ഇരുള്‍

0
159

(നോവല്‍)

യഹിയാ മുഹമ്മദ്

ഭാഗം-2

ജോസഫിന്റെ പിറവിയോടടുത്തുള്ള വര്‍ഷങ്ങള്‍

ഒരു ദിവസം

‘മാണിച്ചാ… വണ്ടി പള്ളിയിലോട്ടൊന്ന് തിരിച്ചേ…’

‘അച്ചായാ, അത് വേണോ? മറിയമ്മ…’ മാണിച്ചന്‍ സംശയം പ്രകടിപ്പിച്ചു. യാക്കോബ് പിന്നിലേക്ക് മറിയാമ്മയെ തിരിഞ്ഞുനോക്കി. മകള്‍ സിസിലിയും മറിയമ്മയും ദയനീയഭാവത്തോടെ ഒന്നു നോക്കുകയല്ലാതെ മിണ്ടിയില്ല. അതിനര്‍ത്ഥം വേണ്ട എന്നാണെന്ന് യാക്കോബിന് മനസ്സിലായെങ്കിലും അയാള്‍ ആ തീരുമാനത്തില്‍നിന്നും മാറിയില്ല.

‘പള്ളീല് നേര്‍ച്ചയിട്ടിട്ടു പോവാം… അച്ചനെക്കൊണ്ട് ഒന്ന് വെഞ്ചരിപ്പിക്കുകയും ചെയ്യാലോ…’

‘വണ്ടി ദാ… ഇവിടെ ഒതുക്കിയിട്ടോ… ഞാന്‍ വേഗം നേര്‍ച്ചയിട്ടുവരാം…’ യാക്കോബ് ജീപ്പില്‍ നിന്നുമിറങ്ങി, പള്ളിയിലോട്ട് നടന്നു. കുതാക്കുത്തനെയുള്ള റോഡും കടന്ന് പള്ളിയിലേക്കുള്ള പത്തിരുപത്തഞ്ചോളം വരുന്ന പടികളും കയറി പള്ളിയിലേക്ക് പ്രവേശിച്ചു. കവാടത്തിനടുത്തു തന്നെ ഉണ്ടായിരുന്ന ഫ്രാന്‍സിസ് പുണ്യാളന്റെ ഭണ്ഡാരപ്പെട്ടിയില്‍ ഒരു തുകയും നിക്ഷേപിച്ച് അകത്തു കയറി. അച്ചന്‍ വരാന്തയില്‍തന്നെ ഉണ്ടായിരുന്നു.

‘എന്താ യാക്കോബേ… ഒരു പരവേശം?’

‘മറിയാമ്മയ്ക്ക് വേദന തുടങ്ങി. ഹോസ്പിറ്റലിലേക്ക് പോവുകയാണ്. ഇന്ന് നേരം വെളുക്കില്ലെന്നാ തോന്നുന്നേ..’

‘കര്‍ത്താവ് അനുഗ്രഹിക്കട്ടെ… എല്ലാം സുഗമമായി നടക്കും…’

‘അച്ചോ…’

‘എന്താടോ?’

‘ഇതെങ്കിലും ഒരാണ്‍തരി…’

അച്ചന്‍ കണ്ണുകളടച്ച് തന്റെ ലോഹക്കടിയിലെ ലോക്കറ്റില്‍ അമര്‍ത്തിപിടിച്ച്, ‘ഇതും പെണ്ണാണ്.’

‘കര്‍ത്താവേ… അഞ്ചാമതും പെണ്ണോ! ഒരാണ്‍കുട്ടി…’

‘നിന്നോട് ഞാന്‍ പറഞ്ഞത് ചെയ്തോ ഇല്ലല്ലോ’ ഭൂമിയില്‍ ദൈവത്തിനു മാത്രമല്ല ചിലതൊക്കെ അവന്റെ ആജ്ഞാനുവര്‍ത്തികള്‍ക്കും ചെയ്യാന്‍ കഴിയും. ഹാ… അതുപോട്ടെ…പിന്നെ ജനനവും മരണവുമൊക്കെ കര്‍ത്താവിന്റെ ഹിതമനുസരിച്ചല്ലേ നടക്കൂ… നിന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതിരിക്കില്ല. ഞാനും പ്രാര്‍ത്ഥിക്കാമെടോ…’

‘അച്ചോ, ഒരാണ്‍തരിക്ക് വേണ്ടി എത്ര മുട്ടിപ്പായി പ്രാര്‍ത്ഥിക്കാനും ഞാന്‍ ഒരുക്കവാ… എന്തു നേര്‍ച്ചയിടാനും… എനിക്ക് ഒരാണ്‍കുട്ടിയെ വേണം…’

‘യാക്കോബേ, നീ വേഗം ചെല്ല്. മറിയാമ്മയെ ആശുപത്രിയില്‍ എത്തിക്ക്… കോഴിക്കോടുവരെ എത്തണ്ടേ?’

‘അച്ചോ…’

‘പരിഹാരമുണ്ടാക്കാമെടോ… ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. നീ ഈ പ്രസവത്തിരക്കൊക്കെ കഴിഞ്ഞേച്ചും വാ..’ യാക്കോബ് അതൃപ്തനാണെങ്കിലും അച്ചനോട് യാത്ര പറഞ്ഞ് അവിടുന്നിറങ്ങി.

‘യാക്കോബേ…,’ അച്ചന്‍പിന്നില്‍ നിന്നുവിളിച്ചു.

‘അടുത്തത് ഒരു ആണ്‍കുഞ്ഞാവുകയാണെങ്കില്‍ അവനെ വൈദികനാക്കാന്ന് നേര്‍ന്നേക്ക്. ബാക്കിയൊക്കെ കര്‍ത്താവ് നോക്കിക്കോളുന്നേ..’

‘ശരി അച്ചോ…’ അതില്‍ യാക്കോബിന് പ്രതീക്ഷയുടെ കവാടം തുറന്നതുപോലെ തോന്നി.

അന്നുരാത്രി തന്നെ മറിയാമ്മ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അച്ചന്റെ അത്ഭുതസിദ്ധികളെക്കുറിച്ച് കഴുകപ്പാറയില്‍ ചില അടക്കംപറച്ചിലുകളുണ്ട്. അച്ചന്‍ അതൊന്നും ഇഷ്ടപ്പെടാത്ത ആളാണെന്നറിയുന്നതുകൊണ്ടുതന്നെ ആരുമത് പരസ്യമായി സംസാരിക്കാന്‍ ധൈര്യപ്പെടില്ല എന്നതാണ് സത്യം. അയാളെപ്പോലെ ഒരാള്‍ക്ക് ദിവ്യത്വമില്ലേ ആര്‍ക്കാണുണ്ടാവുക. അവിടുത്തുകാര്‍ ഓരോരുത്തരും അച്ചന്റെദിവ്യത്വത്തിന്റെ തണുപ്പ് അനുഭവിച്ചവരാണ് അവര്‍ അയാളെ ദൈവതുല്യനായാണ് കാണുന്നത്.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

പക്ഷേ, ഇതൊന്നും അച്ചന്‍ ശ്രദ്ധിച്ചേയില്ല. ജനങ്ങള്‍ക്കിടയില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചു പോന്നു. പള്ളിയും പള്ളി കാര്യങ്ങള്‍ക്കും പുറമേ ആതുരസേവനങ്ങള്‍, കൃഷി. അതുപോലെ തന്നെ ആ നാട്ടുകാര്‍ അയാളുടെ അടുത്ത് പരിഹാരം തേടിയെത്തുന്ന ഏത് കുഞ്ഞുപ്രശ്നങ്ങള്‍പോലും പരിഹരിച്ചുകൊടുക്കുക. ഓരോ മനുഷ്യനെയും പരിഗണിച്ചു എന്നതുതന്നെയാണ് അച്ചന്റെ ഏറ്റവും മികച്ച പ്രത്യേകത. അതിനുപുറമേ അയാളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു പള്ളിവക അഗതിമന്ദിരവും.

ഇതൊരു രഹസ്യമായി വെക്കേണ്ട കാര്യമേയല്ല. പരസ്യമാക്കേണ്ടതാണെന്ന ചിന്ത യാക്കോബിന്റെ മനസ്സില്‍ ഉദിച്ചിട്ട് അധികനാളൊന്നുമായിട്ടില്ല.സാറാമ്മയുടെ ആറാമത്തെ പ്രസവത്തിനുശേഷം. അതായത് ജോസഫിനെ പ്രസവിച്ച അന്നു രാത്രി. തിരുപ്പിറവിയുടെ അന്നു തന്നെയാണല്ലോ ജോസഫിന്റെ ജനനവും. അതും അച്ചന്റെ ദൈവികതയുടെ കണക്കില്‍ തന്നെ യാക്കോബ് വരവു വച്ചു. അഞ്ചാമത്തേത് അച്ചന്‍ പറഞ്ഞതുപോലെ പെണ്ണായി. അന്നേ അയാളുടെ ദിവ്യത്വത്തെ യാക്കോബ് അംഗീകരിച്ചതായിരുന്നു. അറാമത്തേത് ആണ്‍കുട്ടിയായതോടെ യാക്കോബ് അതുറപ്പിക്കുകയും ചെയ്തു.

കവലയില്‍ തോമയുടെ ചായക്കടയിലാണ് സാധാരണയായി വൈകുന്നേരങ്ങളില്‍പുരുഷാരവങ്ങള്‍ ഒത്തുകൂടുന്നത്. ഒരു ദിവസം യാക്കോബ് കട്ടന്‍ ചായയുടെ അകമ്പടിയോടെ ആ കാര്യം അനൗദ്യോഗികമായി പ്രഖ്യാപിച്ചു, ‘നമ്മുടെ അച്ചന്‍ ഒരു സാധാരണക്കാരനല്ല, ഒരു ദിവ്യനാണ്! ഒരത്ഭുത വാര്‍ത്ത കേട്ടതിന്റെ ഭാവപ്പകര്‍ച്ചയൊന്നും ചുറ്റും കൂടിയവരില്‍ കാണാത്തതില്‍ യാക്കോബിന് നിരാശ തോന്നി.

‘ഞാന്‍ പറഞ്ഞത് സത്യമാണ്…’ ആ അത്ഭുതസംഭവം വിവരിക്കാനെന്ന മട്ടില്‍ ഇരുന്നയിരുപ്പില്‍നിന്നും എഴുന്നേറ്റുനിന്നു. ‘എന്റെ രണ്ടു കുഞ്ഞുങ്ങളും അച്ചന്‍ പറഞ്ഞതുപോലെയാ അഞ്ചാമത്തെത് പെണ്‍കുട്ടിയും ആറാമത്തേത് ആണ്‍കുട്ടിയുമായി..’ പ്രാര്‍ത്ഥനയുടെയും നേര്‍ച്ചയുടെയും ശക്തികൊണ്ട് കര്‍ത്താവ് നല്‍കിയ ദിവ്യപുത്രനായാണ് യാക്കോബ് അവനെ കണ്ടത്. ജോസഫ് എന്ന് നാമകരണം ചെയ്തു. യാക്കോബിന്റെ പ്രിയപ്പെട്ട പുത്രന്‍ ജോസഫ്. യാക്കോബ്പറഞ്ഞതു തന്നെയായിരുന്നു ആ നാടിന്റെ മൊത്തമുള്ള അഭിപ്രായവും. ഓരോരുത്തരും അവരവര്‍ക്കുണ്ടായ ദിവ്യാനുഭവങ്ങളെ ഓര്‍ത്തെടുത്തു. പിന്നീട് ഓരോരുത്തരും അവര്‍ക്കുണ്ടായ അനുഭവങ്ങളെ വിവരിച്ചു തുടങ്ങി. ചൂടുപാറുന്ന ചായയുടെ ആവിയോടൊപ്പം അച്ചന്റെ ദിവ്യത്വവും ആകാശത്തോളം ഉയര്‍ന്നു.
സംസാരം കനക്കുന്നതിനിടയില്‍ കുടിച്ച് തീരാത്ത ചായകളും ബാക്കിവെച്ച് ഒരാള്‍ അവിടുന്ന് ധൃതിപ്പെട്ട് നടന്നുപോയി.

‘ആരാ അത്…? തൊമ്മിച്ചായനല്ലയോ?’

‘അതെ…’ കൂടിയിരുന്നവരില്‍ ഒരാള്‍ ശരിവെച്ചു.

‘തൊമ്മിച്ചായോ… നമുക്ക് ഒരുമിച്ച് പോവാന്നേ…’ യാക്കോബ് വിളിച്ചുപറഞ്ഞു. മറുപടിയൊന്നും പറയാതെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ അയാള്‍ ആ ഇരുട്ടിലേക്ക് നടന്നുമറഞ്ഞു.

‘പച്ചിലക്കല്‍ മാത്തുക്കുട്ടിയും, ഡേസി തോമസിന്റെ മകന്‍ ഇക്കറു മരിച്ചതില്‍ പിന്നെ അച്ചായനിങ്ങനെയാ…’ ഒരാള്‍ പറഞ്ഞു. നാട്ടില്‍ അടുത്തിടയായി സംഭവിച്ച രണ്ട് അപകട മരണങ്ങളായിരുന്നു മാത്തുക്കുട്ടിയുടെയും ഇക്കറിന്റെയും.

‘ഇക്കറും അങ്ങേരുടെ കിടാവ് ആവറും ഇഷ്ടത്തിലായിരുന്നേ, ചിലപ്പോ അതിന്റെ ദണ്ണം കാണും…’ ചായക്കടക്കാരന്‍ തോമ വിശദീകരിച്ചു.

‘എല്ലാം ദൈവഹിതം. മാത്തുക്കുട്ടിയും തൊമ്മിയും നല്ല കൂട്ടായിരുന്നല്ലോ… അങ്ങേരുടെ മരണം തൊമ്മിയെ കുറച്ചൊന്നുമല്ല ഒറ്റപ്പെടുത്തിയത്…’ ചര്‍ച്ചകള്‍ പല ഊഹാപോഹങ്ങളിലൂടെ കാടുകയറി.

‘കള്ളും കഞ്ചാവുമായി നടന്നവനാ ഇക്കര്‍. തോമസ് മരിച്ചതില്‍ പിന്നെ ആ ചെക്കന്‍ ഡെയ്സിക്ക് എന്നും സൈ്വര്യക്കേടായിരുന്നേ… അടിയും പിടിയും കച്ചറ കൂട്ടുകെട്ടും അവന്‍ പോയതില്‍ പെറ്റതള്ളക്കുപോലും ദണ്ണം കാണില്ലന്നേ അത്രയ്ക്ക് സൗര്യക്കേടായിരുന്നില്ലേ ആ ചെറുക്കനവള്‍ക്ക്…’

‘പോയവര്‍ പോയി… നമ്മളെന്തിനാ അതും ഇതും പറയുന്നേ?’ ആ ചര്‍ച്ച തോമ തന്നെ അങ്ങനെ വിരാമം കുറിച്ചു. കടയുടെ വിളക്കണച്ച് കടഅടക്കാനുള്ള ഒരുക്കത്തിലായി പിന്നീട് തോമ. ആളുകള്‍ ഓരോരുത്തരായി പിരിഞ്ഞ് തുടങ്ങി.

മറക്കാന്‍ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും കനംവെക്കുന്ന ഓര്‍മകളുടെ ഒരു കൂറ്റന്‍ഭാണ്ഡവും പേറി ആ രാത്രി തൊമ്മിച്ചന്‍ കാടുകയറി. ചേലമലയിലെ മുകളിലെ വെള്ളച്ചാട്ടത്തിനരികിലെ കരിമ്പാറയില്‍ ചെന്നിരുന്നു. ആനകള്‍ അടുത്തടുത്തായി ഇരിക്കുന്നത് പോലെ മൂന്നാല് കറുത്ത പാറക്കല്ലുകളുടെ കൂട്ടമായിരുന്നു അത് . തൊമ്മിച്ചനും മാത്തുക്കുട്ടിയും വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്ന പ്രധാന സ്ഥലം. റാഫേലിന്റെ വാറ്റ് കുടിച്ചും മാത്തുക്കുട്ടി ബീഡിയില്‍ ചുരുട്ടുന്ന കഞ്ചാവ് വലിച്ചും എത്ര രാത്രികള്‍ ഇവിടെ കഴിച്ചുകൂട്ടിയിട്ടുണ്ട്. പ്രകൃതി പലപ്പോഴും സ്വര്‍ഗമാണെന്ന് തോന്നിപ്പോവുന്ന നിമിഷങ്ങള്‍. ജീവിതത്തിന്റെ ചുട്ടുപൊള്ളുന്ന നരകാഗ്‌നിയില്‍നിന്ന് ചാടിക്കടക്കാന്‍വെമ്പുന്ന തണുപ്പുനിറഞ്ഞ സമാധാനത്തിന്റെ ഹെവന്‍.

മാത്തുക്കുട്ടിയുടെ മരണശേഷം ഇന്നാദ്യമാണ് ഇവിടെ വരുന്നത്. തന്നെ വിടാതെ പിന്തുടരുന്ന ഒരു ഭയം എത്ര കുടഞ്ഞിട്ടും വീഴാതെതന്നെ തന്റെ കണ്ഠത്തില്‍ പിടിച്ചു ഞെരിക്കുന്ന ഭയം. ആ ഭയത്തിന്റെ ശരീരമാസകലമുള്ള നീരാളിപ്പിടുത്തത്തില്‍നിന്നുള്ള കുതറിയോട്ടമായിരുന്നു അയാളെ വീണ്ടും വീണ്ടുംഇവിടെ എത്തിക്കുന്നത്.

‘തൊമ്മിച്ചോ… റാഫേലിന്റെ വാറ്റുണ്ടോ?’ മാത്തുക്കുട്ടിയുടെ ശബ്ദം പോലെ ഒരു നിമിഷത്തെ ഞെട്ടലോടെ അയാള്‍ ചുറ്റും നോക്കി. ആരുമില്ല. വെറും തോന്നല്‍ മനസ്സിന്റെ കുരങ്ങുകളി എന്നല്ലാതെ ഇതിനെ മറ്റെന്തു പറയാനാണ് ? വേദനിക്കുന്നവനെ വീണ്ടും വീണ്ടും കുത്തിനോവിക്കാന്‍ സ്വന്തം മനസ്സിനേക്കാളും മിടുക്ക് മറ്റാര്‍ക്കാണ്.

അയാള്‍ ആ വെള്ളക്കെട്ടില്‍തന്നെ നോക്കിനിന്നു. ചോല മലയുടെ മുകളില്‍ നിന്നും ഘോരശബ്ദത്തില്‍ ശക്തമായി ചാടുന്ന വെള്ളം പാറക്കെട്ടില്‍ തട്ടിചില്ലു ഗ്ലാസു പോലെ ചിന്നിച്ചിതറി പതിയെ ശക്തിശയിച്ച് ഇവിടേക്ക് ഒഴുകി വന്ന് കെട്ടിനില്‍ക്കുന്നു.എന്റെ മാത്തുക്കുട്ടി വെള്ളം കുടിച്ച് ചത്തുമലര്‍ന്ന് കിടന്നത് ഇവിടെയാണ്. ബോഡി കത്തുമ്പോഴേക്കും മണത്തിരുന്നു. മാത്തുകുട്ടിയെ കാണാതായിട്ട് മൂന്നാം ദിവസമാണ് ബോഡി കണ്ടെത്തുന്നത്. സാധാരണ മാത്തുകുട്ടി ഒറ്റയ്ക്ക് ഇവിടെ വരാറില്ല. അല്ലെങ്കിലും നീന്തലറിയുന്ന മാത്തുകുട്ടി മുട്ടോളമുള്ള ഈ വെള്ളക്കെട്ടില്‍ എങ്ങനെയാ മുങ്ങിമരിച്ചത്! അറിയില്ല… എല്ലാം കര്‍ത്താവിന്റെ ഓരോ നിയോഗങ്ങള്‍ എന്നല്ലാതെ എന്തുപറയാന്‍. പോലീസും കേസും പോസ്റ്റുമോര്‍ട്ടവും ആവേണ്ടതായിരുന്നു അച്ചന്റെ ഇടപെടല്‍ കാരണം അത് ഒഴിവായിക്കിട്ടി. നാട്ടുകാരുടെ മൊത്തമായുള്ള അഭിപ്രായത്തെ മാനിച്ചുള്ള അച്ചന്റെ ഇടപെടലായിരുന്നു അത്.ചത്ത ശരീരത്തെ കീറിമുറിക്കുക, അതുവല്ലാത്ത വേദനാജനകം തന്നെ. ഏതായാലും മാത്തുക്കുട്ടി പോയി. വീണ്ടും കീറിമുറിച്ച് തുന്നിക്കെട്ടണോ എന്ന നാട്ടുകാരുടെ വിങ്ങലിന് അച്ചന്റെ ഇടപെടല്‍ ആശ്വാസമായി. എല്ലാം കെട്ടടങ്ങി എല്ലാവരും അത് മറന്നുവെങ്കിലും കെട്ടടങ്ങാത്ത ഒരു തിരിയായി മാത്തുകുട്ടി തോമയുടെ ഉള്ളില്‍ മാത്രം ബാക്കിയായി. അവന്‍ വിട്ടുപിരിഞ്ഞിട്ട് ഒരാണ്ട് കഴിഞ്ഞെങ്കിലും തോമയ്ക്കുമാത്രം അവനൊരു നീറ്റലായി ഉള്ളില്‍ പിടയുന്നു.

കീശയില്‍ വലിച്ചു പാതിവെച്ച കഞ്ചാവുബീഡി കത്തിച്ച് അയാളാ പാറക്കെട്ടില്‍ മലര്‍ന്നുകിടന്നു. ആകാശത്ത് പൂര്‍ണചന്ദ്രന്‍ നിലാവുകൊണ്ടയാളെ പുതപിച്ചു. ഈ രാത്രി ഇനി എങ്ങനെ വെളുപ്പിക്കാനാണ്? ഓര്‍മകള്‍ ഓരോന്നായി അയാളുടെ ഉള്ളില്‍ തേങ്ങിത്തേങ്ങി പുറത്തുവന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ദിവസം താനും മാത്തുക്കുട്ടിയും ഒരുപാട് വൈകിയാണ് വീട്ടിലേക്ക് മടങ്ങിയത്. മാത്തുക്കുട്ടിയുടെ ഒരു പഴഞ്ചന്‍ ചേതക്കിലാണ് ഞങ്ങളുടെ യാത്ര. മുന്നില്‍ മാത്തക്കുട്ടിയും പിന്നില്‍ ഞാനും. അന്ന് വീട്ടില്‍നിന്നും മാത്തുകുട്ടിയുടെ ഭാര്യയുടെ ഒരു അവിഹിതം ഞങ്ങള്‍ കയ്യോടെ പിടികൂടി. അത് വലിയ ഒച്ചപ്പാടിനും ബഹളത്തിനും കാരണമായി. അന്ന് മാത്തുക്കുട്ടി ഭാര്യയെ കൊല്ലാന്‍ തുനിഞ്ഞതായിരുന്നു. രാത്രിയായതുകൊണ്ട് അധികമാരും സംഭവമറിഞ്ഞില്ല. അന്ന് മാത്തുകുട്ടിയെ ഒരുവിധം സമാധാനിപ്പിച്ചു. ‘മാത്തുക്കുട്ടി നീയൊന്നടങ്ങ് ഒച്ചയാട്ട് നാട്ടുകാരെ മൊത്തമറീക്കല്ലേ. നമുക്ക് പള്ളിലോട്ട് ചെല്ലാം. അച്ചന്‍ തീരുമാനിക്കട്ടെ കാര്യങ്ങള് ‘ ഞാനാണ് അച്ചന്റെ അടുത്ത് കൂട്ടിക്കൊണ്ട് പോയത്. അച്ചന്റെ ഇടപെടല്‍ അവര്‍ക്കിടയിലെ ആ വലിയ പ്രശ്നത്തിന് പരിഹാരമായി. അവരെ രണ്ടുപേരെയും ഉപദേശിച്ച് ആ ബന്ധം പഴയതുപോലെ ഊട്ടിയുറപ്പിച്ചു. അച്ചന്റെ നിര്‍ദേശപ്രകാരം രണ്ടുപേരും കുമ്പസാരിച്ച് പഴയപോലെ സാധാരണജീവിതത്തിലേക്ക് മടങ്ങി. ചെയ്തുപോയ തെറ്റില്‍ മനഃസ്ഥാപിച്ചുള്ള അവളുടെ തുറന്നുപറച്ചിലില്‍ എല്ലാം പൊറുത്ത് മാത്തുക്കുട്ടി അവിടുന്നുതന്നെ അവളെ കെട്ടിപ്പിടിച്ചു.

ആ ചെക്കന്‍ അന്നുതന്നെ എവിടേക്കോ നാടുവിട്ടുപോയതാണ്. പിന്നീട് ഇന്നുവരെ അവന്റെ ഒരു വിവരവും കഴുകപ്പാറക്കാരറിഞ്ഞിട്ടില്ല. ആ പ്രശ്നം അതോടെ തീര്‍ന്നതാണ്. മാത്തുക്കുട്ടിയുടേത് ഒരാത്മഹത്യയാണോ എന്ന സംശയം വരുമ്പോഴൊക്കെ ഈ സംഭവം ഓര്‍മയുടെ പടികടന്നെത്തും. അതിനുശേഷം അവര്‍ വലിയ സ്നേഹത്തോടെയാണ് കഴിഞ്ഞുകൂടിയത്. ആത്മഹത്യയല്ല ചിലപ്പോള്‍ അച്ചന്‍ പറഞ്ഞതുപോലെ മൂക്കറ്റം കള്ളും മോന്തി ലെക്കുതെറ്റി പാറമടയില്‍ വീണുകാണും. അധികമായ ലഹരി കാരണം കയ്യും കാലും തളര്‍ന്നുപോയിരിക്കും അങ്ങനെയായിരിക്കും മരണപ്പെട്ടത്. പോലീസുകാരുടെ നിഗമനവും അതുതന്നെയാണ്.

മാത്തുക്കുട്ടിയെ ചുറ്റിപ്പറ്റി ഏതോ ഒരു നിഗൂഢത വലം വെക്കുന്നതുപോലെ അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടിരുന്നു. മരണഭയം പിടിച്ചുലയ്ക്കാത്ത മനുഷ്യരുണ്ടോ? ഭയം… എങ്ങോട്ടേക്കാണ് ഓടിപ്പോവേണ്ടതെന്നറിയാതെ അയാള്‍ ചുറ്റുപാടുകളിലേക്ക് കണ്ണുമിഴിച്ചു നോക്കി. ഇതുപോലെ ഒരു ദുരന്തമരണം തനിക്ക് മുകളിലും ചൂളംവിളിക്കുന്നതുപോലെ.

സുഹൃത്ത് മാത്തുക്കുട്ടിയുടെ മരണം, പ്രണയം മൂത്ത് മകളെ ശല്യം ചെയ്ത ഇക്കറുടെ മരണം, അവസാനം രണ്ടുമാസം മുന്‍പ് മാത്തുക്കുട്ടിയുടെ ഭാര്യയുടെ ആത്മഹത്യ. എല്ലാം സാധാരണ ഒരു ആക്സിഡന്റാണെങ്കിലും എന്തോ അറിയില്ല… ഒരു വിട്ടുമാറാത്ത നിഗൂഢത അല്ലെങ്കില്‍ ഒരു കറുത്ത കൈ നിഴലിച്ചു നില്‍ക്കുന്നതുപോലെ. അയാള്‍ ആ ഇരുട്ടില്‍ ചുരുട്ടിപ്പിടിച്ച രഹസ്യങ്ങളുടെ ശീലയുമായി ഉള്‍വനത്തിലേക്ക് കയറി.

പുറത്തുപറഞ്ഞാല്‍ മരണമല്ലാത്ത മറ്റൊരു പ്രതിഫലവും കിട്ടാത്ത ഒരു രഹസ്യം. തിളച്ചു കത്തുന്ന ലാവപോലെ ആ രഹസ്യമയാളെ മുഴുവനായും പൊള്ളിക്കുന്നുണ്ടായിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here