കാറ്റിന്റെ മരണം

0
121

(ക്രൈം നോവല്‍)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അദ്ധ്യായം 6

കഡാവര്‍ പറഞ്ഞത്

പുതിയ കോഴ്‌സിനു അഡ്മിഷന്‍ കിട്ടിയതിന്റെ അഭിമാനവും തെല്ലൊരു അഹന്തയുമായി ക്ലോറിന്റെ മണം തളം കെട്ടി നില്‍ക്കുന്ന അനാറ്റമി ഡിസ്സെക്ഷന്‍ ലാബിന്റെ പടികള്‍ ചവിട്ടിയത് ഇന്നലെയെന്നത് പോലെ സമീറ ഓര്‍ക്കുന്നു. അന്നാണ് ജീവിതത്തെ മാറ്റിമറിച്ച ആ സംഭവമുണ്ടായതെന്നും.

ഡോക്ടര്‍ കുടുംബത്തില്‍ നിന്ന് വന്ന ചിലര്‍ അനാറ്റമി ഡിസ്സെക്ഷന്റെ ബാലപാഠങ്ങളും വിശദാംശങ്ങളും അടങ്ങിയിട്ടുള്ള ചൌരസ്യ എന്ന പുസ്തകവും പിടിച്ചാണ് ലാബിലേക്ക് കയറിയത്. പൂര്‍വ്വികരുടെ അനുഭവങ്ങള്‍ തലേ ദിവസം ഹോസ്റ്റല്‍ റൂമുകളില്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന സഹാപാഠികള്‍ക്ക് മുന്നില്‍ അവര്‍ പൊടിപ്പും തൊങ്ങലും വെച്ചു അവതരിപ്പിച്ചിരുന്നു. മറ്റുചിലര്‍ ഇതൊന്നുമൊരു കാര്യമല്ല എന്ന ഭാവത്തിലായിരുന്നു. മൂന്നാമതൊരു കൂട്ടം ഉള്ളിലുള്ള ഭയം പുറത്തു ചാടുമോ എന്ന പേടിയിലും.

എന്തായാലും സമീറയ്ക്ക് ആ വക വികാരങ്ങളൊന്നും തോന്നിയില്ല. മരിച്ചവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ അതിനേക്കാള്‍ പേടിക്കേണ്ടത് ജീവിച്ചിരിക്കുന്നവരെയല്ലേ എന്നതായിരുന്നു അവളുടെ നിലപാട്. അന്ന് രാവിലെ അവര്‍ ആദ്യമായി അനാറ്റമി ലാബിലേക്ക് പോകാനിറങ്ങിയപ്പോള്‍ മഴയും വീശിയടിക്കുന്ന കാറ്റിന്റെ ചൂളമടിയും ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കയ്യിലൊതുക്കിപ്പിടിച്ച കുടയും പാതി നനഞ്ഞ വസ്ത്രങ്ങളുമായി അവര്‍ ലാബില്‍ പ്രവേശിച്ചു.

അപകടം എന്ന സൂചന നല്കാന്‍ ഉപയോഗിക്കുന്ന തലയോട്ടിയുടെ ചിഹ്നവുമായി ചിലര്‍ ലാബിന്റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന സ്‌കെലിറ്റനെ വിശേഷിപ്പിച്ചു. അത് കേട്ടു ചിരിച്ച പലരും ആ സ്‌കെലിറ്റനെ ഒന്ന് രണ്ട് തവണ തിരിഞ്ഞു നോക്കി.

തണുത്തുറഞ്ഞ കൈകളും മനസ്സുമായി അവര്‍ ഡിസ്സെക്ഷന്‍ മേശയ്ക്കരികിലെത്തി. കറുത്ത് വിറകു പോലെ മുന്നില്‍ കിടക്കുന്ന ശരീരം കണ്ടു അവരുടെ മനസ്സിലൂടെ ഭയം ഒരു പഴുതാര കണക്കെ അരിച്ച് കയറി. ലക്ചററുടെ ഡിസ്സെക്ഷന്‍ ഡെമോസ്‌ട്രേഷന്‍ കണ്ട രണ്ട് കുട്ടികള്‍ തല കറങ്ങി വീണു. എന്തിനാണിങ്ങനെ അമിതമായി ചിന്തിച്ചു കൂട്ടുന്നത് എന്നാണ് സമീറ അപ്പോള്‍ മനസ്സില്‍ വിചാരിച്ചതെങ്കിലും യാന്ത്രികമായി അവളുടെ കൈ കഴുത്തിലെ കുരിശ് മാലയില്‍ തൊട്ടു. ആ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിക്കഴിഞ്ഞു ലക്ചറര്‍ മേശയ്ക്കരികില്‍ തിരിച്ചെത്തിയപ്പോള്‍ ഇനി മറ്റൊരു ദിവസമാകാം എന്ന ഭാവമായിരുന്നു പലരുടെ മുഖത്തും. വരും ദിവസങ്ങളില്‍ ഓരോ പാഠഭാഗവും ഓരോ ഗ്രൂപ്പുകളായി നിന്നു കീറിമുറിച്ചെടുത്ത് പഠിക്കേണ്ടതായുണ്ടായിരുന്നു. പതിയെ, അവരുടെ ഭയമകന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരക്കിട്ട് കീറിമുറിക്കുന്നതിനിടയില്‍ ഇത് പണ്ടെങ്ങോ ഈ ഭൂമിയില്‍ തങ്ങളെപ്പോലെത്തന്നെ തിരക്കിട്ട് ജീവിക്കുകയും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുകയും ഒരു വിഭാഗം ആളുകളെ വെറുത്തു വളരെ ചുരുങ്ങിയ ആളുകളോട് മാത്രം ചിരിക്കുകയും ചെയ്തിരുന്ന ഒരു മനുഷ്യനായിരുന്നുവെന്നത് തന്നെ അവര്‍ മറന്നു തുടങ്ങി.

ചിത്രീകരണം: ഹാബീല്‍ ഹര്‍ഷദ്‌

സീനിയേഴ്‌സിന്റെ ഒരു കൂട്ടം പെരുമാറ്റച്ചട്ടങ്ങളും മറ്റും അനുസരിച്ച് വരിവരിയായി ഹോസ്റ്റലില്‍ നിന്നു കുന്നിന്‍ മുകളിലുള്ള കോളേജിലേക്ക് കയറുമ്പോള്‍ ഇളം കാറ്റ് വീശുമായിരുന്നു. അവയില്‍ പറന്നു വരുന്ന സന്ദേശങ്ങല്‍ സമീറ കൊതിയോടെ കാതോര്‍ക്കുമായിരുന്നു. എത്ര തന്നെ കണ്ടാലും മതിവരാത്ത വാക മരക്കുന്നിലേക്ക് അവളെന്നും വൈകുന്നേരം തിരക്കിട്ട് നടക്കുമായിരുന്നു. അതിനിടയിലാണ് അവളാ എഴുത്തുകാരനെ കണ്ടുമുട്ടിയതും വൈകാതെ പ്രണയം അണഞ്ഞു പോയതും.

അന്ന് പതിവ് പോലെ സമീറ കോട്ടും സ്റ്റെതസ്‌കോപ്പും പുസ്തകങ്ങളുമെടുത്ത് അനാറ്റമി ലാബിലെത്തി. അന്നത്തെ പാഠഭാഗം ഡിസ്സെക്ട് ചെയ്യുകയെന്നത് സമീറയുടെ ചുമതലയായിരുന്നു. ആദ്യം മടിച്ച് നിന്നിരുന്ന വിദ്യാര്‍ഥികള്‍ പോലും പരീക്ഷയുടെ ചൂട് കയറിയപ്പോള്‍ ഡിസ്സെക്ഷന്‍ ചെയ്യാന്‍ മത്സരമായിക്കഴിഞ്ഞിരുന്നു. ക്ലോറിന്റെ അസ്സഹനീയമായ മണം പോലും ആരും വക വെക്കാതെയായിത്തീര്‍ന്നിരുന്നു.

ഗ്ലൌസണിഞ്ഞു ഡിസ്സെക്ട് ചെയ്യാനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്യുന്നതിനിടയിലാണ് സമീറ ഒരു ശബ്ദം കേട്ടത്. സമീറയുടെ ഉള്ളൊന്നു പിടഞ്ഞു. അതൊരു ചെറിയ ശബ്ദമായിരുന്നു. അന്തരീക്ഷത്തിലെ നേര്‍ത്ത ഒരു പ്രകമ്പനം പോലെ ഒന്ന്. അവള്‍ ചുറ്റും നോക്കി. മറ്റാരും ആ ശബ്ദം കേട്ട മട്ടില്ല. ചിലര്‍ ബാഗില്‍ നിന്നു സാധനങ്ങളെടുക്കുന്ന തിരക്കിലാണ്. മറ്റ് ചിലര്‍ തിരക്കിട്ട് ചൌരസ്യ മറിക്കുന്നു . ഒന്ന് രണ്ട് പേര്‍ സമീറ ഡിസ്സെക്ട് ചെയ്യുന്നത് കാണാനായി തയ്യാറായി നില്‍ക്കുന്നു.

മുഖത്തെ പതര്‍ച്ച ഉപേക്ഷിച്ചു സാധാരണത്വമെടുത്തണിഞ്ഞ് സമീറ സ്‌കാല്‍പ്പെല്‍ കയ്യിലെടുത്തു പതിയെ കഡാവര്‍ കീറി മുറിക്കാന്‍ തുടങ്ങി. അതിനിടയിലും അവളാ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.

”സമീറാ, ഞാന്‍ നിനക്കിന്നു ഒരു കഥ പറഞ്ഞു തരാം. പഴയ ഒരു പ്രണയ കഥ. അഫ്രൊഡൈട്ടിന്റെ പുരോഹിതയായിരുന്നു ഹീറോ. ഗ്രീക്കിലെ ഹെല്ലോസ്‌പോണ്ട് ഇടുക്കിലെ ഒരു ക്ഷേത്രത്തിലായിരുന്നു അവള്‍ താമസിച്ചിരുന്നത്. ഹെല്ലോസ്‌പോണ്ടിന്റെ മറ്റൊരു ഭാഗത്ത് താമസിച്ചിരുന്ന അബിഡോസ് എന്ന സ്ഥലത്ത് നിന്നു വന്ന ചെറുപ്പക്കാരനായിരുന്നു ലിയാണ്ടര്‍. ഒരിക്കല്‍, ലിയാണ്ടര്‍ ഹീറോയെ കണ്ടുമുട്ടുകയും അവരോടു തീക്ഷണ പ്രണയം തോന്നുകയും ചെയ്തു. തന്റെ മൃതുഭാഷണം കൊണ്ടും സത്യസന്ധത കൊണ്ടും അതേ തീവ്രതയിലുള്ള പ്രണയം ഹീറോയില്‍ നിന്നു നേടിയെടുക്കുവാന്‍ ലിയാണ്ടറിന് കഴിഞ്ഞു. എല്ലാ രാത്രിയിലും ഹീറോ ഒരു വിളക്ക് കത്തിക്കുകയും അത് ലിയാണ്ടറിന് നദി കടന്നു ഹീറോവിന്റെ അടുത്തെത്തുവാന്‍ വഴി കാണിക്കുകയും ചെയ്തു പോന്നു.

ഒരു രാത്രി, ലിയാണ്ടര്‍ നദി നീന്തിക്കടന്നു കൊണ്ടിരിക്കവേ ശക്തമായ കാറ്റ് വീശുകയും വിളക്കണയുകയും കാറ്റ് സൃഷ്ടിച്ച ഉയര്‍ന്ന തിരമാലയില്‍പ്പെട്ട് ലിയാണ്ടര്‍ മുങ്ങിപ്പോകുകയും ചെയ്തു. ദുഖവും നിരാശയും സഹിക്ക വയ്യാതെ ഹീറോയും നദിയില്‍ മുങ്ങി മരിച്ചു.

തരിച്ചു നില്‍ക്കുന്ന സമീറയെ സഹപാഠികള്‍ കുലുക്കി വിളിച്ചു. ബോധം മറയുന്നതിനിടയിലും സമീറ അടുത്ത വാചകങ്ങള്‍ വ്യക്തമായിക്കേട്ടു.
എഴുത്തുകാരനെ നീ പ്രണയിക്കുന്നില്ലേ? നിന്റെ പേരിന്റെ അര്‍ഥം നിനക്കറിയാമോ? നിന്റെ വല്യച്ഛനെക്കൊന്നവരെ നീ കണ്ടു പിടിക്കണം. നിനക്കേ അത് കണ്ടു പിടിക്കാന്‍ പറ്റൂ.

സമീറയുടെ മനസ്സില്‍ എഴുത്തുകാരന്റെ കുറുകിയ കണ്ണുകളും നീണ്ടു വളഞ്ഞ മൂക്കും തോളറ്റമുള്ള മുടിയും തെളിഞ്ഞു.

കണ്ണു തുറന്നപ്പോള്‍ സമീറ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. ഭയപ്പാടോടെ, അവള്‍ ചുറ്റുപാടും കണ്ണോടിച്ചു. പക്ഷികളുടെ ചിത്രങ്ങളുള്ള കലണ്ടറും ജനലിലൂടെ കാണുന്ന പാറകളും അതിനു താഴെയുള്ള വെള്ളക്കെട്ടും നീര്‍ക്കാക്കകളും സമീറയുടെ മുന്നില്‍ത്തെളിഞ്ഞു. നോക്കി നില്ക്കുന്നതിനിടയില്‍ പാറ കഡാവര്‍ ആയി മാറി. പിന്നെ, അത് ആക്രോശിച്ചു കൊണ്ട് സമീറയുടെ അടുത്തേക്ക് നടന്നടുത്തു. സമീറ എഴുന്നേല്‍ക്കാന്‍ നോക്കി. കാലുകള്‍ ഐസു പോലെ തണുത്തുറഞ്ഞിരുന്നു. വരാന്തയില്‍ നിന്നിരുന്ന ആതിരയെ വിളിക്കാന്‍ ശ്രമിച്ചു. ശബ്ദം പുറത്തു വന്നില്ല. സമീറ ഒന്ന് കൂടി നോക്കി. ഇല്ല, അവിടെ ആരുമില്ല. തനിക്ക് തോന്നിയതാണ്. അപ്പോള്‍ , അനാറ്റമി ലാബില്‍ നടന്നതും ഒരു സ്വപ്നമായിരുന്നോ?

” സമീറ, എന്താണ്? പിന്നേം വട്ട് തുടങ്ങിയാ?”

സമീറ ആതിരയെ നോക്കി. അവള്‍ ബ്രഷ് കോമ്പ് കൊണ്ട് മുടി ചീകുകയായിരുന്നു.

”നീയെന്തൊക്കെയാ കാണിച്ചു കൂട്ടിയേ? കഡാവര്‍ സംസാരിച്ചൂന്നോ? എന്തൊക്കെയാ നീ വിളിച്ചു പറഞ്ഞേ? മനുഷ്യനെ നാണം കെടുത്താന്‍. ഇപ്പോ, എന്നെ എല്ലാവരും കഡാവറിന്റെ റൂം മെയിറ്റ് എന്നാണ് വിളിക്കണത്.”

സമീറയുടെ സിരയിലൂടെ ഒരു തണുപ്പ് ഇരച്ചു കയറി. ആതിരയ്ക്ക് ദംഷ്ട്രകള്‍ വളരുന്നത് പോലെ തോന്നിയപ്പോള്‍ സമീറ കണ്ണുകളിറുക്കിയടച്ചു.

‘എന്താണ് സംഭവിക്കുന്നത്?’ സമീറയ്‌ക്കെവിടെയെങ്കിലും ഓടി രക്ഷപ്പെടാന്‍ തോന്നി.

താന്‍ മോശക്കാരിയായോ? അവരെന്താണ് തന്നെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവുക? ആ ശബ്ദം എന്താണ് പറഞ്ഞത്?

ജനാലപ്പാളിയിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുന്നതിനിടയില്‍ അതിന്റെ തുടര്‍ക്കഥയെന്നോണം സമീറയുടെ മനസ്സില്‍ ഒരു ദൃശ്യം തെളിഞ്ഞു.
നീലോല്‍പലം പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന വാകക്കുന്ന്. രണ്ട് അങ്ങാടിക്കുരുവികളുടെ കാതു തുളയ്ക്കുന്ന ശബ്ദം അകന്നകന്നു പോകുന്നു. ഒരു കാടുമുഴക്കിയുടെ വാലിന്‍ തുമ്പത്തെ തൊങ്ങലും കാഴ്ചയില്‍ നിന്നപ്രത്യക്ഷമായി. അപ്പോള്‍, സമീറ അതു കണ്ടു-കുന്നിന് മുകളില്‍ നിന്നു തൂങ്ങി നില്‍ക്കുന്ന ഒരു മനുഷ്യനെ. അയാള്‍ ”സമീറാ, എന്നെ രക്ഷിക്ക്,” എന്നു അപേക്ഷിച്ചു കൊണ്ടേയിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here