സ്വപ്നങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്നവളുടെ മരണം

0
633

കവിത

ദിവ്യ പി എസ്

വിശ്വസിക്കാൻ വയ്യ!
എന്ന്
അവളെ
അറിയുന്നവർ
പരസ്പരം പറഞ്ഞു
പാതി അടഞ്ഞ കണ്ണുകളിൽ
ഇപ്പോഴും
പ്രതീക്ഷ
നിഴലിക്കുന്നുണ്ടോ?
കൈ കാലുകൾ വിടർത്തി,
കമിഴ്ന്ന നിലയിൽ
കാണപ്പെട്ട ദേഹത്ത്
പുഴുക്കളരിക്കുന്നുണ്ടെന്നെനിക്ക് തോന്നി
സ്വന്തം കിടപ്പുമുറിയിൽ
ഞരമ്പ് മുറിച്ച നിലയിൽ
കാണപ്പെട്ട ഒരു ബോഡി മാത്രമായി
അവൾ മാറിയിരിക്കുന്നു
മണിക്കൂറുകൾക്ക് മുൻപ്,
ടെഹ്‌റാഡൂൺ നൈനിറ്റാൾ ഷിംലാ വിശേഷങ്ങൾ
ചൂടോടെ പങ്കുവെക്കുകയും
ഉറക്കെ
പൊട്ടിച്ചിരിക്കുകയും ചെയ്ത ഒരുവൾ
ജീവിതത്തിൽ
ഏറ്റവും സന്തോഷമുള്ള
ദിവസം ഇന്നാണെന്നും
സർപ്രൈസുണ്ടെന്നും പറഞ്ഞൊരുവൾ,
ഹോസ്റ്റൽ മുറിയിൽ
അവൾക്ക്
ഏറ്റവും പ്രിയപ്പെട്ട
ഏകാന്തതയുടെ നൂറു വർഷങ്ങളെ,
നെഞ്ചോടു ചേർത്ത്
മരണപെട്ടിരിക്കുന്നു
തണുത്തുറഞ്ഞ ഒരു മരണം.
പുസ്തകത്തിൽ
‘നൂറു വർഷങ്ങൾ ‘രക്തംകൊണ്ട് തിരുത്തപ്പെട്ടിട്ടുണ്ട്
ഒറ്റയാവാത്തവൾ,
ഒറ്റയ്ക്കാക്കാത്തവൾ എന്നിട്ടും
ഉത്തരങ്ങളില്ല,
ചോദ്യങ്ങൾക്കിടയിൽ
അവളല്ല അതെന്ന്
അലറി വിളിക്കാനേ കഴിഞ്ഞുള്ളു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here