HomeTHE ARTERIASEQUEL 80ലൈഫ് @2020

ലൈഫ് @2020

Published on

spot_imgspot_img

കഥ

മുഹ്സിന കെ. ഇസ്മായിൽ

“ദാ, തക്കാളി.”
ഓട്ടോറിക്ഷയിൽ നിന്നുമിറക്കി വെച്ച രണ്ടു വലിയ പെട്ടികൾ കണ്ട് അന്തം വിട്ടു നിൽക്കുകയാണ് സാറ. “അപ്പോ സാമ്പാറുകഷ്ണോ?”
“ഇതിപ്പോ രണ്ടുപെട്ടിക്ക് അൻപതു രൂപയുള്ളു. സാമ്പാറിന്റെ കാര്യം ഞാനങ്ങു മറന്നു. ഇന്നിപ്പൊ തക്കാളി സാമ്പാർ ഉണ്ടാക്ക് .”
“എന്നാപ്പിന്നെ തക്കാളി ദോശേം കൂടി ആക്കാം.” വരാന്ത ചവിട്ടിപ്പൊളിച്ച് സാറ അകത്തേക്കു പോയി. ഇവൾക്കിതെന്തു പറ്റിയെന്നു മനസ്സിൽ വിചാരിച്ചു ഫോൺ ഓണാക്കി നോക്കിയപ്പോഴാണ് ഒരു പരസ്യം എഫ് ബിയിൽ കണ്ടത്—
നിങ്ങൾക്കും കോടീശ്വരനാകാം. ഒന്നുമാലോചിച്ചില്ല. കൂടെ കണ്ട വാട്സാപ്പ് നമ്പറിൽ ഒരു മെസേജ് അങ്ങ് കാച്ചി.

മൂന്നു ദിവസം തക്കാളി ജ്യൂസും തക്കാളി ഓംലെറ്റും തക്കാളിക്കറിയും കഴിച്ചു. കൂടുതൽ തക്കാളി റെസിപ്പികൾക്കായി യൂട്യൂബ് സെർച്ച്‌ ചെയ്തപ്പോൾ കിട്ടിയ റെസിപ്പി വെച്ചു തക്കാളിച്ചോറുമുണ്ടാക്കി. ഒടുക്കം മുനീർ സ്ഥിരമായി പാൽ മാത്രം കുടിച്ചു രണ്ടാഴ്ച ഡയറ്റ് ചെയ്തതിൽ പിന്നെ പശുവിനെക്കണ്ടാൽ കല്ലെടുത്തെറിയുവാൻ തോന്നുമെന്ന് പറഞ്ഞതു പോലെ, ചുമന്ന ഗോളം കണ്ടാൽ ഓക്കാനിക്കുന്ന അവസ്ഥയായി. എന്നിട്ടും പകുതിയും മുക്കാലും ചീഞ്ഞുപോയി. ബാക്കിവന്ന അരക്കുട്ട തക്കാളി എടുത്തു സാറ ഉറങ്ങിക്കഴിഞ്ഞപ്പോൾ അടുത്തുള്ള പൊട്ടക്കിണറ്റിലേക്കിടാൻ ഹമീദ് കാണിച്ച ബുദ്ധിയെ പ്രകീർത്തിക്കാതെ വയ്യ. അല്ലെങ്കിൽ പുലർച്ചെ സാറ അടുക്കളേൽ കയറുന്നതു മുതൽ കിച്ചൺ സംഗീതം ഉയർന്നുയർന്ന് കേൾക്കാം. ചിലപ്പോൾ അത് ഹമീദിന്റെ കട്ടിലിലേക്കും എത്തപ്പെടും. അത് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥയനുസരിച്ചിരിക്കും. തുടർന്ന് കേൾക്കുന്ന ശബ്ദകോലാഹലങ്ങൾ സഹിക്ക വയ്യാതെ തലവഴി മൂടിപ്പുതച്ചുറങ്ങുന്ന ഹമീദിനെ എഴുന്നേൽപ്പിക്കാൻ സാറ സ്ഥിരം നമ്പറങ്ങു കാച്ചും. നെഞ്ച് വേദന. ഇവൾക്കിടയ്ക്ക് മാറ്റിപ്പിടിച്ചൂടെ എന്ന് മനസ്സിൽ വിചാരിച്ച് ഹമീദ് സാറയെ ആശ്വസിപ്പിക്കുവാൻ ശ്രമിക്കും. ഇത്തരം സംഭവവികാസങ്ങൾ ഒഴിവാക്കാനാണ് ഹമീദ് മുൻകൂട്ടി ബാക്കി വന്ന തക്കാളി പൊട്ടക്കിണറ്റിലെറിഞ്ഞത്.

തിരിച്ചു ചെന്ന്, നിങ്ങൾക്കും കോടീശ്വരനാകാം എന്ന് സേവ് ചെയ്ത നമ്പറിൽ താൻ അയച്ച വാട്സാപ് സന്ദേശം അവർ കണ്ടിട്ടുണ്ടോ എന്ന് നോക്കി. കറുത്ത വരകൾ നിറം മാറുന്നതും നോക്കി അഞ്ചു മിനുട്ടങ്ങനെ ഇരുന്നു. വരാന്തയിലൊരു മൂലയിൽ കൂട്ടിയിട്ടിരുന്ന ബാറ്ററി കാറുകളും ബൈക്കുകളും ഹമീദിനെ കളിയാക്കിച്ചിരിച്ചു. കൊറോണ വരുന്നതിനു രണ്ടു മാസം മുമ്പാണ് അത്യാവശ്യം വരുമാനമുള്ള ഫാൻസി കട നിർത്തി തൊട്ടടുത്ത ഷോപ്പിംഗ് മാളിലൊരു ഐസ്ക്രീം വെന്റിങ് മെഷീൻ സ്ഥാപിച്ചത്. കൂട്ടത്തിൽ കുട്ടികൾക്കുല്ലസിക്കാൻ മൂന്നു കാറുകളും രണ്ടു ബൈക്കും. ഇതെല്ലാം മാൾ ഉടമയുടെ മകനായ മുനീറിന്റെ ബുദ്ധിയാണ്. ആദ്യമൊന്ന് സംശയിച്ചു നിന്നെങ്കിലും, കോഴിക്കോട്ടെ ഫോക്കസ് മാളും ഹൈലൈറ്റ് മാളുമൊന്ന് സന്ദർശിച്ച്, പൂരപ്പറമ്പിലേതു പോലെ ആളുകൾ മാളുകളിൽ തടിച്ചു കൂട്ടുന്നത് നേരിട്ട് കണ്ടു ബോധ്യപ്പെട്ടപ്പോൾ പരിപാടി ഉഷാറാണെന്ന് ഹമീദിനു തോന്നി. ഒരു പ്ലേ സ്റ്റേഷൻ കൂടി തുടങ്ങണമെന്നുണ്ടായിരുന്നെങ്കിലും അത് ബജറ്റിൽ ഒതുങ്ങാത്തത് കൊണ്ട് വേണ്ടാന്ന് വെച്ചു. അത് നന്നായി. ഇപ്പോൾ പലിശ തോമസിനെ കാണുമ്പോൾ ഒളിച്ച് നടന്നാൽ മതി. കൊറോണക്കാലം കഴിഞ്ഞു ഉണ്ടാകാൻ സാധ്യതയുള്ള സമ്പൽസമൃദ്ധമായ ഭാവിയെക്കുറിച്ച് രണ്ടു ഡയലോഗടിച്ചാൽ തോമസിന്റെ മനസ്സലിയും. പിന്നെ ഉള്ളത് മുനീറിന്റെ ഉപ്പ കോയയാണ്. ലോക്ഡൗൺ കാലത്ത് കണ്ട കോയയല്ല ഇന്നത്തെ കോയ. മൂപ്പരുടെ സൗമ്യതയും കാരുണ്യവും എങ്ങോ പോയിമറഞ്ഞു. മുനീറിനെ ആണെങ്കിൽ ഇപ്പോൾ. കാണാനുമില്ല. ഫോൺ വിളിച്ചാലും കിട്ടാറില്ല. എന്താ ഇക്കാ, ഇങ്ങളെന്തിനാ ബേജാറാവണത് ? നമ്മളില്ലേ ഇവിടെ?” അത് മുനീർ പറഞ്ഞതാണോ അതോ താൻ സ്വപ്നം കണ്ടതാണോ എന്ന് പോലും ഹമീദിനു സംശയം തോന്നിത്തുടങ്ങിരിക്കുന്നു. പണത്തിനു മുകളിൽ പരുന്തും പറക്കില്ല എന്നത് സത്യം തന്നെ.

ഫോണിൽ ലൈറ്റ് കത്തിക്കിടക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി, നിങ്ങൾക്കും കോടീശ്വരനാകാമെന്നതിൽ നിന്ന് മെസേജ് വന്നതായിരിക്കുമെന്ന്. എടുത്തു നോക്കിയപ്പോളാണ് അത് ഫാമിലി ഗ്രൂപ്പിൽ വന്ന ഒരു ട്രോളാണെന്ന് മനസ്സിലായത്.
എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. ബെൻസ് , സ്വന്തമായൊരു വില്ല, ഒരു യൂറോപ് യാത്ര. ആദ്യത്തെ മാസത്തെ തിരക്ക് കണ്ടപ്പോൾ കാറിന്റെ എണ്ണം മൂന്നിൽ നിന്ന് നാലാക്കി. ഒരു ജിപ്സി. അതിനായിരുന്നു പിന്നെ ഇടി.
“ഇങ്ങളെന്താ സ്വപ്നം കണ്ടിരിക്കണത്? ഇന്ന് കടേപ്പോണില്ലേ? വരുമ്പോ ഒരു ലോറി വിളിച്ചോ.” “അനക്കൊന്നും ഇന്ന ഒരു വെലേല്ലാ. വെല ഉള്ളോരൊക്കെ ണ്ട്.”
“പച്ചക്കറികടക്കാരന് വെലേണ്ടാവും. ഓർടെ പഴേ സാധനങ്ങളൊക്കെ വാങ്ങണത് ഇങ്ങളല്ലേ?” ഇതും പറഞ്ഞു സാറാ ടീ വി ഓഫാക്കി. ലോക്കൽ ചാനലിൽ അപ്പോൾ മൈ ഡിയർ കരടി എന്ന സിനിമ പകുതിയായിരുന്നു.
“ഇതിനി കണ്ടോണ്ടിരുന്നാ രാവിലെ എഴുന്നേക്കാൻ പറ്റില്ല.”
സാറ പുറത്തേ വാതില് കൊട്ടിയടക്കുമ്പോൾ പോ പൂച്ചേ എന്നുള്ള ശബ്ദത്തിനു പുറമെ പൂച്ചയുടെ കള്ളക്കരച്ചിലും കേട്ടു. ഫാൻസിക്കടയിലെ ഹലോ കിറ്റീ അലാറങ്ങൾ മേശപ്പുറത്തു നിരന്നിരിക്കുന്നു. അതിലൊന്നിൽ പോലും കൃത്യ സമയം കാണിക്കുന്നില്ല.

രാവിലെ ഹമീദ് കണ്ണു തുറന്നത് ഒരു നിലവിളി കേട്ടാണ്. സ്വപ്നമാണെന്നാണ് ആദ്യം വിചാരിച്ചത്. കൂട്ടത്തിലൊരു കരിഞ്ഞ മണം കൂടി മൂക്കിൽ തുളച്ചു കയറി. ചാടിപ്പിടഞ്ഞെഴുന്നേറ്റു അടുക്കളയിലേക്കോടിയപ്പോഴാണ് കടലക്കറിക്കലത്തിൽ നിന്നും പുകയുയരുന്നത് കണ്ടത്. “ഈ സാറാ ഇതെവിടെപ്പോയി? “ പുറത്തു നല്ല ബഹളം കേൾക്കാം. വെയിൽ വീണു തുടങ്ങിയിട്ടില്ല. കാര്യമെന്തെന്ന് നോക്കാനായി ഹമീദ് ഫോണിന്റെ ടോർച്ചടിച്ചു പറമ്പിലൂടെ നടന്നു. ഇടയ്ക്ക് വാട്സാപ്പിൽ മെസേജുകളെന്തെങ്കിലുമുണ്ടോ എന്നൊന്ന് നോക്കി. “ഹമീദ്ക്കാ…ഇങ്ങളെന്തിനാ ആ പാവത്തിനെ?” ഹമീദിന്റെ നെഞ്ചിൽ നിന്നും മരണക്കിണറിന്റെ ശബ്ദം മുഴങ്ങിക്കേൾക്കാം. മൂപ്പരുടെ കണ്ണുകൾ രണ്ടു ഹെഡ് ലൈറ്റ് പോലെ പുറത്തേക്കു തള്ളി വന്നു.
എന്താടി എന്ന് വായിൽ വന്നതാണ്. ആൾക്കൂട്ടം കണ്ടപ്പോൾ അത് ചുരുങ്ങി എന്താ എന്ന വിനയപൂർവ്വമായ ആരായലായി മാറി. തേക്കിലയും കശുമാങ്ങയും ചവുട്ടിക്കടന്നു ഹമീദ് ഒരുവിധം സംഭവസ്ഥലത്തെത്തിച്ചേർന്നു . വേദി പൊട്ടക്കിണർ. ഹമീദ് ഇന്നലെ രാത്രിയിൽ തക്കാളിപ്പെട്ടി വലിച്ചെറിഞ്ഞ അതേ കിണർ തന്നെ. അടുക്കുംതോറും സാറേടെ മുഖം ചുവന്നു വന്നത് കണ്ടില്ലെന്നു നടിച്ചു പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയ കൊട്ടത്തളത്തിൽ കേറി എത്തിനോക്കിയപ്പോൾ ഹമീദ് കണ്ടത് പ്രതീക്ഷിച്ചത് പോലെ തക്കാളിപ്പെട്ടി തന്നെ. ഇതിലിപ്പ എന്താ പ്രശ്നമെന്നു ചോദിക്കാൻ വായ് തുറന്നപ്പോഴാണ് അതിനടിയിൽ പെട്ടു കിടക്കുന്ന കുറിഞ്ഞിപ്പൂച്ചയെക്കണ്ടത്. അപ്പോൾ ഇന്നലെ രാത്രി കേട്ടത് കുറിഞ്ഞിപ്പൂച്ചയുടെ ശബ്ദമല്ല. സംഭവം അല്പം ഗൗരവമുള്ളത് തന്നെ. സാറക്ക് നെഞ്ചുവേദന വരാത്തത് ഭാഗ്യം.

സാറേടെ മുഖത്തു നോക്കാതെ അടുത്തു നിന്നിരുന്ന കോലൻ ബഷീറിനോട് കാര്യങ്ങളന്വേഷിച്ചു. പൊട്ടക്കിണറായത് കൊണ്ട് കപ്പിയും കയറും വെച്ചെടുക്കാൻ പറ്റില്ല. അത് കൊണ്ട് ഒരു പുതിയ സംഘത്തെ വിളിച്ചിട്ടുണ്ട്, സഹായത്തിനായി. വത്സലാമ്മയുടെ വീട്ടിലെ മതിൽ ശരിയാക്കിക്കൊടുത്ത ടീംസ് ആണ്. എന്തും ചെയ്യും. പച്ചക്കറി മുതൽ രക്ഷാപ്രവർത്തനം വരെ, ശുചീകരണം മുതൽ ഓഫീസ് ജോലി വരെ പറഞ്ഞു തീർന്നില്ല. നാലഞ്ചാളുകൾ ചാടിവീണു. കറുത്ത ടീഷർട്ടും ജീൻസുമാണ് വേഷം. ഞൊടിയിടയിൽ സമർത്ഥമായി കുറിഞ്ഞിയെ പുറത്തെത്തിച്ച അവരോട് നാട്ടുകാർക്ക് അതിയായ മതിപ്പു തോന്നി. കറുത്ത ഷർട്ട് മുഴുവൻ കളിമണ്ണും ചെളിയും പുരണ്ട്, സർഫ് എക്സലിന്റെ പരസ്യത്തിലേത് പോലെ ആയതൊന്നും കൂസാതെ പണവും വാങ്ങി അവർ സ്ഥലം വിട്ടപ്പോഴാണ് ഹമീദ് അവരുടെ ടീ ഷർട്ടിലെ ചിഹ്നം ശ്രദ്ധിച്ചത്. അതു താൻ എവിടെയോ കണ്ടിട്ടില്ലേ?
ഖദീജാത്താടെ കോഴി കൂവിത്തുടങ്ങിയിരുന്നു. ഇപ്പോൾ കോഴികളും താമസിച്ചാണോ എഴുന്നേൽക്കാറ്? ഭാഗ്യവാന്മാർ. താഴേ വീണു കിടന്ന പുളിയുടെ തോടുകൾ പകുതി പൊട്ടിപ്പോയ നിലയിലായിരുന്നു. അതിൽ ചെളിയും ഇലകളും പറ്റിപ്പിടിച്ചു കിടന്നു. തിരിച്ചെത്തിയപ്പോൾ സന്തത സഹചാരിയായ ഫോണിന്റെ ഓൺ സ്വിച്ച് അമർത്തി, വിരസമായി വാട്സാപ് ഐക്കൺ അമർത്തി. നിങ്ങൾക്കും കോടീശ്വരനാകാം എന്ന ഗ്രൂപ്പിൽ നിന്നും ഒരു സന്ദേശം കണ്ടു ഹമീദ് ആവേശഭരിതനായി. രണ്ടു ഹസ്തങ്ങൾക്ക് മുകളിലെ പ്രാവ്? ഇത് അവരുടെ ചിഹ്നമല്ലേ? പച്ചക്കറി മുതൽ രക്ഷാപ്രവർത്തനം വരെ ശുചീകരണം മുതൽ ഓഫീസ് ജോലി വരെ എന്ന വാചകം ഹമീദിന്റെ ചെവിയിൽ മുഴങ്ങി. കൂടെ ചേറിന്റെ മണവും മൂക്കിൽ തുളച്ചു കയറി. സഹായഹസ്തം കൂട്ടായ്‌മയിൽ അംഗമാകൂ, കോടീശ്വരനാകൂ എന്ന തലക്കെട്ട് ഹമീദിനെ സന്തോഷിപ്പിച്ചില്ല. ഇതൊരു മാതിരി ഫയർ ഫോഴ്സിനെപ്പോലെ എപ്പോഴുമൊരുങ്ങിയിരിക്കണ്ടേ? അതൊന്നും നമുക്ക് പറ്റൂലാ.
“സിനിക്ക് യുട്യൂബിൽ നിന്ന് മാസം പത്തു ലക്ഷം രൂപ കിട്ടുംന്ന്.”
ഹമീദിന്റെ കാമറാ കണ്ണുകൾ ഉണർന്നു കഴിഞ്ഞിരുന്നു. വില്ലയിലെ കാർപ്പോർച്ചിൽ നിറുത്തിയിട്ടിരിക്കുന്ന ബെൻസിൽ കയറി യൂറോപ്പ് യാത്രയ്ക്കായ് എയർപ്പോർട്ടിൽ പോകുന്ന ഹമീദ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...