കവിത
ടോബി തലയൽ
വാക്കുകൾ കൊണ്ട്
മുറിവേറ്റവരുടെ മരണം
നിശ്ശബ്ദതയുടെ ആഴത്തിൽ
ശ്വാസംമുട്ടിയാണ് സംഭവിക്കുക.
ദംശനമേറ്റതിന്റെ ഓർമ്മകൾ
ചോരയോട്ടം നിലച്ച ഞരമ്പുകളിൽ
കരിയിലക്കൈകളിലെ
അഴുകിത്തുടങ്ങിയ രേഖകൾ പോലെ
കരുവാളിച്ചു കിടക്കണമെന്നില്ല,
പൊട്ടിത്തെറിക്കുമായിരുന്ന
ഒരു സ്റ്റൗവ് അനുഭവിച്ച
വീർപ്പുമുട്ടലുകൾ മുഖത്ത്
പുകയുന്നുണ്ടാവില്ല,
കിടപ്പുമുറിയിലെ അപമാനങ്ങളോ
അവഗണനകളോ എവിടെയും
തിണർത്തുകിടപ്പുണ്ടാവില്ല,
ഭർത്തൃപീഡനമെന്നോ
ഭാര്യാപീഡനമെന്നോ
സ്ത്രീധന പീഡനമെന്നോ
അകമുറിവുകളിൽ
അടയാളമുണ്ടാവില്ല,
പിടച്ചിലുകൾ വറ്റിപ്പോയ ഹൃദയത്തിൽ
വാർന്നുപോയ സങ്കടങ്ങൾ
ഒരു മാപിനിയും സൂചിപ്പിക്കില്ല,
അസ്വാഭാവികതകളുടെ
വിരൽപ്പാടുകളും
ഒരിടത്തും പതിഞ്ഞിട്ടുണ്ടാവില്ല,
വാർദ്ധക്യസഹജമായ
അസുഖത്താലോ
മറ്റുസ്വാഭാവിക കാരണങ്ങളാലോ
നിര്യാതരായവരുടെ
കൂട്ടത്തിൽ തന്നെയായിരിക്കും
തറവാട്ടുചുവരുകളിലും
പത്രത്താളുകളിലും
സംതൃപ്തി പുതച്ചുള്ള അവരുടെ ഇരുപ്പ്!
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Good one Tobi. എല്ലാം സ്വാഭാവികം