കോട്ടയുടെ കഥ പറഞ്ഞ് നിരക്ഷരൻ

1
177

The Reader’s View

അന്‍വര്‍ ഹുസൈന്‍

മനോജ് രവീന്ദ്രൻ നിരക്ഷരൻ ബ്ലോഗിലൂടെയും നവമാധ്യമങ്ങളിലൂടെയും തൻ്റെ അഭിപ്രായങ്ങൾ പങ്കുവക്കുന്ന എഴുത്തുകാരനാണ്. മലയാളത്തിലെ ആദ്യത്തെ ഓഗ്മെൻ്റഡ് റിയാലിറ്റി പുസ്തകം മുസ്രിസിലൂടെ നിരക്ഷരനിലൂടെയാണ് പിറവിയെടുത്തത്. മെൻ്റർ മീഡിയ അദ്ദേഹത്തിൻ്റെ രണ്ടാമത്തെ പുസ്തകം കഥ പറയുന്ന കോട്ടകൾ മൾട്ടി മീഡിയ പുസ്തകമായി പുറത്തിറക്കി. Great Indian Expedition എന്ന തൻ്റെ തന്നെ യുട്യൂബ് ചാനലുമായി ചേർത്ത് QR കോഡ് വഴി പുസ്തകത്തിൽ പറയുന്ന സ്ഥലങ്ങളുമായി ബന്ധപ്പെടുന്ന വീഡിയോയും മറ്റും ദൃശ്യമാക്കുന്നു.

യാത്രാ വിവരണം പുതിയ മാനങ്ങൾ തേടുകയാണിവിടെ. കൊച്ചി മുതൽ ഗോവ വരെയുള്ള പതിനൊന്നോളം കോട്ടകളും ഗോവ വരെയുള്ള സ്ഥലങ്ങളിലെ മറ്റു ഇടങ്ങളും ഇതിലൂടെ നമ്മിലേക്കെത്തുന്നു. പ്രശസ്ത എഴുത്തുകാരി കെ ഏ ബിനയുടെ അവതാരികയിൽ പുസ്തകത്തിലേക്ക് വാതിൽ തുറക്കുന്നു. നിരക്ഷരനും ഇണ മുഴങ്ങോടിക്കാരിക്കും നേഹക്കുമൊപ്പം നമ്മളും ഇവിടെയെല്ലാം സഞ്ചരിക്കുന്നു. ദൃശ്യഭംഗിയിൽ അഭിരമിക്കുന്നു.

മാളിയേക്കൽ വീട്ടിലെ മറിയുമ്മയും ആയിഷത്താത്തയും നമ്മുടെ ബന്ധുക്കളായി മാറുന്നു. ആയിഷാ താത്ത പാടുന്നു –
”നേരം വെളുത്തപ്പം
ഞാനെൻ്റെ റേഡിയോ
മെല്ലെത്തുറന്നാണേ
അന്നേരത്ത് നെഞ്ചിൽ
കുളിരിൽ രാഗത്തിൽ ഓതുന്ന
ഓത്തു ഞാൻ കേട്ടാണേ”

ഓരോ കോട്ടകളിലും ഇടങ്ങളിലും കാണുന്ന മനുഷ്യരും അവിടത്തെ ചരിത്രവും നമ്മോട് പറഞ്ഞു പറഞ്ഞ് നിരക്ഷരൻ മുന്നേറുന്നു. പുസ്തകത്തിൻ്റെ വായനശേഷം കൊതിയോടെ നമ്മളും ഇത്തരം ഒരു യാത്രക്കൊരുങ്ങുന്നു.

വായന കൊണ്ടും യാത്ര കൊണ്ടും മനസ് വിശാലമാവേണ്ടതുണ്ട്. സങ്കുചിത ചിന്തകളിൽ നിന്ന് മോചനം കിട്ടേണ്ടതുണ്ട്. എങ്കിൽ മാത്രമാണ് അവയുടെ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നത്. യാത്രയും വായനയാണ്. പ്രകൃതിയുടെ വായന.

മെൻ്റർ മീഡിയ ചേതോഹരമായി പുസ്തകം ഒരുക്കിയിരിക്കുന്നു. കമനീയമായ മേനിക്കടലാസിലെ അച്ചടിയും വർണ്ണചിത്രങ്ങളും പുസ്തകത്തെ ആകർഷകമാക്കിയിരിക്കുന്നു. 240 പേജുള്ള പുസ്തകം 350 രൂപക്ക് ലഭ്യമാക്കിയിരിക്കുന്നു.

കാറിൽ ഘടിപ്പിച്ച നാവിഗേറ്ററിൻ്റെ സഹായത്തോടെയാണ് സഞ്ചാരം. യാത്രാ ചിട്ടകളൊക്കെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. 2009 ഡിസംബർ 22 നായിരുന്നു യാത്രയുടെ ആരംഭം.

കൊച്ചിയിലെ ഇമ്മാനുവൽ കോട്ടയും പള്ളിപ്പുറം കോട്ടയും കടന്ന് നമ്മൾ കോട്ടപ്പുറം കോട്ടയിലെത്തുന്നു. കോട്ടകൾക്കെല്ലാം ചരിത്രമുണ്ട്. നിരക്ഷരൻ അവ നിരത്തുന്നത് ഒരു നറേഷൻ ആവാതിരിക്കാൻ ശ്രദ്ധിക്കുന്നു. യാത്രയുടെ റിഥം അൽപ്പവും ചോർന്ന് പോവുന്നില്ല!

കോഴിക്കോട്ടെ മിഠായിത്തെരുവും കോഴിക്കോട്, കാപ്പാട് ബീച്ചുകളും എന്നിൽ സ്നേഹനിർഭരമായ ഓർമ്മയുണർത്തി. കോഴിക്കോട് സൗഹൃദങ്ങളുടെ നാടാണ്.

കണ്ണൂരെത്തി മാളിയേക്കൽ തറവാടിലെത്തുമ്പോൾ ഒരു കാലഘട്ടത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. മറിയുമ്മ എന്ന ആദരീയ വനിത നിരക്ഷരനെ അനുഗ്രഹിച്ചു “God bless you my son ”

തുടർന്ന് തലശ്ശേരി കോട്ടയും കണ്ണൂർ കോട്ടയും നമ്മൾ കീഴടക്കുന്നു. അറക്കൽ മ്യൂസിയവും പള്ളിയും കടന്ന് പറശ്ശിനിക്കടവ് മുത്തപ്പനിലെത്തുന്നു. തെയ്യം ഒന്ന് കണ്ട് മനം കുളിർത്ത് മടങ്ങുന്നു.

ബേക്കലും ചന്ദ്രഗിരി കോട്ടയും നൽകുന്ന ദൃശ്യചാരുതയിൽ മനം നിറച്ച് അനന്തപുര തടാക ക്ഷേത്രത്തിലും ആയിരം തൂണുള്ള ജൈനക്ഷേത്രത്തിലും എത്തിച്ചേരുന്നു. കൊല്ലൂർ മൂകാംബികയിലെത്തി ദാസേട്ടൻ്റെ ശ്രുതി മധുര ഗാനം കേൾക്കുന്നു. കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരിയെ ദർശിക്കുന്നു. മിർജാൻ കോട്ടയുടെ മനോഹാരിതയിൽ മനം കുളിർക്കുന്നു.

ഗോകർണവും കാർവാറും കടന്ന് കബോഡേ രാമകോട്ടയിലെത്തുന്നു. പനജി വഴി ഗോവയിലെ മനോഹാരിതയിലേക്ക് വേഗമെത്തുന്നു. ഗോവയിലെ പള്ളികളും ഡോണോ പ്പോളയും സന്ദർശിക്കുന്നു. മാലിക് ദിനാർ പള്ളിയുടെ ചരിത്രങ്ങളിലേക്ക് ഊളിയിട്ട് വായന പൂർത്തിയാക്കുന്നു.

ശരിക്കും യാത്ര ചെയ്ത ഒരു ” വൈക്കേറിയസ് സാറ്റിസ്ഫാക്ഷൻ ” നിരക്ഷരൻ ഒരുക്കിയിട്ടുണ്ട്. ഈ പുസ്തകത്തിൻ്റെ വായനയുടെ ആഹ്ളാദം നിരക്ഷരൻ വീണ്ടും യാത്ര തുടർന്ന് ഇനിയും ഏറെയെഴുതണം എന്ന് പറയാൻ വെമ്പുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here