‘അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങൾ’

0
236

റിയാസ്

അദ്ദേഹവും കാമുകിയുമാണ് ശയ്യയിൽ. ഇരുവരേയും സംബന്ധിച്ചിടത്തോളം നീണ്ടു പോയെന്നാൽ ആയുസ് തന്നെ ഒടുങ്ങിപ്പോകുമായിരുന്ന, അത്രയും തീക്ഷ്ണമായ ഒരു സുരതാനന്തര നിമിഷത്തിലേക്കാണ് നാടകം ഉണരുന്നത്.

റിയാസ്

പ്രണയ തീവ്രതയാൽ കാമുകി, കഴിഞ്ഞു പോയ നിമിഷങ്ങളുടെ ആവേശം മുഴുക്കെ വലിച്ചൂതി വിടുന്ന സിഗററ്റ് പുകക്കൊപ്പം അന്തരീക്ഷത്തിൽ നിറയ്ക്കുന്നു.
എന്നാൽ ‘പേടിപ്പിച്ചു കളഞ്ഞല്ലൊ’ എന്ന് നടിയോടൊപ്പം കാണിയെക്കൊണ്ടു കൂടി പറയിപ്പിക്കുന്ന തരത്തിൽ നിശ്ചലനായി നീണ്ടു നിവർന്നു കിടക്കുകയാണ് അദ്ദേഹം.
അടുത്ത നിമിഷം നെഞ്ചുവേദനയാൽ പുളഞ്ഞു തുടങ്ങിയ അദ്ദേഹത്തിനു മുന്നിൽ അവളുടെ പ്രണയമത്രയും കരുതലായി രൂപം മാറുന്നു. കൊടിയ വേദനയുടെ വേലിയേറ്റങ്ങൾ കണ്ട് അവൾ ഡ്രൈവറെ അറിയിക്കാനും ഡോക്ടറെ വിളിക്കാനും ടെലിഫോണിനടുത്തേക്ക് കുതിക്കുന്നു. അതിനെയെല്ലാം അദ്ദേഹം തടയുന്നു.
അവൾ ആവതും പറയുന്നു. അദ്ദേഹത്തിന്റെ ജീവനു വേണ്ടി സ്വയം ഇല്ലാതാകാനും തയ്യാറാണ്. പറഞ്ഞത് അനുസരിക്കൂ, എന്ന് യാചിക്കുന്നു. അദ്ദേഹം വിസമ്മതിക്കുന്നു. വേദന കടിച്ചു പിടിക്കുന്നു.

‘നിങ്ങൾക്ക് ഇപ്പോഴും ഒരു പ്രണയം ആവശ്യമുണ്ട്. സന്തോഷകരായ ഒരു നിമിഷം മോഷ്ടിക്കുക മാത്രമാണ് നിങ്ങൾ ചെയ്തത് ‘ എന്നെല്ലാം അവൾ അദ്ദേഹത്തെ സമാശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ‘മോഷണം ഒരു കുറ്റമാണ്’
എന്ന പുറം ലോക നീതിയെ അദ്ദേഹം ഭയപ്പെടുന്നു. കോറിഡോറിലൂടെ അടുത്തു വരുന്ന കാലടിയൊച്ചകൾ അദ്ദേഹത്തെ ഒരു ജാരനെപ്പോലെ ഭീതിയിലാഴ്ത്തുന്നു.

ഒടുക്കം ‘ഇതൊരു ഓർഡറാണ്’ എന്ന ആജ്ഞയോടെ അവളുടെ രക്ഷാപ്രവർത്തനങ്ങളെയത്രയും അദ്ദേഹം തിരസ്കരിക്കുന്നു. പൊടുന്നനെ അവർക്കിടയിൽ ഒരു വർഗ വൈരുദ്ധ്യം ഉടലെടുക്കുന്നു.
അവൾ കേവലം കീഴ്ജീവനക്കാരിയായി മാറുന്നു. അവളുടെ പ്രണയം വെറും പുലമ്പൽ മാത്രമാകുന്നു. അദ്ദേഹത്തിന്റെ ഞരക്കം പോലും ആജ്ഞാശക്തിയുള്ളതായി മാറുന്നു. അവൾ സാഹചര്യത്തെ കൂടുതൽ സ്വാഭാവികമാക്കാൻ മുറിയിലേക്ക് വന്നു കയറാനിടയുള്ളവരോട് പറയാനുള്ള കള്ളം മെനഞ്ഞു തുടങ്ങുന്നു. കൊടിയ വേദനയിലും അദ്ദേഹം ചമഞ്ഞു കിടക്കാൻ തത്രപ്പെടുന്നു.

അപ്രകാരമെല്ലാം അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങൾ’ ഭാവതീവ്രമാണ്, സംഘർഷ പ്രധാനമാണ്.
മരണത്തിനൊടുക്കവും കഴിഞ്ഞു പോയ നിമിഷങ്ങളെ സുരതാനന്തരമെന്നോണം സിഗററ്റുപുകയിൽ നേർപ്പിക്കാൻ ശ്രമിക്കുക തന്നെയാണ് കാമുകി. പുറം ലോകം കാറ്റായും ആംബുലൻസായും ബാങ്ക് വിളിയായും ബാന്റ് മേളമായും അവരെ സ്പർശിക്കാതെ കടന്നു പോകുന്നു.

മരണത്തേയും രതിയേയും ബന്ധങ്ങളിലെ സൂക്ഷ്മ രാഷ്ട്രീയത്തേയുമെല്ലാം വിദഗ്ദമായി വിളക്കിചേർത്ത ‘അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങൾ’ വേറിട്ട ഒരു അരങ്ങനുഭവമായി.

സംവിധായകൻ : ശ്രീജിത്ത് രമണൻ

മരിയൊ ഫ്രാറ്റിയുടെ രചന മൊഴിമാറ്റിയത് വയലാ സാറാണ്. സംവിധാനം ശ്രീജിത്ത് രമണൻ ഡോ. വയലാ വാസുദേവൻ പിള്ള സ്മാരക ട്രസ്റ്റ് നിർമ്മിച്ച നാടകത്തിൽ രമേശ് വർമ്മയും പൂജ മോഹൻരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here