(വായന)
പ്രവീണ പി.ആര്‍.
‘ശത്രുവിനോട് ദയ കാട്ടരുത്. ദയയില്‍ നിന്നും കൂടുതല്‍ കരുത്ത് നേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാകും. മൃഗത്തെ വിട്ടു കളയാം മനുഷ്യന് രണ്ടാമത് ഒരു അവസരം കൊടുക്കരുത്’
സ്വന്തം ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ കൊടുക്കുന്തോറും നമ്മളെ ആക്രമിക്കാന്‍ നമ്മളാല്‍ നിന്ന് കൊടുക്കുന്ന പോലെ ആകുമത്. ഭീമാകാരനായ ഭീമന്റെ വഴികളില്‍ പലപ്പോഴും നന്ദികേടും വഞ്ചനയും ചതിയും മാത്രമായിരുന്നു മുതല്‍ക്കൂട്ട് ആയിരുന്നത്. വായനാന്ത്യത്തില്‍ പോലും വേട്ടയാടുന്ന ആ കഥാപാത്രത്തെ ഓര്‍ത്ത് ഉമിനീരില്‍ കയ്പ് കലരുന്നത് എനിക്ക് പലപ്പോഴും അറിയാന്‍ സാധിച്ചിരുന്നു. ഒരുപക്ഷേ എം.ടി ഏറ്റവും ഒടുവിലത്തെക്കായി വായിക്കാന്‍ ഞാന്‍ കരുതിവച്ച കഥാപാത്രം ആയിരുന്നു ‘ഭീമന്‍ ‘. ഒരിക്കല്‍പോലും ആ തീരുമാനത്തെ തെറ്റായി കാണേണ്ട അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല. പാണ്ഡവകുമാരനും മഹാബലവാനുമായ ഭീമന്റെ ദീര്‍ഘവീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന നോവല്‍ വെളിവാക്കുന്നത് കുരുവംശത്തിന്റെ ആകമാനം വേരുപടലങ്ങളാണ്. സ്വാര്‍ത്ഥത ജീവരക്തമാക്കിയ ‘പാഞ്ചാലി’, ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും മൂര്‍ത്തിരൂപമായ ‘ഹിടുബി’, അധികാരത്തിന്റെ രൂപമായ ‘ബലന്ദര’ അത്തരത്തില്‍ ഓരോ കഥാപാത്രങ്ങളുടെയും കാഠിന്യം ഏറിയ മനസ്സിലൂടെ സഞ്ചരിച്ച് എം.ടി എത്തിച്ചേര്‍ന്നത് ഭീമനിലാണ്. എത്ര മഹാബലവാനായിരുന്നാലും യുധിഷ്ഠിരന്റെ മന്ദനും വൃകോദരനും മാത്രം ആയിത്തീര്‍ന്ന ധര്‍മ്മ രാജാവ് ആകാന്‍ അവകാശമില്ലാത്ത എന്നും രണ്ടാം സ്ഥാനത്ത് നിലകൊള്ളേണ്ടി വന്ന പാണ്ഡവകുമാരനായ ഭീമന്‍. രണ്ടാമനായി പിറന്നത് കൊണ്ട് മാത്രം തനിക്ക് നഷ്ടപ്പെട്ട നാവും നിലപാടും ഏറ്റുപറയുകയാണ് ഭീമന്‍ രണ്ടാമൂഴത്തിലൂടെ. ദുഷ്ടനെങ്കിലും സഹോദരന്റെ വധത്തെ പ്രതി ഇനി ആരുമില്ലെന്ന് മനംനൊന്ത് കരഞ്ഞ് ഹിഡുംബിയെ നിനക്ക് ഞാനുണ്ടെന്ന് പറഞ്ഞ് ചേര്‍ത്തണച്ചവന്‍ ആണ് ഭീമസേനന്‍.
അനിയന്‍ ധനുര്‍ബലം കൊണ്ട് നേടിയെടുത്ത വധുവിനെ പങ്കിട്ടെടുക്കാന്‍ മാതൃശാസനം എന്ന ന്യായത്തില്‍ യുധിഷ്ഠിരന്‍ വാദിച്ചു കേറിയപ്പോഴും തന്റെ ബീജവും വഹിച്ച കാട്ടില്‍ കാത്തിരിക്കുന്ന ഹിഡുംബിയേ മറക്കാന്‍ യുധിഷ്ഠിരന്റെ വൃഗോദരന്‍ തയ്യാറായിരുന്നില്ല. പിന്നീട് എപ്പോഴോ വിയര്‍പ്പിന് താമരപ്പൂവിന്റെ സുഗന്ധമുള്ള മാലിനിയെ പ്രണയിച്ച് പോവുകയാണാ വായു പുത്രന്‍. അവള്‍ക്കായി.. തന്റെ രണ്ടാമൂഴത്തിനായി ബകനെയും ജരാസന്ദനെയും കൊന്നുതള്ളിയതിന്റെ വര്‍ണ്ണനകളിലൂടെ തന്നിലേക്ക് ദ്രൗപതിയില്‍ പ്രണയപാരവശ്യം ഉടലെടുപ്പിക്കാനാവും വിധം അയാള്‍ ശ്രമിക്കുന്നുണ്ട്. തെളിഞ്ഞ കാട്ടുതേനിന്റെ നിറമുള്ള ബലന്തര യിലേക്ക് ഒഴുകി പരക്കുമ്പോഴും ദ്രൗപതിയോളം അയാളെ കീഴടക്കിയ ഒരു സ്ത്രീയും അയാളില്‍ ഉണ്ടായിരുന്നില്ല. തിരസ്‌കരണത്തിന്റെ കയ്പ്പുറവകള്‍ മാത്രമായിരുന്നു ആ വലിയ ശരീരം ഇത്ര കാലവും വഹിച്ചിരുന്നത്.സന്താന പൂ നുള്ളുന്നതിനെക്കാള്‍ ലാഘവത്തില്‍ ദ്രൗപതിയെ ആലിംഗനം ചെയ്യുന്ന ഭീമന്‍ ഓരോ പുരുഷനും മാതൃകയാണ്. പാഞ്ചാലിയാല്‍ ഉപേക്ഷിക്കപ്പെട്ട സൗഗന്ധിക പൂക്കളോളം വേദനിപ്പിക്കപ്പെട്ട മറ്റൊരു പ്രണയോപഹാരവും ഞാന്‍ ഇതേവരെ കണ്ടിട്ടില്ല. കീചകന്റെ തല തല്ലിപ്പൊളിച്ച, ദുര്യോധനന്റെ തുട തല്ലി തകര്‍ത്ത ഭീമനും പലതവണകളായി പെറ്റമ്മയാലും കൂടെപ്പിറന്നവരാലും ദ്രൗപതിയാലും തഴയപ്പെട്ട ഭീമനും എന്റെ ഉള്ളില്‍ വിങ്ങലായി നിലകൊള്ളുന്നു. ഭീമന്‍ എന്നത് അനാഥമായ തിരസ്‌കരിക്കപ്പെട്ട ഒരു അധ്യായമാണ്. ഭീമന്റെ വ്യഥകള്‍ എംഡി അടയാളപ്പെടുത്തിയത് ഇപ്രകാരമായിരുന്നു ‘ഒരു വിനാഴിക ഒരു വിനാഴിക മാത്രം മനസ്സില്‍ ഹസ്തിനപുരം ഭരിച്ച സ്ഥാനത്യാഗം ചെയ്ത രാജാവ് പിന്നെ ഇരുട്ടിലും ചിരിച്ചു. മഹാബലര്‍ കരയാന്‍ പാടില്ലല്ലോ…!’
കേവലം ഒരു കഥാപാത്രം എന്നതിലുപരി എന്റെ ഉള്ളില്‍ ഒരു മുറിവായി ഭീമന്‍ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.