ജനനം എന്ന തെറ്റിനുള്ള ശിക്ഷയായി മാറുന്ന ജീവിതം

0
243
capernaum-athmaonline

‘കഫർണൗം’ എന്ന ലബനീസ് സിനിമയെ അടിസ്ഥാനമാക്കിയുള്ള നിരൂപണം

സനൽ ഹരിദാസ്

നദീൻ ലബകിയുടെ സംവിധാനത്തിൽ അറബിക് ഭാഷയിൽ ചിത്രീകരിക്കപ്പെട്ട ലബനീസ് സിനിമയാണ് ‘കഫർണൗം’ ( 2018) ലോകമെമ്പാടും പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം, 2018 ലെ IFFK അതു തുടർന്നു. ദാരിദ്ര്യം വിഷലിപ്തമാക്കിയ കുടുംബബന്ധങ്ങൾ, അതിജീവന ശ്രമങ്ങൾ, കുറ്റകൃത്യങ്ങൾ, ബാല്യവിവാഹം, അഭയാർത്ഥി പ്രശ്നങ്ങൾ, എന്നിങ്ങനെയുള്ള പ്രതിസന്ധികളുടെ നിരയെ സർഗ്ഗാത്മകമായി ദൃശ്യവത്കരിക്കുകയാണ് സിനിമ എന്ന് സാമാന്യമായി പറയാം. കൊലപാതക ശ്രമത്തിനു ശിക്ഷയനുഭവിക്കുന്ന സെയ്ൻ എന്ന ബാലനെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. നിരവധി സന്താനങ്ങളുള്ള ഒരു ദരിദ്ര കുടുംബത്തിലാണ് നായകനായ സെയ്നിന്റെ ജനനം. ദാരിദ്ര്യവും അനുബന്ധപ്പെട്ട അസംതൃപ്തികളും നിറഞ്ഞ ചുറ്റുപാടിൽ ഗാർഹികപീഡനങ്ങളടക്കം അനുഭവിച്ചാണ് സെയ്ൻ കഴിയുന്നത്. നാട്ടിലെ ഒരു ഇടത്തരം സമ്പന്ന യുവാവിന് സെയിന്റെ ബാലികയായ സഹോദരിയെ വിവാഹം ചെയ്തു നൽകുന്നതോടെ സെയ്ൻ മാനസികമായി തകരുന്നു. പ്രതിരോധ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നതോടെ അവൻ വീടുവിട്ടിറങ്ങുകയാണ്.

sanal-haridas
സനൽ ഹരിദാസ്

വീട്ടിൽ നിന്നും ഇറങ്ങിയോടിയ സെയ്ൻ ചെന്നെത്തുന്നത് മതിയായ പെർമിറ്റുകൾ ഇല്ലാതെ ജോലി നോക്കുന്ന റാഹില എന്ന എത്യോപ്യൻ യുവതിയുടെ അടുക്കലാണ്. രേഖകളുടെ അഭാവത്തിൽ സ്വന്തം മകനെപ്പോലും രഹസ്യമായി വളർത്തുന്ന റാഹില തന്റെ കുഞ്ഞിനെ പരിചരിക്കാനുള്ള ഉത്തരവാദിത്വം സെയ്നെ ഏൽപ്പിക്കുന്നു. സെയ്ൻ അത് ഭംഗിയായി നിർവഹിക്കുകയും ചെയ്യുന്നുണ്ട്. ബെയ്റൂട്ടിലെ ചേരിയിൽ കഴിയുന്ന റാഹിലയുടെ ചുറ്റുപാടുകൾ ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ല. എന്നാൽ സ്വന്തം കുടുംബത്തിൽ നേരിട്ട അവഹേളനങ്ങളും മാനസിക-ശാരീരിക പീഡനങ്ങളും ഒഴിഞ്ഞു നിന്നത് സെയ്‌നെ താൽക്കാലികമായെങ്കിലും സംതൃപ്തനാക്കുന്നുണ്ട്. ദാരിദ്രത്തെക്കാളുപരി സ്വന്തം കുടുംബത്തിന്റെ പീഡന പരിസരമാണ് സെയ്‌നെ അലട്ടിയിരുന്നതെന്ന് നേരത്തെ വ്യക്തമായതാണ്. സമാന സാമ്പത്തികാവസ്ഥയുള്ള പുതിയ സാഹചര്യത്തെ ഉൾക്കൊണ്ട് സംയമനം പ്രകടിപ്പിക്കുന്ന സെയ്‌ൻ അത് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

capernaum

രേഖകളില്ലാത്തതിന്റെ പേരിൽ റാഹില പിടിക്കപ്പെട്ടതോടെ സെയ്‌ന്റെ താൽക്കാലിക സ്വൈര്യം പിന്നെയും പ്രതിസന്ധിയിലാകുന്നു. കുഞ്ഞിനെ സ്വന്തം നിലയിൽ പരിചരിക്കേണ്ട ബാധ്യത കൂടി അവന് ഏറ്റെടുക്കേണ്ടി വരികയാണ്. നിയമവിരുദ്ധവും അല്ലാത്തതുമായ പല കാര്യങ്ങൾ ചെയ്ത് കുറച്ചു നാളുകൾ അവൻ അതിനുള്ള ശ്രമങ്ങൾ നടത്തുന്നെങ്കിലും കുഞ്ഞ് അവനിൽ നിന്നും തട്ടിയെടുക്കപ്പെടുന്നു. കുഞ്ഞിനെ നഷ്ടമായ കാര്യം തിരിച്ചറിയാത്ത സെയ്ൻ സ്വീഡനിലേക്ക് നാടുകടക്കാം എന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് തന്റെ രേഖകൾ കൈക്കലാക്കാൻ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നു. അനേകം ദിവസങ്ങൾക്ക് ശേഷം സ്വന്തം മകനെ തിരിച്ചുകിട്ടിയതിന്റെ അമ്പരപ്പോ വാൽസല്യ പ്രകടനങ്ങളോ ഒന്നും തന്നെ ഈ അവസരത്തിൽ അവന്റെ മാതാപിതാക്കളിൽ കാണുന്നില്ല എന്നത് എടുത്തു പറയേണ്ട ഒന്നാണ്. നിർബന്ധപൂർവ്വം ബാല്യ വിവാഹത്തിന് വിധേയയായ തന്റെ സഹോദരി അത്യാസന്നനിലയിലാണെന്ന വാർത്ത വീട്ടുകാരിൽ നിന്നും മനസ്സിലാക്കുന്ന സെയ്ൻ സഹോദരി ഭർത്താവിനെ കുത്തി പരിക്കേൽക്കുന്നു. തുടർന്നാണ് സെയ്‌നിന്റെ ജയിൽ ജീവിതം ആരംഭിക്കുന്നത്.

capernaum

ജയിൽ ജീവിതത്തിനിടയിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്ന ഒരു ടെലിവിഷൻ പ്രോഗ്രാമിലേക്ക് ഫോൺ ചെയ്യുകയാണ് സെയ്ൻ. ആ ഫോൺകോളിൽ അവൻ ആവശ്യപ്പെടുന്നത് തന്റെ അച്ഛനമ്മമാർക്കെതിരെ തനിക്ക് പരാതി ഫയൽ ചെയ്യേണ്ടതുണ്ട് എന്നതാണ്. ഇതേതുടർന്ന് സെയ്‌നിന്റെ കേസ് കോടതി ഫയലിൽ സ്വീകരിക്കുകയും അതിനായി നിയമസഹായം ഏർപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി സെയ്‌നും അവരുടെ മാതാപിതാക്കളും കോടതിമുറിയെ നേരിടുന്ന ദൃശ്യങ്ങളോടെയാണ് സിനിമ തുടങ്ങിയിരുന്നത്. ഒരേ സമയം വിചിത്രവും യുക്തിസഹവുമായ വാദങ്ങളാണ് സെയ്ൻ കോടതിമുറിയിൽ ഉന്നയിക്കുന്നത്. തന്നെ ജനിപ്പിച്ചു എന്നതാണ് സെയ്ൻ മാതാപിതാക്കളിൽ ആരോപിക്കുന്ന പ്രധാന കുറ്റം.

capernaum

മക്കളെ അവർ അർഹിക്കുന്ന ഭൗതിക സൗകര്യങ്ങളോടുകൂടെയും സമാധാനാന്തരീക്ഷത്തോടെയും പോറ്റി വളർത്താനാകില്ലെങ്കിൽ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നത് കുറ്റകരമാണ് എന്നാണ് സെയ്‌നിന്റെ പക്ഷം. വാദപ്രതിവാദങ്ങളുടെ ഇടവേളയിൽ സെയ്‌നിന്റെ അമ്മ താൻ വീണ്ടും ഗർഭിണിയാണെന്ന വസ്തുത അവനെ അറിയിക്കുന്നുണ്ട്. ബാല്യ വിവാഹത്തിന് ഇരയായി മരണമടഞ്ഞ പ്രിയ സഹോദരിയുടെ പേരുതന്നെ പുതിയ കുഞ്ഞിന് നൽകുമെന്നും അമ്മ അവനെ ആശ്വസിപ്പിക്കുന്നു. എന്നാൽ ഈ വാർത്ത അവനെ കൂടുതൽ രോഷാകുലനാക്കുകയാണ്. ദാരിദ്ര്യവും പട്ടിണിയും സാംസ്കാരികാധഃപതനവും കുത്തഴിഞ്ഞതാക്കിയ ഒരു കുടുംബത്തിലെ പുതിയ പിറവിയുടെ സംഗത്യത്തെയും പിന്നീടവൻ കോടതിമുൻപാകെ ചോദ്യം ചെയ്യുന്നു. ശിക്ഷാകാലാവധിക്കൊടുവിൽ തന്റെ പാസ്പോർട്ടിനായുള്ള ഫോട്ടോയെടുപ്പിൽ, ഈ സിനിമയിൽ തന്നെ ആദ്യമായും അവസാനമായും പുഞ്ചിരിക്കുന്ന കുഞ്ഞുനായകനെ ചിത്രീകരിച്ചാണ് ഈ ചലച്ചിത്രം അവസാനിക്കുന്നത്.

capernaum

സെയ്ൻ തന്റെ മാതാപിതാക്കൾക്കെതിരെ ഉന്നയിച്ച കുറ്റാരോപണങ്ങൾ ഇന്ത്യ എന്ന മൂന്നാംലോകരാജ്യത്തെ സംബന്ധിച്ച് അത്രമേൽ പ്രസക്തമായതാണ് എന്നു കാണാം. ദാരിദ്ര്യവും ജാതീയതയും വർഗീയതയും നിറഞ്ഞ ഒരു രാജ്യത്തേക്ക് അടിസ്ഥാനവർഗ്ഗ കുടുംബങ്ങൾ ജനിപ്പിച്ചു തള്ളുന്ന അസംഖ്യം സന്തതികൾ സെയ്ൻ ഉന്നയിച്ച അതേ ചോദ്യങ്ങൾ ഉന്നയിക്കാൻ അർഹരുമാണ്. ‘ഒരു മോഷ്ടാവിന്റെ ദിനസരിക്കുറിപ്പുകൾ’ എന്ന പുസ്തകത്തിൽ ലോക പ്രശസ്ത സാഹിത്യകാരൻ ‘ഷെനേ’ എഴുതിവച്ച വരികളാണ് ഈ സന്ദർഭത്തിൽ ഓർക്കുന്നത്. ‘ജനനമെന്ന തെറ്റിനുള്ള ശിക്ഷയാണ് ജീവിതം’ എന്ന, നിരാശയുടെയും നിരാസത്തിന്റെയും വരികൾ ചേർത്തു വയ്ക്കാവുന്ന അടിസ്ഥാനവർഗ്ഗ ഭൂരിപക്ഷമാണ് ഇന്ത്യയിലേത്. ലോക ജനസംഖ്യാനിരക്കിൽ രണ്ടാം സ്ഥാനത്തും ആഗോള ആനന്ദ സൂചികയിൽ(according to the world happiness report that was relieved on 2019) നൂറ്റിനാല്പതാം സ്ഥാനത്തുമുള്ള ഒരു രാജ്യത്തിന്റെ തീവ്രമായ അവശതകളിലേക്ക് അനിയന്ത്രിതമായി സന്താനോൽപാദനം നടത്തുന്ന ദരിദ്ര ദമ്പതികൾ, സിനിമ കാഴ്ചവയ്ക്കുന്ന ലബനീസ് മാതാപിതാക്കളെപ്പോലെ തല കുനിച്ചു നിൽക്കേണ്ടവരാണ് എന്നും പറയേണ്ടി വരികയാണ്. ബാല്യത്തിൽ നോക്കി രസിക്കാനും, ശിക്ഷിച്ച് ചട്ടം പഠിപ്പിക്കാനും, കൗമാരാവസാനം മുതൽ ജനിപ്പിച്ചതിന്റേയും വളർത്തിയതിന്റെയും കൂലിയെന്നോണം അധ്വാനിക്കാനയച്ചു പണം വസൂലാക്കാനുമുള്ള അടിസ്ഥാനവർഗ്ഗ ദമ്പതികളുടെ വ്യവസ്ഥയെ പിൻപറ്റുന്ന തുടർച്ചയെ നിഷ്കളങ്കതയോ നിവർത്തികേടോ ആയി കണ്ടുകൂടെന്ന തിരിച്ചറിവുകൂടി ഈ സിനിമ മുന്നോട്ടു വയ്ക്കുന്നു.

capernaum

ഗാർഹിക അടിമത്തത്തിന്റെ പാരമ്പര്യത്തുടർച്ചകളെ ചോദ്യം ചെയ്യാൻ പ്രാപ്തരായ പുകഞ്ഞകൊള്ളികളുടെ സൃഷ്ടിക്കായി, പുതിയ തലമുറയിൽ തീ പകരാനുള്ള ശേഷിയാണ് ലേഖകൻ ഈ സിനിമയിൽ തെളിഞ്ഞു കാണുന്നത്.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here