അമ്മിണി ആട്

2
289

കഥ

അർച്ചന വിജയൻ

”അമ്മിണീ…”
എന്ന് നീട്ടി ഒരു വിളിയുണ്ട്…

അതാ കുലുങ്ങിക്കുലുങ്ങി അവൾ ഓടി വരുന്നു. ഓടുമ്പോൾ അവളുടെ കഴുത്തിൽ കെട്ടിയിരിക്കുന്ന മണിയുടെ ശബ്ദം ആ നാട്ടിൽ മുഴുവൻ പരക്കും… മണിക്കുട്ടന്റെ ജീവൻ ആണ് അമ്മിണി ആട് !

“എവിടെ പോയി കിടക്കുവായിരുന്നു നീ, കുറേ നേരം ആയല്ലോ പുല്ല് തിന്നാൻ പോയിട്ട് നേരം സന്ധ്യയായി”

അമ്മിണി ആട് തല മെല്ലെ ആട്ടി!
മണിക്കുട്ടന്റെ ഒപ്പം വീട്ടിലേക്ക് പുറപ്പെട്ടു.

വീട്ടിൽ എത്തി. മണിക്കുട്ടന്റെ അമ്മയും അനിയത്തിയും വീട്ടുപടിക്കൽ നില്പുണ്ടായിരുന്നു. മോനേ എന്താ ഇത്ര നേരം വൈകിയത്. ഞങ്ങൾ പേടിച്ചു പോയി അച്ഛൻ ആണെങ്കിൽ കട അടച്ചു വന്നിട്ടുമില്ല.

” ഒന്നും പറയണ്ട അമ്മേ.. ഈ അമ്മിണി എന്നെ ചുറ്റിച്ചു !”

ആടിനെയും കൊണ്ട് നടക്കാതെ വേഗം പോയി കുളിച്ച് നാലക്ഷരം പഠിക്കാൻ നോക്ക്. പത്താം ക്ലാസ്സ്‌ ആണ് ആ ബോധം ഉണ്ടായാൽ മതി, അതും പറഞ്ഞു അമ്മ ഉള്ളിലേക്ക് കയറി പോയി. മെല്ലെ, അനിയത്തി മിനിക്കുട്ടി അവന്റെ അടുത്തേക്ക് വന്നു.

“ഏട്ടാ അമ്മിണി ആടിന്റെ കഴുത്തിലെ ആ കിലുങ്ങുന്ന മണി എനിക്ക് തരോ”?.
നിനക്ക് എന്തിനാ അത്? മണിക്കുട്ടൻ ചോദിച്ചു. ”ചുമ്മാ കളിക്കാനാ..” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. നിനക്ക് കളിക്കാൻ ഉള്ളതല്ല അത്, പോയി ഇരുന്നു പഠിക്ക്.
ആദ്യം ഏട്ടൻ പോയി പഠിക്ക്!. അതും പറഞ്ഞു ദേഷ്യപ്പെട്ട് അവൾ ഉള്ളിലേക്ക് പോയി. അങ്ങനെ കുളിയെല്ലാം കഴിഞ്ഞ് മണിക്കുട്ടൻ ഇരുന്നു പഠിച്ചു. അല്പസമയം കഴിഞ്ഞപ്പോൾ അച്ഛൻ വന്നു.

ദേവകീ…ദേവകീ…
ദാ വരുന്നു, അടുക്കളയിൽ ആയിരുന്നു. ഈ രണ്ട് സഞ്ചിയും ഉള്ളിലേക്ക് വെക്ക്. ഒന്നിൽ പലഹാരങ്ങൾ ഉണ്ട്, മക്കൾക്ക്‌ കൊടുക്ക്‌. അപ്പോഴേക്കും മണിക്കുട്ടനും മിനിക്കുട്ടിയും ഹാജരായി !. ആ രണ്ട് പേരും വന്നല്ലോ പഠിച്ച് കഴിഞ്ഞാൽ പലഹാരം എടുത്ത് കഴിച്ചോ ട്ടാ. പഠിച്ച് കഴിഞ്ഞു അച്ഛാ..രണ്ട് പേരും ഒരേ സ്വരത്തിൽ പറഞ്ഞു.
അമ്മിണിക്ക് പുല്ല് കൊടുത്തോ? അച്ഛൻ ചോദിച്ചു. മോന് ഇന്ന് അതു തന്നെ ആയിരുന്നു പണി അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു!

പിറ്റേന്ന് രാവിലെ

മണിക്കുട്ടാ..മിനിക്കുട്ടീ… എഴുന്നേൽക്ക്, രണ്ടിനും സ്കൂളിൽ ഒന്നും പോവണ്ടേ..?
കുറച്ച് നേരം കൂടി കിടക്കട്ടെ അമ്മേ..അതും പറഞ്ഞു മണിക്കുട്ടൻ പുതപ്പ് എടുത്തു തലയിൽ കൂടെ മൂടി !. വെള്ളം എടുത്ത് ഒഴിക്കണ്ടെങ്കിൽ വേഗം എഴുന്നേറ്റു പൊയ്‌ക്കോ. മണിക്കുട്ടൻ പുതപ്പ് മാറ്റി മെല്ലെ എഴുന്നേറ്റു ബ്രഷ് എടുത്ത് പല്ല് തേച്ചോണ്ട് അമ്മിണി ആടിന്റെ അടുത്തേക്ക് പോയി !
ഗുഡ്മോർണിംഗ് അമ്മിണീ..
അമ്മിണി ആട് സ്നേഹത്തോടെ തലയാട്ടി. മണിക്കുട്ടൻ അവളുടെ തലയിൽ മെല്ലെ തലോടി! ഞാൻ സ്കൂളിൽ പോയി വേഗം വരാം ! എന്നിട്ട് നമുക്ക് ആ കുന്നിന്റെ മുകളിലേക്ക് പോവാ ട്ടോ. അവിടെ നിറയെ ഇളം പച്ച പുല്ലുകൾ ഉണ്ട് നിനക്ക് മതിവരുവോളം കഴിക്കാം. അവൻ പറഞ്ഞതെല്ലാം മനസ്സിലായ പോലെ അമ്മിണി സന്തോഷത്തോടെ തല കുലുക്കി കൊണ്ടേ ഇരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ മണിക്കുട്ടനും മിനിക്കുട്ടിയും സ്കൂളിലേക്ക് പോയി. അമ്മിണി ആട് അവർ പോവുന്നതും നോക്കി നിന്നു !

വൈകുന്നേരം ആയി,മണിക്കുട്ടൻ സ്കൂൾ വിട്ട് വന്നു. ചായ കുടി കഴിഞ്ഞ ശേഷം മെല്ലെ അമ്മിണി ആടിന്റെ അടുത്തെത്തി. എന്നിട്ട് അമ്മിണി ആടിനെയും കൂട്ടി കുന്നിൻ മുകളിലേക്ക് പുറപ്പെട്ടു ! പച്ചപ്പ് നിറഞ്ഞ ആ കുന്നിൻ
ചെരുവിലൂടെ അമ്മിണി ആട് ഓടി ചാടി നടന്നു പച്ച പുല്ല് മതിവരുവോളം കഴിക്കുകയും ചെയ്തു. അങ്ങനെ സമയം കുറേ കഴിഞ്ഞു. അമ്മിണീ മതി മതി
നമുക്ക് വീട്ടിലേക്ക് പോകാം അല്ലെങ്കിൽ അമ്മയുടെ കയ്യിൽ നിന്ന് ഇന്നും വഴക്ക് കിട്ടും ! അമ്മിണി ആട് മേല്ലെ മണിക്കുട്ടന്റെ അടുത്തേക്ക് വന്നു രണ്ട് പേരും കൂടി വീട്ടിലേക്ക് മടങ്ങി!

പിറ്റേന്ന് രാവിലെ മണിക്കുട്ടൻ സ്കൂളിൽ പോകാൻ ഒരുങ്ങി പോകുന്നതിന് മുൻപ് അമ്മിണി ആടിന്റെ അടുത്തേക്ക് വന്നു, എന്നിട്ട് പറഞ്ഞു.
അമ്മിണീ.. ഇന്ന് എനിക്ക് പരീക്ഷ തുടങ്ങാൻ പോവ്വാ ഇനി എന്റെ പരീക്ഷ എല്ലാം കഴിഞ്ഞ് സ്കൂൾ പൂട്ടിയ ശേഷം മാത്രമേ നിന്നെ ഞാൻ കുന്നിൻ മുകളിലേക്ക് കൊണ്ട് പോവുള്ളൂ ട്ടാ !
അമ്മിണി തലയാട്ടി!
അങ്ങനെ മണിക്കുട്ടൻ സ്കൂളിലേക്ക് പുറപ്പെട്ടു!

കുറച്ച് ദിവസങ്ങൾക്ക് ശേഷം, അന്ന് മണിക്കുട്ടന്റെ പരീക്ഷ കഴിയുന്ന ദിവസം ആയിരുന്നു. വീട്ടിലേക്ക് അവൻ വളരെ സന്തോഷത്തോടെ ഓടി വന്നു.
നേരെ അമ്മിണി ആടിന്റെ അടുത്തേക്ക് ആണ് വന്നത് !
പക്ഷേ അവിടെ അമ്മിണി ആട് ഇല്ലായിരുന്നു ! അവൻ വീടിന് ചുറ്റും നോക്കി !
അമ്മേ! അമ്മേ !..
എന്താ മോനേ?..അമ്മിണി എവിടെ?
ഉച്ച വരെ വീടിന്റെ മുൻപിൽ തന്നെ ഉണ്ടായിരുന്നല്ലോ. പിന്നെ ഞാൻ കണ്ടില്ല മോനേ ഇവിടെ എവിടെയെങ്കിലും ഉണ്ടാവും നീ നോക്ക് !

എല്ലാവിടെയും നോക്കി അമ്മേ എവിടെയും ഇല്ല അവൻ വെപ്രാളത്തോടെ പറഞ്ഞു.
ഞാൻ കുന്നിൻ മുകളിൽ പോയിട്ട് വരാം ചിലപ്പോൾ അവിടെ ഉണ്ടാകും അതും പറഞ്ഞു മണിക്കുട്ടൻ കുന്നിൻ മുകളിലേക്ക് ഓടി ! അവിടെ എല്ലാം അമ്മിണീ വിളിച്ചോണ്ട് മണിക്കുട്ടൻ ഓടി നടന്നു. പക്ഷേ എവിടെയും അമ്മിണി ആടിനെ കാണാൻ കഴിഞ്ഞില്ല! അവൻ ഉറക്കെ കരഞ്ഞു കൊണ്ട് അവിടെ ഉള്ള ഒരു മരത്തിന്റെ ചുവട്ടിൽ തളർന്നിരുന്നു.

നേരം സന്ധ്യയോടടുത്തു. മണി കുട്ടനെ തിരഞ്ഞു കൊണ്ട് അവന്റെ അച്ഛൻ അവിടെ എത്തി. എന്നിട്ട് അവനെ സമാധാനിപ്പിച്ചു കൊണ്ട് വീട്ടിലേക്ക് കൊണ്ട് വന്നു!
അമ്മിണി ആടിനെ കാണാത്തതുകൊണ്ട് മണിക്കുട്ടൻ ഒരുപാട് വിഷമിച്ചു, ഭക്ഷണം പോലും കഴിച്ചിരുന്നില്ല. ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ അവൻ കൂട്ടാക്കിയില്ല. മോന്റെ അവസ്ഥ കണ്ട് അച്ഛനും അമ്മയും ഏറെ വിഷമിച്ചു.
കുറച്ച് ദിവസത്തിനു ശേഷം ഒരു ദിവസം രാത്രി വീടിന്റെ വാതിലിൽ ആരോ തട്ടി വിളിക്കുന്നുണ്ടായിരുന്നു.

അച്ഛൻ പോയി വാതിൽ തുറന്നു ! അയല്പക്കത്തെ വാസു ഏട്ടൻ ആയിരുന്നു അത് !
എന്താ വാസു??? എന്താ ഈ രാത്രിയിൽ വന്ന് വിളിച്ചത്. ഒരു കാര്യം ഉണ്ട്,
നിങ്ങളുടെ ആടിനെ കാണാതെ കുറേ ദിവസം ആയില്ലേ. അത് പോലത്തെ ഒരു ആട്, അല്ല ആ ആട് തന്നെ ട്രയിൻ ഇടിച്ച് ട്രാക്കിൽ കിടപ്പുണ്ട് വൈകുന്നേരം പണി കഴിഞ്ഞ് വരുന്നവരാ കണ്ടത്! ഞങ്ങളുടെ അമ്മിണി ആട് തന്നെ ആണോ വാസൂ.. മണിക്കുട്ടന്റെ അച്ഛൻ വിഷമത്തോടെ ചോദിച്ചു! അത് തന്നെയാ എനിക്ക് ഉറപ്പാ അയാൾ പറഞ്ഞു!

ഇങ്ങോട്ട് കൊണ്ട് വരണ്ടാ നിങ്ങൾ എല്ലാവരും കൂടി പങ്കിട്ടെടുത്തോളൂ!
അതും പറഞ്ഞു മണിക്കുട്ടന്റെ അച്ഛൻ വീടിന്റെ ഉള്ളിലേക്ക് കയറി.
അവർ പറഞ്ഞതെല്ലാം കേട്ടു കൊണ്ട് മണിക്കുട്ടൻ അവിടെ നിൽപ്പുണ്ടായിരുന്നു!
അവൻ ഉറക്കെ നിലവിളിച്ചു കരഞ്ഞു !അച്ഛനും അമ്മയും അനിയത്തിയും കൂടി അവനെ കൂട്ടി പിടിച്ച് ഇരുന്നു. അവർ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു !

അങ്ങനെ കുറേ നാട്ടുകാർ ചേർന്ന് ആ ആടിനെ പങ്കിട്ടെടുത്തു… ആട്ടിറച്ചി വെച്ച മണം ആ നാട് മുഴുവൻ പരന്നു. കുറേ നാളുകൾക്കു ശേഷം, ഒരു ദിവസം രാത്രി
മണികുട്ടൻ ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടപ്പായിരുന്നു.
പെട്ടന്ന്, മണി കിലുങ്ങുന്ന ഒരു ശബ്ദം മണിക്കുട്ടന്റെ കാതുകളിൽ കേട്ടു
അവൻ ചെവി ഓർത്തു കിടന്നു. ആ ശബ്ദം ഉറക്കെ ഉറക്കെ കേട്ടു കൊണ്ട് ഇരുന്നു !
അവൻ ഓടിപ്പോയി വീടിന്റെ വാതിൽ തുറന്നു!

വീട്ടു പടിക്കൽ അതാ അവന്റെ അമ്മിണി ആട് നിൽക്കുന്നു !
അവൻ അതിന്റെ അടുത്തേക്ക് ഓടിച്ചെന്നു.
ആടിന്റെ ശരീരം മുഴുവൻ ചെളിയും പൊടിയും നിറഞ്ഞിരുന്നു. അതിന്റെ രോമം കുറേ കൊഴിഞ്ഞു പോയിട്ടും ഉണ്ട്. അവൻ സന്തോഷം കൊണ്ട് അമ്മിണി ആടിനെ കൂട്ടി പിടിച്ചു കരഞ്ഞു. അപ്പോഴേക്കും അച്ഛനും അമ്മയും പുറത്തേക്ക് വന്നു!

അമ്മിണി ആടിനെ കണ്ടപ്പോൾ അവർക്കും സന്തോഷം ആയി!
അമ്മിണി ആട് സ്നേഹത്തോടെ മണിക്കുട്ടന്റെ കൈകളിൽ മുഖമുരസികൊണ്ടിരുന്നു ! മണിക്കുട്ടൻ അമ്മിണി ആടിനെ കുളിപ്പിച്ച് സുന്ദരിയാക്കി
പഴയ അമ്മിണി ആട് ആയി മാറി !. പിറ്റേന്ന് രാവിലെ മണിക്കുട്ടൻ ഒരുപാടു സന്തോഷത്തോടെ ഉറക്കം എണീറ്റു. നേരെ പോയത് അമ്മിണി ആടിന്റെ അടുത്തേക്ക് ആയിരുന്നു! എന്നിട്ട് അതിനോട് കുറേ നേരം സംസാരിച്ചു കൊണ്ടിരുന്നു! മണിക്കുട്ടൻ പറഞ്ഞതെല്ലാം മനസ്സിലായപോലെ അത് തലയാട്ടി കൊണ്ടും ഇരുന്നു!

അങ്ങനെ വൈകുന്നേരം ആയപ്പോൾ മണിക്കുട്ടൻ അമ്മിണി ആടിനെയും കൊണ്ട് കുന്നിൻ ചെരുവിലേക്ക് പുറപ്പെട്ടു ! പച്ചപ്പ് നിറഞ്ഞ ആ
കുന്നിൻ ചെരുവിലൂടെ മണിക്കുട്ടനും അമ്മിണി ആടും പഴയപോലെ സന്തോഷത്തോടെ ഓടി ചാടി നടന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here