ട്രോൾ കവിതകൾ – ഭാഗം 12
വിമീഷ് മണിയൂർ
കരുണ 2.0
ടൈറ്റാനിക് സിനിമ കാണുകയായിരുന്നു മണിയൂരിലെ കാറ്റ്. പെട്ടെന്ന് കൈവിടർത്തി കപ്പലിൻ്റെ തുമ്പത്ത് നിൽക്കുന്ന ജാക്കിനും റോസിനും മുകളിലൂടെ കടന്നുപോകുന്ന കടൽക്കാറ്റിനോട് മണിയൂരിലെ കാറ്റിന് പ്രണയം തോന്നി. ഉടനെ സംവിധായകനെ വിളിച്ചു. അത് കടൽക്കാറ്റല്ലെന്നും വലിയ ഫാനുപയോഗിച്ച് ഉണ്ടാക്കിയതാണെന്നും അറിയിച്ചു. അങ്ങനെയെങ്കിൽ ആ ഫാൻ ഉടനെ കാണണമെന്നും അങ്ങോട്ട് വരികയാണെന്നും മണിയൂരിലെ കാറ്റ് പറഞ്ഞു. ചെന്നെത്തിയത് ഒരാക്രിക്കടക്കാരൻ്റെ പീടികയിൽ. പൊട്ടിപ്പൊളിഞ്ഞ് തുരുമ്പിച്ച ഒരു കഷ്ണം ഇരുമ്പു കഷ്ണത്തിൻ്റെ കൈയ്യും പിടിച്ച് മണിയൂരിലെ കാറ്റ് രജിസ്ട്രാഫീസിലേക്ക് പറന്നു.
എ.ടി.എം
എ.ടി.എം മെഷീൻ കഴിഞ്ഞ ജന്മത്തിൽ ഒരു സാമൂഹ്യ പരിഷ്കർത്താവായി മരിച്ചു പോയ ആളാണ്. അംബേദ്കറെ കണ്ടപ്പോൾ ഗാന്ധിയെ തേച്ചു പോയ ബുദ്ധനാണ്. തൊട്ടുകൂടാത്തവരെ തമ്മിൽ തൊടീക്കാൻ യന്തിരനായവനാണ്. പോയവർ പോയവർ സ്വന്തം ആസ്തിയുടെ രഹസ്യ നമ്പർ പോലും പങ്കുവെക്കുന്നുവെങ്കിൽ തീർത്തും സംശയിക്കണ്ടാത്തതാണ്. ഒന്നും തൊടാനാവാതെ മണ്ണിലാണ്ടുപോയവരുടെ തേഞ്ഞു പോയ വിരലുകളാണ് അതിൽ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.