പെരുന്നാൾ ദിനത്തിലെ ഡ്രാഫ്റ്റ്.

0
851

ഓർമ്മക്കുറിപ്പുകൾ

എം. എസ് ഷൈജു

അബദ്ധങ്ങൾ പറ്റാത്ത മനുഷ്യരുണ്ടാകില്ല. നമുക്ക് പറ്റിയ അബദ്ധങ്ങളിൽ ചിലതൊന്നും പുറത്ത് പറയാൻ പറ്റാത്തവയായിരിക്കും. എന്നാൽ വേറെ ചിലതൊക്കെ പിന്നീട് ഓർക്കുമ്പോൾ ചുണ്ടിൽ അറിയാതെ ചിരി വിടരും. അബദ്ധങ്ങൾക്കും ഒരു തത്വശാസ്ത്രമുണ്ട്. ചില അബദ്ധങ്ങൾ നമ്മളെ വലിയ പാഠങ്ങൾ പഠിപ്പിക്കും. നമ്മുടെ ശീലങ്ങളെത്തന്നെ അത് തിരുത്തിക്കളയുകയും ചെയ്യും. അനിവാര്യമായ അബദ്ധങ്ങൾ എന്ന് അവയെപ്പറ്റി പിന്നീട് തോന്നും.

എന്നോട് ജീവിതത്തിൽ പറ്റിയ ഒരബദ്ധം പറയാൻ പറഞ്ഞാൽ ആദ്യം ഓർമ വരുന്ന ഒന്നുണ്ട്. ഇപ്പോഴും ചിരി വരും അത് ഓർക്കുമ്പോൾ. ഏതാണ്ട് ഇരുപത് ഇരുപത്തിരണ്ട് വർഷമെങ്കിലും പഴക്കമുള്ള ഓരോർമയാണത്. ഒരു വലിയ പെരുന്നാളിന് തലേന്നാണ് അത് സംഭവിക്കുന്നത്‌. ഇന്നത്തെപ്പോലെ മൊബൈൽ ഫോണുകൾ സർവ സാധാരണമല്ലാത്ത കാലം. സൗത്ത് മേൽപ്പാലത്തിലും കടന്ത്ര ജംഗ്ഷനിലുമൊക്കെ നിന്ന് ആളുകൾ നീട്ടിപ്പിടിച്ച ആന്റിനയുള്ള സെൽ ഫോണുകൾ ഉപയോഗിക്കുന്നത് കണ്ടിട്ടേയുള്ളൂ. എറണാകുളത്തെ പഠനവും ഹോസ്റ്റൽ കാലവുമൊക്കെ കഴിഞ്ഞ് ആ ഹാങ് ഓവറിൽ നിൽക്കുകയാണ് ഞാൻ.
ഇതൊക്കെ ഒരു സ്ഥലമാണോ, എറണാകുളമാണ് സ്ഥലം.
ഇതാണ് അക്കാലത്തെ സ്ഥായീ ഭാവം. ഉമ്മാടെ വീട്ടിലാണ് അന്നുള്ളത്. പുറത്തെ സർക്കീട്ട് കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തുമ്പോൾ ഇളയ അങ്കിളിന്റെ ചോദ്യം. മോനെ, ഈ കലൂര് എവിടെയാ? അറിയാമോ? കലൂരോ, അത് എറണാകുളത്താ. അതായത്, നോർത്ത് കഴിഞ്ഞ് അടുത്ത സ്റ്റോപ്. ഞാൻ എന്റെ എറണാകുളം സ്ഥല വിജ്ഞാനത്തിന്റെ കെട്ടഴിച്ച് അങ്കിളിന്റെ മുന്നിലേക്കിട്ടു. കലൂരിലെത്താനുള്ള വിവിധ വഴികളെക്കുറിച്ച് ഞാൻ വാചാലനായി. എറണാകുളത്തോ? അങ്കിൾ ഒന്ന് കണ്ണ് മിഴിച്ചു. ഞാൻ കാര്യം തിരക്കി.

ഗൾഫിലുള്ള ഒരു ബന്ധു ഒരു ഡ്രാഫ്റ്റ് കൊടുത്തു വിട്ടിരിക്കുന്നു. നാളെത്തന്നെ ചെന്ന് വാങ്ങാനാണ് കൊണ്ട് വന്ന ആള് പറഞ്ഞിരിക്കുന്നത്. മറ്റന്നാൾ പെരുന്നാളാണ്. വീട് പണിയുടെ ആവശ്യത്തിനുള്ള പണമാണ്. അത്യാവശ്യമായി പോയി വാങ്ങണം. ഇനി എറണാകുളം വരെ പോകാണമല്ലോ എന്ന പങ്കപ്പാടിലാണ് മുപ്പരുള്ളത്. എനിക്കാണെങ്കിലോ, എറണാകുളം നഗരം എനിക്ക് പച്ചവെള്ളം പോലെ വഴങ്ങുമെന്ന് അവരെയൊക്കെ ബോധ്യപ്പെടുത്താനുള്ള ഒന്നാന്തരം അവസരവും. കലൂർ പള്ളിക്ക് പിറകിലാണ് വീട്. ലൻഡ്മാർക്കും ഫോണ് നമ്പറും തന്നിട്ടുണ്ട്. അവിടെ ചെന്ന് വിളിച്ചാൽ മതി. അങ്കിൾ പറഞ്ഞു. എന്റെ സ്ഥല വിജ്ഞാനം വീണ്ടുമുണർന്നു. കലൂർ പള്ളിയല്ലേ? എനിക്കറിയാം. ഞങ്ങൾ ഹോസ്റ്റലിൽ നിന്ന് ആവിടെയൊക്കെ സ്ഥിരം കറങ്ങുന്നതല്ലേ. ഞാൻ സമാധാനിപ്പിച്ചു. വരുമ്പോൾ വിളിക്കാൻ നമ്പർ തന്നിട്ടുണ്ട്. 0484 കോഡിട്ട് നമ്പർ കുത്തി ഞാൻ വിളിക്കാൻ തുടങ്ങി. ഞാനുള്ളപ്പോൾ 0484 കോഡ് മറ്റാര് കൈകാര്യം ചെയ്യാൻ? ബെല്ലടിക്കുന്നതല്ലാതെ ഫോണ് ആരും എടുക്കുന്നില്ല. എന്തായാലും വെളുപ്പിനുള്ള വേണാട് എക്സ്പ്രസിൽ തന്നെ എറണാകുളത്തിന് വെച്ച് പിടിക്കാൻ തീരുമാനിച്ചു.

അഞ്ച് മണിക്കോ മറ്റോ ആണ് ട്രെയിൻ. വീട്ടിൽ നിന്ന് നാലു മണിക്ക് ഇറങ്ങണം. മൂന്ന് മണിക്ക് തന്നെ എഴുന്നേറ്റ് റെഡിയായി നാലു മണിക്ക് റെയിൽവേ സ്റ്റേഷനിലേക്ക് വെച്ച് പിടിച്ചു. അങ്കിളും കൂടെയുണ്ട്. പത്ത് മണിയോടെ സൗത്തിൽ എത്തി. അവിടെ നിന്ന് ഓട്ടോയിൽ കലൂരിലേക്ക്. ഈ യാത്രയിലുടനീളം ഓരോ കടന്ന് പോകുന്ന ഓരോ സ്ഥലവും സ്ഥാപനങ്ങളും ഞാൻ അങ്കിളിന് വിവരിച്ച് കൊടുത്ത് കൊണ്ടിരുന്നു. ഓരോന്നും ശ്രദ്ധാപൂർവം കേട്ടും ചില സംശയങ്ങളൊക്കെ ചോദിച്ചും അങ്കിൾ എന്നെ പ്രോത്സാഹിപ്പിച്ച് കൊണ്ടുമിരുന്നു. ഇവനാള് കൊള്ളാമല്ലോ, ഏറണാകുളത്തെക്കുറിച്ച് ഇവന് ഇത്രയും പരിജ്ഞാനമോക്കെയുണ്ടോ എന്നാകും അങ്കിൾ ഇപ്പോൾ ആലോചിക്കുന്നുണ്ടാകുക. ഞാൻ സങ്കല്പിച്ചു. ഇതോർത്തപ്പോൾ എനിക്കൊരു കുളിര്. അഭിമാനം. ഓട്ടോ കലൂർ പള്ളിയുടെ മുന്നിലെത്തി നിന്നു. അടുത്ത പണി പറഞ്ഞ ലാൻഡ് മാർക്ക് നോക്കലാണ്. പക്ഷെ അങ്ങനെയൊരു ലാൻഡ്മാർക്ക് അവിടെയൊന്നുമില്ല. അടുത്ത ബൂത്തിൽ കയറി വീണ്ടും ആ നമ്പരിലേക്ക് ഡയൽ ചെയ്തു. തലേന്നത്തേത് പോലെ തന്നെ. ആരും എടുക്കുന്നില്ല.

സേതുരാമയ്യരുടേത് പോലെ കൂർമ്മമായ എന്റെ ബുദ്ധി വീണ്ടും ഉണർന്നു. ഈ ഫോൺ നമ്പറിന്റെ ലൊക്കേഷൻ കിട്ടാൻ എക്‌സ്‌ചേഞ്ചിൽ വിളിച്ചാൽ മതി. നേരെ എക്സ്ചേഞ്ചിലേക്ക് വിളിച്ചു. ഞാൻ ഇതൊക്കെ ചെയ്യുന്നത് കണ്ട് എന്റെ കാര്യ ശേഷിയിൽ അങ്കിളിന് എന്തായാലും നല്ല മതിപ്പുണ്ടായിക്കാണണം. എക്‌സ്‌ചേഞ്ചിൽ ഫോൺ എടുത്തു. നമ്പർ പറഞ്ഞു ലൊക്കേഷൻ ചോദിച്ചു. ഒന്ന് പരിശോധിച്ചിട്ട് അവർ അപ്പോൾ തന്നെ മറുപടി തന്നു. ഇത് ഒരു അമ്മുക്കുട്ടിയമ്മയുടെ നമ്പരാണ്. കഴിഞ്ഞ ഒരു വർഷമായി വീട്ടിൽ ആളില്ല. കണക്ഷൻ താത്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. ബെല്ലടിക്കുന്നത് എക്സ്ചേഞ്ചിലാണ്. അവിടെ ആരും ഫോൺ എടുക്കില്ല. ഞാൻ ദയനീയമായി അങ്കിളിനെ നോക്കി. കയ്യിലെ നമ്പറുമായി ഒന്ന് കൂടി ഒത്ത് നോക്കി. ഇല്ല, നമ്പരൊന്നും തെറ്റിയിട്ടില്ല. പക്ഷെ തോറ്റ് പിന്മാറാൻ ഉള്ളിലെ പോരാളി തയാറായിയുന്നില്ല. ഇനി നമ്പർ അങ്കിൾ എഴുതിയപ്പോൾ തെറ്റിപ്പോയതാണോ? ഇന്നലെ വിളിച്ചപ്പോഴും കിട്ടാത്ത കാര്യം അതായിരിക്കും. അങ്കിളിന് വേവലാതിയായി. ഇനി അങ്ങനെയാണോ? തനിക്കാണോ തെറ്റ് പറ്റിയത്

? ഒരു ജ്ഞാനിയെപ്പോലെ ഞാൻ അങ്കിളിനെ സമാധാനിപ്പിച്ചു. ലൊക്കേഷൻ ഇതു തന്നെയല്ലേ പറഞ്ഞത്, നമുക്കിവിടെയുള്ള വീടുകളിലൊക്കെ ഒന്ന് കയറിത്തിരക്കാം. എന്റെ കാഞ്ഞ ബുദ്ധിയിൽ അങ്കിൾ വീണ്ടും അത്ഭുതം കൂറി. ഇത്രേം ബുദ്ധിയും ബോധവുമൊക്കെ ഉള്ള ഒരു പയ്യൻ നമ്മുടെ കുടുംബത്തിലുണ്ടല്ലോ എന്നോർത്ത് അങ്കിൾ ഇപ്പോൾ അഭിമാനം കൊള്ളുന്നുണ്ടാകും എന്ന് ഞാൻ മനസ്സിൽ കരുതി.

ചുറ്റിലുമുള്ള ഓരോ വീടും ഞങ്ങൾ കയറിയിറങ്ങാൻ തുടങ്ങി. പല ഇടറോഡുകളും നേടുകെയും കുറുകെയും ഞങ്ങൾ നടന്ന് തീർത്തു. ഇപ്പോൾ സമയം ഏതാണ്ട് രണ്ട് മണിയോളമായി. കുറെ വീടുകളിൽ കയറിയിറങ്ങിക്കഴിഞ്ഞു. പക്ഷെ അവർക്കൊന്നും അങ്ങനെയൊരാളിനെക്കുറിച്ച് ഒരു തുമ്പും തരാൻ കഴിഞ്ഞില്ല. അവിടെ പരിസരത്തൊന്നും അങ്ങനെയൊരാൾ ഇല്ലെന്നാണ് അവർ പറയുന്നത്. വിശപ്പ് അതിന്റെ പാരമ്യതയിലേക്ക് കയറിയിക്കഴിഞ്ഞിരുന്നു. ഇതിനിടയിൽ മൂന്നോ നാലോ നാരങ്ങാ സോഡാ കുടിച്ച് കഴിഞ്ഞു. കാലുകളാണെങ്കിൽ ഇനി ഒരടി വെക്കാൻ കഴിയാത്തത് പോലെ കുഴഞ്ഞിട്ടുണ്ട്. അടുത്തൊന്നും ഹോട്ടലുമില്ല. കിട്ടിയ ഓരോട്ടോയിൽ കയറി അടുത്ത ഹോട്ടൽ ലക്ഷ്യമാക്കി വിട്ടു. വൈകിട്ട് അഞ്ചിനുള്ള വേണാടിന് മടങ്ങിപ്പോകണം. അത് കഴിഞ്ഞാൽ അന്ന് ഡേ ട്രെയിൻ ഇല്ല. പക്ഷേ തോറ്റ് മടങ്ങുന്ന കാര്യം എനിക്ക് ആലോചിക്കാൻ പോലും വയ്യ. എനിക്ക് ഡ്രാഫ്റ്റോ പണമോ ഒന്നുമല്ല വലുത്. കലൂരിലെ ഒരു വീട് കണ്ടെത്താൻ പോലും കൊള്ളാത്തതാണല്ലോ എന്റെ എറണാകുളം സ്ഥലവിജ്ഞാനം എന്ന് വീട്ടുകാർ ആക്ഷേപിക്കുമല്ലോ എന്ന ചിന്തയായിരുന്നു ഉള്ളിൽ. ആ അപമാനം സഹിക്കാൻ വയ്യ. അഭിമാന ക്ഷതം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം എന്നാണല്ലോ. ഭക്ഷണം കഴിക്കുമ്പോഴും ഇനിയെന്ത് എന്ന ചിന്ത മാത്രമായിരുന്നു മനസിൽ.

കലൂർ സ്റ്റേഡിയത്തിനടുത്തുള്ള ജനതാ ജങ്ഷനിലെ മസ്ജിദിന്റെ പരിസരം കൂടി പരതാൻ തീരുമാനിച്ചു. തീരുമാനവും നേതൃത്വവുമെല്ലാം ഏകപക്ഷീയമായി ഞാൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അങ്കിൾ നിശബ്ദനായി എന്നെ അനുഗമിച്ച് കൊണ്ടേയിരുന്നു. ഏതാണ്ട് നാലുമണി വരെ ജനതാ മസ്ജിദിന്റെ നാലുപാടും പരതി. നോ രക്ഷ. ഡ്രാഫ്റ്റ് കൊണ്ട് വന്നയാളിനെക്കുറിച്ച്‌ ഒരു ക്ലൂ പോലും കിട്ടിയില്ല. ഇനി പരാജയം സമ്മതിക്കാതെ നിർവാഹമില്ല. ഒരു യുദ്ധം തോറ്റ് വന്ന് നിൽക്കുന്ന സേനാനായകന്റെ മുഖഭാവത്തോടെ ഞാൻ അങ്കിളിനോട് ചോദിച്ചു. ഇനിയെന്ത് ചെയ്യും? രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഞാൻ ഇപ്പോഴാണ് ഒരു കാരുത്തിൽ അങ്കിളിന്റെ അഭിപ്രായം ചോദിക്കുന്നത്. ഇതുവരെ ഞാനായിരുന്നു എല്ലാം തീരുമാനിച്ചിരുന്നത്. നമുക്ക് പോകാം. അയാൾ ഇനി വിളിക്കുമ്പോൾ വ്യക്തമായി ചോദിച്ചിട്ട് ഒന്ന് കൂടി വരാം. അങ്കിൾ എന്നെ സമാശ്വസിപ്പിച്ചു. തല കുമ്പിട്ട് നിന്ന് ഞാൻ സമ്മതിച്ചു. എന്തായാലും ഞാൻ വീട്ടിൽ വിളിച്ച് ഒന്ന് പറയട്ടെ. അങ്കിൾ ഇതും പറഞ്ഞ് തൊട്ടടുത്തുള്ള ബൂത്തിലേക്ക് കയറി.

ഞങ്ങൾ വീട്ടിൽ നിന്ന് വന്നിട്ട് ഇതുവരെ അങ്ങോട്ട് വിളിച്ചിരുന്നില്ല. ഡ്രാഫ്റ്റ് കിട്ടിയില്ല എന്ന് അവരെ നേരത്തെ വിളിച്ചറിയിക്കുന്നത് നല്ലതാണ്. ഫോണ് വിളിച്ചിട്ട് വന്ന അങ്കിളിന്റെ ചുണ്ടിൽ ഒരു ചിരി. ക്ഷീണിതനാണെങ്കിലും ഞാൻ കാര്യം തിരക്കി. ഞങ്ങളുടെ ഫോണും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു വീട്ടുകാർ. ഉച്ചയായിട്ടും ഞങ്ങളെ കാണാത്തത് കൊണ്ട് ഡ്രാഫ്റ്റ് കൊണ്ട് വന്ന ആൾ വീട്ടിൽ വീണ്ടും വിളിച്ചു. അപ്പോൾ ഞങ്ങൾ എറണാകുളത്തേക്ക് വന്ന വിവരം വീട്ടുകാർ പറഞ്ഞു. എറണാകുളം എന്ന് കേട്ട ‘ഡ്രാഫ്റ്റ്‌മാൻ’ ഞെട്ടി. അന്ന് 8രൂപാ 40 പൈസാ ബസ് ടിക്കറ്റെടുത്താൽ വീട്ടിൽ നിന്ന് എത്താൻ മാത്രം ദൂരമേ അയാളുടെ വീടുമായുള്ളൂ. കല്ലൂര് എന്ന സ്ഥലമാണ് അയാൾ പറഞ്ഞത്. അത് തൊട്ടടുത്ത ആറ്റിങ്ങൽ ഭാഗത്താണ്. ഞങ്ങൾ തിരിച്ചതാകട്ടെ അതിനടുത്ത വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും. ഫോൺ കണക്ഷനുകൾ രണ്ടും ഒരേ സർക്കിളിൽ. കോഡേ വേണ്ട. ഡയറക്ട് ഡയലിംഗ്. അതാണ് അയാൾ കോഡ് തരാഞ്ഞത്. അയാൾ ഇന്ന് ഉച്ച വരെ എങ്ങും പോകാതെ ഞങ്ങളെയും കാത്തിരിക്കുകയായിരുന്നു. ഈ വിവരങ്ങൾ കേട്ട ചിരിയാണ് അങ്കിളിന്റെ ചുണ്ടിൽ. അന്ന് രാത്രി ഏതാണ്ട് ഒരു മണിയോടെയാണ് ഞങ്ങൾ വീട്ടിലെത്തിയത്. പിറ്റേന്ന് അങ്കിൾ കല്ലൂരേക്ക് പോയപ്പോൾ എന്നെയും വിളിച്ചു. എന്റെ നോട്ടം കണ്ട അങ്കിൾ ചിരിച്ച് കൊണ്ട് തനിയെ പോയി. പോയി ഒരു മണിക്കൂറിനകം അങ്കിൾ ആ ഡ്രാഫ്റ്റുമായി തിരിച്ചെത്തി. ഇന്നും കലൂർ കടന്ന് പോകുമ്പോൾ ഓരോ തവണയും ഞാൻ അറിയാതെ ചിരിക്കും.

മറക്കാനാവാത്ത ഓർമ്മകൾ നിങ്ങൾക്കും ഉണ്ടാകില്ലേ.. ജീവിതദിശ തിരിച്ചുവിട്ട ആളുകൾകണ്ണിൽ നിന്നു മായാത്ത കാഴ്ചകൾ അങ്ങനെ , അങ്ങനെ
പങ്കുവെക്കാനാഗ്രഹിക്കുന്ന ഓർമകൾ എഴുതി അയക്കു

മെയിൽ – editor@athmaonline.in, WhtatsApp : 8078816827

LEAVE A REPLY

Please enter your comment!
Please enter your name here