കഥ
അഭിനന്ദ്
ഒന്ന്
ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു, പരിശോധനയ്ക്ക് വരി നിൽക്കുമ്പോൾ പോലും അഭയൻ കരുതിയിരുന്നത്. പക്ഷെ, പനിമാറി തലപൊന്തി തുടങ്ങിയപ്പോൾ മുതൽ,ഒട്ടും പരിചയമില്ലാത്തൊരു വീർപ്പുമുട്ടൽ അയാളെ വന്നു പൊതിയാൻ തുടങ്ങിയിരുന്നു. അതാണിപ്പോൾ പൂർത്തിയായത്. ഇനി പത്തുദിവസത്തെ അജ്ഞാതവാസവും അതുകഴിഞ്ഞുള്ള, ഏഴുദിവസത്തെ ഏകാന്തവാസവുമാണ് വിധി.
വായിക്കാനും എഴുതാനും കഴിയാത്തതിന്റെ മൂലകാരണങ്ങളായി, അഭയൻ തന്നെ കണ്ടെത്തി വികസിപ്പിച്ചെടുത്തു പ്രചരിപ്പിച്ചു വന്നിരുന്ന, അദ്ധ്വാനക്കൂടുതലും സമയക്കുറവും എന്ന മഹത്തായ രണ്ട് ഹേതുക്കളാണ്,ഈ ഒരൊറ്റ വിധിപ്രസ്താവത്താൽ റദ്ദായിപ്പോയത്. എന്നിട്ടും, മുറിയുടെ ഒത്ത മൂലയിൽ നിവർന്നു നിന്നിരുന്ന, തീരെ മെലിഞ്ഞ പുസ്തകഷെൽഫിന് മുന്നിലെ കുഞ്ഞൻ മേശയോട് ചേർത്തിട്ട കസേരയിൽ ഇരുന്ന്, ഒരു വാക്കിലേക്കോ വരിയിലേക്കോ നോക്കാൻ പോലും കഴിയാതെ, കഴിഞ്ഞ കുറേ മണിക്കൂറുകളായി അകംകെട്ട് കഴിയുകയാണയാൾ. അടുത്തെത്തുമ്പോഴേക്കും വായിക്കാൻ വരി കാട്ടാറുള്ള പുസ്തകങ്ങളിപ്പോൾ, ഭ്രഷ്ടനാക്കപ്പെട്ടവനോടുള്ള സഹതാപം നീട്ടുന്നതുപോലെ.
“വിശന്നിരിക്കുന്ന ആത്മാക്കൾക്കു മുമ്പിൽ, അന്നമാവാൻ വരെ ആയുധശേഷിയുള്ള പുസ്തകങ്ങൾക്ക്, പോസിറ്റീവ് വെെറസ് പേറുന്ന ശരീരത്തെ നെഗറ്റീവാക്കാനുള്ള കരുത്തില്ലാതെ പോയതെന്തേ ?” മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ എന്ന് ഫോണിൽ വിളിച്ചു ചോദിച്ച ആരോഗ്യപ്രവർത്തകയെ, വലിയ ശ്രദ്ധയോടെ കേൾക്കുന്നതിനിടയിലും അഭയൻ, തന്റെ വിചിത്രമായ ചില ചോദ്യങ്ങൾക്കൊപ്പം തന്നെയായിരുന്നു. ഫോണിൽ, ആരോഗ്യപ്രവർത്തകയുടെ നിർദ്ദേശങ്ങൾ പെട്ടെന്ന് കട്ടായതും വാട്സാപ്പിൽ, ഇഷ്ടകവി, നാരായണൻ മാഷിന്റെ സന്ദേശം കാത്തു നിന്നിരുന്നു. “നർമ്മ മധുരമായതെന്തെങ്കിലും വായിക്കൂ. ബഷീറോ വി.കെ.എന്നോ.,സംഗീതം ഇഷ്ടപ്രകാരം കേൾക്കൂ..മെല്ലെ നേരെയായിക്കോളും.”
മണിക്കൂറുകൾ വരിനിന്നു കാണാൻ കഴിഞ്ഞ, ഒരു മഹാവെെദ്യന്റെ കുറിപ്പടി കെെപ്പറ്റിയ മട്ടിൽ, അഭയനത് പലയാവർത്തി വായിച്ചു. ഫോണിലൂടെയും അല്ലാതേയും പ്രവഹിക്കുന്ന, വെെറസ് വെെദ്യന്മാരുടെ ടിപ്പണിയേക്കാളും ഇരട്ടി ഗുണമുണ്ടാവും ഈ കുറിപ്പടിക്കെന്ന് അയാൾക്കുറപ്പുണ്ട്. മുൻപും കുറച്ചധികം മുഷിഞ്ഞുപോയ ദിനാന്തങ്ങളിൽ പലപ്പോഴും ഇങ്ങനെ ചില മനുഷ്യരുടെ, മാസ് എൻട്രികൾ അനുഭവിച്ചിട്ടുണ്ട്. നേരിട്ടെത്തിയോ, കുറിപ്പടി അയച്ചോ അവരത് ഭംഗിയായി തന്നിട്ട് പോകും. അടുത്ത ദിവസത്തേയ്ക്ക് ഒന്നുണർന്നു കിട്ടാൻ, അതുമതിയാവും. നാരായണൻ മാഷിന്, സസ്നേഹം എന്ന മറുപടി മടക്കുമ്പോൾ, അയാൾ അതും കൂടി ചേർത്തു.
കിടപ്പിനും വായനയ്ക്കും ആവുന്നത്ര അടുക്കളയ്ക്കുമായി, ആവശ്യാനുസരണം രൂപം മാറാൻ അതിശയശേഷിയുള്ള ഒരൊറ്റമുറിയും കുളിമുറിയെ വാലറ്റത്ത് അടക്കം ചെയ്ത ഒരു പിൻവരാന്തയും അടങ്ങുന്ന, അഭയന്റെ വാടകവീടിന്റെ വലിയ പരിമിതിയ്ക്കകത്ത്, നടന്നും വീണ്ടുമിരുന്നും ഇടയ്ക്ക് ഫോണെടുത്ത് തുറന്നും ഒരു കോവിഡ് വിക്ടിമിന്റെ കൊടിയ ഏകാന്തതയെ ജയിക്കാൻ അയാൾ ശരിക്കും പണിപ്പെട്ടു. എഴുന്നേറ്റ് മുഖം കഴുകി, തിളപ്പിച്ചു വെച്ചിരുന്ന വെള്ളമെടുത്ത് കുടിക്കുമ്പോൾ ഓർത്തു : രാവിലെ ചെയ്ത വലിയൊരു പണിയാണ്, ഇത്തിരി ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചിട്ട് കുറച്ച് വെള്ളം തിളപ്പിച്ചത്. ഭക്ഷണത്തിനു മാത്രമല്ല, ഒന്നിനും വേണ്ടത്ര രുചി തോന്നിച്ചില്ല. അഭയൻ വീണ്ടും പുസ്തകങ്ങൾക്കടുത്തു ചെന്നിരുന്നു.
തന്റെ വീടിന് തൊട്ടു വലതു ഭാഗത്തായി,പുതിയതായി പൊന്തിയ രണ്ടുനില വീടിന്റെ അവസാന മിനുക്കു ജോലികൾ തിരക്കിട്ടു നടക്കുന്നുണ്ട്. ജനലിന്റെ പകുതി തുറന്നിട്ടിരുന്ന മരച്ചട്ടയിട്ട ചില്ലുവാതിൽ വഴി,
അയാൾക്കത് കുറേക്കൂടെ അടുത്ത് കാണാം. ഇടയ്ക്കെന്തിനോ താഴത്തെ നിലയിലേക്ക് വന്ന, കാഴ്ചയിൽ പെയിന്ററെന്ന് തോന്നിച്ച ഒരാൾ, തന്നെ കണ്ടതും തിടുക്കത്തിൽ മുഖം തിരിച്ച് അകത്തേക്ക് കയറിപ്പോയത് കണ്ട്, അഭയൻ മേശയ്ക്കുമുകളിലൂടെ കെെയ്യെത്തിച്ച്, ജനൽകാഴ്ചയെ അടച്ച് കൊളുത്തിട്ടു. അയൽപക്കത്ത് താമസിക്കാനെത്തുന്നത്, പ്രവാസിയായ ഒരു സാജൻ തോമസ് ആണെന്നും, അയാൾ കഴിഞ്ഞ ഒന്നരവർഷംകൊണ്ട്, സ്ഥലം വാങ്ങി പണിത വീടാണിതെന്നും ഒഴിച്ചാൽ, അഭയന് തന്റെ അയൽക്കാരനെക്കുറിച്ച് പുതിയതായി ഒന്നും അറിയില്ല. അറിയണമെന്ന് ആഗ്രഹിച്ചില്ലെന്ന് മാത്രമല്ല, അറിയാതിരിക്കാൻ, അയാള്‍ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്തു. അതുകൊണ്ടാവും എട്ടാംക്ലാസുവരെ ഒന്നിച്ചു പഠിച്ച ഒരാളെ, വർഷങ്ങൾക്കുശേഷം അടുത്ത് കാണുമ്പോൾ തോന്നേണ്ടിയിരുന്ന ഒന്നും കഴിഞ്ഞ ഒന്നരവർഷത്തിനിടയിൽ ഒരിക്കൽപോലും അയാളില്‍ വെളിപ്പെടാതിരുന്നതും.
മേശയ്ക്കുമുകളില്‍ അടുക്ക് തെറ്റിക്കിടന്ന പുസ്തകങ്ങള്‍ക്കു മുമ്പില്‍ ഇരുന്ന്, അഭയന്‍, അയാളെത്തന്നെ ക്രമത്തില്‍ ഓര്‍ത്തെടുത്തു വായിക്കാന്‍ തുടങ്ങി. മുമ്പെപ്പോഴോ എഴുതി വെച്ച, ഒരോര്‍മക്കുറിപ്പെടുത്തുവെച്ച് വായിക്കും പോലെ അതിങ്ങനെ തുടങ്ങി: ജീവിതത്തിൽ ആദ്യമായി ഒരു പ്രണയലേഖനം കാണാനും കേള്‍ക്കാനും കഴിഞ്ഞത്, വേലൂരിലെ പള്ളിസ്കൂളില്‍ ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. അധ്യാപകരില്‍ ഉഗ്രരൂപിയായിരുന്ന ജോർജ് മാഷിന്റെ കണക്കു ക്ലാസ്സില്‍.
ലസാഗുവിന്റെ ലാവണ്യത്തെപ്പറ്റി മാഷ് വര്‍ണിക്കാന്‍ തുടങ്ങുമ്പോഴാണ്, താഴ്ന്നുപറന്ന ഒരു കടലാസു വിമാനം പെണ്‍കുട്ടികള്‍ ഇരിക്കുന്നിടത്തുനിന്നും കുറച്ച് തെന്നിമാറി ഇടിച്ചിറങ്ങിയത്. ക്ലാസ്സിന്റെ റണ്‍വേ തെറ്റിച്ച് ക്രാഷ്ലാന്‍റ് ചെയ്ത പ്രസ്തുത വിമാനത്തിന്റെ മടങ്ങിയൊടിഞ്ഞ കടലാസു ചിറകുകള്‍ പതുക്കെ നിവര്‍ത്തുമ്പോള്‍, മാഷ് തന്റെ കണ്ണടയ്ക്കു മുകളിലൂടെ ഞങ്ങള്‍ ആണ്‍കുട്ടികളിലേക്ക് മാത്രമായി, ഒരൊറ്റനോട്ടം നീട്ടി. പിന്നീട് വിമാനത്തെ വിടര്‍ത്തിപ്പിടിച്ച് ഉറക്കെ വായിച്ചു.
ഇങ്ങനെയായിരുന്നില്ലല്ലോ ഇതു വായിക്കേണ്ടിയിരുന്നത് എന്ന് കേള്‍ക്കുന്നവരെക്കൊണ്ട് തോന്നിപ്പിക്കുന്ന മട്ടില്‍ ,മാഷ് വായിച്ചുതീര്‍ന്നതും നിസ്സംശയം ഞങ്ങള്‍ മുഴുവന്‍ ആണ്‍കുട്ടികളും മികച്ച വെെമാനികന്മാരായിക്കഴിഞ്ഞിരുന്നു. ക്ലാസുമുറിയെ രണ്ടായി പകുത്തതിന്റെ, ഇടതുവശത്തെ രണ്ടാമത്തെ വരിയിൽ രണ്ടറ്റങ്ങളില്‍ ഞാനും സുബീഷും സ്ഥിരക്കാരാണ്. നടുക്ക് സനിലനും മണിക്ണ്ഠനും. തൊട്ടു പിറകിലാണ്, സാജൻ തോമസും സംഘവും. മാഷ് ഓരാേരുത്തരേയും പ്രത്യേകം വിളിപ്പിച്ച് ചോദ്യം ചെയ്തു.
ആയോധനത്തെ മാത്രം മാറ്റിനിര്‍ത്തിയാല്‍, മാഷിന് വിശേഷപ്പെട്ടതായി ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന സവിശേഷ ശിക്ഷണമുറകള്‍ മുഴുവനും പ്രയോഗിക്കപ്പെട്ടിട്ടും മുഖ്യ വെെമാനികനെ കണ്ടെത്താനുള്ള ശ്രമം പിന്നെയും നീണ്ടു. ഒടുക്കം,എഴുത്തു പരീക്ഷ നടത്താനുള്ള പ്രഖ്യാപനം വന്നു.
ക്ലാസിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത പൊതുപരീക്ഷ തീർന്നതും വ്യത്യസ്ത കെെപ്പടകളിൽ കേട്ടെഴുതപ്പെട്ട, മുപ്പതിലധികം പ്രണയലേഖനപകർപ്പുകളും കൊണ്ട് മാഷ് പുറത്തേക്ക് പോയി.
ഉച്ചയ്ക്കു മുമ്പുള്ള ഇന്റർവെല്ലിനു ബെല്ലടിച്ചിട്ടും ഞങ്ങളാരും പുറത്തിറങ്ങിയില്ല. ഒത്തുകിട്ടിയാല്‍ നിർത്താതെ സംസാരിച്ചിരുന്നവർ പോലും നിശബ്ദരായി തലതാഴ്ത്തി ഇരുന്നു. ഇടവേളകഴിഞ്ഞതോ, മറ്റൊരു ടീച്ചർ ക്ലാസിലേക്ക് വന്നതോ ഒന്നും ഞങ്ങളുടെ ശ്രദ്ധയിൽ വന്നില്ല. പെട്ടെന്നാണ് പ്യൂണ്‍ വന്നു പേര് വിളിച്ചത് :”അഭയൻ കെ.പി..,ജോർജ്ജ് മാഷ് വിളിക്കുന്നു. പള്ളിഹാളിലേക്ക് ചെല്ലൂ.” ടീച്ചറുൾപ്പെടെ എല്ലാവരും “അഭയനോ…!” എന്നര്‍ത്ഥത്തില്‍ ഒരുമിച്ചു നോക്കിയിട്ടും പ്യൂണ്‍ വിളിച്ചത് മറ്റാരുടേയോ പേരാണെന്നുറച്ച്,ഞാനെഴുന്നേല്‍ക്കാന്‍ വെെകി. “വിളിച്ചതു കേട്ടില്ലേ?,ചെല്ല്.” ഇറക്കി വിടുന്നതു പോലെയാണ് ടീച്ചറത് പറഞ്ഞത്. ഞാന്‍ എഴുന്നേറ്റു പുറത്തേയ്ക്ക് നടന്നു.
“ടാ,പരീക്ഷയില്‍ നീയൊഴികെ, ബാക്കിയെല്ലാവരും തോറ്റു.”പള്ളി ഹാളിന്റെ വശങ്ങളില്‍ കിടന്നിരുന്ന ചാരു ബെഞ്ചിലൊന്നില്‍, കാലു നീട്ടിയിരുന്ന് മാഷ് പറഞ്ഞു.”അപ്പൊ നിന്നെയൊന്നു അഭിനന്ദിയ്ക്കെണ്ടെടാ,ഏ…അതിനാ വിളിപ്പിച്ചത്.?”
“മാഷേ..”എനിക്കപ്പോഴും ഒന്നും മനസിലായില്ല.
“പറയെടാ.”മറ്റൊരു ഭാഷയിലേക്ക് മാഷ് സംസാരം മാറ്റിയിരുന്നു. “ക്ലാസില് ആരോടാടാ, നിനക്കിത്രയ്ക്ക് പ്രേമം.ഏ..?”
“ഞാനോ..?” ചങ്കില്‍ ഒട്ടിപ്പോയ ശബ്ദത്തിലും ഞാൻ തീർത്തു പറഞ്ഞു.”ഇല്ല,മാഷേ…ഞാനല്ല..ഞാൻ ചെയ്തിട്ടില്ല.”
“കെെപ്പടയങ്ങ് മാറ്റിയെഴുതിയാല്‍ എളുപ്പായീന്ന് കരുതി,അല്ലെടാ?ദാ,ഇതു കണ്ടോ..” ഞാനെഴുതിയതിലെ ഒരു വാക്കിന്,നക്കലിലെ വാക്കുമായി,നാഭീനാളബന്ധം കണ്ടെത്തിയ സന്തോഷത്തില്‍,രണ്ടും ഒരുമിച്ച് കാണിച്ച്,മാഷ് ഒരശ്ലീലചിരി ചിരിച്ചു.
അറിയില്ലെന്ന് ആവോളം കരഞ്ഞിട്ടും മാഷ് കനിഞ്ഞില്ല.
ഞാന്‍ തന്നെയാണ് അതു ചെയ്തതെന്ന് മാഷ് ഉറപ്പിച്ചതായി,അവസാന താക്കീതില്‍ വരെ കണ്ടു.
“മേലാല്‍,ഇമ്മാതിരി വേഷംകെട്ടുമായിട്ടെങ്ങാനും നീയെന്‍റെ ക്ലാസില്‍ വന്നാല്‍…ഇത്, ജോര്‍ജുമാഷാ..അറിയാലോ..?ഊം,പോ…പോടാ.”
അങ്ങനെയാണ്,
ഒരധ്യയനവര്‍ഷത്തെ പഠനം കൊണ്ട്,അല്ലെങ്കില്‍ ഒരപരാധത്തിന്റെ പിതൃത്വം കൊണ്ട്,ഒരായുഷ്കാലത്തേക്കുള്ളതു കൂടി ഞാന്‍ ഒപ്പിക്കുന്നത്.
അടുത്ത വര്‍ഷം ഹെെസ്കൂളിലേക്കായി.,
ഒരു വെള്ളിയാഴ്ച ദിവസം ക്ലാസു കഴിഞ്ഞ് മഴയത്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സ്കൂള്‍ ഗെയ്റ്റിനടത്തു വെച്ച്,സാജന്‍ തോമസ് ഓടിവന്ന് കുടയിലേക്ക് കയറി.
“എടാ അന്നതെന്‍റെ കെെയീന്ന് പോയതാ.”ഒരു മോശം തമാശയേക്കാള്‍ താഴ്ന്ന സ്ഥായിയിലാണ് അവനത് പറഞ്ഞത്.”നിനക്കറിയാലോ,ആ ബിന്‍സിയോട് എനിക്കൊരു ഇത്ണ്ടായിര്‌ന്നല്ലോ.നീയത് കാര്യാക്കണ്ട.അപ്പൊ തിങ്കളാഴ്ച കാണാം.”അവനെന്റെ തോളിലൊന്നമര്‍ത്തി,അടുത്ത കുടയിലേക്ക് ഓടിപ്പോയി.
തുടര്‍ന്നും ആവര്‍ഷം മുഴുവനും ഒരേ ക്ലാസിലുണ്ടായിട്ടും സാജനെ ഞാന്‍ അവസാനമായി കണ്ടത്,മഴയുള്ള ആ വെള്ളിയാഴ്ച തന്നെയായി.
അതിനടുത്ത വര്‍ഷം അവന്‍ മറ്റൊരു സ്കൂളിലേക്ക് മാറിയെന്ന് ആരോ പറഞ്ഞറിഞ്ഞു.
മുതിർന്നതിനുശേഷവും പിടിച്ചുനില്ക്കാനുള്ള അലച്ചിലിനിടയ്ക്ക്, ഒരിക്കൽ ടൗണിൽ വെച്ച് അറിയാതെ അടുത്ത് കണ്ടിരുന്നു.അന്നും കണ്ടിട്ടില്ലെന്ന് മുഖം കൊണ്ടഭിനയിച്ച് മിണ്ടാതെ പോന്നു.
അഭയൻ വായന നിർത്തി,അതേ ഇരിപ്പില്‍ കണ്ണടച്ചുപിടിച്ച് പുറകിലോട്ട് നിവർന്നു.
പെട്ടെന്നെന്തോ അയാള്‍ ശ്രീധരേട്ടനെ ഓര്‍ത്തു.
വര്‍ഷങ്ങളായി ടൗണ്‍ ഹാളിനു മുന്നില്‍ പഴയ പുസ്തകങ്ങൾ വില്‍ക്കുന്ന ശ്രീധരേട്ടന്‍.,
കോവിഡിനു മുന്‍പൊരു വെെകുന്നേരം ഏതോ പുസ്തകം മറിച്ചു നോക്കി അവിടെത്തന്നെ തിരിച്ചു വെക്കുമ്പോള്‍,മൂപ്പര് ഒരു ഡയലോഗ് എടുത്ത്
കെെയ്യിൽത്തന്നു :
“മനുഷ്യൻ എന്നത്,അങ്ങനെ,വെറുതെ മറിച്ചുനോക്കിയാലൊന്നും മനസ്സിലാക്കാൻ പറ്റുന്ന ഐറ്റമല്ലടോ.എത്ര മനസ്സിരുത്തിയാലും പിടുത്തം കിട്ടാത്ത ചിലതെങ്കിലും തങ്ങളിൽ ഇനിയും ശേഷിക്കുന്നുണ്ടെന്ന്,ഓരോരുത്തരും പരസ്പരം അടക്കം പറയും.”
രണ്ട്
സാജന്‍ തോമസ്,തന്റെ ബുള്ളറ്റ് പോര്‍ട്ടിക്കോവിലേക്ക് കയറ്റാതെ,മുറ്റത്ത് ചെരിച്ചു നിര്‍ത്തി. ഹെല്‍മറ്റ് ഹാന്റിലിലേക്ക് കൊളുത്തി ധൃതിയില്‍ ഇറങ്ങി.
“ടോ,ആ അഭയനില്ലേ,അയാൾക്ക് ഏതാണ്ട് തീരുമാനായിത്രേ.”സിറ്റൗട്ടിലേക്ക് വന്നു നിന്ന ഭാര്യ ആനിയോടായി അയാള്‍ പറഞ്ഞു.
“ഏത്,മ്മ്ടെ വീടിന്റെ അപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ആ…”
“അയാളന്നെ.,ഞാനിപ്പഴാ അറിഞ്ഞേ.ആ പെയ്ന്ററ് ശിവൻകുട്ടി വിളിച്ചു പറഞ്ഞതാ.”
“യ്യോ..കഷ്ടായിലോ.”ആനി അതേ നില്പില്‍ വീണ്ടും പറഞ്ഞു.”ഇനീപ്പോ ഒറ്റയ്ക്കയാള്…നിങ്ങൾക്കൊന്ന് വിളിച്ചു ചോയ്ക്കാര്ന്നു.”
“ഓ,അതിപ്പൊ ചോദിച്ചാലും മറുപടി ചെലപ്പളേണ്ടാവൂ.വെറുതെ മുഷിയും.” പോക്കറ്റിലുള്ളതു മുഴുവനും കണ്ണടയും ചേർത്ത് തിണ്ണയിലേക്ക് വെയ്ക്കുമ്പോൾ അയാൾ വീണ്ടും പറഞ്ഞു.”ഞാൻ പറഞ്ഞിട്ടില്ലേ,അയാളൊരു വകയാന്നേ..,
ഒടുക്കത്തെ ജാടേം.നീയാ തോര്‍ത്തും സോപ്പും ഒന്നെടുത്തേ..”
“ന്നാലും..”സോപ്പുപെട്ടിയും തോർത്തും കൊണ്ടുവന്നു നീട്ടുമ്പോൾ ആനി വീണ്ടും ഓർമിപ്പിച്ചു.”ഇങ്ങനത്തെ ആവശ്യങ്ങള് വരുമ്പോ അടുത്തുള്ള നമ്മളല്ലേ…”
“നീയാ മോട്ടറ് ഓൺ ചെയ്യ്.,പുറത്ത് കുളിക്കാം അതാ സുഖം.”അയാള്‍ വീടിന്റെ പിറകുവശത്തേയ്ക്ക് നടന്നു.
മൂന്ന്
രാത്രിയുടെ ക്ഷീണിച്ച ഇരുട്ടിനു മുകളിൽ ഒട്ടും ദയവില്ലാതെ പെയ്ത കറുത്തമഴ,ആതുരമായ സമയത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതായി.
അഭയൻ, മുൻവശത്തെ വാതിൽ തുറന്നുപിടിച്ച് കുറച്ചു നേരം നിന്നു.
വീടിനു മുന്നിലെ മണ്ണുവഴിയിൽ,നീളത്തില്‍ വീണു കിടന്നിരുന്ന വെളിച്ചത്തിലേക്ക്, മഴവെള്ളം കയറിപോകുന്നത് കണ്ട്,വീടോടെ വിഴുങ്ങാനോങ്ങുന്ന മറ്റൊരു മഴക്കോലത്തെ വെറുതെ സങ്കല്‍പ്പിച്ചപ്പോള്‍ അഭയന്‍ ഭയന്നു.
പതുക്കെ തിരിയാന്‍ തുടങ്ങുമ്പോൾ കണ്ടു : കഴുത്തുകൾ കൂട്ടിക്കെട്ടിയ നിലയിൽ,രണ്ടു ചെറിയ സഞ്ചികൾ ചവിട്ടുകല്ലിനുമുകളിലെ അരഭിത്തിയിൽ ചാരിവെച്ചിരുന്നു.വലിഞ്ഞു മുറുകിയ അതിന്റെ പ്ലാസ്റ്റിക് ഉടലുകൾ,
പുറത്തേയ്ക്ക് വീർത്തു നിന്നു.
അരഭിത്തിയോളം നടന്ന് അയാളത് പതുക്കെ എടുത്ത് പരിശോധിച്ചു.
ഒന്നില്‍,അപ്പോഴും ചൂട് വിടാത്തൊരു ഭക്ഷണപ്പൊതിയും അടുത്തതില്‍,നന്നായി പൊതിഞ്ഞു വെച്ച പുതിയതല്ലാത്ത മൂന്നു പുസ്തകങ്ങളുമായിരുന്നു.
ഒന്ന്,മറ്റൊന്നിന് തുണ വന്ന പോലെ തോന്നി അഭയന്.
അയാളത് ഒരുമിച്ചു ചേര്‍ത്തുപ്പിടിച്ച് ചുറ്റും നോക്കി.
“ഇത്…,ഇതാരാ…ഇവിടെ കൊണ്ടു വെച്ചേ.?”പെട്ടെന്ന്,ഉറച്ച മറുപടിയെന്ന മട്ടിൽ മഴ,ഒന്നുകൂടി ഒച്ചയിട്ടു.
അഭയന്‍ വേഗത്തില്‍ അകത്തേയ്ക്ക് ചെന്ന് സഞ്ചികള്‍ മേശയ്ക്കു മുകളിൽ വെച്ച് അങ്ങനെ നിന്നു.ഉള്ളില്‍ അതുവരെ ഏറ്റിപ്പിടിച്ചു നിന്ന അധികഭാരം ആരോ എളുപ്പത്തില്‍ എടുത്ത് മാറ്റിയെന്ന തോന്നലില്‍ ആയാസപ്പെട്ട്, കസേരയിലേക്ക് തളര്‍ന്നു. ഇടയ്‌ക്ക് എപ്പോഴോ തിരിഞ്ഞുകിട്ടിയ വെളിച്ചത്തില്‍ പതുക്കെ ഫോണെടുത്തു തുറന്നു.
പുറത്തെ ചാരുപടിയിൽ ഇരുന്ന്,തലേദിവസം ഓൺലെെനിൽ വരുത്തിയ പുതിയ ഫോണിന്റെ രുചി നോക്കുന്നതിനിടയിൽ, തിരശ്ശീലയില്‍ പെട്ടെന്നു തെളിഞ്ഞ നമ്പറില്‍ തൊട്ട്, സാജൻ തോമസ് ഫോണെടുത്തു.:”ഹലോ..”
“സാജൻ തോമസല്ലേ.?”
“അതെ.”
അഭയൻ,സാവകാശം സാധിച്ചെടുത്ത ചെറിയ ശബ്ദത്തില്‍ പറഞ്ഞു :”എടാ ആ പുസ്തകങ്ങള്… മൂന്നും ഞാൻ വായിച്ചതാണ്.,
ഉഗ്രൻ വർക്കല്ലേ.,
ഇനിയിപ്പൊ ഒന്നൂടെ വായിക്കാം.
നിന്റെ കയ്യില് ദസ്തയേവിസ്കിയുടെ ഭൂതാവിഷ്ടരുണ്ടോ?”
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല