കിണറാഴങ്ങൾ   

0
376
Soumithran

കഥ 
സൗമിത്രൻ 

അന്ന് തീവണ്ടികളെല്ലാം നേരം തെറ്റി ഓടിയിരുന്നതിനാലാവാം, ഷഹൻപൂർ റെയിൽവേ ജംഗ്ഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും നല്ല തിരക്കുണ്ടായിരുന്നു. നേരം വളരെ  വൈകിയോടുന്ന കേരളാ എക്സ്പ്രസ്സ് പ്രതീക്ഷിച്ച്  മലയാളികൾ തിങ്ങിക്കൂടിയ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ വിശേഷിച്ചും. ആൾക്കൂട്ടത്തിനിടയിൽ വേവലാതികൾ ഒന്നും പ്രകടിപ്പിക്കാതെ ശാന്തഗംഭീരനായി നിന്ന ഗംഗാധരനെയും അയാളുടെ ഭാര്യയേയും മറ്റുള്ളവർ ജിജ്ഞാസയോടെയും തെല്ല്  കൗതുകത്തോടെയും  ശ്രദ്ധിച്ചു.

എണ്ണക്കറുപ്പിൽ ആറടിയോളം പൊക്കം.വൃത്തിയായി ഷേവ് ചെയ്ത മുഖത്ത് കവിളുകളിലേക്ക് പടർന്ന് പന്തലിച്ച്
നിൽക്കുന്ന കട്ടിക്കറുമ്പൻ മീശ.കൂട്ടുപുരികത്തിന് താഴേ തിളക്കമുള്ള വെള്ളക്കണ്ണുകളിൽ കറുത്ത കൃഷ്ണമണികളുടെ മുനയുള്ള നോട്ടം.നീണ്ടു കൂർത്ത മൂക്ക്. നല്ല നെഞ്ചുവിരിവോടെ ജാഗരൂകനായി നീണ്ടു നിവർന്നുള്ള നിൽപ്.പോളിഷിട്ട് തിളക്കിയ കറുത്തഷൂസിനും ഇരുണ്ട നീല നിറത്തിലെ പാൻറ്റിനും  ഇടയിലൂടെ കാലനക്കുമ്പോൾ കാണായ തൂവെള്ള സോക്സ്. ഭംഗിയായി ഇസ്തിരിയിട്ട പാൻറ്റിൽ ഇരുപുറത്തും  ഇടുപ്പ് മുതൽ കീഴറ്റം വരെ ഒരിഞ്ചോളം വീതിയുള്ള രണ്ട് സ്വർണ്ണവരകൾ.പാൻറ്റിൻ്റെ നീലനിറത്തിലെ കുപ്പായത്തിൻെറ വലിയ ബട്ടണുകൾക്ക്  സ്വർണ്ണത്തിളക്കം. കുപ്പായത്തിൻെറ രണ്ടു മുഴുനീളക്കൈകളുടെ അറ്റത്തും തോളിൽ മടക്കി ബട്ടൺസ് ഇട്ട് വച്ചിരുന്ന പട്ടയിലുമുണ്ടായിരുന്നു വീതിയുള്ള മൂന്ന് സ്വർണവരകൾ.ഗംഗാധരൻ ധരിച്ചിരുന്ന കടുംനീല  തലപ്പാവിലെ പൂവ് മുകളറ്റത്ത് മഞ്ഞ വരകളുമായി മുന്നിൽ നിന്നും പിന്നിലേക്ക് വിശറി പോലെ വിടർന്ന് നിന്നു. തലപ്പാവിൻെറ പിന്നിൽ നിന്നും മുതുകിലേക്ക് വീതിയിൽ മടക്കിയിട്ടിരുന്ന ഒരടിയോളം നീളമുള്ള വാലിൻെറ അറ്റത്തും ഉണ്ടായിരുന്നു മൂന്ന് മഞ്ഞ വരകൾ.

soumithran
ചിത്രീകരണം : സുബേഷ് പത്മനാഭൻ

ദ്വാരപാലനം ചെയ്തിരുന്ന മാളിൻെറ മുതലാളിയോട് സ്വത്വത്തിൽ തോൽവികൾ ദ്രവിപ്പിച്ചെടുത്ത ഇടങ്ങളിലെ വന്യശൂന്യതകൾ മറയ്ക്കാൻ ഇരന്നു വാങ്ങിയ യൂണിഫോം ഗംഗാധരന് നൽകിയ പ്രൗഢിയോട് ചേരുന്നതായിരുന്നില്ല പക്ഷേ ഭാര്യ നിർമ്മലയുടെ വേഷവും ഭാവവും.നന്നേ പഴക്കം തോന്നിക്കുന്ന ചുരിദാറും ബോട്ടവും. എണ്ണമയമില്ലാതെ പാറിപ്പറന്ന മുടി. പട്ടിണി പ്രകടമാക്കുന്ന  മെല്ലിച്ച ശരീരവും കുഴിയിലേക്ക് താഴ്ന്ന കണ്ണുകളും. തോളിലിട്ടിരുന്ന തോർത്തിനു  മാത്രമായിരുന്നു അല്പം പുതുമ.ലഗേജായി പഴക്കമുള്ള ഒരു വലിയ  സ്യുട്ട്കേസും രണ്ട് ബയൻറ് പെട്ടികളും പിന്നെ  തുണിക്കടയിൽ നിന്ന് കിട്ടുന്ന  പ്ലാസ്റ്റിക് കൂടുകളിൽ കുത്തിനിറച്ച എന്തൊക്കെയോയും . പരസ്പരം ഉരിയാടാതെ ഗംഗാധരനും നിർമ്മലയും  ഏകാന്തതയുടെ നെടുങ്കൻ തൂണിന് ഇരുപുറവുമായി പ്ലാറ്റ്‌ഫോമിൻെറ ആസ്ബസ്റ്റോസ് കൂരയുടെ കീഴിലെ ചൂടിൽ വണ്ടി കാത്തു നിന്നു.

അല്പം അകലെ ഫുൾകൈ ഷർട്ടും പാൻറ്റും ഷൂസും കൂളിംഗ് ഗ്ലാസും ധരിച്ച മീന്തുള്ളിക്കാരൻ പുന്നൂസ്  യാത്രാസുഖത്തിനായി ബോധത്തിൽ അലിയിച്ച പെഗ്ഗിൽ ചാരി കൂട്ടുകാരൻ മഹാരഥനോട് ഗംഗാധരനെ ചൂണ്ടിപ്പറഞ്ഞു :

“നോക്കടാ മഹാരഥാ, ദേണ്ടെ ഒരു രാജാവ്  ”

“ ഇത് നമ്മുടെ മീന്തുള്ളി രാജാവല്ലേ!” മഹാരഥന് സംശയമേതുമില്ലായിരുന്നു.

“ശരിയാണല്ലോ! ഇവിടെ വരെ വന്നിട്ട് ഈ അന്യനാട്ടിക്കിടന്ന്  വെൽഡിങ്ങിൻെറ പൊരീലും പൊകേലും  പെരളുന്ന നമ്മടെ ക്ഷേമമന്വേഷിക്കാതെ പോകുന്നത് രാജനീതിക്ക് ചേർന്നതാണോ? “ സ്വന്തം അപ്പനമ്മമാരിൽ തുടങ്ങി  സ്‌കൂൾമാഷ് മുതൽ ഇങ്ങോട്ട് തൻെറ മുന്നിൽ വന്നിട്ടുള്ള  എല്ലാ അധികാര സ്ഥാനങ്ങളെയും വെറുത്തിരുന്ന പുന്നൂസ് വേലത്തഴമ്പുള്ള കൈപ്പടം ഞെരിച്ചു.

“എന്ത്  രാജനീതി … നമുക്ക് ദേ …ഇത് തന്നെ ശരണം “ മഹാരഥൻ ബാഗിലെ  മദ്യം കലർത്തിയ കോളക്കുപ്പിയിൽ തട്ടിക്കൊണ്ട് പറഞ്ഞു.

“ആരെന്നാ കോപ്പായാലും, ആ വണ്ടിയൊന്നു വന്നാ മതിയാരുന്നു. എനിക്കൊരുമാതിരി ധാർമ്മിക രോഷം ചൊറിയുന്നു.”
മീന്തുള്ളി രാജാവായി അഭിഷിക്തനായ ഗംഗാധരനിൽ നിന്നും പുന്നൂസ് കണ്ണെടുക്കുന്നതിന് മുമ്പേ തീവണ്ടിയുടെ അനൗൺസ്മെൻറ്റ് വന്നു. യാത്രക്കാർ ഇരമ്പിക്കയറിയ ജനറൽ കംപാർട്മെന്റിലെ ലഗേജ് റാക്കിൽ അള്ളിപ്പിടിച്ച് കയറാൻ മഹാരഥൻ ശ്രമിക്കുന്നതിനിടെ “ ഹട്ട് ..ഹട്ട് ..” എന്ന ആക്രോശവുമായി സീറ്റ് പിടിക്കാൻ ശ്രമിച്ച ഗംഗാധരനുമായി ഉണ്ടായ പിടിവലി മറ്റ് യാത്രക്കാർ ഇടപെട്ട് ഒഴിവാക്കിയെങ്കിലും പുന്നൂസിൻെറ ധാർമികരോഷം അടങ്ങിയില്ല.

“ഈ ആൾക്കാര് കോപ്പന്മാര് ഇടയിൽ കയറിയോണ്ടാ … അല്ലെങ്കി അവൻെറ തൊപ്പി പറിച്ച്  ഞാൻ വെളീക്കളഞ്ഞേനെ “
പുന്നൂസിനെ സമാധാനിപ്പിക്കാനായി  മഹാരഥൻ ബാഗിൽ  നിന്നും എടുത്ത് നൽകിയ കുപ്പിയിലെ  വീര്യം കലർന്ന  ഒരു കവിൾ കോള വിഴുങ്ങിയിട്ട്   അയാൾ ഉറഞ്ഞു.
“തൊപ്പീം  കോലവും !…ഹൂം ! കോപ്പിലെ രാജാവ് ! “

കുറെ നേരം സ്റ്റേഷനിൽ  കാത്തുകിടന്ന്  മറ്റൊരു വണ്ടി ക്രോസ് ചെയ്തതിനു  ശേഷം ഗംഗാധരൻെറ വണ്ടി പുറപ്പെട്ടപ്പോഴേക്കും ബോഗിയിലെ തിരക്കൊന്നു ശമിച്ചിരുന്നു. പലരും മൊബൈൽഫോണെടുത്ത് വണ്ടികിട്ടിയ വിവരവും തിരക്കിൻെറ വിശേഷങ്ങളും സന്തോഷമായോ പയ്യാരമായോ ആരോടൊക്കെയോ വിളിച്ച് പറഞ്ഞു. ചിലർ ചിരിച്ചുല്ലസിക്കുന്ന സെൽഫിയെടുത്ത് ആർക്കൊക്കെയോ അയച്ചു കൊടുത്തു.
ആരോടും വിശേഷങ്ങൾ പങ്കുവയ്ക്കാനില്ലാത്ത  രാജാവായി ഗംഗാധരനും എതിർ സീറ്റിൽ കരിയില പോലെ നിർമ്മലയും ഒന്നും മിണ്ടാതിരുന്നു.ചൂളംവിളിയും ലോഹമേളങ്ങളുമായി തീവണ്ടി മെല്ലെ നീങ്ങിയപ്പോൾ നിർമ്മല വലതു വശത്തെ ജനലിനു വെളിയിലേക്ക് തറപ്പിച്ച നോട്ടത്തിൽ കാഴ്ചകളേതുമില്ലായിരുന്നു .
അല്പം മുന്നോട്ടാഞ്ഞിരുന്ന ഗംഗാധരൻ ഒളിവ് ജീവിതത്തിനിടെ മടക്കയാത്രയുടെ ദുസ്സൂചനകളുമായി എന്നും തീവണ്ടിയുടെ ചൂളം വിളിയെത്താറുണ്ടായിരുന്ന ബർസാത്തി കാണാൻ   ആകാംക്ഷയോടെ ഇടതു വശത്തെ ജനലിലൂടെ  പുറത്തേക്ക് നോക്കി. ഇടയ്ക്ക് ആരോ കാഴ്ച്ചമറച്ചപ്പോൾ “അരേ ഭയ്യാ, അരേ ഭയ്യാ “ എന്നപേക്ഷിച്ച് കാഴ്ചയുടെ വഴികൾ വീണ്ടെടുത്തു.തുടക്കപ്പടുതിയിൽ തീവണ്ടി മെല്ലെ മെല്ലെ മുന്നോട്ട് നീങ്ങുംതോറും ഗംഗാധരൻെറ നെഞ്ചിടിപ്പിൽ  ഘനം കൂടിക്കൂടി വന്നു.
പത്ത് മീറ്റർ … അമ്പത് മീറ്റർ … നൂറു മീറ്റർ …

അങ്ങ് ദൂരെ ഗംഗാധരനും നിർമ്മലയും കുഞ്ഞ് നിതിനും താമസിച്ചിരുന്ന ബർസാത്തിയുള്ള കെട്ടിടത്തിൻെറ മാനം മുട്ടുന്ന ഒരു ടവർ ജനലിലൂടെ  കണ്ടു.വണ്ടി അല്പം കൂടി മുന്നോട്ട് നീങ്ങിയപ്പോൾ കെട്ടിടത്തിൻെറ ഇരു ടവറുകളും അവയ്ക്കിടയിൽ നിതിൻ അച്ഛനമ്മമാരുടെ കലഹങ്ങളിൽ നിന്നും  നിതാന്തസ്വാത്യന്ത്ര്യം പ്രാപിച്ച നൂറിൽപ്പരം  കിണറുകളുടെ നടുക്കുന്ന  ആഴവും കാണായി. നൂറിൽപ്പരം കിണറുകളുടെ ആഴത്തിന് മീതെ പതിയെ വീശുന്ന നിതിൻെറ  കുഞ്ഞ് കൈപ്പത്തി.
“അച്ഛാ , അമ്മേ , ടാറ്റാ ! വണ്ടിയിൽ  വിശന്നിരിക്കരുത്.  നല്ലോണം തിന്നണം. എന്നെ കൊണ്ടുവരാത്തതെന്തെന്ന് അച്ഛമ്മ ചോദിച്ചാൽ പനിയാന്ന് പറഞ്ഞാമതി.അല്ലെങ്കിൽ അച്ഛമ്മ കരയും. വടക്കുവശത്തെ തോട്ടിൽ മാനത്തുകണ്ണികൾക്കൊപ്പം നീന്തിത്തുടിക്കുന്ന കൂട്ടുകാരോട് എന്നെ അമ്മ കൊന്നതല്ലെന്ന് പ്രത്യേകം പറയണം.അവരോടൊപ്പം എന്നെയോർത്ത് അച്ഛൻ  ഒന്ന് മുങ്ങിക്കുളിക്കണം. തോട്ടുവെള്ളത്തിൻെറ ചേറുമണവും   കുളിരുമറിയാൻ  എനിക്ക് കൊതിയാകുന്നച്ഛാ”

തീവണ്ടി തുളച്ചു താണ്ടിയ ദൂരങ്ങളിൽ  ടവറുകൾ  മാഞ്ഞെങ്കിലും മൊഴിയാമംഗളവും നൂറിൽപ്പരം കിണറുകളുടെ  ആഴവും  ബാക്കിനിന്നു. നോവുകളാൽ  മുറിഞ്ഞ കുഞ്ഞു നിതിന്റെ ആത്മാവ് നേർന്ന കരുതലിൽ ഉള്ളുടഞ്ഞ ഗംഗാധരൻ മുഖം പൊത്തി ഉള്ളിലെ നീരുറവകളിലേക്ക് കുനിഞ്ഞിരുന്നെങ്കിലും നിർമ്മല മറുവശത്തെ ജനാലയ്ക്കൽ നിന്നും മുഖം തിരിച്ചില്ല.സീറ്റിനു വേണ്ടിയുള്ള പരക്കം പാച്ചിലിൽ ബോഗിക്കുള്ളിൽ പടർന്ന ചെറു വിദ്വേഷങ്ങൾ മെല്ലെ സൗഹൃദങ്ങൾക്ക് വഴിമാറി. ഗംഗാധരനും  നിർമ്മലയുമിരുന്ന കൂപ്പയിൽ അവരെ കൂടാതെ അച്ഛനും അമ്മയും രണ്ടു കുട്ടികളുമടങ്ങുന്ന ഒരു കുടുംബവും ഒരു യുവതിയും മൂന്ന് പുരുഷന്മാരുമുണ്ടായിരുന്നു. തലയ്ക്ക് മുകളിൽ എതിർവശത്തായി ലഗേജ് റാക്കിൽ പുന്നൂസും മഹാരഥനും .ഉച്ചയോളം വണ്ടി കാത്ത് വലഞ്ഞവർ ആഹാരം കഴിക്കാനുള്ള തത്രപ്പാട് തുടങ്ങി.
അടുത്തിരുന്നവരിൽ ചിലർ ബാഗ് തുറന്ന് ഭക്ഷണപ്പൊതികൾ  പുറത്തെടുത്തപ്പോൾ വന്ന മണം നിർമ്മലയുടെ ഉള്ളിൽ പുതഞ്ഞ് കിടന്നിരുന്ന വിശപ്പിൻെറ കനലുകളെ പ്രസരിപ്പിച്ചു. ആഹാരം കഴിക്കാൻ തുടങ്ങുന്ന കുടുംബത്തിന് സൗകര്യമൊരുക്കാൻ എന്ന ഭാവത്തിൽ അവർ കുറച്ച് കൂനിക്കൂടി സീറ്റിൻെറ വശത്തെ കമ്പിയിലേക്ക് തല ചാരി കണ്ണടച്ചിരുന്നു.സീറ്റിൽ ഞെരുങ്ങി ആളുകളുണ്ടായിരുന്നതിനാൽ ചിലർ ആഹാരം കഴിക്കുന്നവരുടെ സൗകര്യാർത്ഥം എഴുന്നേറ്റ് മാറി നിന്നു. തൊട്ടടുത്തിരുന്ന സ്ത്രീ ആഹാരം കഴിക്കുന്നതിന് മുൻപ് സമപ്രായക്കാരിയെങ്കിലും  നിർമ്മലയുടെ തോളിൽ തട്ടി ചോദിച്ചു:

“ ചേച്ചീ , ഫുഡ് കഴിച്ചതാണോ ?”

“ ഓ , കഴിച്ചതാ “ പിന്നെ മനസ്സിൽപറഞ്ഞു : ഇന്നലെ രാത്രി. ഉപ്പിട്ട കഞ്ഞി. റെയിൽവേ സ്റ്റേഷനിൽ വച്ച് കുടിച്ച കാലിച്ചായ നിർമ്മല ഓർത്തില്ല.

മാതാപിതാക്കളും രണ്ട് മുതിർന്ന കുട്ടികളും ഉള്ള കുടുംബം പൊതിയഴിച്ചപ്പോൾ  മണങ്ങളുടെ പടർന്നേറ്റമുണ്ടായി.മീൻ വറുത്തത് ,അച്ചാർ ,ചമ്മന്തി ,മുട്ടപൊരിച്ചത് , ബീഫ് ഫ്രൈ. ചൂടോടെ വാഴയിലയിൽ പൊതിഞ്ഞ് വച്ചിരുന്ന കുത്തരിച്ചോറിൻെറ മണം. കുടുംബനാഥൻ ഗംഗാധരൻെറ നേരെ നോക്കിയെങ്കിലും വേഷവൈചിത്ര്യം കണ്ട് ഒന്നും മിണ്ടിയില്ല. മുഖം പൊത്തിയിരുന്ന ഗംഗാധരൻ അല്പമൊന്ന് ഒതുങ്ങിയിരുന്നു. അപ്പോഴും ഗംഗാധരന്റെ മനസ്സിൽ മാനംമുട്ടെ ഉയർന്ന കെട്ടിടത്തിന് മുകളിലെ ബർസാത്തിക്ക് മുന്നിൽ സ്വന്തം മകൻ ചിതറിവീണ  നൂറിൽപ്പരം കിണറുകളുടെ ആഴമായിരുന്നു. മനസ്സിലൊതുക്കിയ നിലവിളികളുടെ മുഴക്കങ്ങളെ ഭയന്ന ഗംഗാധരൻ ചൂണ്ടുവിരലുകൾ ഇരു ചെവികളിലും നിഷ്ഫലമായി തിരുകി.

ബർസാത്തിക്കുടുസ്സിലെ  ലഹളക്കളത്തിൽ ബാല്യം കുരുതി ചെയ്ത അച്ഛനെയും അമ്മയെയും യാത്രയാക്കാൻ നിതിനവിടെ അരൂപിയായി കാത്തുനിന്നല്ലോ എന്നോർത്ത അയാളുടെ ചങ്കിനെ  ഒരു തേങ്ങൽനാളം വന്ന് പൊള്ളിച്ചു. കാലം പോകെ മുതുകിലൊരു കൂനായും കൈകാലുകളിൽ വിറയായും വാർദ്ധക്യം എത്തുമ്പോൾ   ഇനിയേത് തണൽ ബാക്കി എന്ന വ്യാകുലതയിൽ അർത്ഥമറിയാത്ത  ഏതെല്ലാമോ വാക്കുകൾ കൂട്ടിക്കെട്ടിയെടുത്ത മാപ്പിരക്കൽ മകന് മുന്നിൽ ഉരുവിട്ട് കണ്ണടച്ച ഗംഗാധരൻ സ്വപ്നാഭമല്ലാത്ത മയക്കത്തിലലിഞ്ഞു.

ആരാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ മണത്തിൽ സ്വന്തം  വിശപ്പിനെ തഴുകിയണയ്ക്കാൻ  ശ്രമിച്ച നിർമ്മല ഏതോ ഓണക്കാലത്തെ  പാചകത്തിരക്കിലേക്ക് അടുപ്പിന്റെ തീയോ ചൂടോ ഇല്ലാതെ,   മരവിപ്പോടെ ചേർന്നിരുന്നു.ഉത്രാടത്തിന് പാതിരാത്തിരശീല വീഴുമ്പോഴേക്കും മുറ്റം അടിച്ചുവാരി ചൂലും കഴുകി ഉറങ്ങാൻ അകത്ത് പായ വിരിക്കാൻ തുടങ്ങുമ്പോഴാണ് ഗംഗാധരനും അനുജനും മുറ്റത്ത്  ഓണപ്പായസത്തിനുള്ള വലിയ വാർപ്പ് തേച്ചു കഴുകി താങ്ങിയെടുക്കാൻ ബദ്ധപ്പെടുന്നത് കണ്ടത്.

“നിക്ക് ,നിക്ക് ,ഗംഗാട്ടാ,ഞാനും താങ്ങാം “

നിർമ്മല ഓടിയിറങ്ങിച്ചെന്നെങ്കിലും ഗംഗാധരൻ അനുവദിച്ചില്ല. “ഓണപ്പായസം ഞങ്ങളാണുങ്ങടെ വകയാ. മാറിനില്ല് ,മാറിനില്ല് “

“അതേ…ചേട്ടത്തിയമ്മ മാറിനിൽക്ക്. ഇത് ഞങ്ങട കാര്യം “
ഓർമ്മയിലേക്ക് രാമഭദ്രൻ വന്നപ്പോൾ മനമാകെ കയ്പ്പും വിദ്വേഷവും നുരഞ്ഞു. ജീവിതത്തിൻെറ കയ്പുകൾ ഉള്ളിൽ  നിറയുമ്പോൾ മനസ്സിൽ  ഗംഗാധരൻെറ മുഖം തെളിച്ചെടുത്ത് അതിലേക്ക് തുപ്പിയൊഴിവാക്കാറാണ് പതിവ്.അപ്പോൾ ഗംഗാധരൻെറ മുഖം ഒരിക്കലും തേച്ച് കഴുകിയിട്ടില്ലാത്ത തുപ്പൽക്കോളാമ്പിയാണ്. ആവേശത്തോടെ ആ മുഖത്ത് നൽകിയ ഉമ്മകളൊക്കെ കോളാമ്പിയിൽ പടർന്ന ക്ലാവും.

athma-the-creative-lab-ad

രാജാക്കോലത്തിൽ സീറ്റിന്റെ വശത്തെ കമ്പിയിൽ കാഞ്ഞവയറുമായി തലചായ്ച്ചുറങ്ങുന്ന ഗംഗാധരൻെറ മുഖത്തേക്ക് നോക്കിയപ്പോൾ ചിലപ്പോഴോക്കെ അയാളോട് തോന്നുന്ന അനുകമ്പ നിർമ്മലയുടെ മനസ്സിൽ പുരണ്ടു. രാജാക്കോലമെന്ന വിഡ്ഢിവേഷത്തിലിരുന്ന് ഉറങ്ങുന്നയാൾ ആരാണ് ? താൻ കൊന്ന മക്കളുടെ അച്ഛൻ. പറക്കമുറ്റിയപ്പോൾ സഹകരണസംഘത്തിന്റെ ഹോട്ടലിൽ അടുക്കളയിലെ സഹായിയായി കൂടി.പിന്നെ പാചകക്കാരനായി. സപ്ലയർ ആയി.കുടുംബവീട്ടിൽ ചേട്ടാനിയന്മാരുടെ കുടുംബങ്ങളും പ്രായമായ അമ്മയും ഒത്തൊരുമിച്ച് സുഖജീവിതം. വല്ലപ്പോഴും കിട്ടുന്ന ഹർത്താൽ ദിവസങ്ങളിൽ ഗംഗാധരനും രാമഭദ്രനും റമ്മോ ബ്രാണ്ടിയോ വാങ്ങി കമ്പനികൂടും. കണ്ടും കേട്ടും അതുവഴിയിതുവഴി നടക്കുന്ന മക്കളോട് രാമഭദ്രൻ പറയും :
“മക്കളെ നിങ്ങളും ഇതുപോലെ കൂടണം. റമ്മും ബ്രാണ്ടിയുമൊന്നുമല്ല, ഒന്നാന്തരം സ്കോച്ച് വിസ്കിയുമായി”
രാമഭദ്രൻ വലിയ മോഹങ്ങളും സംരംഭകത്വവുമുള്ള  പച്ചപ്പാവമായിരുന്നു. ആദ്യമാദ്യം സംരഭങ്ങൾ  തെറ്റില്ലാതെ വിജയിച്ചു.പക്ഷേ പച്ചപ്പാവമായത് കൊണ്ടാകണം പിന്നെപ്പിന്നെ രാമഭദ്രൻ കൈവച്ചതെല്ലാം പാളി. ഗംഗാധരന്  അനുജൻെറ കഴിവിൽ വലിയ മതിപ്പായിരുന്നു. തോൽവികൾ  നൽകുന്ന അതിജീവനപാഠങ്ങളാണ് കൂടുതൽ വലിയ കാൽവയ്പുകൾക്കുള്ള ഈട് എന്ന് അനുജനെ ആശ്വസിപ്പിച്ചിരുന്ന ഗംഗാധരന് അയാൾ ബാധ്യതകളിൽ പിടയുന്നത് കണ്ടുനിൽക്കാൻ ആകുമായിരുന്നില്ല. പിടിവള്ളികൾ ഓരോന്നായി അറ്റപ്പോൾ ഗംഗാധരൻ  സഹകരണസംഘത്തിലെ ജോലി രാജി വച്ച്, കിട്ടിയ ആനുകൂല്യപ്പണം അനുജന് കൊടുത്തിട്ട് കുടുംബം പോറ്റാനായി കൂലിവേലയ്ക്കും പാചകപ്പുരകളിലും പോയി. പിന്നെയും ബാധ്യതകൾ തീരാതെ മരണക്കുടുക്കുകൾ മുറുകിയപ്പോൾ രണ്ടുപേർക്കും അവകാശപ്പെട്ട കുടുംബവീട് വിൽക്കാൻ തീരുമാനിച്ചു.
കുടുംബവീടിന് വിലയുറയ്ക്കുന്നതിനും മുൻപേ തുടങ്ങിയിരുന്നു  ബന്ധുക്കളുടെ ന്യായവിചാരം.
അമ്മയുടെ ചുമതല ആർക്കെന്ന് നിശ്ചയിക്കണം. വീട്  വിറ്റ് കിട്ടുന്ന പണം കൃത്യം രണ്ടായി വീതിച്ചാൽ പോരാ, ഗംഗാധരൻ ജോലി രാജി വച്ചു അനുജന് നൽകിയ പണവും വാങ്ങണം. ആദ്യമാദ്യം ഉപദേശമായിരുന്നു.
പിന്നെ വീട്ടുകാർ ശാസന തുടങ്ങി. രാമഭദ്രനെ പോലെ പച്ചപ്പാവമായിരുന്ന അയാളുടെ ഭാര്യയുടെ മുഖം കണ്ടാൽ ഒന്നും പറയാൻ തോന്നില്ല. എങ്കിലും അമ്മയും മറ്റും ഉപദേശിച്ച സൂത്രം നിർമ്മലയുടെ   അനുനയച്ചോദ്യങ്ങളായി.

“രേണൂ, രാമനെ ഇങ്ങനെ വിട്ടാൽ ശരിയാവുമോ ? നിനക്ക് രണ്ട് പെൺകുഞ്ഞുങ്ങളല്ലേ ? ഇപ്പോൾ നമ്മളെല്ലാരും പെരുവഴിയിലാകുന്നത്  അവൻെറ പിടിപ്പുകേട് കൊണ്ടല്ലേ ? എല്ലാരും നിന്നയല്ലേ കുറ്റം പറയുന്നത് ?”

“ചേച്ചി ഗംഗേട്ടനെ ഒന്നുപദേശിക്ക് . അനിയൻെറ ഇടപാടുകൾക്കെല്ലാം കൂട്ട് നിൽക്കുന്നത് ഗംഗേട്ടനല്ലേ?”

രേണുക അത് പറഞ്ഞത് നിസ്സഹായതയിലായിരുന്നെങ്കിലും നിർമ്മലയുടെ അനുനയത്തിൽ ഈർഷ്യ പുളിച്ചു .
“എല്ലാം ഗംഗേട്ടൻെറ കുറ്റമാ. വീട് വിറ്റ് വെവ്വേറെ താമസമാകുമ്പം എല്ലാം ശരിയാകും. ഞങ്ങടെ വീതവും രാമൻെറ കടം വീട്ടാൻ ഗംഗേട്ടൻ ജോലി രാജിവച്ചപ്പോൾ കിട്ടിയ ആനുകൂല്യവും തിരിച്ച് തന്ന് ഞങ്ങളെ വിട്ടേരെ.”
ഒന്നും പറയാതെ രേണുക  അടുക്കളയിൽ നിന്നിറങ്ങിപ്പോയി.
മുഖം കുനിച്ച് വളരെ വേഗമാണ് രേണുക അടുക്കളയിൽ നിന്ന് ഇറങ്ങിപ്പോയതെങ്കിലും അവളുടെ കണ്ണുകളിലെ കലക്കം നിർമ്മല കണ്ടു.നിർമ്മലയിൽ എവിടുന്നെല്ലാമോ ചില ആനന്ദങ്ങൾ മുളപൊട്ടി.ഇടതൂർന്ന തലമുടിയുടെ കറുപ്പിലും നീളത്തിലും രേണുവിനൊരു അഹന്തയുണ്ടായിരുന്നു. ഉപ്പ് നോക്കാനുള്ള തന്റെ വൈഭവത്തിൽ അവൾക്കൊരു കുശുമ്പുണ്ടായിരുന്നു.അങ്ങനെയങ്ങനെ പലതും പൊന്തിപ്പടർന്നു. ആണുങ്ങളും കുട്ടികളും അത്താഴം കഴിഞ്ഞ് എണീറ്റിട്ടും രേണു  വരാഞ്ഞപ്പോൾ “അവൾക്ക് തലവേദനയാണെന്ന്” നിർമ്മല അമ്മയോട് പറഞ്ഞ് തീരുന്നതിന് മുമ്പേ രേണു തലമുടി വാരിക്കെട്ടി അത്താഴം കഴിക്കാനെത്തി.
“അല്ലാ , തലവേദന ഇത്ര പെട്ടന്ന് മാറിയോ?” എന്ന് നിർമ്മല ചോദിച്ചതിൽ ദുരർത്ഥങ്ങൾ ചികഞ്ഞറിഞ്ഞ രേണു ഒന്നും മിണ്ടിയില്ല.കുടുംബത്തിന്റെ നടുന്തൂൺ ഒടിഞ്ഞടിയാറായതിന്റെ തിളച്ച കണ്ണീരിൽ അകം വിമ്മിയിരുന്ന അമ്മ ഇതൊന്നും കേട്ടതായോ കണ്ടതായോ ഭാവിച്ചില്ല .

യുദ്ധപ്രഖ്യാപനത്തിന്റെ ഭേരികളായിരുന്നു നിർമ്മലയുടെ മനസ്സ് നിറയെ. ഭാര്യയെയും മക്കളെയും അതിയായി സ്നേഹിച്ചിരുന്നെങ്കിലും അനുജനോടും അമ്മയോടുമുള്ള സ്നേഹം കാരണം ഗംഗേട്ടന് പറയാൻ കഴിയാതിരുന്ന കാര്യമായിരുന്നു താൻ  തുറന്ന് പറഞ്ഞതെന്ന് വിശ്വസിച്ച നിർമ്മല, കുടുംബത്തിന് വേണ്ടി ചെയ്ത മഹാകാര്യമെന്നോണം  രാത്രിയുടെ സ്വകാര്യതയിൽ ഭർത്താവിനോട് പറഞ്ഞത് വിജയവിളംബരം   പോലെയായിരുന്നു.
“മറ്റുള്ളവരെല്ലാം മണ്ടരാണെന്ന് അവളും അവനും വിചാരിക്കരുത് “

അടക്കിപ്പിടിച്ച നിലവിളിക്ക് മീതെ ചെകിട്ടത്ത് ഒന്നിന് പിറകെ ഒന്നായി അടി വീഴുന്ന ശബ്ദം കേട്ടുകൊണ്ടാണ് രാത്രിയിൽ വീടുണർന്നത്. രാമഭദ്രൻ കതകിന് മുട്ടുന്നതിന് മുൻപ് തന്നെ ഗംഗാധരൻ വാതിൽ തുറന്ന് നിർമ്മലയെ മറ്റുള്ളവരുടെ മുന്നിലേക്ക് തള്ളിയിട്ടു.കാൽക്കൽ കിടന്ന നിർമ്മലയെ ചവിട്ടാൻ ഗംഗാധരൻ കാലുയർത്തുന്നത് കണ്ട രേണു രക്ഷിക്കാനായി നിർമ്മലയുടെ പുറത്തയ്ക്ക് കമഴ്ന്ന് വീണെങ്കിലും നിർമ്മല അവളെ കുടഞ്ഞെറിഞ്ഞിട്ട് അലറി വിളിച്ചു:
“കൊല്ല് , എന്നെ ചവിട്ടിക്കൊല്ല് “

ഗംഗാധരൻെറ പതിവില്ലാത്ത രോഷഭാവം കണ്ട് ഭയന്ന കുട്ടികൾ ഉച്ചത്തിൽ കരഞ്ഞു.രാമഭദ്രൻ ഗംഗാധരനെ വട്ടം പിടിച്ചു. കാലുഷ്യത്തിൻെറ ഭാവച്ചുഴലികൾ കണ്ട് അമ്മ മുഖം പൊത്തി ഭിത്തിയിൽ ചാരി കുനിഞ്ഞിരുന്നു.
രാത്രി ഏറെയായിട്ടും  രാമാനുജനും ഗംഗാധരനും തിണ്ണയുടെ രണ്ടറ്റങ്ങളിൽ ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ അവിടെത്തന്നെ കിടന്നുറങ്ങി. മൂത്ത കുട്ടികളുടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ട് മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്ത് ബാഗിലിട്ട് വെളുപ്പിന് നാലരയ്ക്ക് മുഖം പോലും കഴുകാതെ തലമുടിയും വാരിക്കെട്ടി ഉറങ്ങിക്കിടന്ന നിതിനെയും തോളിലെടുത്ത് നിർമ്മല ആദ്യത്തെ ബസ്സിനായി പടിയിറങ്ങുമ്പോൾ വീടിന്റെ തിണ്ണയിൽ ഗംഗാധരൻ മാത്രം ഉടുമുണ്ട് പുതച്ച് ചുരുണ്ട് കിടപ്പുണ്ടായിരുന്നു.നേരം വെട്ടം വീണപ്പം നഗരത്തിലെ പ്രധാന  ഉപനിരത്തിലേക്ക് വന്ന് ചേരുന്ന ഇടുങ്ങിയ വഴികളിലൊന്നിൻെറ ചാരത്തെ ബസ്‌സ്റ്റോപ്പിൽ ബസ്സിറങ്ങിയ നിർമ്മല  കുശുകുശുപ്പിൻെറ പതിഞ്ഞ ആരവങ്ങൾ ഇരമ്പിത്തുടങ്ങിയത് അറിഞ്ഞിരുന്നില്ല.

athma-the-creative-lab-ad

രാമഭദ്രനെയും ഒപ്പം  കാണാതായതെന്ന്  നാട്ടുകാർ കണക്ക് കൂട്ടിയ നിർമ്മലയെയും മൂന്ന് വയസ്സുകാരൻ നിതിനെയും തിരക്കിയിറങ്ങിയവർ സമീപത്തെ റബ്ബർ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ രാമഭദ്രനെ  കണ്ടെത്തുന്നതിന് അധികം വൈകിയില്ല. അതിന് മുൻപ് തന്നെ തിരച്ചിൽ സംഘത്തിന് ഒപ്പം അലഞ്ഞ് തിരിഞ്ഞ ഗംഗാധരൻെറയും രാമഭദ്രൻെറയും മക്കളെ ബന്ധുക്കളാരോ തിരികെ വീട്ടിലെത്തിരിച്ചിരുന്നു.
“എങ്കിലും ഗംഗാധരനോട് അവളിത് ചെയ്തല്ലോ“ എന്ന് നെടുവീർപ്പിടുന്നതിനിടയിൽ രാമഭദ്രൻ തൂങ്ങിനിന്നതിന് കുറച്ചകലെയുള്ള പൊട്ടക്കിണറ്റിൽ നിർമ്മലയുടെയും  നിതിന്റെയും ജഡങ്ങളുണ്ടാകുമെന്ന് ആളുകൾ ഏറെക്കുറെ ഉറപ്പിച്ചിരുന്നു.

ട്രെയിനിൻെറ ജനാലയ്ക്ക്  പുറത്തേക്ക് മുഖം തിരിച്ച നിർമ്മലയുടെ മനസ്സിൽ മരണപ്പെട്ടെന്ന് കരുതിയ അമ്മയും അനുജനും ജീവനോടെ തിരികെ എത്തിയപ്പോൾ മൂത്ത മകന്റെ മുഖത്ത് കണ്ട ഭാവമായിരുന്നു. തുടരേണ്ട കുടുംബയുദ്ധത്തിന് കോപ്പായി കൂട്ടിയതും അവൻെറ ആ മുഖഭാവമായിരുന്നു. താൻ മനസ്സിലാക്കിയതായിരുന്നില്ല ആ ഭാവത്തിന് പിന്നിലെന്ന് നിർമ്മല തിരിച്ചറിഞ്ഞത് യുദ്ധത്തിൽ മക്കൾ ആരുടെ പക്ഷത്താണ് എന്ന് ചികയേണ്ടിവന്നപ്പോഴാണ്. ചില വിജയങ്ങളങ്ങിനെയാണ്. കഷ്ടിച്ചൊന്ന് മധുരിക്കണമെന്നേ മോഹമുണ്ടാവുള്ളൂ. പക്ഷേ വിജയിയെ അപഹാസ്യമാക്കും വിധം ആ മധുരം ചെടുപ്പിച്ച് കളയും. നിർമ്മല ഒരു വശത്ത്. അമ്മയും മകനും ചെറുമക്കളും എതിർവശത്ത്. ഇതിനിടയിൽ ഏത് ഭാഗത്ത് എന്നറിയാതെ നിതിൻ. സ്വന്തം മക്കളെയും കൂട്ടി യുദ്ധം ഉപേക്ഷിച്ച് പോയ രേണുവിൻെറ അഭാവത്തിൽ ഉപ്പ് നോക്കൽ എപ്പോഴും തെറ്റി. രേണുവിൻെറ നീണ്ട മുടിയിഴകൾ ഇടയ്ക്കൊക്കെ കൂട്ടമായി വന്ന് തവിയിൽ ചുറ്റി.

ഗൾഫ്‌കാരൻെറ രണ്ടാംഭാര്യയായി ആദ്യഭർത്താവിൻെറ വീട്ടിൽ ഓർക്കാപ്പുറത്ത് വിരുന്ന് വന്ന രേണുവിനും  ഭർത്താവിനും മക്കൾക്കും ഒരു ദിവസം മുഴുവൻ നീണ്ട സത്ക്കാരമായിരുന്നു. അമ്മയ്ക്കും കുട്ടികൾക്കും പുത്തൻ ഉടുപ്പുകളും ഗൃഹനാഥന് മദ്യസമ്മാനവും കൊണ്ടായിരുന്നു വരവ്. രേണു നീട്ടിയ സാരി വാങ്ങാതെ നിർമ്മല ദിവസം മുഴുവൻ മുറിയിൽ കയറി കതകടച്ചിരുന്നു. നിതിനെയും ഒപ്പം കൂട്ടിയെങ്കിലും ഏട്ടന്മാരോടും ചേച്ചിമാരോടും ചേർന്ന് കളിക്കാൻ അവൻ വാശിപിടിച്ചപ്പോൾ അവന് കിട്ടിയ കളിപ്പാട്ടം വാങ്ങി എറിഞ്ഞുടച്ചു. അവന്റെ ഏങ്ങലടിച്ചുള്ള കരച്ചിൽ സഹിക്കാതായപ്പോൾ മുറിയിൽ നിന്നും ഇറക്കിവിട്ട് കതകടച്ചു.ഈ വരവ് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ രണ്ടു ദിവസം വീട്ടിൽ പോയി നിൽക്കാമായിരുന്നുവെന്ന് രേണുകയെ പ്രാകുന്നതുനിടയിൽ നിർമ്മല ഓർത്തു .

“മോളെ,നിൻെറ കൈപ്പുണ്യം ഒന്നൂടെ അറിയാൻ എനിക്ക് ഭാഗ്യമുണ്ടായല്ലോ”, അമ്മ രേണുകയോട് പറയുന്നത് കേട്ടപ്പോഴാണ് പതിവില്ലാതെ ചിക്കനും മറ്റും രാവിലെ തന്നെ ഗംഗാധരൻ വാങ്ങി കൊണ്ട് വന്നത് നിർമ്മല ഓർത്തത്. വരവ് അറിയേണ്ടവരൊക്കെ നേരത്തെ അറിഞ്ഞിരുന്നു!
നാണം കെടുത്താനുള്ള പദ്ധതിയായിരുന്നു.കലിയിൽ കലർന്ന വിശപ്പിൽ പൂണ്ടുറങ്ങിയ നിർമ്മല വാതിലിലെ മുട്ട് കേട്ട് ഉണർന്നപ്പോൾ സന്ധ്യയായിരുന്നു.
“ ദേ , അവര് പോകാൻ തുടങ്ങുന്നു . നീയൊന്ന് ഇറങ്ങിവാ “
തള്ള ക്ഷണിക്കാൻ വന്നിരിക്കുന്നു എന്ന് ദുഷിച്ചെങ്കിലും ദേഷ്യം തണുപ്പിച്ച ഉറക്കത്തിന്റെ ചടവിൽ ദുശ്ശകുനമാകാനായി ഇറങ്ങിച്ചെന്നു. ഉമ്മറത്ത് നിലവിളക്ക് കൊളുത്തി തൊഴുതു നിൽക്കുകയായിരുന്ന രേണു ചിരിച്ച് കൊണ്ട് അടുത്തേക്ക് വന്നു .
“അമ്മയ്ക്കൊരു ആഗ്രഹം. ഒരിക്കൽ കൂടെ ഞാനീ ഉമ്മറത്ത് വിളക്ക് വയ്ക്കണമെന്ന്  “

പടിയിറങ്ങാൻ നേരം രേണുവിൻെറ കൈകൾ കൂട്ടിപ്പിടിച്ച് കണ്ണുകളിൽ നനവോടെ അമ്മ പറഞ്ഞു : “നീ ഈ വീടിൻെറ നെയ്‌വിളക്കായിരുന്നു “
രേണുവിൻെറ ഭർത്താവ് കൈപിടിച്ചപ്പോൾ രാമഭദ്രൻെറ മക്കളെ ചേർത്ത് നിർത്തിയിരുന്ന  ഗംഗാധരൻെറ കണ്ണുകളും നിറഞ്ഞു.
രേണുവും മക്കളും പടികടന്നപ്പോൾ  അതിഥികൾ ഒഴിഞ്ഞ വീട്ടിൽ വെളിച്ചത്തിന് മീതെ ഇരുൾ പൊതിഞ്ഞ് കിടന്നു.
ഗംഗാധരൻ എങ്ങോട്ടോ ഇറങ്ങിപ്പോയി. കുട്ടികൾ സമ്മാനങ്ങളെ മരവിപ്പോടെ നോക്കിയിരുന്നു. അമ്മ തല്ലിപ്പൊട്ടിച്ച കളിപ്പാട്ടത്തിൻെറ കഷ്ണങ്ങൾ പെറുക്കിക്കൊണ്ട്  വന്ന നിതിൻ അവ ചേർത്ത് വയ്ക്കാൻ ശ്രമിക്കുന്നതിന്റെ പുതുകളിയിലാണ്ടു.അത്താഴത്തിന് ശേഷം നിതിനെ ഒഴിവാക്കി രണ്ട് മക്കളെയും കൊണ്ട് മുറിയിൽ കയറി കതകടച്ച നിർമ്മല കുട്ടികൾ ഉറങ്ങിയതിന് ശേഷം ആദ്യമായി പോളിടെക്‌നിക്കിൽ പഠിച്ച വൈദ്യുതിവിദ്യ വളരെ കരുതലോടെ ഉപകരിക്കാനെടുത്തു.മേശയുടെ സമീപത്തെ ബയൻറ് പെട്ടിയിൽ നിന്നും എടുത്ത  നീളമുള്ള രണ്ട് വയറുകളിൽ ഒന്നിൻെറ ഏറക്കുറെ മുക്കാൽ ഭാഗത്ത് നിന്നും ഇൻസുലേഷൻ അല്പം  നീക്കി അവിടെ മറ്റേ വയർ പിരിച്ച് ചേർത്തു. രണ്ട് വയറുകളുടെയും അറ്റത്തെ ചെമ്പ് കമ്പികൾ വളച്ച് ചെറുവളയങ്ങളാക്കി.പിന്നെ ഒരറ്റത്ത് പ്ലഗ്‌പിൻ ഘടിപ്പിച്ച് ഭിത്തിയിലെ സോക്കറ്റിൽ കുത്തി.ശേഷം വയറുകളുടെ അറ്റത്തെ മൃതിവളയങ്ങൾ കുട്ടികളുടെ വിരലുകളിലേക്ക് അവർ ഒട്ടുമേ അറിയാതെ കടത്തിയിട്ടു. മുറിയിലെ മങ്ങിയ വെളിച്ചത്തിൽ കുറച്ചു നേരം അവരെ നോക്കി നിന്നിട്ട്   നിർമ്മല സ്വിച്ച് ബോർഡിനടുത്തേക്ക് നീങ്ങി നിന്നു. വിരലിൽ ചെമ്പിൻെറ മോതിരവളയം അണിഞ്ഞ് ഉറങ്ങിക്കിടക്കുന്ന ജീവികളെ ഒന്നുകൂടെ നോക്കി. സ്വിച്ച് അമർത്തണം.രണ്ടിൻ്റെയും മരണം ഉറപ്പാക്കിയതിന് ശേഷം ഇൻസുലേഷൻ നീക്കിയ ഭാഗത്ത് മുറുകെ പിടിച്ച് പിടഞ്ഞൊടുങ്ങണം. ഒരമ്മയുടെയും രണ്ട് മക്കളുടെയും ആത്മഹത്യ. അല്ല, രണ്ട് മക്കളെ കൊന്ന് ഒരമ്മയുടെ ആത്മഹത്യ.നിർമ്മല സ്വിച്ചിട്ടതും കുട്ടികളുടെ അലർച്ചയോടെയുള്ള പിടച്ചിലിൽ സോക്കറ്റിൽ നിന്നും പ്ലഗ് വിട്ടു  പോന്നു,
കറണ്ടും പോയി.
നിലവിളി കേട്ട് കതക് ചവുട്ടി തുറന്ന് ഗംഗാധരനും അമ്മയും അകത്ത് വന്നു.
പോലീസ്.
അറസ്റ്റ്.
തെളിവെടുപ്പ് .
റിമാൻഡ്.
നിതിനെ മുൻനിർത്തി,ആര് ആരോട് ഇരന്നിട്ട് എന്നറിയാത്ത, ഗംഗാധരൻെറ മാപ്പ്. മനോരോഗമെന്ന നിഴൽപ്പാടിൽ വക്കീൽ നേടിക്കൊടുത്ത ജാമ്യം.
കണ്ണെത്താനാട്ടിലേക്ക് പലായനം. ഗംഗാധരന്റെ മുഖത്തേക്ക് നോക്കിയ നിർമ്മലയിൽ വീണ്ടും കയ്പ്പിന്റെ തുപ്പൽ നിറഞ്ഞു.

നിർമ്മലയുടെ തലയ്ക്ക് മുകളിൽ ലഗേജ് റാക്കിൽ മിക്സ്ചറും കൊറിച്ച് വീര്യമേറിയ ശീതളപാനീയവും നുണഞ്ഞ് താഴെ  വായുംപൊളിച്ചിരുന്ന് ഉറങ്ങുന്ന ഗംഗാധരനെ നോക്കി പുളിച്ച നിന്ദകൾ ഒതുക്കത്തിൽ പറഞ്ഞ് ചിരിക്കുന്നതിനിടയിൽ  പുന്നൂസ് മിക്സ്ചറിൽ നിന്ന് തിരഞ്ഞ് പിടിച്ചെടുത്ത്  ഗംഗാധരൻെറ വായ ലക്ഷ്യമാക്കി എറിഞ്ഞ കടലകളിൽ ചിലതൊക്കെ അയാളുടെ കവിളിലും മീശയിലും കൊണ്ടു. പിന്നെ ടോയ്‌ലെറ്റിൽ പോകാനായി താഴെ ഇറങ്ങുന്നതിനിടയിൽ പുന്നൂസ് ഗംഗാധരൻെറ കാലിൽ ശക്തിയായി തൊഴിച്ചു. പിടഞ്ഞുണർന്ന ഗംഗാധരൻ സമചിത്തത വീണ്ടെടുക്കുന്നതിന് മുൻപേ മദ്യമണത്തിൽ കുതിർന്ന അവഹേളനമെത്തി :
“ക്ഷമിക്കണം , മഹാരാജാവേ ”
അവശതകളെ മറന്നുള്ള ആവേശത്തിൽ ഗംഗാധരൻ പുന്നൂസിൻെറ കോളറിന് കുത്തിപ്പിടിച്ചെങ്കിലും മല്പിടുത്തത്തിനിടയിലേക്ക് റാക്കിൽ നിന്നും ഇറങ്ങി വന്ന മഹാരഥൻ ഗംഗാധരനെ തൊഴിച്ചിട്ടു. നിർമ്മലയുടെ നിലവിളിക്കും ആക്രോശത്തിനും ഇടയിൽ ആരൊക്കെയോ മൂവരെയും പിടിച്ചുമാറ്റി.സംഘർഷത്തിനിടയിൽ വീണ് പോയ ഗംഗാധരൻെറ തലപ്പാവ് പ്രൗഢിയുടെ കെട്ടഴിഞ്ഞ് ട്രെയിനിൻെറ തറയിൽ ചവിട്ടി മെതിക്കപ്പെട്ട് കിടന്നു. “ഇനി വണ്ടിയിൽ അലമ്പുണ്ടാക്കിയാൽ രണ്ടിനേം ചവുട്ടി ഓടുന്ന വണ്ടീന്ന് വെളിയിൽ കളയും “
പുന്നൂസിനും മഹാരഥനും നേരെ ഉയർന്ന ആരുടേയോ താക്കീതിനെ മറ്റൊരാൾ തിരുത്തി:
“എന്നിട്ട് നമ്മൾ കുരിശ് പിടിക്കാനോ? ഒന്നും വേണ്ട ,ട്രെയിൻ സൂപ്രണ്ടിനെ ഏൽപ്പിച്ചാൽ മതി. ബാക്കി അവര് നോക്കിക്കൊളളും.”
നേരംതെറ്റി ആഹാരം കഴിക്കുകയായിരുന്ന ഒരാളുടെ കൈയിൽ നിന്നും ലഹളയ്ക്കിടയിൽ തെറിച്ച് വീണ ബിരിയാണിപ്പൊതിയിലെ ചിതറിയ ചോറ് ചവിട്ടടികളിൽ കെട്ടഴിഞ്ഞ് ഞെരിഞ്ഞ് കിടന്ന ഗംഗാധരൻെറ  തലപ്പാവാകെ പുരണ്ടു .ആരോ എടുത്ത് മടിയിലേക്ക് ഇട്ടു കൊടുത്ത ചോറും  ചെളിയും പുരണ്ട  തലപ്പാവ് ഗംഗാധരൻ നിരാലംബമായ നഗ്നത മറയ്ക്കുന്ന വിറളിയോടെ എങ്ങിനെയൊക്കെയോ വീണ്ടും തലയിൽ വാരിച്ചുറ്റി.

athma-the-creative-lab-ad

അടി കൊണ്ട് വീർത്ത ഇടത് കണ്ണും കവിളിലും മൂക്കിലും പൊടിഞ്ഞ  ചോരയും തലയിൽ വാരിവലിച്ച് ചുറ്റിയ അഴുക്ക് പുരണ്ട തലപ്പാവും അയാളെ ഗതിയില്ലായ്മയുടെ  പതിതരൂപമാക്കി. അല്പം മുൻപ് വരെ വൃത്തിയിൽ ക്ഷൗരം ചെയ്ത കവിളുകളിലേക്ക് ഗാംഭീര്യത്തോടെ പടർന്ന് നിന്ന കൊമ്പൻമീശയുടെ ലക്ഷണം കെട്ടു. തല്ല് കഴിഞ്ഞ് രക്തസമ്മർദ്ദം താഴുംതോറും ദൈന്യതയിലേക്ക് ഊർന്ന ഗംഗാധരൻെറ  തോളിൽ കൈവച്ച് സഹയാത്രികൻ ചോദിച്ചു : “അല്ല , ഇതുവരെ നിങ്ങളൊന്നും കഴിക്കുന്നത് കണ്ടില്ലല്ലോ “
സൂക്ഷം പോലെ അന്നേരം അതുവഴി  വന്ന ബിരിയാണി കച്ചവടക്കാരനിൽ നിന്നും അയാൾ രണ്ട് പൊതി ബിരിയാണി വാങ്ങി നൽകിയത് ഒന്നും മിണ്ടാതെ  നിർമ്മലയും ഗംഗാധരനും കൈനീട്ടി വാങ്ങി. ഇരന്ന് തിന്ന് ജീവിക്കേണ്ട  ശിഷ്ടകാലത്തിൻെറ അനിവാര്യമായ  സമാരംഭം എന്നോർത്ത് കുനിഞ്ഞിരുന്ന് തിന്ന ഗംഗാധരൻ തല ആകാവുന്നിടത്തോളം താഴ്ത്തിപ്പിടിച്ചു. പാചകപ്പുരകളിൽ ഉശിരോടെ ഉയർന്ന് നിന്നിരുന്ന ശിരസ്സ് നായത്തല പോലെ ചട്ടിയോളം താഴ്ന്നു. വിധിയുടെ ദുർഗ്രഹമായ ഞെരുക്കലിൽ  അടങ്ങിയമർന്ന  നിർമ്മല ഒരിറ്റ് മീൻകറി കൊതിച്ചു. രേണുവിൻെറ കൈപ്പുണ്യത്തിന് നിർമ്മലയുടെ  ഉപ്പുനോട്ടമികവിൻെറ മേന്മയുള്ള  മീങ്കറിയുടെ മണം പൊങ്ങിപ്പരന്നെങ്കിലും അത് മുടിയിഴകളുടെ കുരുക്കിലൊതുങ്ങി. രേണുകയോടുള്ള കുശുമ്പും കുന്നായ്മയും പിണങ്ങിയും ഇണങ്ങിയും തീർക്കാവുന്നതല്ലേ  ഉണ്ടായിരുന്നുള്ളൂ? രാമഭദ്രൻെറ പരാജയങ്ങളെ ഒരുമിച്ച് അതിജീവിക്കാമായിരുന്നില്ലേ ? ഉവ്വോ? അത്രേ ഉണ്ടായിരുന്നുള്ളോ ?
നിർമ്മലയുടെ  ഉള്ളിൽ വമിച്ച ശ്വാസനാശിനിയെ അതിജീവിക്കാൻ  കുറ്റവിചാരകന് ആയില്ല. കൈകഴുകിയിട്ട് വന്ന ഗംഗാധരൻ  നിർമ്മലയെ പാളി നോക്കിയിട്ട് നിലത്ത് മുട്ടുകുത്തിയിരുന്ന് സീറ്റിനടിയിലെ കാർഡ്ബോർഡ് പെട്ടിയിൽ നിന്നും ചുവന്ന പട്ടിൽ പൊതിഞ്ഞ ചെറിയകുടം പുറത്തെടുത്തു.
മടിയിൽ വച്ച കുടം വിടർന്ന കൈത്തലങ്ങൾ  കൊണ്ട് ശരീരത്തോട് ചേർത്ത് പിടിച്ച് കണ്ണടച്ചിരുന്ന ഗംഗാധരന്റെ അപ്പുറത്തെ സീറ്റിലിരുന്നവർ യാത്രയിലെ ഏതോ സൗഹൃദനേരത്ത് നിർമ്മല പറഞ്ഞത് പങ്ക് വച്ചു :
“ഇരുപത്തിയൊന്ന് നില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച മകൻെറ ചിതാഭസ്മമാ. അതീപ്പിന്നെ സമനിലയൊന്ന് തെറ്റി. കഷ്ടം. ആർക്കായാലും വരാവുന്നതേയുള്ളൂ .”

ഗംഗാധരന്റെ കൈത്തലങ്ങളിൽ വാത്സല്യത്തിൻെറ ഇളം ചൂട് നിറഞ്ഞു. മരണപ്പെട്ടവർക്ക് ജീവിച്ചിരിക്കുന്നവരെക്കാൾ കെൽപ് കൂടും എന്ന വിശ്വാസം കൈത്തലങ്ങളിൽ അർത്ഥനയുടെ തണുപ്പായി ഭ്രമിച്ചു.ചെന്നായക്കൂട്ടത്തിനിടയിൽ തുണയേതുമില്ലാതെ പെട്ടുപോയെന്ന സങ്കടത്തിൽ മൂകനായിരുന്ന  ഗംഗാധരൻെറ കണ്ണീർക്കുമ്പിളുകൾ തൻെറ അനാഥത്വത്തിനുമേൽ വിടർന്ന ബലിഷ്ഠമായ ആശ്രയമെന്ന് നിനച്ച മകന് മുന്നിൽ നിരന്നു. പലകണ്ണുകളിൽ നിന്നും സഹതാപം ഗംഗാധരന്റെ മേൽ പാളി വീണെങ്കിലും നിർമ്മലയുടെ പല്ലുകൾ ഇടയ്ക്കിടെ  ഞെരിഞ്ഞു. നിർമ്മലയുടെ മുഖത്ത് ഉടയാത്ത ശൗര്യം വായിച്ചെടുത്ത    ഗംഗാധരന്‍ ചിതാഭസ്മക്കുടം തിരികെ കാർഡ്ബോർഡ് പെട്ടിയിലേക്ക് വയ്ക്കുന്നതിനിടയിൽ അതിനുള്ളിൽ പൊതിഞ്ഞ് വച്ചിരുന്ന കഠാരിയിൽ കൈപ്പടം വിടർത്തി തൊട്ടു. അയാളുടെ കരളുറപ്പ് വിറയലില്ലാതെ  കൂടുതൽ ദൃഢമായി. ഗംഗാധരന്റെ കൈയിലേക്ക് ഇരുമ്പിൻെറ തണുപ്പിന് പകരം അരിച്ച് കയറിയത് ചുടുചോരയുടെ  താപമായിരുന്നു .
സ്റ്റേഷനുകളിൽ നിർത്തിയും നിർത്താതെയും തീവണ്ടി കടന്ന് പോകവേ പകൽവെളിച്ചം മങ്ങി.
സന്ധ്യ മെല്ലെ മെല്ലെ  ഇരുട്ടിലേക്ക് മുഖംപൊത്തി. പേപ്പർ പ്ലേറ്റിൽ ചപ്പാത്തിയും കറിയുമായി ആരോ   ഗംഗാധരനെ വിളിച്ചുണർത്തിയപ്പോൾ ഇരുട്ട് പടർന്നിരുന്നു. ദയയുടെ ചുവയറിഞ്ഞ് ഭക്ഷിക്കുമ്പോൾ ഗംഗാധരൻ കണക്ക് കൂട്ടി. നാളെ രാവിലെ ട്രെയിൻ വാളയാർ കടക്കും. വൈകുന്നേരത്തോടെ നാട്ടിൽ വണ്ടിയിറങ്ങാം .
അത് വരെ ദയയും  സഹതാപവും  ഔദാര്യവും പുരണ്ട  ഉച്ചിഷ്ടമായ വാഴ്‌വ്. എതിർ വശത്തെ സീറ്റിലിരുന്ന നിർമ്മലയും ആഹാരം കഴിക്കുന്നത് നേരെ നോക്കാതെ തന്നെ ഗംഗാധരൻ കണ്ടു.
ഭക്ഷണം കൊടുത്തയാൾ വെള്ളം കൊടുക്കാൻ മറന്നതിനാൽ ദാഹത്തിന്റെ വേരുകൾ തൊണ്ടയിൽ പടർന്നപ്പോൾ ഗംഗാധരൻ ടോയ്‌ലെറ്റിന് മുന്നിലെ വാഷ്‌ബേസിനിൽ നിന്നും മതിയാവോളം വെള്ളം കുടിച്ചു. പിന്നെ കുറച്ച് നേരം ട്രെയിനിൻ്റെ വാതുക്കൽ  പ്രകാശബിംബങ്ങൾ പാഞ്ഞൊളിക്കുന്ന കൂരിരുളിലേക്ക് നോക്കി നിന്നു. ആകാശത്തിലെ നക്ഷത്രങ്ങൾക്കിടയിൽ നിന്നും നിതിൻ കണ്ണിമയ്ക്കാതെ നോക്കുന്നുണ്ടോ എന്ന് തിരഞ്ഞെങ്കിലും കണ്ടില്ല.
ഉറങ്ങിക്കാണും .
കലഹമില്ലാത്ത ദിവസങ്ങളിൽ അവൻ ഉറക്കം പിടിക്കുന്ന നേരം എപ്പോഴേ കഴിഞ്ഞിരിക്കുന്നു !
നാട്ടിൽ പോയി ഉറ്റവരെയും കൂട്ടുകാരെയും കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാവാമെങ്കിലും അവൻ    ഒരിക്കലും പറഞ്ഞിരുന്നില്ല.
അമ്മയെ ജയിലിൽ നിന്നും രക്ഷിക്കാനാണ് ഒളിവ് ജീവിതമെന്ന അറിവ് വിന്യസിച്ച ഇരുട്ടിൻെറ പടലങ്ങൾക്കിടയിൽ അവനും ഒളിച്ചു. ഹതാശമായ പിന്മടക്കം എന്ന് നോവ് തളർത്തിയപ്പോൾ പാഞ്ഞു പോകുന്ന ഇരുട്ടിലേക്ക് കൂപ്പ് കുത്തിയാലോ എന്ന് ചിന്തിച്ചെങ്കിലും ഉത്തരവാദിത്വങ്ങളുടെ ഘനം തിരികെ ജീവിതത്തിലേക്ക് വലിച്ചമർത്തി. സീറ്റിനടിയിലെ കാർഡ്ബോർഡ് പെട്ടിയിലെ ചിതാഭസ്മക്കുടം. വീടിന് വടക്കു വശത്തെ തോട്ടിൽ മാനത്തുകണ്ണികളോടൊപ്പം ഒരു മുങ്ങിക്കുളി. ചിതാഭസ്മക്കുടത്തിനോട് ചേർന്ന് കിടക്കുന്ന കഠാര. അതിൻെറ മുനയിൽ പിടഞ്ഞ് തീരാനായി  മാത്രം ശേഷിപ്പിച്ചിരിക്കുന്ന നിർമ്മല. പിന്നെ ആരോടും  വിടവാങ്ങാനില്ലാത്ത  ആത്മബലി. ഓർമ്മകളുടെ കുരിച്ചിൽക്കൂനയിൽ നിന്നും അമ്മ തല നീട്ടിയതേയില്ല. സ്ഫുലിംഗങ്ങളുയർത്തി പായുന്ന തീവണ്ടിച്ചക്രങ്ങളിൽ  രാകി രാകി മൂർച്ചകൾ ഏറിക്കൊണ്ടിരുന്നു.കൊടും തോൽവിയിലേക്കുള്ള ഉറച്ച തീരുമാനങ്ങൾ വിജയോന്മാദത്തിലേക്ക് അടുക്കവേ ഗംഗാധരൻ സീറ്റിലേക്ക് നടന്നു. എല്ലാവരെയും പോലെ ഉറക്കത്തിൽ ഗംഗാധരനും പുതഞ്ഞെങ്കിലും ഇടയ്ക്കെപ്പോഴോ തുടങ്ങിയ മഴയുടെ കുളിരറിഞ്ഞ് പാതി ഉറക്കത്തിലായിരുന്ന ഒരാൾ ഉണർന്നെണീറ്റ്  നടത്തിയ ആക്രോശത്തിൽ മറ്റുള്ളവർക്കൊപ്പം ഞെട്ടി ഉണർന്നു. “കള്ളൻ , കള്ളൻ “
അയാൾ പുന്നൂസിനെ വട്ടം പിടിച്ച് അലറി വിളിച്ചു :”കള്ളൻ ,കള്ളൻ “
പുന്നൂസിൻെറ പക്കൽ  ശരീരത്തോട് ചേർത്ത് പിടിച്ച ഒരു കാർഡ്ബോർഡ് പെട്ടി.പിടിവലിക്കിടയിൽ വാതിൽക്കലോളം എത്തിയ പുന്നൂസ് ലഗേജ് റാക്കിൽനിന്നും ഇറങ്ങി വന്ന  മഹാരഥൻ തുറന്ന് കൊടുത്ത     വാതിലിലൂടെ  കൈയ്യിലെ പെട്ടി ട്രെയിനിന് പുറത്തെ കോരിച്ചോരിയുന്ന മഴയിലെ ഇരുളിലേക്ക് വലിച്ചെറിഞ്ഞു. പിന്നെ ഏതോ ദൗത്യം നിറവേറ്റിയ ചാരിതാർഥ്യത്തോടെ നിന്ന പുന്നൂസിനൊപ്പം മഹാരഥനെയും   യാത്രക്കാർ  കീഴ്‌പ്പെടുത്തി.
“ ഇവന്മാര് കള്ളന്മാരാ  വിടരുത് “ ആക്രോശത്തിനിടയിൽ പുന്നൂസിനും മഹാരഥനും ഇടംവലം അടിവീണെങ്കിലും തളർച്ചയുടെ കിടങ്ങിൽ വീണുറങ്ങുന്നതിന് മുൻപുണ്ടായിരുന്ന സമാധാനത്തിൻെറ ശേഷിപ്പിലായിരുന്ന  ഗംഗാധരൻ ഒന്നിലും ഇടപെടാതെ കുനിഞ്ഞിരുന്നതേയുള്ളൂ. “എന്താ കട്ടത് ..എന്താ കട്ടത് ..“ തങ്ങളുടെ ലഗേജ് ആണോന്നറിയാൻ യാത്രികർ ആകാംക്ഷപ്പെട്ടു .
“ദേ , ഈ പാവത്തിൻെറ കുഞ്ഞിൻെറ ചിതാഭസ്മമടങ്ങിയ പെട്ടി. ഞാൻ വട്ടം പിടിച്ചപ്പം പുറത്തേക്ക് വലിച്ചറിഞ്ഞു”.ഇടിമിന്നൽ ആളിപ്പടർന്ന സമാധാനത്തിൻെറ പുതപ്പ് വലിച്ചെറിഞ്ഞ് സീറ്റിനടിയിലെ പെട്ടി പരതിയ ഗംഗാധരൻ പുന്നൂസിൻെറ  ജീവനെടുക്കാൻ പാഞ്ഞെങ്കിലും മറ്റുള്ളവർ തടഞ്ഞു .
“ഇയാളവിടെ ഇരിക്ക് . ഇത് ഞങ്ങൾ നോക്കിക്കൊള്ളാം .”
“വേറെ ആരുടെയെങ്കിലും എന്തെങ്കിലും പോയോന്ന് നോക്കിക്കെ .”
“അടുത്ത സ്റ്റേഷൻ എത്തുമ്പോൾ ഇവന്മാരെ പോലീസിലേല്പിക്കാം “ ഒരാൾ ആർ പി എഫിൻെറ നമ്പരിലേക്ക് വിളിച്ചു. എല്ലാവരും ചേർന്ന് തോർത്ത് കൊണ്ട് പുന്നൂസിൻെറയും മഹാരഥൻെറയും  പണിത്തഴമ്പുള്ള കൈകൾ പിന്നിൽ കൂട്ടിക്കെട്ടി..ആരോടും ഒന്നും പറയാതെ തളർന്നിരുന്ന ഗംഗാധരൻ ഉൾപ്പടലങ്ങളിൽ പടർന്ന ഉപ്പ്നനവോടെ പുന്നൂസിൻെറ  കണ്ണുകളിലേക്ക് നോക്കി. അവിടെ തിളങ്ങിയതെന്തെന്ന് അയാൾ  തിരിച്ചറിയുന്നതിന് മുൻപ് പെരുമഴയിൽ വാർന്നൊലിച്ച ട്രെയിൻ പ്ലാറ്റ്‌ഫോമിൽ കാത്തുനിന്ന റെയിൽവേ പൊലീസിന് മുന്നിൽ ചെന്ന് നിന്നു.
“യെ ചോർ ലോക് ഇൻകാ ബച്ചേ കാ …..”
പോലീസിനോട് ആരോ ഹിന്ദിയിൽ  വിശദീകരിക്കവേ തൊഴുകൈയ്യോടെ നിശബ്ദനായി നിന്ന ഗംഗാധരൻെറ ഉടഞ്ഞ ഭാഗധേയത്തിൽ  വാളയാർ കടന്ന് നാടെത്തുന്നത് മറന്ന തീവണ്ടി പാളം വഴുതി ഉഴറി ഓടാൻ തുടങ്ങിയിരുന്നു. എങ്കിലും പ്ലാറ്റ്‌ഫോമിലെ ഷെൽട്ടർ ഇല്ലാത്ത ഇടങ്ങളിൽ  നനഞ്ഞൊലിച്ച് പോലീസ് സ്റ്റേഷനിലേക്ക് നടക്കുമ്പോൾ കർക്കിടകക്കുളിർ  അനുവാദമില്ലാതെ വന്ന് തൊട്ടു പോയി..പുന്നൂസിനെയും മഹാരഥനെയും പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് കാഴ്ച്ചക്കാരെല്ലാം പിരിഞ്ഞെങ്കിലും പോലീസ് ഔട്ട് പോസ്റ്റിന് സമീപത്തെ ചാരുബെഞ്ചിൽ കർക്കിടകമഴയുടെ നാട്ടുപെരുമയിലേക്ക് എത്തപ്പെടാനാകാതെ കുമിഞ്ഞ് ഇരുന്ന ഗംഗാധരനെയും നിർമ്മലയെയും ശ്രദ്ധിച്ച് ഒരാൾ തൊട്ടപ്പുറത്തെ ടീ സ്റ്റാളിന് മുന്നിൽ നിന്നു. മുഖത്തിൻെറ വശങ്ങളും തലയും  മറയ്ക്കുന്ന മങ്കി ക്യാപ്പും നരച്ച സ്വെറ്ററും മുഷിഞ്ഞ വസ്ത്രങ്ങളും ധരിച്ച അയാൾ ഉറക്കംതൂങ്ങുകയായിരുന്ന സ്റ്റാളുകാരനെ വിളിച്ചുണർത്തി രണ്ടു കപ്പ് ചൂട് ചായയും വാങ്ങി ഗംഗാധരന് മുന്നിൽ വന്ന് നിന്നു.
കൈരേഖകൾക്കിടയിലെ പടുകുഴിയിൽ അമ്മയെയും അനുജനെയും നഷ്ടപ്പെട്ട മക്കളെയും കണ്ടുകണ്ടിരുന്ന ഗംഗാധരൻ ആയുർരേഖയെ എങ്ങിനെ മുറിക്കണം എന്ന്.കാലുഷ്യപ്പെടുന്നതിനിടയിൽ തല ഉയർത്തിയപ്പോൾ തൻെറ നേരെ നീണ്ടതായി കണ്ട ചായക്കപ്പ് ധൃതിയിൽ  വാങ്ങി.ചുണ്ടോടടുപ്പിച്ചു .
“ബഹൻജി …ബഹൻജി ..” കുട്ടിയുടേത് പോലുള്ള ശബ്ദത്തിൽ അയാൾ നിർമലയെ വിളിച്ചു.
നിർമ്മല തല ഉയർത്തിയെങ്കിലും ചൂട് ചായയെ ഗൗനിക്കാതെ തണുപ്പിൽ ഒന്നുകൂടി  കൂനിക്കൂടി ബെഞ്ചിലേക്ക് ഉയർത്തിവെച്ച കാൽമുട്ടിൽ മുഖം അമർത്തിയിരുന്നു.അയാൾ നിർബന്ധിക്കുന്നതിന് മുമ്പേ ഗംഗാധരൻ ആ കപ്പും വാങ്ങി   ഇരുകപ്പുകളിൽ നിന്നും മാറിമാറി മൊത്തിക്കുടിച്ചു.അയാൾ തിരികെ പോയി സ്റ്റാളിന് മുന്നിൽ വച്ചിരുന്ന ഷോൾഡർ ബാഗും വടിയും റാന്തലും കുടയും  എടുത്ത് കൊണ്ട് വന്നു.
“ഭായി സാബ് , ഞാൻ പാളത്തിൽ  മൺസൂൺ പട്രോളിങ്ങിന് പോവുകയാ. പോകുന്ന വഴി നിങ്ങളുടെ മകൻെറ ചിതാഭസ്മകലശം തിരയാം. കിട്ടിയാൽ അടുത്ത സ്റ്റേഷനിൽ ഏൽപ്പിക്കാം “
അയാൾ പാളത്തിലിറങ്ങാനായി പ്ലാറ്റ്‌ഫോമിൻെറ വക്കിലേക്ക് നടന്നപ്പോൾ ഗംഗാധരനും എഴുന്നേറ്റു. പാളത്തിൽ പെയ്യുന്ന മഴയിലേക്കിറങ്ങിയ ഗംഗാധരൻ കാട്ടുചേമ്പിൻെറ ഇല പറിച്ച് തലയ്ക്ക് മീതെ കുടയായി ചൂടി മൺസൂൺ പട്രോളിങ്ങിന് പോകുന്നയാളുടെ റാന്തൽ വിളക്കിൻെറ  വെളിച്ചത്തിന്  പിറകെ നടന്നു.

athma-the-creative-lab-ad
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here