തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

0
205

കവിത

മനീഷ

തോറ്റുപോയവൾ
കവിതയെഴുതുമ്പോൾ
കടലാസ്സിൽ വിഷാദത്തിന്റെ
കരിനീല മഷി പടരും
വരികളിൽ ക്ലാവ് പിടിച്ച
ജീവിതം പറ്റിനിൽക്കും.
കല്ലിലുരച്ചിട്ടും
ബാക്കി നിൽക്കുന്ന
വരാൽ ചെതുമ്പൽ കണക്കെ
നിരാസത്തിന്റെ പാടുകൾ
വരികളിലൊട്ടി നിൽക്കും.
അവളുടുക്കാൻ കൊതിച്ച
ചേല കണക്കെ തിളങ്ങുന്ന
ബിംബമൊരെണ്ണം
വരികൾക്കിടയിൽ
ഒളിച്ചിരിക്കും.
അവളുടെ അരിഞ്ഞ
സ്വപ്നച്ചിറകുകൾ
കാറ്റിൽ ലിപികളില്ലാ വരികൾ മൂളും
സ്നേഹം സ്നേഹം
എന്ന വാക്കുമാത്രം
വരികൾക്കിടയിൽ
ഏച്ചു നിൽക്കും.
തോറ്റുപോയത്
പോരാടാനറിയാതെയല്ല
വൈകാരികമായൊരു മനസ്സും
അതിനുള്ളിലെ സ്നേഹവും
കൊണ്ടാണെന്ന്
കടുപ്പിച്ച വരികൾ
ഓർമിപ്പിക്കും.
തോറ്റുപോയതാരും
അറിയാതിരിക്കാൻ
ബലികൊടുത്ത സ്വാഭിമാനം
വരികളെ തീണ്ടാതെ അലയും.
പിടിച്ചുനിൽക്കാൻ ശ്രമിച്ചു
തഴമ്പിച്ച ഹൃദയം
കവിതയിൽ സ്പന്ദിക്കും.
കണ്ണീരിന്റെ ഉപ്പാൽ കവിതയിൽ
കയ്പ്പ് മുന്തി നിൽക്കും.
തോറ്റുപോയവളുടെ കവിത
ആസ്വാദകർ നുകരുമ്പോൾ,
അവൾ അക്ഷരങ്ങളെ മറന്നു
പൊട്ടിക്കരയുകയോ
ചിരിക്കുകയോ ആകും,
അവളുടെ കവിത പോലെ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here