കേരളത്തിൽ ആദ്യമായി മൊബൈൽ ക്യാമറ ഉപയോഗിച്ച് എങ്ങിനെ നാടകങ്ങൾ നിർമ്മിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത് ലോക നാടക വാർത്തകൾ എന്ന നാടക പ്രവർത്തകരുടെ ഓൺലൈൻ കൂട്ടായ്മയായിരുന്നു. കോവിഡ് കാലത്തിന്റെ തുടക്കത്തിൽ തന്നെ LNV എന്നറിയപ്പെടുന്ന ഈ കൂട്ടായ്മ ലോകത്തിലെ മുഴുവൻ നാടക പ്രവർത്തകർക്കുമായ് ‘ ആക്ട് ഓൺ ലൈൻ’ എന്ന പേരിൽ 5 മിനിറ്റ് ദൈർഘ്യമുള്ള ഏകപാത്ര വീഡിയോ നാടകോത്സവം സംഘടിപ്പിച്ചു. മുന്നൂറോളം ചെറുനാടകങ്ങൾ ആണ് എൻട്രികൾ ആയി ലഭിച്ചത്. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ നിന്നും ലോകത്തിലെ 22 രാജ്യങ്ങളിൽ നിന്നും എൻട്രികൾ ലഭിച്ചപ്പോൾ ഈ മത്സരം ഏഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഏകപാത്ര നാടക മത്സരമായ് ലിംക ബുക്ക് ഓഫ് റെക്കോഡ്സിന്റ പരിഗണന പട്ടികയിലും ഇടം പിടിച്ചു.
തികച്ചും വ്യത്യസ്ഥമായ ഈ ആശയത്തിന് ശേഷം നാടക പ്രവർത്തകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കുടുംബ ശബ്ദ നാടക മത്സരവും LNV ഒരുക്കി. ഇപ്പോൾ ‘ലിറ്റിൽ തസ്പിയൻസ്’ എന്ന് പേരിട്ടിരിക്കുന്ന കേരളത്തിലെ ആദ്യ ഓൺ ലൈൻ മനോധർമ്മാഭിനയ മത്സരം നടക്കുകയാണ്. 5 വയസ്സു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള ഈ മത്സരത്തിൽ പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നും ഇരുന്നൂറോളം കുട്ടികളാണ് പങ്കെടുക്കുന്നത്. ഇത്തരം പുത്തൻ ആശയങ്ങളുമായി എത്തിയ ലോക നാടക വാർത്തകൾ പ്രവർത്തനം ആരംഭിച്ചിട്ട് ഏകദേശം ഒരു വർഷം തികയുന്നു. ലോകത്തിലെ മലയാള നാടക പ്രവർത്തകർക്ക് നാടക വാർത്തകൾ പങ്ക് വെക്കാൻ നാടക, ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് തുടങ്ങിയ വാട്സാപ്പ് കൂട്ടായ്മയാണ് ഇന്ന് രണ്ടായിരത്തോളം ആക്ടീവ് മെമ്പേഴ്സും പതിനായിരത്തോളം ഫോളോവേഴ്വസും ഉള്ള വലിയ ഓൺലൈൻ സംരംഭമായി മാറിയിരിക്കുന്നത്.
എല്ലാ ആഴ്ചകളിലും LNV പ്രതിവാര വീഡിയോ നാടകോത്സവം, റേഡിയോ നാടകമേള തുടങ്ങി നാടക പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്ന നിരവധി പ്രവർത്തനങ്ങളാണ് LNVയുടെ നേതൃത്വത്തിൽ നടക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം പ്രശസ്ത നാടക പ്രവർത്തകരുടെ സഹയാത്രികർ ഈ നാടക പ്രവർത്തകരെ സ്മരിക്കുന്ന പരിപാടിയായ ‘പറയാനുള്ളത്’ ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കൂടെ കേരളത്തിലെ ഗ്രാമീണ നാടക സംഘങ്ങൾക്ക് നാടകാവതരണങ്ങൾക്ക് വേണ്ടി ഗ്രാന്റ്, ഗ്രാമീണ നാടക സംഘങ്ങളെ അടയാളപ്പെടുത്തുന്ന ‘ നാട്ടകം’ എന്ന ഡോക്യുമെന്റേഷൻ പരിപാടി.നാടക രചനകൾ ശേഖരിക്കുന്നതിന് സ്ക്രിപ്റ്റ് ഡ്രോപ്പ് ബോക്സ്, നാടക പ്രവർത്തകർക്ക് സഹായ ചികിത്സാ നിധി തുടങ്ങിയ നിരവധി പ്രവർത്തങ്ങൾ LNV നടത്തുന്നുണ്ട്. LNV തിയേറ്റർ ടൈംസ് എന്ന മുഖമാസിക ഉടനെ പുറത്തിറങ്ങും. കൊറോണക്കാലത്തിന് ശേഷം മാഹിയിൽ LNV മലയാള നാടക പ്രവർത്തകരുടെ ഗ്ലോബൽ മീറ്റ് നടത്തി സംഘടനാ പ്രഖ്യാപനം നടത്താനിരിക്കുകയാണ്.
നാടക ചലച്ചിത്ര സംവിധായകർ ശ്രീജിത്ത് പൊയിൽക്കാവിനൊപ്പം പോണ്ടിച്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താര എൻ.എസ്, കൊച്ചി കപില ആക്ടിങ്ങ് സെന്റർ ഡയറക്ടർ സുജിത്ത് കപില, പ്രവാസ നാടക പ്രവർത്തകരായ സുനിൽ ചെറിയാൻ, നൗഷാദ് ഹസൻ, റംഷിദ്, താജു നാസർ, അൻസാർ ഇബ്രാഹിം, മാത്തുക്കുട്ടി പള്ളിപ്പാട്, ഡോ ഹരി റാം, ഡോ മനാഫ്, നരേഷ് കോവിൽ, അഫ്സൽ, മോഹൻ രാജ്, ഹരീഷ് മേനോൻ, ബിജു കോട്ടില, അജയ് അന്നുർ തുടങ്ങിയവരും കേളത്തിലെ നാടക പ്രവർത്തകരായ ഷൈജു ഒളവണ്ണ, പ്രിയ ശ്രീജിത്ത്, ഗൗരി നായർ, സഫ്വാൻ, സുവർണ്ണൻ, മഹേഷ് മയ്യഴി, ബിനേഷ് എടച്ചേരി, ശശിധരൻ വെള്ളിക്കോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലോക നാടക വാർത്തകൾ പ്രവർത്തിക്കുന്നത്. മലയാള നാടക സ്നേഹികളുടെ ആഗോള കൂട്ടായ്മയായി LNV യെ ഉടനെ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന് സംഘാടകർ അറിയിച്ചു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.