HomeTHE ARTERIASEQUEL 58ഇന്ത്യയെ ബുദ്ധമയമാക്കാന്‍ ഡോ. അംബേദ്കര്‍ വിഭാവനം ചെയ്ത നടപടികള്‍ എന്തൊക്കെ?

ഇന്ത്യയെ ബുദ്ധമയമാക്കാന്‍ ഡോ. അംബേദ്കര്‍ വിഭാവനം ചെയ്ത നടപടികള്‍ എന്തൊക്കെ?

Published on

spot_imgspot_img

ജാതി വ്യവസ്ഥ എന്ന ബ്രാഹ്മണിക് വൈറസ് – പ്രതിവിധി ബുദ്ധമതമോ? ഭാഗം – 4

അജിത് വാസു

ഇന്ത്യയും ബുദ്ധനും ലോകത്തിന്‍റെ കണ്ണില്‍

ലോകത്തിന്‍റെ കണ്ണില്‍ ഇപ്പോഴും ഇന്ത്യ അഥവാ ഭാരതം ‘ബുദ്ധന്‍റെ നാട്’ (land of buddha) ആണ്. സാങ്കേതികമായി ഇന്നത്തെ നേപ്പാളിലാണ് സിദ്ധാര്‍ത്ഥ ഗൗതമന്‍ ജനിച്ചതെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ മൊത്തമായി ‘ഇന്ത്യ’ അല്ലെങ്കില്‍ ‘south asia’ എന്നൊക്കെയാണ് മറ്റു ഭൂഖണ്ഡങ്ങളിലുള്ളവര്‍ വിവക്ഷിക്കുന്നത്. sir Edwin Arnold ബുദ്ധനെപ്പറ്റി എഴുതിയത് ‘the light of asia’ എന്നാണ്. പാശ്ചാത്യര്‍ ഇന്ത്യയെ ഒരു spirituality യുടെ കേന്ദ്രമായി കരുതുന്നതിന്‍റെയും പ്രധാനകാരണം ‘ബുദ്ധനെ’പ്പറ്റിയുള്ള അവരുടെ ഈ ധാരണയാണ്. അല്ലാതെ ഹിന്ദുമതത്തിന്‍റെ യുക്തിയില്ലാത്ത സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയല്ല അവര്‍ ഭാരതത്തെ spirituality യുടെ കേന്ദ്രമായി കരുതിയത്. മിത്തുകള്‍ക്ക് യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് അമേരിക്കയിലും ഒരു പഞ്ഞവും ഉണ്ടായിട്ടില്ല. ഹിന്ദുമതത്തിലേതുപോലുള്ള സാങ്കല്പിക കല്‍പ്പിത ഭാവനയിലുദിച്ച ഒട്ടേറെ മിത്തുകള്‍ അന്നാട്ടിലെല്ലാം ധാരാളമായുണ്ട്. ഹിന്ദുമതത്തിലെ പുരാണങ്ങളെയും ഇതിഹാസങ്ങളെയും ഐതീഹ്യങ്ങളെയും കവച്ചുവെക്കുന്ന യുക്തിയില്ലാത്ത fantasy fairly tales അവിടങ്ങളിലുമുണ്ട്. വിരാട് പുരുഷന്‍റെ മുഖത്തുനിന്നും biceps ല്‍ നിന്നും തുടകളില്‍ നിന്നും പെരുവിരലില്‍ നിന്നുമൊക്കെ മനുഷ്യര്‍ ഉണ്ടായി എന്നു പറയുന്ന പൊട്ടക്കഥകളിലൊന്നും spirituality തിരയുന്ന വിഡ്ഢികള്‍ അല്ല വിദേശികള്‍. പരശുരാമന്‍ മഴുവെറിഞ്ഞ് കരയെ ഉയര്‍ത്തിയെടുത്തു എന്ന കഥയൊക്കെ ഒരു സൂപ്പര്‍ഹീറോ സീരിയലിനുള്ള കഥയായിട്ടു പോലും വിദേശികള്‍ പരിഗണിക്കില്ല. മഹാവിഷ്ണുവും പരമശിവനും ഗണപതിയും മറ്റു ദൈവങ്ങളും കാട്ടിക്കൂട്ടിയിട്ടുള്ള കഥകള്‍ നിറഞ്ഞ പുരാണങ്ങളില്‍ ആകൃഷ്ടരായിട്ടല്ല വിദേശികള്‍ ഇന്ത്യയില്‍ spirituality അന്വേഷണങ്ങള്‍ക്കായി എത്തുന്നത്. ഈ കഥകള്‍ ഒക്കെ വെറും കഥകളായി മാത്രം ആണ് അവര്‍ പരിഗണിക്കുന്നത്. നമ്മള്‍ ഇന്ത്യയില്‍ ഇതൊക്കെ വെള്ളം തൊടാതെ സത്യം പോലെ വിഴുങ്ങുന്നുണ്ടെങ്കിലും ലോകം ചിന്തിക്കുന്നത് അങ്ങിനെയല്ല. ബുദ്ധനും അഷ്ടാംഗമാര്‍ഗ്ഗവും നളന്ദയും തക്ഷശിലയും കൊളുത്തിയ വെളിച്ചം അനേകം നൂറ്റാണ്ടുകള്‍ക്കു മുമ്പും കടല്‍ കടന്നുപോയിട്ടുണ്ട്. അശോകചക്രവര്‍ത്തിയുടെ കാലത്ത് പായ്ക്കപ്പലുകളിലൂടെ വ്യാപകമായി നടന്നിരുന്ന വിദേശ വ്യാപാരസഞ്ചാരങ്ങള്‍ ‘ബുദ്ധനെ’ ലോകത്തിന്‍റെ നാനാദിക്കിലും എത്തിച്ചിട്ടുണ്ട്.

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല

പാശ്ചാത്യ ലോകത്തെ ഏതൊരു പുരാവസ്തു വില്പനസ്ഥാപനങ്ങളില്‍ (antique collection stores) പോയാലും നിങ്ങള്‍ക്ക് ഒരു ബുദ്ധന്‍റെ ശിരസ് / അര്‍ദ്ധകായ / പൂര്‍ണ്ണകായ പ്രതിമകള്‍ കാണാനാവും. ആളുകള്‍ ബുദ്ധന്‍റെ ശിരസ് ഒരു പ്രത്യേക ആദരവോടെ തങ്ങളുടെ പൂമുഖത്തോ ഉദ്യാനത്തിലോ വെച്ചിരിക്കുന്നത് അവിടങ്ങളില്‍ നിങ്ങള്‍ക്ക് കാണാനാവും. പൂന്തോട്ടങ്ങള്‍ക്കുള്ള സാമഗ്രികളും ചെടികളും വില്‍ക്കുന്ന garden centers ലായാലും കെട്ടിടനിര്‍മാണത്തിനുള്ള വസ്തുക്കള്‍ വില്ക്കുന്ന സ്റ്റോറുകളായാലും ഇന്‍റിരീയര്‍ ഡെക്കറേഷനുള്ള സ്റ്റോറൂമുകളില്‍ ആയാലും ഫര്‍ണിച്ചര്‍ മാര്‍ട്ടുകളിലായാലും എല്ലാം ബുദ്ധന്‍ ഒരു നിറസാന്നിധ്യമാണ്. ‘ഈ ലോകത്തെ സൃഷ്ടിച്ച’ ബ്രഹ്മാവിനെ കുറിച്ചോ പരിപാലിക്കുന്ന വിഷ്ണുവിനെക്കുറിച്ചോ സംഹരിക്കുന്ന ശിവനെക്കുറിച്ചോ വിഘ്നങ്ങള്‍ തീര്‍ക്കുന്ന ഗണപതിയെക്കുറിച്ചോ ഇന്ത്യയിലല്ലാതെ മറ്റെവിടെയും ആര്‍ക്കും വലിയ വിവരമൊന്നുമില്ല. പക്ഷെ ബുദ്ധനെ അറിയാത്തവര്‍ ആരുമില്ല. ഇവരുടെയൊക്കെ കഥകള്‍ പറഞ്ഞാല്‍ ആളുകള്‍ ഒരു ഫാന്‍റസി കേള്‍ക്കുന്ന ലാഘവത്തോടെ ഒന്നു പുഞ്ചിരിച്ചേക്കാം. അല്ലാതെ അതില്‍ കവിഞ്ഞ ഗൗരവമൊന്നും ലോകത്തിലാരും കൊടുക്കില്ല.
പക്ഷെ മനസ്സിന്‍റെ ദുഃഖങ്ങള്‍ക്ക് /അസ്വസ്ഥതകള്‍ക്കുള്ള കാരണവും പരിഹാരമാര്‍ഗ്ഗവും നിര്‍ദ്ദേശിച്ച ബുദ്ധനെ അവര്‍ ആദരിക്കുന്നു. ‘മുറ്റത്തെ മുല്ലയ്ക്ക് (ബുദ്ധനും ബുദ്ധമതത്തിനും) ഇവിടെ മണമില്ലെങ്കിലും ഇന്ത്യയുടെ അതിരുകള്‍ക്ക് പുറത്ത് ബുദ്ധനും ബുദ്ധമതത്തിനും അഷ്ടാംഗമാര്‍ഗ്ഗത്തിനും തന്നെയാണ് പ്രാധാന്യമുള്ളത്. ഇന്ത്യയിലുള്ള ജനങ്ങളെ ചാണകവും ഗോമൂത്രവും കഴിപ്പിക്കാന്‍ പറ്റും. പക്ഷെ വിദേശികള്‍ മൂക്കുപൊത്തി ഓടും. അതുകൊണ്ട് ഈ സത്യമറിയാവുന്ന ഇന്ത്യയിലെ ഭരണാധികാരികള്‍ വിദേശ delegates ന് സമ്മാനിക്കുന്നത് കൃഷ്ണന്‍റെയോ ശിവന്‍റെയോ രാമന്‍റെയോ ഗണപതിയുടെയോ ഒന്നുമല്ല. ബുദ്ധന്‍റെ പ്രതിമയാണ്.

ഇന്ത്യ ബുദ്ധന്‍റെ നാടാണ്. എന്ന് ഇന്ത്യയിലെ ബുദ്ധിമാന്മാരായ ഭരണാധികാരികള്‍ക്ക് ഒക്കെ അറിയാം. പക്ഷെ ആ സത്യം ഇന്ത്യയ്ക്കുള്ളില്‍ മറച്ചുവെക്കപ്പെട്ടിരിക്കുന്നു.
ഹിന്ദുമതത്തേക്കാള്‍ പുരാതനമായ ബൗദ്ധധാര!
ഇന്ത്യയില്‍ ഇന്നും പലരും തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നത് ബുദ്ധമതം ഹിന്ദുമതത്തിന്‍റെ (ബ്രാഹ്മണമതത്തിന്‍റെ) ഭാഗമാണെന്നും ഹിന്ദുമതം ഉണ്ടായതിനുശേഷം ഉണ്ടായതാണ് ബുദ്ധമതം എന്നുമൊക്കെയാണ്. ബ്രാഹ്മണമതത്തിലെ യാഗയജ്ഞ സംസ്കാരത്തിനെ എതിര്‍ക്കാനായി ഒരു റിബല്‍ നീക്കമായി ഉരുത്തിരിഞ്ഞുവന്നതാണ് ബുദ്ധമതം എന്നും പരക്കെ വിശ്വസിപ്പിക്കപ്പെട്ടിട്ടുണ്ട്. വ്യാജപ്രചരണം അതിന്‍റെ പാരമ്യത്തിലെത്തിയ ഘട്ടത്തില്‍ ബുദ്ധന്‍ വിഷ്ണുവിന്‍റെ അവതാരമാണെന്ന് വരെ കഥകള്‍ ചമയ്ക്കപ്പെട്ടു. പുരാണങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു.
പക്ഷെ അറിയപ്പെടുന്ന 28 ബൗദ്ധആചാര്യന്മാരുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ബുദ്ധനാണ് ‘സിദ്ധാര്‍ത്ഥ ഗൗതമന്‍’
‘സബ്ബ പാപസ്സ അകരണങ്ങ്
കുശലസ്സ ഉപസംപദ
സചിത്ത പരിയോദപനങ്ങ്
ഏതങ്ങ് ബുദ്ധാന ശാസനങ്ങ്’
(എല്ലാ പാപകര്‍മങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക, കുശലമായ പ്രവര്‍ത്തികളില്‍ വ്യാപൃതരാവുക, മനസ്സിനെ ശുദ്ധീകരിക്കുക. ഇതാണ് എല്ലാ ബുദ്ധന്മാരുടെയും ശാസനം.)
തന്‍റെ ശാസനങ്ങളുടെ സംക്ഷിപ്തമായി ഗൗതമബുദ്ധന്‍ പറഞ്ഞ വരികളാണ് ഇത്. ഇതില്‍ ഒടുവിലായി പറഞ്ഞിരിക്കുന്ന നോക്കുക. തനിക്ക് മുമ്പേ വന്നുപോയ എല്ലാ ബുദ്ധന്മാരെയും കുറിച്ചാണ് ഇവിടെ പറയുന്നത്. ‘തഥാഗത’ എന്ന് തന്നെക്കുറിച്ചും തനിക്ക് മുമ്പേ കടന്നുപോയ ബുദ്ധന്മാരെക്കുറിച്ചും അദ്ദേഹം പറയുന്നത് നമുക്ക് അദ്ദേഹത്തിന്‍റെ വചനങ്ങളില്‍ കാണാനാവും.
ഉത്തര ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെ നാഗജനത സിന്ധിനദീതടങ്ങളില്‍ കൃഷിയാരംഭിച്ചു. സൈന്ധവ സംസ്കാരം രൂപപ്പെടുത്തുന്നതു മുതലാണ് ഇന്ത്യയുടെ അറിയപ്പെടുന്ന ചരിത്രം ആരംഭിക്കുന്നത്. ഇന്ത്യയില്‍ എത്തുന്നതിന് മുമ്പുതന്നെ അവര്‍ കടന്നുവന്ന ഇടങ്ങളിലൊക്കെത്തന്നെ ബൗദ്ധസംസ്കാരത്തിന്‍റെ സ്തൂപങ്ങളും ശേഷിപ്പുകളും കണ്ടെത്തിയിട്ടുള്ളത്. archeological രേഖകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. (reference; Nagans – the ancient rulers of India- by Naval viyogi)
ഋഗ് വേദത്തിലധിഷ്ഠിതമായ ബ്രാഹ്മണവേദ സംസ്കാരം ആവിര്‍ഭവിക്കുന്നതിനും എത്രയോ മുമ്പുതന്നെ നിലവിലിരുന്ന ഒരു സാംസ്കാരിക പാരമ്പര്യത്തെ പിന്നീട് വീണ്ടെടുക്കുക (revive) മാത്രമാണ് സിദ്ധാര്‍ത്ഥ ഗൗതമന്‍ ചെയ്തത്. (ഏതാണ്ടതിനു സമാനമായി ജൈനമത സംസ്കാരവും ഒരുവിഭാഗം ജനങ്ങള്‍ പിന്തുടര്‍ന്നിട്ടുണ്ട്. ഇവ രണ്ടും ‘ശ്രമണ’ സംസ്കാരത്തിന്‍റെ ധാരകളായിരുന്നു) അതുകൊണ്ടു തന്നെ വിദേശങ്ങളില്‍ ഇന്ത്യ spirituality യുടെ നാട് ആയി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിനു കാരണം പില്‍ക്കാലത്തുയര്‍ന്നു വന്ന യാഗാജ്ഞ വൈദിക സംസ്കാരമല്ല.
മൗര്യരാജവംശം അതിന്‍റെ പ്രൗഢിയുടെ പാരമ്യത്തിലെത്തിയത് അശോക ചക്രവര്‍ത്തിയുടെ ഭരണകാലത്താണ്. 84000 സ്തൂപങ്ങള്‍ അദ്ദേഹം തന്‍റെ സാമ്രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചു. തന്‍റെ മതമായി ബുദ്ധമതത്തെ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ഇന്നത്തെ ബര്‍മ്മ, തായ്ലന്‍റ്, കംബോഡിയ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ബൗദ്ധസംസ്കാരം വ്യാപിക്കപ്പെട്ടു. നളന്ദ, തക്ഷശില തുടങ്ങിയ സര്‍വ്വകലാശാലകളുടെ കാലത്ത് കടല്‍മാര്‍ഗ്ഗം വിദേശത്തുനിന്നും ആളുകള്‍ പഠനത്തിനായി ഇന്ത്യയില്‍ എത്തിയിരുന്നെന്ന് ചരിത്രരേഖകള്‍ പറയുന്നു.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വിദേശീയര്‍ക്ക് ഇപ്പോഴും ഇന്ത്യ ബുദ്ധന്‍റെ നാട് തന്നെയാണ്. ബ്രാഹ്മണവൈദിക സംസ്കാരത്തിന്‍റെ വക്താക്കള്‍ക്ക് അതംഗീകരിച്ചു തരാന്‍ മടിയുണ്ടെങ്കിലും വാസ്തവമതാണ്.
ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നങ്ങള്‍
മേല്‍പ്പറഞ്ഞ കാരണങ്ങള്‍ മൂലം ഇന്ത്യ ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്ക് ആയപ്പോള്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട സിംബലുകള്‍ ആണ് പ്രധാനമായും സ്വീകരിച്ചത്. ഇവയുടെ തെരഞ്ഞെടുക്കലുകളില്‍ ചാലകശക്തിയായി പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ശക്തി ഡോ. ബി.ആര്‍ അംബേദ്ക്കറല്ലാതെ മറ്റാരുമായിരുന്നില്ല.

1.ഇന്ത്യയുടെ ഭരണഘടന

ഇന്ത്യയുടെ ഭരണഘടനയിലെ മൂന്ന് സുപ്രധാന തത്ത്വങ്ങള്‍ തന്നെ ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ (liberty,equality,fraternity ) എന്നിവയാണ്. ഇതേക്കുറിച്ച് അംബേദ്കര്‍ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്. എന്‍റെ സോഷ്യല്‍ ഫിലോസഫി മൂന്നു തത്ത്വങ്ങളില്‍ ഒതുക്കാം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം. പക്ഷെ ഈ മൂല്യങ്ങള്‍ ഞാന്‍ ഫ്രഞ്ചു വിപ്ലവത്തില്‍ നിന്ന് കടമെടുത്തതാണെന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ട. ഈ മൂല്യങ്ങള്‍ ഞാന്‍ എന്‍റെ ഗുരുവായ ബുദ്ധന്‍റെ ശാസനങ്ങളില്‍ നിന്നാണ് എടുത്തിട്ടുള്ളത്.

2.ഇന്ത്യയുടെ ഔദ്യോഗിക മുദ്ര

സാരനാഥിലെ ‘സിംഹസ്തംഭം’ അശോകചക്രവര്‍ത്തി സ്ഥാപിച്ച സ്തൂപത്തില്‍ നിന്നെടുത്തതാണ് ഇത്. ഇത് ഇന്ത്യയുടെ ദേശീയമുദ്രയായി ഉപയോഗിക്കപ്പെടുന്നു.

3. ദേശീയപതാകയിലെ അശോകചക്രം

നീലനിറമുള്ള 24 ആരക്കാലുകളുള്ള അശോകചക്രമാണ് ഇന്ത്യന്‍ പതാകയുടെ നടുവിലായി ഉപയോഗിച്ചിരിക്കുന്നത്. (ബ്രാഹ്മണ ശക്തികള്‍ക്കും അവരുടെ ആര്‍.എസ്.എസിനും ഇന്നും ഈ പതാക അതുകൊണ്ടു തന്നെ അത്ര പഥ്യമല്ല.

4. രാഷ്ട്രപതിഭവനിലെ പ്രധാന ഹാള്‍ – അശോകഹാള്‍

രാഷ്ട്രപതിഭവനിലെ പ്രധാനഹാളിന്‍റെ പേരും അംബേദ്കറുടെ ശ്രമഫലമായിട്ടാണ് അശോകചക്രവര്‍ത്തിയുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ടത്. ഉപരാഷ്ട്രപതി, സുപ്രീംകോടതി, ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരുടെ സത്യപ്രതിജ്ഞ ഇവിടെ വെച്ചാണ് നടത്തുന്നത്. കൂടാതെ ഭാരതരത്നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങളും ഇവിടെ വെച്ചാണ് നല്‍കുന്നത്. (ബ്രിട്ടീഷുകാരുടെ കാലത്ത് ബോള്‍ഡാന്‍സ് ക്രമമായിരുന്നു ഇത്.)

ഇന്ത്യയെ ബൗദ്ധമയമാക്കുന്നതിനുള്ള ബ്ലൂ പ്രിന്‍റ്

ഇന്ത്യയില്‍ സമത്വത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും സംസ്കാരം പുനഃസ്ഥാപിക്കാന്‍ ബൗദ്ധ സംസ്കാരം തിരികെക്കൊണ്ടു വരേണ്ടതുണ്ടെന്ന് മനസ്സിലാക്കിയ ബാബാസാഹേബ് അംബേദ്ക്കര്‍ അതിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കരിച്ചിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അവയെല്ലാം പൂര്‍ണ്ണമായി അദ്ദേഹത്തിന് നടപ്പിലാക്കാന്‍ സാധിച്ചില്ല.

1. ഒരു ബുദ്ധിസ്റ്റ് scripture 73 വാള്യങ്ങളിലായി തയ്യാറാക്കിയിട്ടുള്ള ത്രിപിടികങ്ങള്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ദുര്‍ഗ്രാഹ്യവും അസൗകര്യപ്രദവും ആണ്. അതുകൊണ്ടുതന്നെ ഏവര്‍ക്കും സൗകര്യപ്രദമായ ഒരു gospel scripture ന്‍റെ ആവശ്യം മനസിലാക്കി അദ്ദേഹം 1957ല്‍ the Buddha and his Damma’ എന്ന ഒരു scripture ഗ്രന്ഥം തയ്യാറാക്കി.

2. ഒരു വ്യവസ്ഥാപിതമായ മതപരിവര്‍ത്തന ചടങ്ങ്

സാധാരണയായി മറ്റു രാജ്യങ്ങളില്‍ പഞ്ചശീലവും ത്രിശരണവും പ്രതിജ്ഞയായെടുക്കുകയാണ് ഒരാള്‍ക്ക് ബുദ്ധിസ്റ്റ് ആകാനുള്ള ചടങ്ങ്.പക്ഷേ ഇന്ത്യയുടെ പ്രത്യേക സാഹചര്യത്തില്‍ ബുദ്ധമതത്തിന്‍റെ പല വാക്കുകളെയും രീതികളെയും ബ്രാഹ്മണിസം വളച്ചൊടിച്ച് സ്വന്തമാക്കിയതിനാല്‍ വ്യവസ്ഥാപിതമായ ഒരു പ്രത്യേക ചടങ്ങ് തന്നെ ബുദ്ധമതം സ്വീകരിക്കുന്നതിനുവേണ്ടി അദ്ദേഹം ആവിഷ്കരിച്ചു. അതിനായിത്തന്നെ 22 പ്രതിജ്ഞകള്‍ ത്രിശരണത്തിനും പഞ്ചശീല പ്രതിജ്ഞകള്‍ക്കു പുറമേ അദ്ദേഹം നിര്‍ബന്ധമാക്കി. (ആ 22 പ്രതിജ്ഞകള്‍ ഈ ലേഖനത്തിന്‍റെ ഒടുവിലായി ചേര്‍ത്തിട്ടുണ്ട്.)

3. ഭിക്ഷുകളല്ലാത്ത ധര്‍മ്മ അധ്യാപകരെ പരിശീലിപ്പിക്കാനും പൊതുജനങ്ങള്‍ക്ക് അഷ്ടാംഗമാര്‍ഗ്ഗ പരിശീലനം കൊടുക്കാനുമായി പ്രധാന നഗരങ്ങളില്‍ ബുദ്ധിസ്റ്റ് സെമിനാറികള്‍ രൂപവല്‍ക്കരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

4. ഞായറാഴ്ചകളില്‍ വിഹാരങ്ങളില്‍ കൂടിച്ചേരല്‍ നിര്‍ബന്ധമാക്കി.

5. മദ്രാസ്, ബോംബെ, നാഗ്പൂര്‍, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ വിഹാരങ്ങള്‍ സ്ഥാപിക്കുവാന്‍ നിര്‍ദേശിച്ചു.

6. കോളേജുകള്‍, ഹൈസ്കൂളുകള്‍ തുടങ്ങിയവ എല്ലാ പ്രധാന നഗരങ്ങളിലും സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചു.

7. ബുദ്ധമതത്തെക്കുറിച്ചും അഷ്ടാംഗമാര്‍ഗ്ഗത്തെക്കുറിച്ചും നിരന്തരമായ ചര്‍ച്ചകളും സെമിനാറുകളും സിംപോസിയങ്ങളും നടത്തണമെന്ന് നിര്‍ഷ്കര്‍ഷിച്ചു.

മനുസ്മൃതി ദഹനം

1927 ഡിസംബര്‍ 25ന് ബാബാസാഹേബിന്‍റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ മഹഡ് എന്ന സ്ഥലത്തു വെച്ച് പരസ്യമായി മനുസ്മൃതി ചുട്ടെരിക്കപ്പെട്ടു. ഇന്ത്യയുടെ സാമൂഹികജീവിതത്തില്‍ ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിച്ച് സമൂഹത്തെ വിഭജിക്കാന്‍ ബ്രാഹ്മണര്‍ ഉപയോഗിച്ച ഗ്രന്ഥമാണ് മനുസ്മൃതി. അതുപയോഗിച്ചാണ് ഹിന്ദുരാജാക്കന്മാര്‍ ഇന്ത്യ സ്വതന്ത്രമാകും വരെ ഇവിടെ ഭരിച്ചിരുന്നത്. തദ്ദേശീയര്‍ക്ക് ഭൂമി, വിദ്യാഭ്യാസം, സമ്പത്ത്, ആയുധവിദ്യ എന്നിവയെല്ലാം നിഷേധിച്ചതും മനുസ്മൃതിയിലെ നിബന്ധനകള്‍ക്കനുസരിച്ചായിരുന്നു. ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ പരമദയനീയമായി മാറിയതും മനുസ്മൃതിക്കാലത്തായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ആ ‘അസമത്വത്തിന്‍റെയും അനീതിയുടെയും’ ഗ്രന്ഥം അംബേദ്കറുടെ നേതൃത്വത്തില്‍ ചുട്ടെരിക്കപ്പെട്ടു.

ലോകപ്രസിദ്ധമായ ബുദ്ധമത ഘര്‍വാപസി

തദ്ദേശജനത (ST/ടC/OBC) ഒരിക്കലും ബ്രാഹ്മണമതത്തിന്‍റെ ഭാഗമായിരുന്നില്ല ആയിരുന്നപ്പോഴും അവര്‍ ശൂദ്രരോ (അടിമകള്‍) അതിശൂദ്രരോ മാത്രമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ജാതിവ്യവസ്ഥയുടെ ഏറ്റവും താഴത്തെ ശ്രേണിയില്‍ തളയ്ക്കപ്പെട്ട ഒരു ജനവിഭാഗമായിരുന്നു തദ്ദേശജനത അഥവാ ബഹുജന്‍ മൂല്‍ നിവാസികള്‍. അക്കാരണം ഒന്നു കൊണ്ടുതന്നെ തങ്ങളുടെ പൂര്‍വ്വികര്‍ ഉണ്ടാക്കിയ ഒരു മതമല്ല ഇതെന്ന ലോജിക് അംബേദ്കര്‍ക്ക് പകല്‍പോലെ സ്പഷ്ടമായിരുന്നു. കാരണം തദ്ദേശജനതയുടെ പൂര്‍വ്വീകര്‍ ഒരു മതം ഉണ്ടാക്കുകയാണെങ്കില്‍ തങ്ങളുടെ വരുംതലമുറയെ സമൂഹത്തിന്‍റെ ഏറ്റവും താഴത്തെ ശ്രേണിയില്‍ ആട്ടും തുപ്പും ചൂഷണവും എല്‍ക്കാനായി ഒതുക്കി ഇടില്ലല്ലോ. സിംപിള്‍ കോമണ്‍ സെന്‍സ്. അത് ഒന്നുമാത്രം മതി ബ്രാഹ്മണമതം തങ്ങളുടെ പൂര്‍വ്വികരുടെ സൃഷ്ടി അല്ല എന്ന് മനസിലാക്കാന്‍. ഈ ചിന്തയാണ് അംബേദ്കറെ തങ്ങളുടെ പൂര്‍വ്വികരുടെ യഥാര്‍ത്ഥമതം എന്തായിരുന്നു എന്ന അന്വേഷണത്തിലേക്ക് നടത്തിച്ചത്. ആ അന്വേഷണത്തിനൊടുവില്‍ തങ്ങളുടെ പൂര്‍വ്വികര്‍ ഈ നാടിന്‍റെ ഭരണാധികാരികളായിരുന്ന നാഗവംശീയ ജനതയാണെന്നും ബ്രാഹ്മണിസം അവര്‍ക്ക് രാക്ഷസന്മാര്‍, ചണ്ഡാലര്‍, ദസ്യുക്കള്‍, പഞ്ചമര്‍, ദാസര്‍, അസുരന്മാര്‍ തുടങ്ങിയ പേരുകള്‍ പില്‍ക്കാലത്ത് ചാര്‍ത്തിക്കൊടുത്തതാണെന്നും കണ്ടെത്തി. നാഗജനതയില്‍ നിന്നാണ് നഗരം, നാഗരികത എന്നീ വാക്കുകള്‍ ഉണ്ടായതെന്നും അദ്ദേഹം മനസ്സിലാക്കി. നാഗജനതയുടെ കേന്ദ്രരാജധാനി നാഗപുരം അഥവാ നാഗ്പൂര്‍ ആണെന്നും അത് ഇന്ത്യയുടെ ഒത്ത നടുക്കാണ് സ്ഥിതി ചെയ്യുന്നതെന്നും (MILE ZERO) കണ്ടെത്തിയ അദ്ദേഹം ആ നഗരം തന്നെ തന്‍റെ പൂര്‍വ്വിക മതത്തിലേക്ക് മടങ്ങിപ്പോകുവാനായി തിരഞ്ഞെടുത്തു. 1935ല്‍ YEOLA എന്ന സ്ഥലത്തു വെച്ച് അദ്ദേഹം ‘ഹിന്ദുവായി മരിക്കില്ല’ എന്ന തീരുമാനമെടുത്തിരുന്നു. 1956 ഒക്ടോബര്‍ 14ന് നാഗ്പൂരില്‍ വെച്ച് അദ്ദേഹം മൂന്നു ലക്ഷത്തില്‍ പരം അനുയായികളെ കൊണ്ട് ബുദ്ധമതത്തിലേക്ക് മടക്കയാത്ര നടത്തി. ലോകത്തിന്‍റെ ചരിത്രത്തില്‍ നാളിതുവരെ നടക്കാത്ത, സമാനതകളില്ലാത്ത ഒരു mass conversion. ഒരു തുളളി ചോര പോലും പൊടിയാത്ത ഒരു സാമൂഹ്യവിപ്ലവം!! അന്ന് പഞ്ചശീല പ്രതിജ്ഞക്കും ത്രിശരണ പ്രതിജ്ഞക്കും പുറമേ 22 പ്രതിജ്ഞകളും കൂടി അദ്ദേഹം ജനസാഗരത്തിനു ചൊല്ലിക്കൊടുത്തു. ഇന്ത്യയില്‍ ഒരു വ്യക്തിക്ക് ബുദ്ധിസ്റ്റ് ആകണമെങ്കില്‍ ഈ 22 പ്രതിജ്ഞകളും അദ്ദേഹം നിര്‍ബന്ധിതമാക്കി.

ബാബാസാഹേബിന്‍റെ 22 പ്രതിജ്ഞകള്‍

22 Vows of Babasaheb Ambedkar _ Malayalam

ഈ പരമ്പര ഇവിടെ അവസാനിക്കുന്നു


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...