വിമീഷ് മണിയൂർ
മണിക്കൂറുകൾ
ഒരുമണിയും രണ്ടുമണിയും അയൽക്കാരായിരുന്നു. ഒരുമണി മൂന്നുമണിയേയും രണ്ടുമണി നാലുമണിയേയും കഴിഞ്ഞ കുറേക്കാലമായി വളക്കാൻ ശ്രമിക്കുകയായിരുന്നു. കാര്യമറിഞ്ഞ അഞ്ച്മണി മൂത്ത ഏട്ടനായ ഏഴുമണിയോട് പറഞ്ഞു. ഒരുമണിയേയും രണ്ടുമണിയേയും വഴിയിൽ കണ്ടാൽ മിണ്ടരുതെന്ന് ഏഴ്മണി അനിയത്തിയായ ആറുമണിയെ ചട്ടം കെട്ടി. സംഭവമറിഞ്ഞ അമ്മ എട്ട്മണി ഒരുമണിയുടെ തന്ത പത്തുമണിയെ വിളിച്ചു. രാത്രി തൻ്റെ ഭാര്യ പത്തുമണിയെ വിളിച്ചത് എട്ട്മണിയുടെ ഭർത്താവ് ഒമ്പതുമണി സൈബർ പോലീസായി ജോലി ചെയ്യുന്ന പതിനൊന്ന് മണിയെ വിളിച്ചു പറഞ്ഞു: നാട്ടിലെ പന്ത്രണ്ടുമണിയുടെ സൂക്കേട് എൻ്റെ ഭാര്യക്ക് തുടങ്ങിയിട്ടുണ്ട്. നീയൊന്ന് ആ ലൈന് ടാപ്പ് ചെയ്ത് തരണം.
നഖം വെട്ടിയും ബ്ലേഡും
നഖം വെട്ടി ഗൾഫുകാരനാണ്. ബ്ലേഡ് തൊഴിലുറപ്പിന് പോകുന്നു. നഖം വെട്ടി ഒറ്റവെട്ടിന് കാര്യം നടത്തും. ബ്ലേഡ് നാളേക്കുള്ള പണി ബാക്കി വെക്കും. നഖം വെട്ടിക്ക് ഇൻഷൂറൻസുണ്ട്. ബ്ലേഡ് തീറ്റക്കുറിക്ക് ചേർന്നിട്ടുണ്ട്. നഖം വെട്ടി മരിച്ചു പോകും. ഇൻഷൂറൻസ് കിട്ടുമായിരിക്കും. ബ്ലേഡ് മരിച്ചു പോകും. അതിന് മുമ്പെ തീറ്റക്കുറി നടന്നാൽ മതിയായിരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.