“തീക്ഷ്ണതയെ പ്രണയിച്ച ഉലെ”

0
448

ഡോ. അശ്വതി രാജൻ

‘ഉലെ’യും ‘മറീന അബ്രമോവികും’ ലോകം കണ്ട ജീവനുള്ള പ്രണയ സ്മാരകങ്ങളായിരുന്നു.  ഇന്ന് ഉലെ വേർപിരിയുമ്പോൾ ഈ മാതൃകാശിലയുടെ കാതലായ ഒരു ഭാഗം പിളർന്നു വീഴുന്ന വേദന അനുവാചകരിൽ ഉണ്ടാവുന്നു. എഴുപത്തിയാറു വയസ്സിൽ ഉലെ പിരിയുമ്പോൾ 64 വർഷങ്ങൾ പിന്നോട്ട് നടക്കണം ‘ഉലെ’യായി മാറിയ ഫ്രാങ്ക് ഉവേ ലെയ്സ്‍പിനെ അറിയാൻ- എങ്ങനെ ഫ്രാങ്ക് ഉലെയായി മാറി,  ഉലെ ആരായിരുന്നു എന്നറിയാൻ.

aswathy-rajan
ഡോ. അശ്വതി രാജൻ

ജീവിതം പൂർണമായും ഒരു അവതരണകലയാണ്,  പെർഫോമൻസാണ്‌.  നമ്മൾ ഓരോരുത്തരും അവനവനെ നിരീക്ഷിച്ചാലും ലോകത്തെ തന്നെ നിരീക്ഷിച്ചാലും ഇതു വെളിപ്പെടും. എന്നിരുന്നാലും ഈ പരമസത്യം കലയിലൂടെയും സ്നേഹത്തിലൂടെയും പല പല വികാര വിസ്ഫോടനങ്ങളിലൂടെയും  വികാര-അമർച്ചകളിലൂടെയും ലോകത്തിനു കാഴ്ചയാക്കിയവരാണ് ഉലെ-അബ്രമോവിക് ദമ്പതികൾ.

Credit: Photo by Sten Rosenlund/Shutterstock (8469449d)
Marina Abramovic and her former partner Ulay
Marina Abramovic and her former partner Ulay in Stockholm, Sweden – 28 Feb 2017
In Stockholm, the day after the dinner at Museum of Modern Art 19/2-17. Ulay came to Stockholm, just to be there for Marinas opening of her exhibition “The Cleaner”.

1976ലാണ് ഉലെയും അബ്രമോവികും ജീവിതപങ്കാളികളായത്.  ഉലെയുടെയും അബ്രമോവിക്കിന്റേയും ജീവിതം ഒരു ടെക്സ്റ്റ് ആയി മാറുന്നത്,  മനുഷ്യന്റെ ഉയർച്ച താഴ്ചകൾ, വികാര വ്യതിയാനങ്ങൾ, ജയപരാജയങ്ങൾ, കരുണ,  സ്നേഹം,  വെറുപ്പ് തുടങ്ങി ചിലപ്പോൾ ഉണങ്ങിയതും മറ്റു ചിലപ്പോൾ പച്ചയുമായ ജീവിതശകലങ്ങൾ സുതാര്യമാവുന്നിടത്താണ്. ഇരുവരുടെയും ഒരുമിച്ചുള്ള കാലവും വേർപെട്ടുകൊണ്ടുള്ള കാലവും ലോക കലയ്ക്ക് സൗന്ദര്യം ഏറെ ചാർത്തികൊടുക്കുകയാണുണ്ടായത്.

ഉലെയെ കുറിച്ച്

ജർമനിയിൽ സോളിൻജെൻ നഗരത്തിൽ 1943ൽ ജനിച്ചു.  അദ്ദേഹത്തിന്റെ കലാജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവ് ആംസ്റ്റെർഡാമിലേക്കുള്ള  കുടിയേറ്റമാണ്. പോളറോയിഡ് ഫോട്ടോഗ്രഫി ആയിരുന്നു അന്ന് അദ്ദേഹത്തിനുണ്ടായിരുന്ന അഭിനിവേശം.  ലിംഗ സമത്വാസമത്വങ്ങളെ പ്രതിനിദാനം ചെയ്യുന്ന മാതൃകയിൽ ക്രോസ്സ് ഡ്രസിങ്ങ് ചെയ്തുള്ള ചിത്രവഴിയാണ് അന്ന് അദ്ദേഹം സ്വീകരിച്ചത്.

Artist Ulay attends the ZOO magazine anniversary event at Grace Hotel Zoo on November 5, 2018 in Berlin, Germany. (Photo by Matthias Nareyek/Getty Images)

1975 ലാണ് ഉലെ മറീന അബ്രമോവികിനെ കണ്ടുമുട്ടിയത്.  രണ്ടു പേരും കലയുടെയും ജീവിതത്തിന്റെയും വഴികളിൽ പ്രത്യേക തീക്ഷ്ണത പുലർത്തിയവരായിരുന്നു. ആയതിനാൽ കണ്ടമാത്രയിൽ തന്നെ പരസ്പരമുള്ള ആത്മ സാദൃശ്യം അവരെ അത്ഭുതപ്പെടുത്തുകയും ഉറ്റസുഹൃത്തുക്കളാക്കുകയും ചെയ്തു. അതേ വർഷം ഇരുവരും ഒരുമിച്ചുള്ള ജീവിതയാത്രയും ആരംഭിച്ചു. പിന്നീട് അവരുടെ ജീവിതത്തിന്റെ ചെറുതും വലുതുമായ സന്ദർഭങ്ങൾ തുറന്ന രംഗഭാഷ്യമായി മാറുകയായിരുന്നു. നമ്മൾ നിൽക്കുന്നിടം ചലിക്കുന്നിടം അത് തന്നെയാണ് ‘അരങ്ങ് ‘ എന്ന പാഠം ഇത് ഉറക്കെ ഉദ്ഘോഷിക്കുന്നു.

Light / Dark

പാരസ്പര്യത്തെ കുറിച്ച്, ബന്ധങ്ങളെ കുറിച്ച് 14 സവിശേഷമായ കലാസൃഷ്ടികളാണ് ഈ ദമ്പതികൾ അനിർവചനീയമാക്കി വച്ചിരിക്കുന്നത്. സെർബിയൻ അമേരിക്കൻ പെർഫോമർ ആയിട്ടുള്ള മറീന അബ്രമോവിക്കും ജർമൻകാരനായ ഫ്രാങ്ക് എന്ന ഉലെയും ഒരുമിച്ചു ചെയ്ത സൃഷ്ടികൾ ഏറിയകൂറും ഭയം ഉളവാക്കുന്നതും വിശ്വാസത്തിന്റെ ട്രസ്റ്റിന്റെ കൊടുമുടി സ്പർശിക്കുന്നതും ആകുന്നു.  1977ൽ അവർ ചെയ്ത വർക്ക്‌  ലൈറ്റ് / ഡാർക്ക് എന്ന് നാമകരണം ചെയ്തിരിക്കുന്നു.  ഇതിൽ മുഖാമുഖമായി ഇരിക്കുന്ന അവർ പരസ്പരം മാറി മാറി മുഖത്തും ശേഷം അവനവന്റെ തുടയിലും പ്രഹരിക്കുന്നു.  പതിഞ്ഞ താളത്തിൽ തുടങ്ങി ഈ പ്രഹര പരമ്പര ഉയർന്ന ഗതിയിൽ ഒരു ക്രസൻഡോയിൽ പര്യവസാനിക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെ മുഖഭാവം തീക്ഷ്ണത നിറഞ്ഞതാകുന്നു.

Rest Energy

മറ്റൊരു അവതരണ മുഹൂർത്തത്തിൽ ഉലെയും മറീനയും അമ്പിന്റെ മുനയ്ക്ക് അപ്പുറവുമിപ്പുറവും നിൽക്കുന്നു. അമ്പിനെ തന്റെ നെഞ്ചിലേക്ക് കൈകൾ കൊണ്ട് ആവാഹിച്ചു മറീനയും. അമ്പ് വില്ലിന്റെ ഞാണിൻമേലേക്ക് പിടിച്ചു വലിച്ചു ഉലെയും നിൽക്കുന്നു. ഒരു നിമിഷം എനർജിയിൽ വന്നേക്കാവുന്ന വ്യതിയാനം ഒരുപക്ഷെ മറീനയുടെ ജീവൻ തന്നെ എടുക്കുമായിരുന്നു. ഇരുവരും തമ്മിലുള്ള വിശ്വാസത്തിന്റെ ഉറപ്പിന്റെ കൊടുമുടിയിലുള്ള ഭാവമാണ് ഈ പെർഫോമൻസ് ആക്ട് വിഷയീകരിച്ചിരിക്കുന്നത്. 1980ൽ യാഥാർഥ്യമായ ഈ വർക്കിന് ‘റെസ്റ് എനർജി’ എന്ന്‌ ശീർഷകം നൽകിയിരിക്കുന്നു.

Breathing in / Breathing out

Breathing in/ Breathing out എന്ന സൃഷ്ടിയിൽ,  സിഗരറ്റ് ഫിൽറ്റർ കൊണ്ട് ഇരുവരും അവരുടെ നാസദ്വാരങ്ങൾ അടച്ചു വയ്ക്കുന്നു.  ശേഷം ശരീരത്തിനുള്ളിലുള്ള വായു പരസ്പരം അധരങ്ങൾ കൂട്ടി അടച്ച് രണ്ടു പേരുടെയും ഇടയിൽ പങ്കുവച്ചു നിലനിർത്തുന്നു. ഓസ്ട്രേലിയയിൽ  ഇരുവരും ഒരുമിച്ചു താമസിച്ചു ഒരു വർഷം പിന്നിട്ടപ്പോഴാണ് ‘Night Sea Crossing'(1986) എന്ന വിഖ്യാതമായ വർക്ക്‌ അവർ ചെയ്യുന്നത്. ഒരു ടേബിളിന്റ ഇരുവശത്തുമായി പരസ്പരം നോക്കിയിരിക്കുന്ന ഉലെയും മറീനയും ആണ്‌ ഇതിലെ അവതരണ പ്രമേയം.  ഏഴു മണിക്കൂർ തുടർച്ചയായാണ് ഇവർ കണ്ണുകൾ പരസ്പരം അർച്ചിച്ചു ഇരുന്നത്.

Night Sea Crossing

അവതരണ കലയുടെ പ്രണയ ചരിത്രത്തിന്റെ ജീവിക്കുന്ന ഉലെ-അബ്രമോവിക് മാതൃക ഒടുവിലായി കൊത്തിയെടുത്ത പ്രണയകാവ്യമാണ് 1988ലെ  ലവ്വേഴ്‌സ് അഥവാ പ്രണയേതാക്കൾ.  1988 ഏപ്രിലിൽ ആണ്‌ ഈ അവതരണത്തിന് നാന്ദി കുറിച്ചത്.  ഇരുവരും ചൈന വൻമതിലിന്റെ രണ്ടറ്റത്തുനിന്നുമായി യാത്രയാരംഭിച്ചു. ഉലെ തന്റെ യാത്ര തുടങ്ങിയത് ഗോബി ഡെസേർട്ടിൽ നിന്നു.  അപ്പുറത്ത് മറീന അബ്രമോവിക്,  യെല്ലോ സീ യിൽ നിന്നും. ഇരുവരും 1500 മൈലുകൾ മുന്നോട്ട് നടന്നതിന് ശേഷം കൂറ്റൻ ചൈനൻ മതിലിന്റെ ഒത്ത നടുക്ക് വച്ചു പരസ്പരം കണ്ടു മുട്ടി. അനോന്യം ഉരിയാടാതെ യാത്രാമൊഴി കണ്ണുകളിലൂടെ ചൊല്ലി കൊണ്ട് ഇരുവരും പിരിഞ്ഞു യാത്ര തുടർന്നു. വർഷങ്ങൾ നീണ്ട പ്രണയ ജീവിതത്തിനു അർദ്ധവിരാമം ആയിരുന്നു അന്ന് അവിടെ അരങ്ങേറിയത്. അങ്ങനെ വേർപിരിയലിലും കലയുടെ ആത്മാംശം നിറച്ചു അവർ ലോകോത്തര കലോപാസകരും പ്രണയികളുമായി മാറി.

Lovers (1988)

പിരിഞ്ഞതിനു ശേഷവും ഉലെയും മറീനയും അവരവരുടേതായ കലാസപര്യയിൽ മുഴുകി.  ഉലെ വീണ്ടും പോളറോയ്ഡ് ഫോട്ടോഗ്രഫിയിൽ മുഴുകി.  1990കളിൽ അദ്ദേഹം ഭീമാകാരമായ ഒരു പോളറോയിഡ് ക്യാമറയിൽ അദ്ദേഹത്തിന്റെ ഉയരത്തെ വെല്ലുന്ന തരത്തിൽ പോളോഗ്രാം ഇമേജുകൾ പകർത്തി ലോകത്തെ വിസ്മയിപ്പിച്ചു.

The Artist is Present

2010 ലാണ് അനുവാചകർക്കേറെ പ്രിയമുളവാക്കിയ ആ ലോകരംഗം അരങ്ങേറിയത്.  ‘The Artist is Present’ എന്ന ശീർഷകത്തോടെയുള്ള മറീന അബ്രമോവിക്കിന്റെ പ്രശസ്തമായ മാരത്തോൺ പെർഫോമൻസ് ആക്ട് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നടന്നു കൊണ്ടിരിക്കുകയായിരുന്നു.  മറീന മ്യുസിയത്തിൽ വരുന്നവരുടെ കണ്ണുകളിലേക്ക് ഒരു ടേബിളിന്റെ മറുവശത്തുമായി ഇരുന്നു കണ്ണിമയ്ക്കാതെ ഭാവ വ്യതിയാനമില്ലാതെ നോക്കി ഇരിക്കുന്നതാണ് അവതരണ പ്രമേയം. ഓരോ കാഴ്ചക്കാരന്റെയും അവസരം കഴിയുമ്പോൾ മറീന കണ്ണുകൾ അടച്ച് ഏതാനും ചെറിയ നിമിഷങ്ങൾ ധ്യാനിക്കും. ഒരു വട്ടം അങ്ങനെ കണ്ണുകൾ അടച്ച് തുറന്നതും മുന്നിൽ ഇരിക്കുന്നയാളെ കണ്ടു അത്ര നേരം സമഭാവത്തിൽ ചലിച്ച മറീനയുടെ മനസും ശരീരവും കണ്ണുകളും കുഴങ്ങി.  അത്ഭുതം,  സങ്കടം,  പ്രണയം,  നഷ്ടബോധം തുടങ്ങീ പേര് പറയാനറിയാത്ത പല വികാരചോദനകളും മറീനയിൽ നിറഞ്ഞു പൊന്തി വന്നു.  ഉലെയാണ് അപ്പുറത്തിരിക്കുന്ന ആ പുതിയ കാഴ്ചക്കാരൻ. ഉലെ ഒന്ന് രണ്ട് വട്ടം അംഗ വിക്ഷേപം കൊണ്ട് സ്വാന്തനമറിയിക്കുന്നുണ്ട്.

“The Artist is Present” – Marina Abramovic | MoMA – New York | Photograph by MARCO ANELLI © 2010

ഇരുപതു വർഷത്തിനിപ്പുറമുള്ള സ്നേഹത്തിന്റെ ചൂട് പരക്കുന്ന ആ കാഴ്ച ചുറ്റും കൂടിയ കാഴ്ചക്കാരിൽ മാത്രമല്ല ഇങ്ങു ഒരു രാത്രിക്കിപ്പുറം അകലത്തിലിരുന്ന് അതിന്റെ വീഡിയോ പകർപ്പ് കാണുന്നവരിൽ പോലും സ്നേഹത്തിന്റെ ചൂട് ഉള്ളം പൊള്ളിക്കുന്നു.

Project Cancer: Ulay’s journal from November to November

ഇങ്ങനെ അടി മുതൽ മുടിവരെ കലയുടെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം ആണ്‌ ഉലെ എന്ന ജർമൻകാരന്റേത്.  2010നു ശേഷം ഉലെയിൽ ക്യാൻസറിന്റെ  വളർച്ച സ്ഥിതീകരിച്ചു. പിന്നീട് രണ്ടു വർഷത്തിന് ശേഷം Project Cancer: Ulay’s journal from November to November എന്ന ഡോക്യുമെന്ററി അദ്ദേഹത്തിന്റെ ജീവിതം  കർമപഥം,  രോഗസന്ധി എന്നിവ അനാവരണം ചെയ്തു. കലയിൽ ഭീകരമായ ഒരു പ്രണയ വസന്തം മറീനയോട് ചേർന്ന് സമ്മാനിച്ചു,  ഈ കഴിഞ്ഞ മാർച്ച്‌ 2നു ഉലെ ഓർമ്മചിത്രങ്ങളിലേക്ക് കൂടു മാറി.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here