HomeTHE ARTERIASEQUEL 52ഒച്ചയിൽ നിന്ന് നിശബ്ദതയെ കണ്ടെടുക്കും വിധം (പി. എൻ ഗോപികൃഷ്ണന്റെ കവിതകളുടെ വായന )

ഒച്ചയിൽ നിന്ന് നിശബ്ദതയെ കണ്ടെടുക്കും വിധം (പി. എൻ ഗോപികൃഷ്ണന്റെ കവിതകളുടെ വായന )

Published on

spot_imgspot_img

കവിതയുടെ കപ്പൽസഞ്ചാരങ്ങൾ

ഡോ. രോഷ്‌നി സ്വപ്ന

Inside us there is
something that
has no name,
That something is
what we are,

Jose saramago, ( blindness. )

എന്താണ് കവിതയുടെ സാരാംശം എന്നത് പരിഗണിക്കുമ്പോൾ നാം
പലതരം ചോദ്യങ്ങളെ അപ്പോൾ തന്നെ അഭിമുഖീകരിച്ചു കഴിഞ്ഞു..
കവിത എന്നാൽ എന്ത്?
കവിത എന്നതിൻറെ സാരാംശം എന്ത്? അപ്പോൾ കവിയാര്?
പി എൻ ഗോപികൃഷ്ണന്റെ കവിതയിൽ ഇതിനുള്ള ഉത്തരം ഉണ്ട്.

ജഡജീവൻ എന്ന കവിത വായിക്കൂ

“”കൃഷ്ണമണികളെക്കുറിച്ച് അതെ
കൃഷ്ണമണികളെക്കുറിച്ച് അത്
കൃത്യം വൃത്തത്തിൽ ആയതിനെക്കുറിച്ച്
നാം വരച്ചെടുക്കുന്നതല്ലാതെ ഒന്നും
വൃത്തത്തിലല്ലാത്ത ലോകത്തിലെ
ഏക വൃത്തത്തെക്കുറിച്ച്..
കാഴ്ച്ചയുടെ വാതിലായിരിക്കുമ്പോഴും
അത്
കറുത്ത്
കറുത്തിരുണ്ട്…
അന്ധതയെ
ഓർമ്മിപ്പിക്കുന്നതിനെക്കുറിച്ച്, കണ്ണിലില്ലാത്ത മരങ്ങളെക്കുറിച്ച്
തൊലി മാത്രമുള്ള മരങ്ങളെക്കുറിച്ച്,
തൊലിയിൽ കണ്ണും കാതും രുചിയുമലിയിച്ച മരങ്ങളെക്കുറിച്ച്…

തവളയെ കണ്ടിട്ടുണ്ടോ എന്ന കവിതയില്‍ കാഴ്ചയും രുചിയും കടന്ന് വ്യത്യസ്തമായൊരു
അനുഭവം ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്

വെള്ളത്തില്‍
റൊമാന്റിക്‌,
കരയില്‍ റിയലിസ്റിക്
കുതിപ്പിന്റെ ശ്രുംഗത്തില്‍
അഹോ …മിസ്ടിക് ‘’

ഇതൊരു തരം തിരിച്ചറിവാണ്. പുതിയ കാലത്തിന്റെ
തിരിച്ചറിവ്. ഓന്തുകളുടെ പരിഷ്കൃതി ചെയ്യാനറിയില്ല എന്ന്
വെളിപ്പെടുത്തുന്നതോടൊപ്പം തന്നെ നിറം മാറലിന്റെ രാഷ്ട്രീയത്തെ
വിമര്‍ശിക്കുകയും നിലനില്‍പ്പിന്റെ രാഷ്ട്രീയത്തിലേക്ക് കൂടുമാറി
സ്വാനുഭവമായി പരിവര്ത്തിച്ച്,വെളിപ്പെടുകയാണ് കവി സ്വത്വം .
കൊതുക് ,ആധുനികാന്തര ലോകത്തില്‍  എന്നീ കവിതകളിലും ഈ ദര്‍ശനമുണ്ട് .
കൊതുകിനെപ്പറ്റിയുള്ള പ്രബന്ധത്തില്‍  മനുഷ്യന്റെ തൊലിയെപ്പറ്റിയുള്ള
കാഴ്ചയുണ്ട് .
കാഴ്ചയും അനുഭവവും സൂക്ഷ്മാണുവായി മാറുമ്പോള്‍
മനുഷ്യ ചര്മ്മത്തെക്കുറിച്ച് ഏറെ പറയാനാവുക കൊതുകിനാണ്
എന്നു കവി കണ്ടെത്തുന്നു

ആധുനികാനന്തര കാലത്ത് മകന്‍ ഉണ്ടാക്കിയ ഓലപ്പീപ്പിയില്‍ നിന്ന്
പുറപ്പെടുന്ന പഴയ ഒച്ചയെ കുറിച്ച് ബോധവാനാണ്
കവി. കാലങ്ങള്‍ക്കിടയിലെ അന്തരങ്ങള്‍ക്കിടയിലും നഷ്ടപ്പെടാതെ
നില്‍ക്കുന്ന ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഊഞ്ഞാലാട്ടത്തെ
അനുഭവിക്കാനും കവിക്കാവുന്നുണ്ട്. മനുഷ്യസ്നേഹത്തിന്റെ
ഇളകുന്ന ഒരു പല്ല് പോലെ ,യേശു തറഞ്ഞു കിടന്ന് ആടുന്ന ഒരു ദൃശ്യം
ഈ കവിതയില്‍ ഉണ്ട് .ആധുനികാന്തര ലോകത്ത് കവി വായിക്കുന്നത് ഫ്രഞ്ച്
നോവലും കാണുന്നത് ഇറ്റാലിയന്‍ സിനിമയും സംശയം ഉദിച്ചത്
സംസ്കൃത വ്യാകരണത്തിലും മുറിവുണക്കിയത് ഇംഗ്ലീഷ് ലേപനവും ആനന്ദിച്ചത്
ഹിന്ദുസ്ഥാനി സംഗീതം കേട്ട് കൊണ്ടും ആണ്.
പക്ഷെ കൂര്‍ക്കം വലിക്കുന്നത് മലയാളത്തിലും .
സംസ്കാരത്തിന്റെ ശൈടില്യങ്ങളെ എത്ര വേഗമാണ്, എത്ര ലളിതമായാണ്
കവി വിമര്‍ശിക്കുന്നത് !

വാതിലുകള്‍ എന്ന കവിതയില്‍ സ്ത്രീപുരുഷലോകങ്ങളുടെ
അവഗണിക്കാനാവാത്ത അടരുകളാണ്.
ഭാഷക്ക് സെറിലാക്ക് കോരിക്കൊടുത്ത് വളര്‍ത്തുന്ന
പുതിയ ഭാവുകത്വമാണ് മൃത്യോര്‍മ്മ എന്ന കവിത.
സമകാലിക ലോകത്തിന്റെ മുഖം മൂടികളെ കീറിയടർത്തുന്നുണ്ട്
ആനന്ദത്തിന്റെ അധോലോകം…
അവയവ ചന്ത ,കാവ്യ ശാസ്ത്രം തുടങ്ങിയ കവിതകള്‍.

ഭാഷ
ഒരു കണ്ണിനു മാത്രം
അമർന്നിരിക്കാവുന്ന
തുളയാകുമ്പോള്‍
മടിയര്‍
ഒരാകാശം സങ്കല്‍പ്പിക്കും

എന്നാണു മടിയരുടെ മാനിഫെസ്റ്റോ എന്ന കവിത പറയുന്നത് .

ഇങ്ങനെ ഒന്നിൽ നിന്ന് പലതുകളിലേക്ക് പടരുന്ന കവിത,
ചിലപ്പോൾ കവിയെ കവിഞ്ഞു പോകുന്നതു കാണാം.
അങ്ങനെ ആലോചിക്കുമ്പോൾ ഒരാൾ വന്നു തൊട്ടു വിളിക്കുന്നു.
മട്ടുപ്പാവിൽ എത്തുന്നു. അവിടെ മൃതപ്പെട്ട ഒരാളെ കാണുന്നു.
അയാൾ ഒരു
തയ്യൽക്കാരൻ ആണെന്ന് അറിയുന്നു

പിന്നീട് അപ്രതീക്ഷിതങ്ങളാണ്.
കവിത എന്ത്, കവി എന്ത് എന്ന ചോദ്യത്തിൽ നിന്ന് ഒന്നുമില്ലായ്മ
എന്ന മനുഷ്യ സത്യത്തിലേക്ക് എത്തുന്നു

എന്താണ് നമ്മുടെ ജീവിതത്തിന് ആവശ്യം വേണ്ടത് എന്ന് ആരായുകിൽ
അതിൽ കവിത ഉണ്ടാവുമോ എന്ന് ചോദിക്കുന്നുണ്ട് ചൈനീസ്
കവിയായ ലിപ്പോയുടെ കവിത

ഉണ്ടാവും,

വെള്ളം = കവിത

അന്നം = കവിത

ശ്വാസം =കവിത

എന്നാണ് ഉത്തരം.
ഇത് വ്യത്യസ്തമായ ജ്ഞാനനിർമ്മിതിയിൽ നിന്ന് ഉരുത്തിരിയുന്ന
കണ്ടെത്തലാണ്. പ്രപഞ്ചം മുഴുവൻ നിറഞ്ഞിരിക്കുന്ന പലതരത്തിലുള്ള
ജ്ഞാനമണ്ഡലങ്ങളിൽനിന്ന് മനുഷ്യന് അത്യന്താപേക്ഷിതമായവയെ
മാത്രം കണ്ടെത്തിയാൽ അതിൻറെ സാരാംശം കവിതയായിരിക്കും, ഉറപ്പ്.

മനുഷ്യൻറെ ആത്മാവിലാണ് കവിത. ആത്മബോധത്തിൽ
ഞാനായിരിക്കുകയോ ഒന്നുമല്ലാതിരിക്കലോ ആണ് കവിത.

നായകനോ പ്രതി നായകനോ എന്ന തെരഞ്ഞെടുപ്പാകും
ചിലപ്പോൾ കവിത.

ഈ അവസ്ഥകളെ അന്വേഷിച്ചു തരണം ചെയ്യേണ്ടതുണ്ട് കവിക്ക്.
ഭാരിച്ച ഉത്തരവാദിത്വമാണത്.
ഒന്നുകിൽ ഞാനായിരിക്കുക,
അല്ലെങ്കിൽ ആ
ബോധം ഇല്ലാതാവുക, അതുമല്ലെങ്കിൽ ആത്മബോധം
ഉണർച്ചയിലേക്ക് കുതിക്കുക. അതുകൊണ്ടാണ്

“I am nothing.
I will never be anything.
I couldn’t want to be
something.

Apart from that.
I have in me all
the dream in the world.
എന്ന് ഫെർണാണ്ടോ പെസോവക്ക്‌
എഴുതേണ്ടി വന്നത്

ഗോപികൃഷ്ണന്റെ കവിതകളിൽ പുലരുന്ന ജാഗ്രതകളിൽ
ഈ രണ്ട് അവസ്ഥകളും ഉണ്ട്.
ഞാനായിരിക്കുക, ഒന്നുമല്ലാതായിരിക്കുക.  ജീവിതത്തിൻറെ
ഉള്ളറകളിൽ മാത്രമോ
കല്ലറകളിൽ മാത്രമോ അതിരുകളിൽ മാത്രമോ ഗോപീകൃഷ്ണന്റെ
കവിതകൾ സ്ഥിരതാമസമാക്കുന്നില്ല. തെളിഞ്ഞ വെട്ടത്തിൽ ഒറ്റയ്ക്ക്
നിൽക്കുക എന്നതാണ് ഈ കവിതകളുടെ ധർമ്മം

അത് ഭാഷയുടെ, ജീവിതത്തിൻറെ തലയുടെ, കാഴ്ച്ചയുടെ, തോന്നലുകളുടെ, ചിന്തയുടെ, കടലിൻറെ, തൊടലിൻറെ, ആയിരിക്കലിൻറെ വിശാല സ്ഥലങ്ങളാണ്.
അവിടെനിന്നാണ് കവി ചുറ്റും നോക്കുന്നത്. കവിത ഒരുക്കുന്നത്.
അപ്പോൾ എഴുതുകയാണ്

“രൂപം തന്നെ
എൻറെ ഉള്ളടക്കം
പക്ഷേ രണ്ടായി
കീറുമ്പോൾ
എപ്പോഴും
ഒരു ശൂന്യത ഉദ്ഘാടനം ചെയ്യപ്പെടുന്നു
ഞാനാണ് പോകാതെ ലോകത്തെ പിടിച്ചു നിർത്തുന്നത്

(പെൺ സൂചി )

കവിതയെ ഒരു യുദ്ധത്തിലും നശിപ്പിക്കാൻ കഴിയാത്ത സമവാക്യമായി,
ഉത്തരാധുനികതക്ക് പ്രശ്നവൽക്കരിക്കാൻ കഴിയാത്ത പാരമ്പര്യമായി,
പ്ലാസ്റ്റിക്കിനെക്കാളും അനശ്വരമായ സ്മാരകമായി, ഇംഗ്ലീഷിനു പോലും
കീഴ്‌പ്പെടുത്താൻ ആവാത്ത ഭാഷയായി
ഗോപികൃഷ്ണൻ
മാറ്റുന്നത് നേരിൽ കാണാം നമുക്ക്

(എ പ്ലസ് ബി സ്ക്വയർ )

ഇതിൽ മനുഷ്യനുണ്ട്. ഒറ്റ നിൽപ്പിൽ കവി കാണുന്ന ലോകങ്ങളുടെ
വൈവിധ്യങ്ങൾ ഉണ്ട്.

‘’ജാതിയിൽ ആയിരുന്നു വാസം
ജാഥകൾ ആയിരുന്നു നൃത്തം

മുടി ചീകിയും
മീശ മുറിച്ചുo ഞങ്ങൾ
അതിവേഗം കീഴ്‌പ്പെട്ടു

(പോള ടാക്കീസ്. sn പുരം)

എന്ന് ഓർമിച്ചുo

“വയൽ അല്ലായിരുന്നു
അധ്വാനിക്കാൻ

തൊഴിൽ ഇല്ലായിരുന്നു
കൂലി കിട്ടാൻ

അമ്യൂസ്മെൻറ് പാർക്ക് അല്ലായിരുന്നു
നടന്നു കാണാൻ

വിയർത്തു
ഒന്നും കൊയ്തില്ല
ജയിച്ചു
അധികാരം നേടിയില്ല
തോറ്റു
പാതാളത്തേക്കാളും
താണില്ല ” പരിതപിച്ചുo

(ഹൈസ്കൂൾ മൈതാനം പനങ്ങാട് )

ചെറുനാക്ക്കൾക്ക് യാതൊരു കുഴപ്പവുമില്ലാതെ ഇരുന്നിട്ടും ഉണർച്ചയിൽ
സംസാരിക്കാൻ ആവാതെ,വൃത്തത്തിലും നീളത്തിലും സഞ്ചരിക്കാതെ
തപിച്ചു തപിച്ചു താപത്തിൻറെ കഥയും കവിതയും ആകാൻ കാത്തിരിക്കുന്ന
ഭാഷയുടെ മൂർച്ചയുള്ള അടരുകളാണ് ഗോപികൃഷ്ണനിൽ കവിതയാകുന്നത്.

നല്ലതൊന്നും പറയാനില്ലെങ്കിലും ചെറുനാക്കുകൾ ആണ് നമുക്ക് ആകാശം
തന്നത് എന്ന കവി തിരിച്ചറിയുന്നുണ്ട്. സ്വന്തം ജനതയെ കൊന്നു തിന്നു
വയറു വീർപ്പിക്കുമ്പോൾ ചെറുനാക്കുകൾക്ക് അറിയാത്ത വസ്തുതകളെ
കവിതയിലേക്ക് ചേർത്തുവയ്ക്കുന്നു കവി. അത് മനുഷ്യനെന്ന പൊതു
പ്രശ്നത്തെ നവീകരിക്കുന്നു. പുരുഷനെന്ന അഹംബോധത്തെ കൂട്ടിക്കിഴിച്ച്
എടുക്കുന്നു.കവി എന്ന ആത്മബോധത്തെ കനലിലിട്ട് ഒരുക്കി ഉറവയാക്കുന്നു.
ഈ മൂന്ന് അവസ്ഥകളെയും
സന്തുലനം ചെയ്യിക്കുന്ന ധ്യാനാത്മകമായ ഒരു നിശബ്ദതയുണ്ട്
ഗോപികൃഷ്ണനിൽ.

“”Nothing exists from whose nature, some effects does not follow. ”
എന്ന് സ്പിനോസ സംശയിച്ചത് പോലെയോ

I am not sure.
I exist actually.
I am all the writers that
I have read,
all the people that
I have met.
All the women that
I have loved,
or the cities I have visited.
എന്ന് ബോർഹസ് ഓർത്തെടുക്കും പോലെയോ

പരഹിതമറിഞ്ഞുകൂടാ;യായും
സ്ഥിരതയുമില്ലതി നിന്ദ്യമി നരത്വം

എന്ന് മനുഷ്യാവസ്ഥയെ പറ്റി ദുരവസ്ഥയിൽ കുമാരനാശാൻ
ആകുലപ്പെടുന്നത്
പോലെയോ അല്ല മനുഷ്യാവസ്ഥയെ കുറിച്ചുള്ള ആകുലതകൾ
ഗോപികൃഷ്ണനിൽ.

ഒരു കവിത പ്രസിദ്ധീകരിച്ചതിനുശേഷം അതിനെ  ഭാഷയ്ക്കും
സംസ്കാരത്തിനും
കൊടുത്ത്, അടുത്ത കവിതയിലേക്ക് പോവുകയാണ് തൻറെ രീതിയെന്ന്
ഗോപീകൃഷ്ണൻ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

തൊണ്ണൂറുകൾ മുതൽ കാണുന്ന കവിതയുടെ സൂക്ഷ്മമായ മുഖങ്ങളിൽ
ഒരാൾ എന്ന നിലയിൽ ഗോപീകൃഷ്ണന്റെ കവിതയിലെ വരികൾ
ഒറ്റവാക്കിൽ നിർവചിക്കുക എളുപ്പമല്ല.

നാടു വിറ്റവന്റെ കണ്ണിൽ
ഭൂമി മാത്രമല്ല
ഉരുണ്ടത് ഓർമ്മയും.

എന്ന് തീർത്തും
വിരുദ്ധ ഭാവനകളിലേക്ക് ഭാഷയെ കൊളുത്തി വിട്ടും

പൂജ്യം മുതലാണ് എണ്ണാൻ തുടങ്ങിയത് എങ്കിൽ ജീവിതമെന്ന നുണ
തകർന്നടിയിൽ പെട്ടോ,
പൊട്ടി പൊളിഞ്ഞോ  നാം എന്നേ കാലിയായേനെ എന്ന് ആക്ഷേപപ്പെട്ടും
(പൂജ്യം )

അവസാനത്തെ പെൺ കുരങ്ങിനെ നോട്ടം വെറും നോട്ടം അല്ല
എന്നും, അതിൻറെ ഓരോ കാലടിയിലും ഓരോ ലോകം അവസാനിച്ചു
കൊണ്ടിരിക്കുന്നു എന്നും ധ്യാനപെട്ടും

(ഒറ്റക്കുരങ്ങ് )

ഭാഷയുടെ സാധ്യതകളെ പലതിലേക്ക് പടർത്തുന്ന കവി.
Zajonc ന്റെ
Social facilitation
സിദ്ധാന്തമനുസരിച്ച് ഒരു വ്യക്തിയുടെ അവസ്ഥ രണ്ടുതരത്തിലാണ്
ചുറ്റുപാടുകളും ബാധിക്കുന്നത്. ഒന്ന് അത് ചുറ്റുപാടുകളെ കൂടുതൽ
സങ്കീർണമാക്കും അല്ലെങ്കിൽ ചിതറിച്ചുകളയുന്നു.

രണ്ടായാലും ചുറ്റുപാടുകളെ വ്യക്തിയുടെ വ്യവഹാരങ്ങൾ
ഏതെങ്കിലും തരത്തിൽ സ്വാധീനിക്കുന്നുണ്ട്.

‘അലക്ക് ‘എന്ന കവിതയിൽ

കൊലചെയ്യപ്പെടുന്നത് നോക്കി നോക്കി

എന്ന് എഴുതി അവസാനിപ്പിക്കുന്നു കവി

“ഓരോ
തടവറയിൽ നിന്നും
ഓരോ വിരലടയാളം
പതിച്ചു കിട്ടി
മരിച്ചവരിൽ നിന്ന് മാത്രം
ആ അടയാളം
തിരിച്ചുവാങ്ങി ”

(വിരലടയാളം)
എന്ന കവിത മേൽപ്പറഞ്ഞ ചിതലിനെ
ആവിഷ്കരിക്കുന്നു. ഏറെ സംയമനത്തോടെ!

ആത്മ വിമർശനത്തിന്റെ സൂക്ഷ്മ സാധ്യതകളിലേക്കാണ്
മനുഷ്യനെ കുറിച്ചുള്ള കവിതകൾ ഗോപീകൃഷ്ണനിൽ സംഭവിക്കുന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...