള്ള പേസ്റ്റ് ഒപ്പിക്കുന്ന തിരക്കിലായിരുന്നു ലിന്റ. പേസ്റ്റ് പുറത്തേക്ക് വരാനുള്ള മുഴുവൻ സാധ്യതകളേയും അവഗണിച്ചു കൊണ്ടവൾ അകത്തേക്ക് ഓടി. ലിന്റയുടെ അഭിപ്രായത്തിൽ ഏറ്റവും വേഗത്തിൽ ശ്രദ്ധിക്കപ്പെടേണ്ട വർഗ്ഗം തന്നെ അമ്മായിഅമ്മമാരാണ്.
ജഗ്ഗ് നിറച്ചും വെള്ളം മേശക്ക് മുകളിൽ കൊണ്ടുവച്ചതിന് ശേഷം അതിൽ നിന്നും സ്വല്പം ലിന്റ മേരിക്കുട്ടിക്ക് പകർന്നു കൊടുത്തു.
പല്ല് വെടുപ്പാക്കിയില്ല, ചായക്ക് വെള്ളം വച്ചില്ല, മുറ്റവും തൂത്ത് വാരിയില്ല. എങ്കിലും, ലിന്റ മേരിക്കുട്ടിയുടെ മുറിയിൽ നിന്നും മടങ്ങിയില്ല. അമ്മച്ചിക്ക് എന്തോ തന്നോട് പറയാൻ ഉണ്ടെന്ന് അവൾക്ക് തോന്നി.

തോമാച്ചൻ കഴിഞ്ഞ ക്രിസ്മസ്സിന് വാങ്ങി വന്ന ചട്ടയും മുണ്ടും തേച്ച് ഭംഗിയാക്കാൻ മേരിക്കുട്ടി അവളോട് പറഞ്ഞു. പക്ഷേ ലിന്റക്ക് അപ്പോഴും മുറി വിട്ട് പോകാൻ തോന്നിയില്ല. അമ്മച്ചിക്ക് കാര്യപ്പെട്ടതായതെന്തോ തന്നോട് പറയാൻ ഉണ്ടെന്നവൾ ഉറച്ചു വിശ്വസിച്ചു.

‘എടിയേ ലിന്റ, ഞാൻ അപ്പച്ചനെ സ്വപ്നം കണ്ടു.. ‘

മേരിക്കുട്ടി ജനലിഴകളിലൂടെ മുറ്റത്തേക്ക് നോക്കി പിറുപിറുത്തു.

ലിന്റക്ക് അത്ഭുതം തോന്നി. അപ്പച്ചനെ സ്വപ്നം കാണാൻ മാത്രം എന്താപ്പൊ ഉള്ളത്.
നാല് ദിവസമായി ഉപയോഗിച്ചു വരുന്ന മുണ്ടും ഷർട്ടും വീണ്ടുമെടുത്ത് ധരിച്ച് അതിരാവിലെ കുളം കലക്കണം മീൻ പിടിക്കണം എന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ അപ്പച്ചനെ ലിന്റ ഓർത്തു. അവളപ്പോൾ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലാത്ത ഉറക്കത്തിന്റെ ആലസ്യത്തിൽ അടുക്കളത്തിട്ടിൽ ഇരിക്കുകയായിരുന്നു.

‘ചായ വേണോ അപ്പച്ചാ…’
ലിന്റ വിളിച്ചു ചോദിച്ചു.

‘നിന്റെ ഒരു ചായ, കൊണ്ടോയി ആ തോമന്റെ മുഖത്തൊഴിക്ക്..’

എന്ന മറുപടിയും തന്ന് അപ്പച്ചൻ പ്രഭാതത്തിന്റെ മൂടൽമഞ്ഞിലേക്ക് ഇറങ്ങിപ്പോയി.
ദേഷ്യം കനക്കുമ്പോൾ വായിൽ തോന്നുന്നത് മുഴുവൻ വിളിച്ചു പറയുന്ന, നാട്ടിലെ മുഖ്യ കുടിയനായ, ഭാര്യയെ ഈ പ്രായത്തിലും ആവശ്യാനുസരണം തല്ലുന്ന കിഴക്കേതിൽ അവറാൻ എന്ന അപ്പച്ചനെ സ്വപ്നത്തിലും കണ്ട് ബുദ്ധിമുട്ടേണ്ട ആവശ്യം അമ്മച്ചിക്കുണ്ടെന്ന് ലിന്റക്ക് തോന്നുന്നില്ല.
താങ്കളുടെ സ്വകാര്യനിമിഷങ്ങളിൽ ലിന്റ തോമാച്ചനെ ഓർമിപ്പിക്കാറുണ്ട്,

‘അമ്മച്ചീടെ സ്ഥാനത്ത് ഞാൻ എങ്ങാനും ആണേൽ എന്നോ എങ്ങോട്ടേലും ഓടി രക്ഷപ്പെട്ടേനെ.. ‘

‘അമ്മച്ചി ഏത് അപ്പച്ചനെ സ്വപ്നം കണ്ട കാര്യാ പറയുന്നേ.. ‘

മേരിക്കുട്ടിയുടെ മുണ്ടിന്റെ അറ്റം ഒന്ന് നേരെയാക്കി കൊണ്ട് ലിന്റ ചോദിച്ചു.

‘എന്റെ അപ്പച്ചനെ.. മേട്ടൻപറമ്പ് പത്രോസിനെ’

ജനൽ വഴി പുറത്തുള്ള കാഴ്ച്ചകളിലേക്ക് കണ്ണോടിച്ചു കൊണ്ട് മേരിക്കുട്ടി മറുപടി പറഞ്ഞു. ലിന്റക്ക് ആശ്വാസം തോന്നി.
അവൾ അമ്മിക്കല്ലിനോരം കുത്തി ചാരി വച്ചിരുന്ന ചൂലുമെടുത്ത് മുറ്റത്തേക്കിറങ്ങി. മുറ്റം നിറയെ വേലിയോരത്ത് നിന്നും കുട്ടികൾ ഇറുത്തിട്ട തേൻപൂവുകൾ ചിതറി കിടന്നു.
ലിന്റ മുറ്റം തൂക്കുമ്പോഴും മേരിക്കുട്ടി ജനൽ വഴി അവളേയും നോക്കി എന്തോ ഓർത്തിരിക്കുകയായിരുന്നു.
തോമാച്ചൻ ധൃതിപ്പെട്ട് പുറത്തേക്ക് ഇറങ്ങിയപ്പോ ലിന്റ വിളിച്ചു പറഞ്ഞു

‘അതെ അമ്മച്ചിം പിള്ളേരും പല്ല് വെടുപ്പാക്കാൻ വരും മുൻപ് പേസ്റ്റ് ഇങ്ങെത്തോ.. ‘

തോമാച്ചൻ മറുപടിയൊന്നും പറയാതെ വെട്ടുവഴിയെ ഇറങ്ങി പോയി. എങ്കിലും തോമ പേസ്റ്റ് കൃത്യ നേരത്ത് എത്തിക്കുമെന്ന കാര്യത്തിൽ മേരിക്കുട്ടിക്ക് ഉറപ്പുണ്ട്. ഇന്നുവരെ ലിന്റ പറഞ്ഞതൊന്നും നേരാവണ്ണം ചെയ്യാതിരുന്നിട്ടില്ല തോമ.
മേരിക്കുട്ടിക്കതിൽ സന്തോഷം മാത്രമേയുള്ളു. തന്റെ പ്രിയപ്പെട്ട മകൻ അവന്റെ അപ്പച്ചനെ പോലെയല്ലെന്നുള്ളതിൽ മേരിക്കുട്ടിക്ക് അഭിമാനമുണ്ട്. മേരിക്കുട്ടി തോമയെ പെറ്റിട്ട അന്ന് കർത്താവിനോട് പ്രാർത്ഥിച്ചു

‘സ്നേഹസമ്പന്നനായ കർത്താവേ, സൽസ്വഭാവം കൊണ്ട് അവിടന്ന് എന്റെ പ്രിയപ്പെട്ട മകനെ അനുഗ്രഹിച്ചാലും.. ‘

ദൈവം പ്രാർത്ഥന കേട്ടു. പ്രിയപ്പെട്ട മകൻ വളർന്നു അവൻ സകലരെയും സ്നേഹിച്ചു.
പക്ഷേ സ്നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന് മാത്രം ദൈവം തോമക്ക് പഠിപ്പിച്ചില്ല. തോമ ഉള്ളില് മതിയാവോളം സ്നേഹം സൂക്ഷിച്ചിട്ടും ലിന്റ പലപ്പോഴും അവളുടെ പരിഭവങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
ഏതോ പുസ്തകം തുറന്നു പിടിച്ചു കൊണ്ട് അവൾ മക്കളെ പഠിപ്പിക്കും

‘പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ കയ്യിലെ ക്ലാവ് പിടിച്ച നാണയം പോലെയാണ്.. ‘

എന്നാൽ മേരികുട്ടിയുടെ ആവശ്യം സ്നേഹിക്കപ്പെടുകയെന്നത് മാത്രമാണ്. അവറാച്ചൻ അത്‌ പ്രകടിപ്പിക്കണമെന്ന് പോലും അവർക്ക് നിർബന്ധമില്ല. പക്ഷേ അവറാച്ചൻ മേരിക്കുട്ടിയെ സ്നേഹിക്കുന്നില്ല. അയാളുടെ ഉള്ളിൽ നിറച്ചും വെറുപ്പാണ്. അത് പ്രകടിപ്പിക്കുന്നതിലാകട്ടെ അയാൾക്ക് ഒട്ടും പിശുക്കുമില്ല. എങ്ങനെയാണ് അവറാച്ചൻ വെറുപ്പ് പ്രകടിപ്പിക്കുന്നത്. അയാൾക്ക് നല്ല നിലക്ക് തല്ലാൻ അറിയും
ആദ്യമായി തല്ല് കിട്ടിയ ദിവസം മേരികുട്ടിക്ക് ബോധക്ഷയം വന്നു. ബോധം വീണപ്പോൾ മേരിക്കുട്ടി അവരുടെ അമ്മച്ചിക്കൊരു കത്തെഴുതി.

“പ്രിയപ്പെട്ട അമ്മച്ചിക്ക്
മകൾ മേരിക്കുട്ടി എഴുതുന്നത്
അമ്മച്ചി, നിങ്ങളും വല്യപ്പനും ചേർന്ന് കണ്ടുപിടിച്ചയാൾ ഒരു മുഴുകുടിയനാണ്. എന്നും തല്ലാൻ കയ്യോങ്ങും. എന്നാൽ ഇന്ന് തല്ല് കിട്ടി. ഇനിയങ്ങോട്ട് എന്നും തല്ല് കിട്ടുമെന്നാണ് ഇവിടെയുള്ളോര് പറയുന്നത്.
ഞാൻ അങ്ങോട്ട്‌ പോന്നോട്ടെ അമ്മച്ചി. മറുപടി പ്രതീക്ഷിക്കുന്നു

സ്നേഹത്തോടെ ദുഖിതയായ മകൾ ”

അഞ്ചോ ആറോ ആഴ്‌ച്ചകൾ പിന്നിട്ടാണ് മറുപടി കത്ത് മേരിക്കുട്ടിക്ക് ലഭിക്കുന്നത്. അതിനിടയിൽ അവറാച്ചൻ വക മുപ്പതോളം അടികൾ മേരിക്കുട്ടിക്ക് കിട്ടിയിരുന്നു. മാത്രമല്ല തോമയുടെ ഏറ്റവും മൂത്തത് ഒന്ന് മേരിക്കുട്ടിക്ക് വയറ്റിൽ വളർന്നും തുടങ്ങിയിരുന്നു.
എങ്കിലും പ്രതീക്ഷയോടെ മേരിക്കുട്ടി കത്ത് തുറന്ന് വായിച്ചു.

“പ്രിയപ്പെട്ട മകൾ മേരിക്കുട്ടി അറിയാൻ
അമ്മച്ചി ത്രേസ്യാകൊച്ച്, ഇളയവൻ പൗലോസിനെ കൊണ്ട് എഴുതിപ്പിക്കുന്നത്,
അമ്മച്ചിക്ക് മകളുടെ അവസ്ഥയിൽ ദുഖമുണ്ട്. എങ്കിലും ഇപ്പോൾ എല്ലാം ക്ഷമിക്കാനാണ് വല്യപ്പൻ പറയുന്നത്. ഒരു കൊച്ച് ഉണ്ടാകുമ്പോൾ എല്ലാം ശരിയാകും. അതുവരെ കർത്താവിനെ ഓർത്ത് എന്റെ മോൾ ക്ഷമിക്കുമല്ലോ..

പ്രാർത്ഥനയോടെ അമ്മച്ചി ”

പിന്നീട് മേരിക്കുട്ടി അമ്മച്ചിക്കൊന്നും എഴുതിയില്ല. പക്ഷേ ആശ്വാസമെന്നോണം മരിച്ചു പോയ തന്റെ അപ്പച്ചന് അവർ കത്തുകൾ എഴുതി സൂക്ഷിച്ചു.

“പ്രിയപ്പെട്ട അപ്പച്ചൻ, വായിച്ചറിയുന്നതിന് മകൾ മേരിക്കുട്ടി എഴുതുന്നത്. സങ്കടകരമാണ് അപ്പച്ചാ എന്റെ ജീവിതം. കൊള്ളുന്ന തല്ലുകൾക്ക് അളവില്ല. അപ്പച്ചൻ ഇതുവല്ലോം കാണുന്നുണ്ടോ? ഉണ്ടേൽ കർത്താവിനോട് ചോദിച്ചൊരു മറുപടി എഴുതണം.. ”

കൊച്ചുങ്ങൾ ആറെണ്ണം ജനിച്ചു. ആറെണ്ണത്തിൽ അഞ്ചും മൂന്നോ നാലോ പ്രായം ചെന്നപ്പോ ദീനം വന്നു മരിച്ചു. അവറാച്ചന് യാതൊരു മാറ്റവുമുണ്ടായില്ല. തല്ലിന്റെ അളവ് കൂടി കൂടി വന്നു. ഓരോ തല്ലിന് ശേഷവും മേരിക്കുട്ടി അപ്പച്ചന് കത്തുകൾ എഴുതി.

“അപ്പച്ചൻ ഇത് വല്ലോം കാണുന്നുണ്ടോ.. ”

മേരിക്കുട്ടിയുടെ കണ്ണുനീരിന്റെ ഉപ്പിച്ച മുലപ്പാൽ കുടിച്ച് തോമ മാത്രം വളർന്നു. മേരി കുട്ടി തോമയെ ചേർത്ത് പിടിച്ചു കൊണ്ട് കരഞ്ഞു പറയും,

‘മോനെ തോമ, നീ വളർന്ന് വലുതാകുമ്പോ കെട്ടിയോളെ തല്ലരുത്.. ‘

‘ഇല്ലമ്മച്ചി.. ‘

തോമയും കരയും

വളർന്നു വലുതായപ്പോ തോമ കരച്ചിൽ അവസാനിപ്പിച്ചു. പക്ഷേ അവറാച്ചൻ തല്ല് നിർത്തിയില്ല. മേരിക്കുട്ടി തല്ലു കൊള്ളുകയെന്നത് ദിനചര്യയിൽ ഉൾപ്പെടുത്തി. പല്ല് അഞ്ചറെണ്ണം ആ വകക്ക് നല്ല പ്രായത്തിൽ തന്നെ മേരികുട്ടിക്ക് നഷ്ടമായിരുന്നു. സൗന്ദര്യവും പ്രസരിപ്പും യൗവനാവസ്ഥയിൽ തന്നെ അവരെ ഉപേക്ഷിച്ചു പോയി. അമ്മച്ചിയും വല്യപ്പനും മരിച്ചതോടെ ജീവിതത്തിൽ പുതിയ പ്രതീക്ഷയൊന്നും മേരിക്കുട്ടി വച്ചില്ല. എങ്കിലും അവർ തന്റെ സങ്കടങ്ങൾ മുഴുവനും അപ്പച്ചന് എഴുതി.

“മരിക്കും വരെ ജീവിക്കണം എന്നത് മാത്രമായിരിക്കുന്നു എന്റെ ഏകലക്ഷ്യം.
അപ്പച്ചൻ ഇത് വല്ലോം കാണുന്നുണ്ടോ..?
അപ്പച്ചൻ കർത്താവിനോട് ചോദിച്ച് ഒരു മറുപടി എഴുതണം.. ”

ലിന്റയുടെ മിന്നുകെട്ട് കഴിഞ്ഞ് മൂന്നോ നാലോ മാസങ്ങൾ കഴിഞ്ഞ സമയം അവൾ സ്വകാര്യത്തോടെ മേരികുട്ടിയോട് ചോദിച്ചു,

‘അമ്മച്ചി എന്തിനാണ് അപ്പച്ചന്റെ തൊഴിയും തെറിവിളിയും ഇങ്ങനെയൊക്കെ സഹിക്കുന്നത്. അമ്മച്ചി ഒരുക്കമാണേൽ നമുക്ക് പോലീസിൽ പരാതി കൊടുക്കാം.. ‘

മേരിക്കുട്ടി ആ സമയം, ലിന്റ പുഴുക്കി കൊണ്ടുവന്ന കപ്പയിൽ നിന്നും സ്വല്പമെടുത്ത് വായിലേക്ക് ഇടുകയായിരുന്നു. അവർക്ക് തരിപ്പിൽ കയറി. ഭക്ഷണം തൊണ്ടയിൽ കുരുക്കുമ്പോൾ മനുഷ്യർക്ക് ശ്വാസം മുട്ടും. മലമ്പാമ്പ് വിഴുങ്ങിയ ഇര കണക്കേ തന്റെ ജീവിതം വഴി മുട്ടി കിടന്നിട്ടും തനിക്ക് ശ്വാസതടസ്സമുണ്ടാകാത്തതിൽ അവർക്ക് ദുഃഖം തോന്നി.

മേരിക്കുട്ടി പല്ല് വെടുപ്പാക്കാൻ തുടങ്ങിയപ്പോൾ അടുക്കളയിൽ നിന്നും മുട്ടക്കറിയുടെ മണം വന്നു കഴിഞ്ഞിരുന്നു.
അപ്പവും മുട്ടക്കറിയുമാകണം. ലിന്റ നല്ല മരുമോളാണെന്നത് അവർ ഓർത്തു. എന്നും അപ്പം വളരെ പതുക്കെയേ മേരിക്കുട്ടി കഴിക്കാറുള്ളു. ഇഷ്ടഭക്ഷണം ആസ്വദിക്കാനുള്ള അവരുടെ മാർഗ്ഗമതായിരുന്നു. ഒടുവിൽ മുട്ടക്കരുവിന് മുകളിലേക്ക് ഒരൽപ്പം കറി പകർന്നുകൊണ്ട് മേരിക്കുട്ടി അവസാനിപ്പിക്കും. പക്ഷേ ഇന്ന് ആസ്വദിച്ചു കഴിക്കാനോ, മുട്ടക്കരുവിന് മുകളിലേക്ക് കറി പകരാനോ അവർക്ക് സമയമുണ്ടായിരുന്നില്ല. അപ്പച്ചന്റെ മറുപടി കത്ത് വന്ന ദിവസമാണ്.

മേരിക്കുട്ടി ഭക്ഷണം വേഗത്തിൽ കഴിക്കുന്നതിൽ ലിന്റക്ക് അത്ഭുതം തോന്നി. അപ്പവും മുട്ടയും അമ്മച്ചി പിള്ളാരെക്കാൾ പതുക്കെയേ കഴിക്കാറുള്ളു.
പ്ലേറ്റിലെ അപ്പം തീർന്നപ്പോൾ, ലിന്റ ചൂടോടെയൊന്ന് അവർക്ക് നൽകി. അവർ അത്‌ നിരസിച്ചു. ലിന്റയുടെ ഓർമ്മയിൽ നീക്കിയിരിപ്പില്ലാതെ മേരിക്കുട്ടി മുട്ടക്കരു അപ്പത്തിനോട് ചേർന്ന് കഴിച്ചു തീർക്കുന്നതും ആദ്യം. ഭക്ഷണത്തിനൊപ്പം തന്നെ അവർ ചൂട് ചായ ഊതി കുടിക്കുകയും എക്കിൾ എടുക്കുകയും ചെയ്തു.
ഇടക്ക് തന്റെ ചട്ടയുടേയും മുണ്ടിന്റെയും കാര്യം മേരിക്കുട്ടി ലിന്റയെ ഓർമ്മിപ്പിച്ചു.

ചട്ടയും മുണ്ടും തേച്ച് മിനുക്കം വരുത്തുമ്പോൾ ലിന്റയുടെ ചിന്തകൾ അമ്മച്ചി നടത്താൻ ഉദ്ദേശിക്കുന്ന യാത്രയെ സംബന്ധിച്ച് മാത്രമായിരുന്നു. പൊതുവെ അമ്മച്ചി യാത്രകൾ ഇഷ്ടപ്പെടുന്നില്ല. യാത്രകൾ ഇഷ്ട്ടപ്പെട്ടിരുന്നുവെങ്കിൽ തന്നെ അവർക്ക് പോകാൻ മറ്റൊരിടം ലിന്റയുടെ അറിവിലില്ല. അമ്മച്ചിയുടെ ജീവിതം മുഴുവനായും ഭർത്താവിന്റെ തല്ലുകൊള്ളാനുള്ള നീക്കിയിരിപ്പാണെന്നാണ് ലിന്റ വിശ്വസിക്കുന്നത്. അപ്പച്ചൻ വന്നു കയറുമ്പോൾ കിട്ടാൻ പോകുന്ന തല്ലിന്റെ എണ്ണം പോലും മുൻകൂട്ടി പ്രവചിക്കാൻ അമ്മച്ചിക്ക് കഴിയുമായിരുന്നു. തല്ലുകൊള്ളുകയെന്നത് ഇത്രക്കും ആസ്വദിക്കുന്ന മറ്റൊരു ജീവിയും ഭൂമിഗോളത്തിൽ കാണില്ല.

മഞ്ഞും തണുപ്പും വിട്ടൊഴിയും മുൻപേ മേരിക്കുട്ടി കുളിച്ചു. വീടിന് പിന്നിലെ തോടിൽ അവർ മുങ്ങി നിവരുന്നതും നോക്കി ലിന്റ നിന്നു. തണുപ്പിനെ പ്രതിരോധിക്കാനെന്നോണം മേരിക്കുട്ടി ഇടക്കിടെ ശ്വാസം ആഞ്ഞു പുറത്തേക്ക് വിടുന്ന കാഴ്ച്ചയിൽ ലിന്റക്ക് കൗതുകം തോന്നി.
മേരിക്കുട്ടി കുളി കഴിഞ്ഞ് മടങ്ങിയപ്പോൾ ലിന്റ അവരോട് ചോദിച്ചു,

‘അമ്മച്ചി അതിരാവിലെ എങ്ങോട്ടാ യാത്ര’

മേരിക്കുട്ടി ചുണ്ടുകളുടെ വിറയടക്കി കൊണ്ടൊന്ന് ചിരിച്ചു.

ലിന്റക്ക് ഉള്ളിൽ ദേഷ്യം തോന്നി. അമ്മച്ചി ഒന്നും തുറന്ന് പറയില്ലെന്നുള്ളതിൽ അവൾക്കുള്ളിൽ എന്നും ഈ ദേഷ്യം കിടപ്പുണ്ട്. അല്ലെങ്കിലും അമ്മച്ചിക്ക് ഭ്രാന്ത് ആണെന്നാണ് ലിന്റ വിശ്വസിക്കുന്നത്.
ലിന്റയുടെ അഭിപ്രായത്തിൽ ഭർത്താവിന്റെ എല്ലാ പോരായ്മകളും സഹിച്ചു ജീവിക്കുന്ന മുഴുവൻ ഭാര്യമാർക്കും ഭ്രാന്താണ്. എന്തിന് വേണ്ടി സഹിക്കണം. പരസ്പരം സന്തോഷിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ പിരിയണം. അതൊരു ആന കാര്യമൊന്നുമായിട്ടൊന്നും അവൾക്ക് തോന്നിയിട്ടില്ല. ചില പെണ്ണുങ്ങൾ ഭർതൃവീട്ടിലെ പീഡനം മൂലം ആത്മഹത്യ ചെയ്തൂന്ന് കേൾക്കുമ്പോൾ ലിന്റ അതീവ ദേഷ്യത്തോടെ ഉച്ചത്തിൽ വിളിച്ചു പറയും

‘പോയി ചാകട്ടെ നാശങ്ങള്’

പെണ്ണില്ലാതെ ആണിനും നിലനില്പില്ലെന്ന് അവൾ ഇടക്കിടെ തോമയെ ഓർമിപ്പിക്കാറുണ്ട്. എന്നിട്ടും സ്വന്തം വീട്ടിലെ അനീതിക്ക് നേരെ ചെറുവിരൽ ഉയർത്താൻ സാധിക്കാത്തതിൽ അവൾക്ക് ലജ്ജ തോന്നാറുമുണ്ട്.

ഏതോ മല്പിടുത്തത്തിനിടെ അവറാൻ കൊട്ടതേങ്ങ വച്ചെറിഞ്ഞ മുറിപ്പാടിൽ മേരിക്കുട്ടിയൊന്ന് തഴുകി. വർഷങ്ങൾക്ക് ശേഷമവർ കണ്ണാടിയിൽ സ്വന്തം ശരീരം നോക്കി നിൽക്കുകയാണ്. തന്റെ മേൽ പ്രായം നടത്തിയ കടന്നാക്രമണത്തിൽ മേരികുട്ടിക്ക് മനംപിരട്ടി. എങ്കിലും തോമാച്ചൻ തന്ന ചട്ടയിലും മുണ്ടിലും അവർ സുന്ദരിയായി കാണപ്പെട്ടു. ഇറങ്ങുമ്പോൾ മറ്റെന്തെങ്കിലും കരുതണോ എന്നതിനെ സംബന്ധിച്ച് മേരികുട്ടിക്ക് ആശങ്ക തോന്നി.
അവർ വസ്ത്രങ്ങളിൽ ചിലത് പൊതിഞ്ഞു കെട്ടി ആ
കൂട്ടത്തിൽ നിറം മങ്ങിയ ഒരു നീല ഉടുപ്പുമുണ്ടായിരുന്നു. അപ്പച്ചന്റെ ഇളയ പെങ്ങളുടെ കല്യാണം കൂടാൻ അപ്പച്ചൻ വാങ്ങി തന്ന നീല ഉടുപ്പായിരുന്നുവത് . ഉടുപ്പിനരികിൽ വെള്ളി നൂലുകൾ കൊണ്ടുള്ള വരകളും സ്വർണ്ണനിറത്തിൽ പൂക്കളും ചിതറി കിടന്നിരുന്നു.
നീലയുടുപ്പ് അണിഞ്ഞുകൊണ്ട് മേരിക്കുട്ടി കല്യാണം കൂടി. കൂട്ടുകാരികൾ അസൂയയോടെ മേരിക്കുട്ടിയെ നോക്കി നിന്നു. അവർക്ക് മുന്നിൽ ഇരുഭാഗത്തേക്കും മെടഞ്ഞിട്ട തലമുടികളെ താലോലിച്ചു കൊണ്ട് മേരിക്കുട്ടിയിരുന്നു.
കല്യാണം കൂടി മേരിക്കുട്ടി വീട്ടിൽ തിരിച്ചെത്തുമ്പോൾ അപ്പച്ചൻ കൈക്കോലിൽ തൂങ്ങി കിടക്കുകയാണ്. തണുത്ത് മരവിച്ച രണ്ട് കാലുകൾ മേരിക്കുട്ടി തൊട്ടു നോക്കി. അപ്പച്ചൻ മരിച്ചിരിക്കുന്നു മേരിക്കുട്ടി മനസിലാക്കി. പിന്നീടൊരിക്കലും ആ നീല ഉടുപ്പവർ അണിഞ്ഞില്ല. ഉടുപ്പ് നിറച്ചും അപ്പച്ചന്റെ മരണത്തിന്റെ മണമായിരുന്നു.

വസ്ത്രങ്ങൾ അടുക്കിപെറുക്കി സഞ്ചിയിലേക്ക് ഒതുക്കിയതിന് ശേഷം, മേരിക്കുട്ടി മുറിയുടെ ഓരോ കോണുകളിലേക്കും അവരുടെ കാഴ്ച്ചകളെ ചലിപ്പിച്ചു. വാടക നൽകാതെ വർഷങ്ങളോളം താമസിച്ച മുറിയായിരുന്നുവത്. ഒരിക്കൽ പോലും ആ മുറിയിൽ തനിക്ക് സ്വന്തമായിട്ടെന്തെങ്കിലും ഉണ്ടെന്ന് അവർക്ക് തോന്നിയിട്ടില്ല.
എങ്കിലും ഉള്ളിലെന്തോ കൊളുത്തി വലിക്കും പോലെ അവരെ നീറ്റി.
മുറി വിട്ടിറങ്ങുമ്പോൾ മുറിയുടെ ജനാലകളും വാതിലും അവർ പതിയെ ചാരി വച്ചു. മണവാട്ടിയായി കൊണ്ട് ആദ്യമായി ആ മുറിയിലേക്ക് കാലെടുത്ത് വച്ച ഓർമ്മകൾ സമയമാത്ര അവരെ തൊട്ട് കടന്നുപോയി. പാമ്പ് ഊരിയിട്ട ചട്ട പോലെ മേരിക്കുട്ടിയുടെ യൗവനം നടുമുറ്റത്ത് വിലങ്ങനെ കിടന്നു. ആരോടെങ്കിലും യാത്ര പറയാനുണ്ടോ അവരോർത്തു. ഇല്ല മകനോടോ മരുമകളോടോ ഒന്നും പറയാൻ ഇല്ല. പേരകുഞ്ഞുങ്ങളെ വാരിയെടുത്ത് ചുംബിക്കണമെന്നുണ്ട്. ഒരുപക്ഷേ അതിന് ശേഷം തുടർയാത്ര ബുദ്ധിമുട്ടാകുമെന്നത് അതിൽ നിന്നുമവരെ വിലക്കി.

പൊതിഞ്ഞു കെട്ടിയെടുത്ത സഞ്ചിയവർ മാറോടു ചേർത്ത് പിടിച്ചു. പുറത്തേക്ക് ഇറങ്ങി. പ്രഭാതം മഞ്ഞവെളിച്ചം പരത്തി കിടന്നു. ജമന്തിയും ചെണ്ടുമല്ലിയും തേൻപൂക്കളും നിറഞ്ഞു നിന്ന മുറ്റത്തുകൂടി മേരിക്കുട്ടി നടന്നു.
ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കരുത് അപ്പച്ചൻ പറഞ്ഞിരുന്നു. ഇല്ല തിരിഞ്ഞു നോക്കിയില്ല. വേദനകൾ മാത്രം സമ്പാദിച്ച തുരുത്താണെങ്കിലും മടക്കി വിളിച്ചാൽ മേരിക്കുട്ടി തിരികേ ചെല്ലും.
മേരിക്കുട്ടി നടന്നു, മുറ്റവും പിന്നിട്ട് വെട്ടുവഴിയെ ചെമ്പരത്തിപ്പൂക്കളുടെ ചവർപ്പിച്ച മണവും പേറി അവർ മുന്നോട്ട് നടന്നു. ശീമക്കൊന്നകൾ വളർന്നു പന്തലിച്ച വേലികൾ അവസാനിച്ചപ്പോൾ പാടവരമ്പിലേക്ക് ഇറങ്ങി നടന്നു. എവിടെയോ മഴ പെയ്യുന്നുണ്ടെന്ന് അവർക്ക് തോന്നി. കരിമ്പനകളുടെയും തെങ്ങുകളുടെയും വിടവുകളിലൂടെ തണുത്തൊരു കാറ്റ് അവരെ കടന്നുപോയി. വീട് ദൂരേക്ക് അകന്നു തുടങ്ങി. ലിന്റയുടെ വിളി മാത്രം കേൾക്കാം

‘അമ്മച്ചി അമ്മച്ചി ‘

ആദ്യം ഉച്ചത്തിലും, ശേഷം താഴ്ച്ചയിലേക്കും ഒടുവിൽ ഒന്നുമില്ലായ്മയിലേക്കും ലിന്റയുടെ ശബ്ദവും ചെന്ന് പതിച്ചു.

മേരിക്കുട്ടിക്ക് ഇനി മടക്കയാത്രയില്ല.

അപ്പച്ചൻ മറുപടി കത്തിൽ മേരിക്കുട്ടിക്ക് ഇങ്ങനെയെഴുതി.

“പ്രിയപ്പെട്ട മോൾ മേരിക്കുട്ടി വായിച്ചറിയാൻ അപ്പച്ചൻ പത്രോസ് എഴുതുന്നത്,
മോളെ മേരിക്കുട്ടി, നിന്റെ സങ്കടങ്ങൾക്ക് മറുപടിയെഴുതാൻ അപ്പച്ചൻ ഒരുപാട് വൈകിയെങ്കിലും നിനക്ക് സമാധാനം ആഗ്രഹിച്ചു കൊണ്ട് അപ്പച്ചൻ ഒരു മറുപടി കുറിക്കുന്നു.
മോളെ മേരിക്കുട്ടി നീ അവറാച്ചനെ ഒഴിയണം

സ്നേഹത്തോടെ അപ്പച്ചൻ.. ”

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here