കവിത
നിഷ
ജീവിച്ചിരിക്കുമ്പോൾ തന്നെ
മരിക്കുന്ന ചിലരുണ്ട്.
പരേതനെന്നോ
പരേതയെന്നോ
പറയാതെ,
ഓ, എന്നാ പറയാനാ,
അതൊരു ശവം കണക്കാ
എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ.
നിർഭാഗ്യമെന്ന് പറയട്ടെ
അവരുടെ ശവക്കല്ലറ
നിർമ്മിക്കുന്നത് ഏറ്റവും
വേണ്ടപ്പെട്ടവർ തന്നെയായിരിക്കും.
പക്ഷെ
ഒരു പ്രത്യേകതയുണ്ട്.
അവരുടെ കല്ലറ
ജീവനുള്ളവരുടെ ഇടയിൽ
തന്നെയാണ്.
അതൊരുപക്ഷെ
അടുക്കളയിലോ
കിടപ്പുമുറിയിലോ
ആയിരിക്കും.
നിങ്ങൾ കണ്ടിട്ടില്ലെ?
കണ്ണിലെ തിളക്കം വറ്റിയവരെ,
പറയാനുള്ള കഥകൾ
പറഞ്ഞു തീരാതെ
പര്യമ്പറത്തിരുന്ന്
സ്വയം പിറുപിറുക്കുന്നവരെ,
മോഹഭംഗങ്ങൾ കൊണ്ട്
നിശ്ചലരായി പോയവരെ,
നേരത്തിനു മുന്നേ
തലയിൽ നര ചൂടിയവരെ,
ഇവരുടെ ശവക്കല്ലറ മാന്തണം,
ഭൂതകാലം കുഴിച്ചിട്ട
സ്വപ്നങ്ങളെ,
ഇഛാശക്തിയെ,
പ്രണയത്തെ,
ഉൾക്കാഴ്ചയെ
വീണ്ടെടുത്ത് അവരുടെ
ചത്ത ഹൃദയത്തിലേക്ക്
വീണ്ടും ഒഴുക്കണം.
സാധ്യമെങ്കിൽ വീണ്ടുമൊരു
പോസ്റ്റ് മോർട്ടം നടത്തി
ഇവരെങ്ങനെ മരണത്തിന്റെ
പൊതിച്ചോറുണ്ടു ?!
എന്ന് കണ്ടെത്തണം.
എന്നിട്ട്,
ജീവനുള്ളവർക്ക്
കുഴി തോണ്ടിയവരെ കണ്ടെത്തി
അന്ധകാരത്തിന്റെ പ്രതിമകളാക്കി
നഗരാതിർത്തിയിൽ
പ്രതിഷ്ഠിക്കണം.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.