തട്ടകം; പുരാവൃത്തങ്ങളുടെ മഹാഗോപുരം

0
143

The Reader’s View

അന്‍വര്‍ ഹുസൈന്‍

മലയാള സാഹിത്യത്തില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ കോവിലന്റെ ജന്മശതാബ്ദി 2023 ജൂലൈ 9 നാണ്. എഴുത്തച്ഛന്‍ പുരസ്‌കാരവും വയലാര്‍ അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ കോവിലന്‍ നേടിയിട്ടുണ്ട്. തട്ടകം, ഏഴാമിടങ്ങള്‍, താഴ്‌വരകള്‍, തോറ്റങ്ങള്‍, ഹിമാലയം തുടങ്ങിയ നോവലുകളും പട്ടാളക്കഥകള്‍ ഉള്‍പ്പെടെ നിരവധി ചെറുകഥകളും കോവിലന്‍ ഭാഷക്കു സംഭാവന ചെയ്തിട്ടുണ്ട്.

അനുഭവങ്ങളുടെ സാന്ദ്ര വിപിനം, പുരാവൃത്തങ്ങളുടെ മഹാ ഗോപുരം എന്നാണ് തട്ടകത്തെ സച്ചിദാനന്ദന്‍ വിശേഷിപ്പിച്ചത്. ഭാഷ അതിമനോഹരമായി, സംഗീത സാന്ദ്രമായി ഈ നോവലില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

മൂപ്പിലിശ്ശേരിയുടെ കഥാകഥനമാണ് തട്ടകം. കാലം മറിയുമ്പോള്‍ ജീവനുള്ള കഥാപാത്രങ്ങളിലൂടെ, ചൂടും ചൂരുമുള്ള ഇതിവൃത്തത്തിലൂടെ തട്ടകം വികസിക്കുന്നു.

ഉണ്ണീരി മൂപ്പന്‍ ചന്തക്കു പോയ കഥയില്‍ തുടങ്ങി, തെറ്റു തിരുത്താന്‍ ശ്രമിക്കുന്ന അപ്പുക്കുട്ടനില്‍ അവസാനിക്കുന്ന കഥയ്ക്കിടയില്‍ അത്രയേറെ കഥാപാത്രങ്ങള്‍ കടന്നു വരുന്നുണ്ട്. പാത്രസൃഷ്ടിയുടെ ജീവസ്സുറ്റ രൂപങ്ങളിലൂടെ വായനക്കാരന്‍ സഞ്ചരിക്കുന്നു.

കണ്ണഞ്ചിറ ഗുരുനാഥനും പാണന്‍ ശങ്കുവും താച്ചക്കുട്ടിച്ചേകവരും പരദേശി സാമിയാരും ഉണിക്കോരനും ബ്രഹ്‌മക്കുളം വാറുണ്ണിയും അവോക്കറുമെല്ലാം തട്ടകത്തിന്റെ ഭൂമികയില്‍ നൃത്തമാടുന്നു.

ദൈവങ്ങളും മനുഷ്യരും കാലത്തിന്റെ ദശാസന്ധികളില്‍ താളം ചവിട്ടുന്നതാണല്ലോ ജീവിതം. സ്ഥലത്തിന്റെയും കാലത്തിന്റെയും ഗ്രാഫിക്‌സില്‍ അതീവ ചാരുതയോടെ കോവിലന്‍ കഥനം നടത്തുന്നു.

അനായാസമായി വായിച്ചു പോവാവുന്ന ശൈലിയില്‍ എഴുതപ്പെട്ട ഒരു നോവലല്ല ഇത്. സി വി യുടെ ചരിത്രാഖ്യായിക പോലെ ഇവിടെ ചരിത്രം ഇഴ കോര്‍ക്കുന്നില്ല. പൊറ്റക്കാടിന്റെ അതിരാണിപ്പാടം പോലെയല്ല ഇവിടെ കോവിലന്‍ ഭൂമികാ വിസ്താരം നടത്തുന്നത്. മുകുന്ദന്റെ മയ്യഴിപ്പുഴയിലെ ദാസനെപ്പോലെ ഒരു കേന്ദ്ര കഥാപാത്രത്തെ കാണാനുമാവില്ല.

മൂപ്പിലിശ്ശേരിയുടെ തെരുവുകളെ ഈ കഥാപാത്രങ്ങള്‍ക്കൊപ്പം വ്യാസനും വാല്‍മീകിയും കാളിദാസനും ജിയും ആശാനുമെല്ലാം സജീവമാക്കുന്നു. ഭഗവാനും ഭഗവതിയുമൊക്കെ മനുഷ്യസമാനരായി വ്യവഹരിക്കുന്നു.

കോവിലന്റെ പട്ടാളക്കഥകളില്‍ നിന്നും വ്യത്യസ്തമായി പുരാവൃത്തവും സമകാലികവുമെല്ലാം കാലാദിവര്‍ത്തിയായി ഇഴ കോര്‍ക്കുന്ന ഈ നോവല്‍ എത്ര കാലം കഴിഞ്ഞാലും ചര്‍ച്ച ചെയ്യപ്പെടാം. കാരണം ഭാഷയുടെ സുന്ദരമായ ആവിഷ്‌കാരത്തിന്റെ കരുത്തില്‍ ജീവിതം നിരത്തപ്പെടുന്നു.

കോവിലന്‍ ഈ നോവല്‍ എഴുതിത്തുടങ്ങിയപ്പോള്‍ നട്ടെല്ല് തകരാറിലായി. ക്ലേശം സഹിച്ചെഴുതിയ ഈ നോവല്‍ കോവിലന്റെ തന്നെ മാസ്റ്റര്‍ പീസായി. രോഗങ്ങള്‍ക്ക് പ്രതിഭയെ കീഴ്‌പെടുത്താനാവില്ല എന്നും ഈ പുസ്തകം തെളിയിക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here