സനൽ ഹരിദാസ് ‘എരി’ എന്ന നോവലിനെ പഠന വിധേയമാക്കുമ്പോൾ

0
1568
athma online sanal-haridas-eri-arjun-wp

നോവലിൽ നിന്ന് നോവലിന്റേതിലേക്ക് നീളുന്ന ഗവേഷണത്തിന്റെ പൊക്കിൾക്കൊടി-
സനൽ ഹരിദാസ് ‘എരി’ എന്ന നോവലിനെ പഠനവിധേയമാക്കുമ്പോൾ.

ജാമിയ മിലിയയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി അർജുൻ എഴുതുന്നു :

ചരിത്രം എല്ലായ്പ്പോഴും ഏറ്റെടുക്കപ്പെടുന്ന ഒന്നാണ്; നിർണ്ണായകമെന്ന് തിരിച്ചറിയപ്പെട്ട ഒരു പറ്റം സംഭവങ്ങളുടെ കൂമ്പാരത്തിൽ നിന്ന് ഒരു നീണ്ട നൂൽ പിണഞ്ഞെടുത്ത് മുറിഞ്ഞുപോയ പൊക്കിൾകൊടിക്ക് പകരമാക്കുന്ന ഒരുതരം ആത്മ-സാന്ത്വനാന്വേഷണം. പിണഞ്ഞെടുക്കുമ്പോൾ ഒഴിവാക്കപ്പെട്ടവയും പിന്നീട് ഓർമ്മയിലേക്ക് തള്ളിക്കയറി വരികയും ചെയ്ത സംഭവങ്ങൾ പലപ്പോഴും ചരിത്രനൂലുകളിൽ ഭാരവും വലിവുമായി അനുഭവപ്പെടും. ഒരു ഘട്ടം കഴിഞ്ഞാൽ വലിവ് മൂലം നൂൽ പൊട്ടുക തന്നെ ചെയ്യും.

“ചരിത്രമില്ലാത്ത മനുഷ്യർ” എന്ന് ആധുനിക ചിന്തയിലെ മൂന്ന് പ്രഗത്ഭർ ഇന്ത്യയിലെ സമൂഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. പണ്ട് പണ്ട് നടന്നതായി നമ്മൾ നടിക്കുന്നതെല്ലാം ചരിത്രമാകണമെന്നില്ല. അവ പലപ്പോഴും മിത്തുകൾ മാത്രം ആയിരിക്കും. “ചരിത്രം” എന്ന ജ്ഞാനശാഖയുടെ പ്രത്യേകത അവ രേഖകളുടെയും വസ്തുക്കളുടെയും അടിസ്ഥാനത്തിൽ കൃത്യമായി വിശദീകരിക്കപ്പെട്ടതും സ്പഷ്ടവുമായ രീതിശാസ്ത്രത്തെ ആശ്രയിച്ചുകൊണ്ട് കഥകൾ നിർമ്മിക്കുന്നു എന്നതാണ്. ചരിത്രമില്ലാത്ത മനുഷ്യരിൽ നിന്ന് ചരിത്രമുള്ള മനുഷ്യർക്കുള്ള വ്യത്യാസം അവർ സ്വയം പറയുന്ന കഥകളിലെ ശാസ്ത്രീയതയാണ്. ചരിത്രം എന്നാൽ ശാസ്ത്രബോധമുള്ള ജനത സാമൂഹികമായി സ്വത്വനിർമ്മിതി നടത്തുന്ന പ്രക്രിയയാണ്.

athma online arjun
അർജുൻ

അതുകൊണ്ട് തന്നെ ചരിത്രമെഴുതുന്നവരുടെ സ്വത്വത്തിന് അടിത്തറയിടാൻ പാകത്തിനുള്ള ചരിത്രമേ എഴുതപ്പെടാറുള്ളു. ചരിത്രകാരന്മാർ ഉണ്ടായി വരുന്ന ജാതി, ഗോത്രം, ദേശം, വർഗം എന്നിവക്ക് പുറത്തേക്ക് കടക്കാൻ ചരിത്രമെന്ന ശാസ്ത്രശാഖക്ക് കഴിഞ്ഞുകൊള്ളണം എന്നില്ല.

പ്രദീപൻ പാമ്പിരിക്കുന്നിന്റെ ‘എരി’ മുറുക്കിപ്പിടിക്കുന്ന ആദ്യത്തെ തിരിച്ചറിവ് ഇതാണ്. രണ്ടാമത്തേത്, ചരിത്രങ്ങൾക്ക് അടിസ്ഥാനമാകുന്ന കഥകൾ എഴുത്തിലേക്ക് ഊറിയിറങ്ങുമ്പോൾ കടലാസുകൾ പലപ്പോഴും തടഞ്ഞുനിർത്താതെ ഒഴുക്കികളയുന്ന വശമാണ് ലൈംഗികതയുടേത് എന്നതാണ്.

‘എരി’ ഒരുപക്ഷെ ജാതിസമൂഹത്തിലെ ലൈംഗികതയുടെ ചരിത്ര-പ്രേരിത കഥയാണ്. എന്നാൽ അത് ചരിത്രമല്ല, നോവലാണ്. ചരിത്രമുള്ള ജനതയുടെ നോവൽ. അല്ലെങ്കിൽ, ചരിത്രമുണ്ടാക്കാൻ ശ്രമിക്കുന്ന ജനതയുടെ നോവൽ.

സനൽ ഹരിദാസ്

നോവൽ ഉണ്ടായിവന്നതിനെ അടിസ്ഥാനപ്പെടുത്തി നടന്നിട്ടുള്ള പഠനങ്ങൾ പൊതുവെ അതിന് വർഗവുമായുള്ള ബന്ധവും ആധുനിക മൂല്യങ്ങളുടെ വാഹനമായി അത് പ്രവർത്തിച്ചതും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നോവലുകൾ ഉണ്ടായിട്ടുള്ളത്രയും കാലം തന്നെ ചരിത്രാത്മക നോവലുകളും ഉണ്ടായിട്ടുണ്ട്. മലയാളത്തിലും പതിറ്റാണ്ടുകൾ താണ്ടുന്ന കഥകളുള്ള നോവലുകൾ അപൂർവ്വമല്ല.

നോവൽ എന്ന രൂപത്തിന് അതിന്റെ പാശ്ചാത്യ ഉത്ഭവത്തിൽ നിന്ന് വിഭിന്നമായ ഒരു സവിശേഷത മലയാളസമൂഹത്തിൽ ഉണ്ടെന്ന് കരുതുന്നു. ചരിത്രം എന്ന ജ്ഞാനശാഖയുടെ കലയിലെ സ്വാധീനത്തിന്റെ ഫലമായി രൂപപ്പെട്ട പാശ്ചാത്യനോവലിന് വിപരീതമായി, മലയാളസമൂഹത്തിലെ നോവൽ ചരിത്രനിർമ്മാണത്തിന് സഹചാരിയാണ്. ആധുനികത തൊടാത്ത കേരളത്തിലെ പല ജനവിഭാഗങ്ങളുടെ കയ്യിലും നോവൽ ഉണ്ടായിട്ടുണ്ട്. ആധുനികവൽക്കരണം ജാതികൾക്കിടയിലെ അസന്തുലിതായതാവസ്ഥയെ പ്രതിഫലിക്കുമ്പോൾ തന്നെ മറുവശത്ത് ഉത്തരാധുനികതയും വളർന്നു തുടങ്ങുന്നു. കേരളവും ഇന്ത്യയും അങ്ങനെ ഒരു പ്രത്യേക അവസ്ഥയിലാണ് – യാഥാർഥ്യത്തിൽ ആധുനികപൂർവ്വ സമൂഹം നിലനിൽക്കുകയും, ഔദ്യോഗിക പ്രത്യയശാസ്ത്രത്തിൽ ആധുനികതയുടെ ഭാഷ കൈവരിക്കുകയും, അതിന്റെ നിഷേധമായി ഉത്തരാധുനിക ചിന്ത പുലരുകയും ചെയ്യുന്നത് ഇവിടെ ഒന്നിച്ചു കാണാം.

‘എരി’യിലെ പേരില്ലാത്ത ഗവേഷകൻ ചരിത്രം എഴുതുന്നതിനോടൊപ്പം തന്നെ പ്രദീപൻ നോവൽ എഴുതുന്നു എന്നിടത്തും ഇതേ വൈരുധ്യങ്ങൾ കാണാം. എഴുത്തിനെ കുറിച്ചൊരു എഴുത്താണ് ‘എരി’. സ്വന്തം കഥ എഴുതാൻ കഴിയാഞ്ഞ പറയനെരിയെ എഴുത്ത് തന്നെ അടയാളപ്പെടുത്താൻ ആഗ്രഹിച്ചതിന്റെ സമാപ്തിയാണ് ‘എരി’. പ്രദീപനെ സംബന്ധിച്ച് ഈ നോവൽ ഒരു പുതിയ പൊക്കിൾകൊടി പോലെയായിരുന്നു എന്ന് നോവലിനെ ചുറ്റിപ്പറ്റിയുള്ള കഥകൾ നമ്മളോട് പറയുന്നു. അതുകൊണ്ട് തന്നെ, ജാതി-ആചാരങ്ങളും വൈദ്യവും ഒടിവിദ്യയും മന്ത്രവാദവും എല്ലാറ്റിനും ഉപരി ലൈംഗികതയുടെ അസ്വസ്ഥത പടർത്തുന്ന കഥകളും നിറഞ്ഞ ഈ ചരിത്ര-നോവലിന്റെ സൗന്ദര്യശാസ്ത്രം വിവരിക്കുന്നതിൽ സനൽ ഹരിദാസ് തിരിയുന്നത് ചരിത്രത്തിലേക്ക് തന്നെയാണ്. ചരിത്രം എഴുതപ്പെടുന്ന – എഴുതപ്പെടുന്നതോടെ ഒറ്റക്കെട്ടായി ഏറ്റെടുക്കപ്പെടുന്ന – ചട്ടക്കൂടുകൾ മറ്റ് സാമൂഹികശാസ്ത്രങ്ങളെ അതിനിർണ്ണായകമായി സ്വാധീനിക്കുന്നു.

സനലിന്റെ പ്രബന്ധം എത്തിച്ചേരുന്ന നിഗമനങ്ങളും ചേർത്തുകൊണ്ട് ഒരു ചെറിയ താലൂക്കിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തിന്റെ പറയപ്പെട്ട കഥയിൽ നിന്ന് ഒരു ചരിത്ര-വിഷയിയെ കടഞ്ഞെടുക്കുന്ന ഗവേഷകന്റെ കഥ മുന്നോട്ട് കൊണ്ടുപോകാം. എഴുത്തിനെ കുറിച്ച് എഴുതുന്നതിന്റെ കഥയായി – സൗന്ദര്യശാസ്ത്രത്തിന്റെ രൂപത്തിൽ പറയപ്പെടുന്ന ഒരു കഥ – സനലിന്റെ പഠനത്തെ കാണാം. ചരിത്രനൂലുകൾ പിണഞ്ഞെടുത്ത് പൊക്കിൾകൊടിയാക്കുന്നതിൽ സൗന്ദര്യശാസ്ത്രത്തിനും ഒരു പരിഗണനയുണ്ട്.

പുസ്തകം വാങ്ങിക്കാൻ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here