കവിത
താരാനാഥ്
“ഒടുക്കം അടക്കുമ്പോളേലും
നിനക്ക് അടക്കവും ഒതുക്കവും ഒണ്ടാകുവോടീ ? ”
എന്ന പ്രാക്ക്
പ്രാവിന്റെ “പ്രാ”, വാക്കിന്റെ “ക്ക്”
എന്നിവ ഉള്ളതിനാൽ
പുറകേ പറന്നു വന്നു
ശകാരച്ചെപ്പിയടഞ്ഞ
ചെവിയിൽ കൊത്തിയപ്പോൾ
ഉള്ളൊന്നു കുടഞ്ഞ്
അവൾ നന്നാവാൻ തീരുമാനിച്ചു.
നന്നാവുമ്പോൾ
അടിസ്ഥാനം തൊട്ട് വേണം.
അവൾ DNA എടുത്ത്
മെഴുക്കു പുരട്ടി
മെടഞ്ഞിട്ടു !
ഇരു വശത്തും
ജീവസ്പന്ദത്തിന്റെ
രഹസ്യരേഖകൾ
പരസ്യമാലയായ് കോർത്തു.
അവളൊന്നു മെടഞ്ഞതഴിച്ചാൽ
കോടാനുകോടി വർഷത്തെ
നരവംശ സൗധം ഇടിഞ്ഞു വീഴുമെന്നായി.
സാമ്പ്രദായിക സൂക്തങ്ങൾ
ആചാരജഡകെട്ടി
ഈരും പേനും വളർത്തി
തളർത്തിയവ
ഇപ്പോൾ ആരോഗ്യമുള്ള
കെട്ടിൽ അടങ്ങി ! ഒതുങ്ങി !
മുടിത്തുമ്പിൽ
ഭൂമിയെക്കെട്ടിത്തൂക്കി
അവൾ നടന്നു .
“ഇത്ര കാറ്റു വേണ്ട ” എന്നൊരു സംഭാഷണ ശകലം കാറ്റത്തു
പ്രാകിപ്പാറി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.