ഒറ്റച്ചോദ്യം – കമാൽ വരദൂർ

0
147

ഒറ്റച്ചോദ്യം

അജു അഷ്‌റഫ് / കമാൽ വരദൂർ


ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്. VAR അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്ന മുറവിളി ഇന്നും ശക്തമായി ഉയരുന്നു. പ്രതിഷേധ സൂചകമായി കേരള ബ്ലാസ്റ്റേഴ്‌സ് ‘വാക്ക് ഔട്ട്’ നടത്തിയതോടെ റഫറിയിങ് സംബന്ധിച്ച ചർച്ചകൾ വീണ്ടും പാരമ്യത്തിൽ എത്തിയിരിക്കുന്നു.

ബ്ലാസ്റ്റേഴ്‌സിനെതിരെ അച്ചടക്കനടപടിക്ക് ഒരുങ്ങുകയാണ് AIFF. പരിശീലകൻ വുകമനോവിച്ചിനെ വിലക്കാൻ വരെ സംഘാടകർ തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബിനെതിരെ ഇത്ര കർശനമായ നടപടി സ്വീകരിക്കാൻ സംഘാടകർ തയ്യാറാവുമോ..? ഇത്ര വലിയ ശിക്ഷ ബ്ലാസ്റ്റേഴ്‌സ് അർഹിക്കുന്നുണ്ടോ?

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‍ബോളിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നത് ഇന്ത്യൻ ഫുട്‍ബോളിന്റെ വളർച്ചയാണ്, ഭാവിയുടെ ഇന്ത്യൻ താരങ്ങളെ കണ്ടെത്തുക എന്നതാണ്. അതിന്റെ ഭാഗമായാണ് ഓരോ ഐ. എസ്. എൽ ക്ലബ്ബുകൾക്കും നിലവാരമുള്ള ജൂനിയർ അക്കാദമികൾ വേണമെന്ന നിബന്ധന അടക്കം കൊണ്ടുവന്നത്. പക്ഷേ, ഒൻപതാം പതിപ്പ് കഴിഞ്ഞിട്ടും, ഈ ഒൻപത് വർഷത്തിനിടെ ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുട്‍ബോളിന് പുതിയൊരു താരോദയത്തെ സംഭാവന ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ, വ്യക്തമായ ഉത്തരം ഇല്ലെന്നതാണ് യാഥാർഥ്യം. ഇത്തവണ, ബംഗളൂരു എഫ്. സി യുടെ ശിവശക്തി നാരായണനാണ് ’emerging player’ അവാർഡിന് അർഹനായത്. കഴിഞ്ഞ സീസണുകളിലായി സഹൽ അബ്ദുസമദ് ഉൾപ്പെടെ പലരും ഈ അവാർഡ് നേടിയിട്ടുണ്ട്. എന്നിരുന്നാലും, ലീഗിന്റെ നിലവാരം എങ്ങോട്ടാണ്?

ഈ സീസൺ തന്നെ എടുക്കാം. എ. ടി. കെ മോഹൻ ബഗാൻ ഷൂട്ടൗട്ടിൽ വിജയിച്ച് കിരീടമണിഞ്ഞ ഈ പതിപ്പ്, കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങി, ഈ മാർച്ച് വരെ നീണ്ടുനിന്നു. കളിയുടെ നിലവാരം ഉയർന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. റഫറിയിങ് നിലവാരമാകട്ടെ, താഴെക്കാണ്. ഓരോ സീസണിലും റഫറിമാര് ചർച്ചയാകാറുണ്ട്. ഐ. എസ്. എല്ലിലെ ഏതൊരു ടീമിനെ എടുത്തുനോക്കിയാലും, വിദേശതാരങ്ങളാണ് കുന്തമുനകൾ. ഗോളുകളുടെ എണ്ണത്തിലായാലും, ഫ്രീക്കിക്കുകൾ പായിക്കുന്നതിലായാലും ഷൂട്ടൗട്ട് മികവിലായാലും (സുനിൽ ഛേത്രി അടക്കം കുറച്ച് ഇന്ത്യൻ താരങ്ങളുമുണ്ട്) വിദേശതാരങ്ങളാണ് ടീമുകളുടെ ഊർജ്ജം. എന്നാൽ, റഫറിയിങ്ങിൽ വിദേശികളില്ല!. നിയോഗിക്കപ്പെടുന്ന ആഭ്യന്തര റഫറിമാരുടെ നിലവാരമാകട്ടെ, പറ്റെ അബദ്ധവുമാണ്. പണ്ടൊക്കെ റഫറിയിങ്ങിനെ നാം ന്യായീകരിക്കാറുണ്ടായിരുന്നു. “റഫറിയും മനുഷ്യനാണ്, മാനുഷികമായ പിഴവുകൾ സംഭവിച്ചേക്കാം.” എന്നാൽ ഇന്നത്തെ കാലത്ത് സ്ഥിതി അതല്ല. VAR ഉൾപ്പെടെയുള്ള സാങ്കേതികസൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ, പത്താം സീസണിൽ എത്തിയിട്ടും ഐ. എസ്. എല്ലിൽ വാറില്ല!. ഇവിടെ റഫറിമാരെടുക്കുന്ന തെറ്റായ തീരുമാനങ്ങൾ കളിയുടെ ഗതി നിർണയിക്കുന്നു.

ബംഗളൂരുവിനെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിലെ പ്രശ്നത്തിൽ റഫറി ഒന്നാം പ്രതിയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അധികസമയത്ത് ലഭിച്ച ആ ഫ്രീകിക്ക് നിയമപരമായി നോക്കിയാൽ ഒരു ക്വിക്ക് ഫ്രീകിക്കാണ്. എന്നാൽ, റഫറി അവിടെ ഇടപെടണമായിരുന്നു. ആ കിക്ക് ഫൗളായി വിധിക്കാനോ, വീണ്ടുമെടുക്കാൻ വിധിക്കാനോ ഉള്ള അധികാരം റഫറിക്ക് ഉണ്ടായിരുന്നു. മുൻപ് ലാലിഗയിൽ സമാനമായ സാഹചര്യത്തിൽ കിക്കെടുത്ത മെസ്സിക്ക്, യെല്ലോ കാർഡാണ് റഫറി നൽകിയത്. റഫറിയാണവിടെ ശക്തനായി നിലകൊള്ളേണ്ടത്. സുനിൽ ഛേത്രിപോലെ ഒരു സീനിയർ താരം അത്‌ ചെയ്യാമോ എന്ന കാര്യത്തിൽ തർക്കങ്ങൾ ഉണ്ടെങ്കിലും, ടീമിന്റെ വിജയത്തിനായി ചെയ്തതാണെന്ന് പറഞ്ഞ് ഒരു പരിധി വരെ ന്യായീകരിക്കാം.

ഫൈനലിലും റഫറിയിങ്ങിന്റെ നിലവാരക്കുറവ് ദൃശ്യമായി. ബഗാന് അനുകൂലമായി വിധിക്കപ്പെട്ട രണ്ടാം പെനാൽറ്റി സത്യത്തിൽ പെനാൽറ്റി അല്ല. റഫറിയുടെ തീരുമാനം അന്തിമമാണ് എന്നത് കളിയിലെ നിയമമാണല്ലോ. അതുകൊണ്ട് തന്നെ, ഇവാൻ വുകമനോവിച്ച് ടീമിനെ പിൻവലിച്ച തീരുമാനം അപക്വമായിരുന്നു. തിരിച്ചടിക്കാൻ 24 മിനിറ്റിലധികം ബാക്കി ഉണ്ടായിരുന്നു എന്നതോർക്കണം. അത്തരമൊരു സാഹചര്യത്തിൽ ഗോളുകളിലൂടെയായിരുന്നു മറുപടി കൊടുക്കേണ്ടതെങ്കിലും, അദ്ദേഹം വൈകാരികമായി പ്രതികരിച്ചുപോയി. ഇനി വരാനുള്ളത് നടപടിയാണ്. പിഴ ലഭിക്കുമെന്നും, വിലക്ക് നേരിടേണ്ടി വരുമെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ എന്ത് തീരുമാനം എടുക്കുമെന്നത് ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. എങ്കിൽ പോലും, ഏത് തരത്തിൽ ഉള്ള തീരുമാനം എടുത്താലും, വിലക്ക് പോലൊരു നീക്കം AIFF ന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കർശനമായ നടപടി കൈക്കൊണ്ടാൽ അടുത്ത പതിപ്പിനെ അത് സാരമായി ബാധിക്കും എന്നറിയാവുന്ന AIFF അതിന് മുതിരില്ല എന്ന് ഞാൻ കരുതുന്നു. സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള, ഊർജത്തിന്റെ പര്യായമായ മഞ്ഞപ്പടയെ കണക്കിലെടുക്കുമെന്നും, ശിക്ഷ താക്കീതിൽ ഒതുക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. അതിലപ്പുറമുള്ള ശിക്ഷ നൽകിയാൽ, സ്വയം പരിഹാസ്യരാവുമെന്ന തിരിച്ചറിവ് സംഘടകർക്കുണ്ടാവും. ഇനിയെങ്കിലും കളി പ്രഫഷണൽ ആവുമെന്നും VAR ഇന്ത്യയിലും എത്തുമെന്നും നമുക്ക് പ്രത്യാശിക്കാം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here