HomeTHE ARTERIASEQUEL 80കറുത്ത കരയുള്ള മുണ്ട്

കറുത്ത കരയുള്ള മുണ്ട്

Published on

spot_imgspot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

ക്രിസ്മസിൻ്റെയും പുതുവർഷത്തിൻ്റെയും നിറമുള്ള ബാല്യകാലവും ആഘോഷരാവുകളുടെ കൗമാര ഓർമ്മകളും മനസ്സിൻ്റെ പിന്നാമ്പുറത്തേക്ക് മാറിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഡിസംബറിലെ ഓരോ മഞ്ഞുകാലവും
ജനുവരിയിലെ പുതുവർഷ പിറവിയും ഓർമകളിൽ മറവിയില്ലാത്ത നൊമ്പരവുമുണർത്തുന്നു. ഉണർവിൻ്റെയും ഉന്മേഷത്തിൻ്റെയും സന്തോഷ നിമിഷങ്ങൾക്കൊപ്പം ഉള്ളിൽ കോടമഞ്ഞ് പുതച്ചത് പോലെ ഘനീഭവിച്ച ദു:ഖസ്മൃതികളുമുണരുന്നു.

വീടുകളിലും കടകളിലും പള്ളികളിലും തൂങ്ങിനിൽക്കുന്ന ക്രിസ്മസ് നക്ഷത്രങ്ങളും വർണ്ണവിളക്കുകളും പുൽക്കൂടുകളും കാണുമ്പോൾ തിരുപ്പിറവിയുടെ വിസ്മയ കാഴ്ചകളുണർന്ന് മനസ്സ് സന്തോഷാർദ്രമാകും. ഒപ്പം ബാല്യകാല സ്കൂൾ ജീവിതവും എളേമ്മയെകുറിച്ചുള്ള ഒളിമങ്ങാത്ത ഓർമ്മകളും തിരി തെളിയും.
അപ്പോൾ മനസ്സ് ശോകമൂകമാകും. മഞ്ഞിൻ കുളിരണിഞ്ഞ ഒരു ക്രിസ്തുമസ് തലേന്നായിരുന്നല്ലോ എളേമ്മയും ഓർമ്മയായത്.

ഓരോ പുതുവർഷ ദിനത്തിലും. ജനുവരി ഒരു നൊമ്പരമായി മാറാറുണ്ട്.
എൻ്റെ ആഘോഷ രാത്രികളേയും വെളിച്ചങ്ങളേയും പടക്ക ബഹളങ്ങളേയും പടിയിറക്കി കൊണ്ട് ഹൃദയാന്തരാളത്തിൽ അമ്മയോർമ്മകളുടെ ദീപം തെളിച്ച് ഞാനൊരു നെയ്ത്തിരി നാളമായ് എരിയാറുണ്ട്. ജനുവരി ഒന്നിന് വിട്ടുപിരിഞ്ഞ അമ്മയുടെ ഓർമ്മ ദിനത്തിൽ നിന്ന് പുതുവർഷത്തേയും വരവേൽക്കും. ഈ രണ്ട് ഓർമ്മദിനങ്ങളും സന്തോഷങ്ങൾക്കപ്പുറം ദു:ഖമുണ്ടെന്നും
ഒരിറക്കത്തിന് ഒരുകയററമുണ്ടെന്നുമുള്ള പ്രാപഞ്ചിക സത്യം കൂടുതൽ വെളിപ്പെടുത്തി തന്നു. ഉഴറി വീഴുന്നിടത്തു നിന്ന് വീണ്ടും എഴുന്നേറ്റ് നടക്കാനുള്ള കരുത്ത് പകരുന്നു.

കർണ്ണാടകയിലെ ചിക്കബല്ലാപുരയിൽ എൻ്റെ ഉപജീവനാർത്ഥം ചെമ്മണ്ണൂർ ജ്വല്ലറിയിലെ ജീവനക്കാർക്ക് വേണ്ടിയുള്ള മെസ്സ് നടത്തി വരുന്ന കാലം.
ക്രിസ്മസ് ന്യൂ ഇയർ സീസണിലായിരുന്നു ഒരു ആഢംബര ആഭരണശാല കൂടി തുറന്നത്. ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടവേളകളിൽ ഉച്ചയുറക്കം വേണ്ടെന്ന് വെച്ച് ഞാൻ അടുത്തുള്ള ആളും ആരവുമില്ലാത്ത ഒരു പുരാതന റെയിൽവേ സ്റ്റേഷനിൽ ചെന്നിരിക്കും. ബ്രിട്ടീഷ് കോളനിവത്ക്കരണത്തിൻ്റെ തിരുശേഷിപ്പായ ഈ സ്റ്റേഷനിലിരുന്നാൽ നമ്മൾ ഏറെ പിറകോട്ടുള്ള ഒരു കാലത്ത് എത്തപ്പെട്ടതു പോലെ തോന്നും. നൂറ് മീറ്റർ മാറി റെയിൽപ്പാളം അവസാനിക്കുന്നു. കഥകളിൽ കേട്ട് പഴകിയ മാതിരി സമാന്തരമായി അനന്തതയിലേക്ക് നീണ്ടുപോകുന്ന പാളങ്ങൾ ഇവിടെ സന്ധി ചെയ്യുന്നു!. നിത്യേന രണ്ടു തവണ നഗരത്തിലേക്ക് പുറപ്പെടാറുള്ള ഒരു തീവണ്ടി എപ്പഴും കാത്തുകിടക്കുന്നുണ്ടാകും. പടർന്നു പന്തലിച്ച മധുരപ്പുളി മരങ്ങളുടെ ശീതളച്ഛായ നുകർന്ന് സിമൻ്റ് ബെഞ്ചിലിരുന്ന് ഞാൻ ഓർമ്മക്കുളിരാഴങ്ങളിലേക്ക് മുങ്ങാംകുഴിയിടും. മധുരപ്പുളി വീണ് ചിതറിയ ശൂന്യമായ പ്ലാറ്റ്ഫോറത്തിൽ
വാകമരപ്പൂക്കളും ചന്തം ചാർത്തും. കർണ്ണാനന്ദമായ കുയിൽ നാദവും നയനാനന്ദമേകുന്ന മയിലുകളുടെ ആനന്ദനടനവും വിസ്മയമൊരുക്കും.
ഈ കൗതുക കാഴ്ചകൾ ഒന്നും നുകരാതെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ചിലരും ഓർമ്മകളുടെ താളം തെറ്റിയവരും പാളത്തിൽ വിശ്രമിക്കുന്ന, കാലം തളംകെട്ടിയ തീവണ്ടിയിൽ ഇരുന്നും തല ചായ്ച്ചും നേരം തള്ളാറുണ്ട്.

അങ്ങനെയിരിക്കെ ക്രിസ്മസ് ദിനത്തിൻ്റെ തലേന്നാൾ, തേടി വരാനാരുമില്ലാത്ത എൻ്റെ മൊബൈലിൽ നിന്നും അപ്രതീക്ഷിതമായി ഒരു സന്ദേശം ചിറകടിച്ചു. ആശംസാ കാർഡുകൾക്കു പകരമുള്ള സന്ദേശമാകാമെന്ന് കരുതിയ ഞാൻ തരിച്ചിരുന്നു. “നിനക്ക് പെട്ടെന്ന് വരാൻ കഴിയുമോ? ” എന്ന് ഏട്ടനെ കൊണ്ട് ചോദിപ്പിച്ച് എൻ്റെ ഇളയമ്മയും നന്മയുടെ തേൻമാമ്പഴക്കാലം പൊഴിച്ച് അരങ്ങൊഴിഞ്ഞിരിക്കുന്നു. തറയോടു പാകിയ പഴയ സ്റ്റേഷൻകെട്ടിടത്തിൻ്റെ പിന്നാമ്പുറത്തു കൂടെ നടന്നാൽ
ഒരു ചെറിയ പീടികയുണ്ട്. ചായയും സമോസയും പത്രവും ബീഡി സിഗരറ്റുകളും മറ്റും വിൽക്കുന്നത്. ഒരു പായ കടലാസും പേനയും വാങ്ങിയപ്പോൾ മനോരമ വാരികയും കണ്ണിൽ പെട്ടിരുന്നു. മലയാളികളുള്ളിടത്ത് വായിക്കാനായി മനോരമയെങ്കിലും കാണുമല്ലോ!

കാലങ്ങളും കഥയും തിരിച്ചുപിടിക്കാനായി ഓർമ്മകളുടെ ഭാണ്ഢവും പേറി പണ്ടൊരിക്കൽ നടന്ന വഴികളിലൂടെ ഒരു സ്കൂൾ കുട്ടിയായ് ഞാൻ മാറി. ക്ലാസുമുറി പോലെ തോന്നിച്ച കമ്പാർട്ട്മെൻറിലെ ചാരു ബെഞ്ച് പരുവത്തിലുള്ള സീറ്റിലിരുന്ന് പായക്കടലാസിലേക്ക് ഓർമ്മയെഴുത്ത് ചാറ്റൽ മഴയായ് പെയ്തു. എളേമ്മയ്ക്കായുള്ള എൻ്റെ അശ്രുപൂജ ! മനസ്സ് തണുത്തു. എഴുതി തീർന്നതും ഞാൻ ‘മനോര വാരിക’
അലസമായി മറിച്ചു നോക്കുകയുണ്ടായി. ആദ്യ താളിൽ തന്നെ ‘മറക്കില്ലൊരിക്കലും’ എന്ന പംക്തിയിൽ പ്രിയപ്പെട്ട കഥാകാരൻ എം.മുകുന്ദൻ്റെ ‘ചിരിക്കുന്ന പിങ്കിയും’.!.ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ നടന്ന സിക്ക് കൂട്ടക്കൊലയിൽ നിന്നും
പിങ്കി എന്ന സ്കൂൾ കുട്ടിയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയ കുറിപ്പായിരുന്നു ‘മറക്കില്ലൊരിക്കലും’. പിന്നെ മറുത്തൊന്നും ചിന്തിക്കാതെ ഞാൻ
എളേമ്മയെ കുറിച്ചുള്ള നിറമുള്ള ഓർമ്മക്കുറിപ്പ് ‘മനോരമ വാരിക’യിലേക്ക്
അപ്പോൾ തന്നെ പറത്തി വിട്ടു. ഏറെ പ്രതീക്ഷയോടെയും അതിലേറെ അമിതമായ ആത്മവിശ്വാസത്തോടെയും. ഫിബ്രവരി ആദ്യവാരത്തിൽ ആ അനുഭവകഥ അച്ചടിമഷി പുരണ്ടുവന്നു. ‘മനോരമ വാരികയിലുടെ’ ഇളയമ്മയ്ക്കായുള്ള എൻ്റെ അക്ഷരാഞ്ജലി! ‘കറുത്ത കരയുള്ള മുണ്ട് ‘. എളേമ്മയെ അനശ്വരമായ അക്ഷര കൂട്ടുകളാൽ അടയാളപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്!
ആ കുറിപ്പ് പ്രിയ വായനക്കാർക്കു വേണ്ടി ചുവടെ പകർത്തുന്നു:

1984. ഞാൻ പാട്യം ഹൈസ്കൂളിൽ പഠിക്കുന്ന കാലം. വേളായിയിൽ നിന്നും ഏകദേശം നാലുകിലോമീറ്റർ വരും. രാവിലെ മൂകാംബിക ബസ്സിൽ കമ്പിയിൽ തൂങ്ങി പിടിച്ചുള്ള സ്കൂൾ യാത്രകൾ ! ആടിയും ഉലഞ്ഞും ഒരു വഞ്ചിയിലെന്ന പോലെ……സ്കൂളിനടുത്തുള്ള ഇളയമ്മയുടെ വീട്ടിലാണ് ഉച്ചയൂണ്. നല്ല എരിവുള്ള മീൻകറിയും ഓരോ തരം തോരനും എന്നും കാണും. അവർക്ക് വിവാഹിതയായ ഏക മകൾ മാത്രം. ഇളയമ്മയുടെ ഭർത്താവ് പേരും പെരുമയുമുള്ള ഒരു കരാറുകാരനായിരുന്നു. സൗന്ദര്യവും സമ്പത്തും എളിമയും സൗമിനി ഇളയമ്മയിൽ സമ്മേളിച്ചിരുന്നു. സ്കൂളിൽ, സഹപാഠികളിൽ പലരും മുണ്ടുടുത്തു വരാൻ തുടങ്ങിയിരുന്ന കാലം. അമ്മയ്ക്ക് ഒരു മുണ്ടു വാങ്ങിത്തരാൻ എപ്പൊഴാണ് പാങ്ങുണ്ടാവുക…? ഒരു തിരുവോണ തലേന്ന് അമ്മ പുതിയതെരുവിൽ നിന്നും രണ്ടു കുഞ്ഞു മുണ്ടുകൾ കൊണ്ടുവന്നു തന്നു. മുണ്ടുടുത്തു ചെന്ന ആദ്യ ദിവസം തന്നെ, പിള്ളേർ ‘കുഞ്ഞുമത്തി’ എന്ന വിളിപ്പേരിട്ട കുഞ്ഞനന്തൻ മാഷ് എന്നെ ബെഞ്ചിൽ കയറ്റിനിർത്തിച്ചു. അദ്ദേഹത്തെ പോലെ കുള്ളനായ ഞാൻ വിയർത്ത് വല്ലാത്തായി. ‘കുഞ്ഞുമത്തി’ മാഷിനു മുന്നിലും പെൺപിള്ളേർക്കു മുന്നിലും ഒരു പരൽ മീൻ കണക്കെ ഞാൻ പിടഞ്ഞു. ക്ലാസിൽ കൂട്ട ചിരിയുടെ ഓളപരപ്പ് അലയടിച്ചു. എന്തിനാണ് മാഷങ്ങനെ ചെയ്തത്? ഒരൂഹവുമില്ല. അപകർഷതാബോധത്തിൻ്റെ തുല്യ ദു:ഖം പങ്കിടാനായിരിക്കണം! ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

ഉച്ചയ്ക്ക് ഇളയമ്മയുടെ വീട്ടിലേക്ക് വല്ല്യ ഗമയോടെ നടന്നു. ഒതുക്കു കല്ലുകൾ കയറി വരുന്ന ആളെ കണ്ട് അവർ അമ്പരന്നു. “മോനങ്ങ് വലുതായിപ്പോയല്ലോ!”
ഞാൻ മുണ്ട് താഴ്ത്തിയിട്ട് ചിരിച്ചു കൊണ്ട് നിന്നു. അന്ന് ചോറ് തിന്നു തീരും വരെ, അവർ കൗതുകത്തോടെ എന്നെ തന്നെ നോക്കി നിന്നു. “മോനേ, ഒന്നു നിൽക്കൂ “….
ഞാൻ യാത്ര പറഞ്ഞിറങ്ങാൻ നേരം എന്തോ ഓർത്തിട്ടെന്ന പോലെ ഇളയമ്മ വിളിച്ചു. പിന്നെ നടുവകത്തേക്ക് നടന്നു. കട്ടിലിനടിയിൽ നിന്നും കാൽപ്പെട്ടി വലിച്ചു. പതുക്കെ തുറന്നു. പുതുവസ്ത്രത്തിന്റെയും പാറ്റ ഗുളികയുടെയും നറുമണം മുറിയിൽ നിറഞ്ഞു. പലതരം കരകളോടുകൂടിയ മുണ്ടുകൾ, പൊന്നാടകൾ,വേഷ്ടികൾ…..

“നിന്റെ പാപ്പന് പലരും സമ്മാനിച്ചതാണ്….”

ഒരു മുണ്ടെടുത്ത് എന്റെ കൈയ്യിൽ വെച്ചുകൊണ്ട് ഇളയമ്മ പറഞ്ഞു. കറുത്ത കരയുള്ള മുണ്ട്! ഞാൻ ഉടുക്കാൻ കൊതിച്ചിരുന്ന മുണ്ട്!. സന്തോഷവും ആശ്ചര്യവും കൊണ്ട് എന്റെ കണ്ണു നിറഞ്ഞു. കണ്ണീരിൽ വിരിഞ്ഞ ചിരിയുമായി സ്കൂളിലേക്ക് പറന്നു. വർഷങ്ങൾ പലതു കഴിഞ്ഞു. എന്റെ കല്യാണത്തിനായ് കൂത്തുപറമ്പിൽ ‘കൊട്ടയോഡൻ കൃഷ്ണ’ നിൽ നിന്നും തുണിത്തരങ്ങൾ തിരയവെ, കറുത്ത കരയുള്ള മുണ്ടിൽ മനസ്സ് തറഞ്ഞു നിന്നു.

പ്രവാസം,കുടുംബം ,കുട്ടികൾ , പ്രാരബ്ദങ്ങൾ,നേട്ടങ്ങൾ,കോട്ടങ്ങൾ, കടമകൾ, കടപ്പാടുകൾ, നിയോഗ വിയോഗങ്ങൾ….വേരറുക്കപ്പെട്ടവരുടെ നൊമ്പരങ്ങൾ…. ജീവിത പുസ്തകത്തിലെ താളുകൾ മറിച്ചു കൊണ്ട് വാർദ്ധക്യത്തിലേക്കുള്ള കാൽവെപ്പുകളുമായി കാലം കടന്നു പൊയ്ക്കൊണ്ടിരുന്നു………
2009 ലെ തണുത്തുറഞ്ഞ ഡിസംബറിൽ, ക്രിസ്തുമസ് ദിനത്തിന്റെ തലേന്ന് ഇളയമ്മ ഓർമ്മയായി. ഒരു നോക്ക് കാണാനോ കോടി പുതപ്പിക്കാനോ എനിക്ക് കഴിഞ്ഞില്ല. അവരുടെ ആത്മാവ് എന്നോടു പൊറുക്കുമോ?? ഒരു നാൾ കുളിച്ച കുളവും പലനാൾ നടന്ന വഴികളും ഉണ്ടുറങ്ങിയ വീടും നമുക്ക് മറക്കാൻ കഴിയുമോ…? ഇളയമ്മയെ കുറിച്ചുള്ള ഓർമ്മകളോടൊപ്പം കോടി മുണ്ടിന്റെ നറുമണം എന്നുമുണ്ടാകും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...