ലേഖനം
കാവ്യ എം
‘സംഗീതമില്ലായിരുന്നെങ്കിൽ ജീവിതമൊരു തെറ്റായി പോയേനെ’
ഫ്രഡറിക് നീഷേയുടെ വാക്കുകളാണിത്.. അർത്ഥപൂർണമാണ് എന്നുമെന്നും ഈ വാക്കുകൾ. സംഗീതം സാധ്യതയാണ്.. ഇന്നലെകളെ തിരഞ്ഞ് ചെല്ലുന്ന ഓരോരുത്തർക്കും ‘ഇതാ അസ്തമിക്കുന്നില്ല ഓർമകളൊന്നും ‘എന്ന് ഈണങ്ങളിലൂടെ പറഞ്ഞ് ആ സാധ്യത അവിടെ സംഗീത പ്രേമികളെ നോക്കി സ്നേഹത്തോടെ ഇന്നിന്റെ ഉമ്മറങ്ങളിൽ ഉണ്ട്.
ഇന്നുമിന്നും പ്രണയിനികൾക്ക് മാത്രം തിരഞ്ഞെത്താനായി നേർത്ത പദനിസ്വനങ്ങളെ ഇവിടെ ബാക്കി വച്ചിട്ടു പോയൊരാൾ..നിറഞ്ഞ സ്നേഹം പരിചയപ്പെട്ടവർക്കെല്ലാം പങ്കുവെച്ച പോലെ വരികളിലും നിറച്ചു വച്ച് യാത്ര പറഞ്ഞ് പോയ ഒരാൾ.. ഇനിയും നമുക്ക് വിരലുകളാൽ താളം മീട്ടാൻ ഏറെ ബാക്കി വച്ച് മറഞ്ഞൊരാൾ, ഗിരീഷ് പുത്തഞ്ചേരി….മലയാള സംഗീതമേഖലയെ പ്രണയിക്കുന്നവർക്ക് ചേർത്തുപിടിക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ നൽകിയിട്ടുണ്ട് പുത്തഞ്ചേരി. അദ്ദേഹത്തിൻറെ പേരില്ലാതെ, നമുക്ക് തന്ന പാട്ടുകളില്ലാതെ, അവയെ ഓർമിക്കാതെ, മലയാളിക്ക് ഒരു പക്ഷെ പ്രണയമില്ലെന്നു പറയാം..അത്തരത്തിലൊരു അഭിപ്രായം ഉന്നയിക്കുന്നതിലൊട്ടും തന്നെ തെറ്റില്ലെന്നു തെളിയിക്കുകയാണ് ഇദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോഴൊക്കെ പതിയെ പാടുന്ന ആകാശവാണി പോലും.. നമ്മുടെ കിനാക്കളെ, പാദസരങ്ങളണിഞ്ഞ കിനാക്കളെ ആയിരം ഉമ്മകൾ തന്നുണർത്തിയ വരികൾ ഇന്നും നമ്മളോർക്കുന്നു.. അവിടെ തന്നെ പ്രണയം കൊണ്ട് കരൾ പിടഞ്ഞു നീറുന്ന നോവിനെയും പകർത്തിവച്ചു പോയിട്ടുണ്ട് അദ്ദേഹം. പലരും പറയാൻ ആഗ്രഹിച്ച പലതും, ചില മൗനാനുരാഗങ്ങളുടെ ചന്തം..വസന്തം പോലെ തളിരണിയാൻ വരികളിലൂടെ, വാക്കുകളിലൂടെ മലയാളിക്കെന്നും അദ്ദേഹത്തിന്റെ വരികളിൽ ഒരു തുരുത്ത് ഉണ്ടാവുമായിരുന്നു. പ്രണയത്തിന്റെ, വിരഹത്തിന്റെ, നോവിന്റെ,ചിലപ്പോഴൊക്കെ കാലം തെറ്റി പൂക്കുന്ന തൈമുല്ലകളുടെ സുഗന്ധങ്ങളുടെ തുരുത്ത്.
ഒരു പാട്ടിൽ കേൾക്കുന്നയാൾക്ക് ഹൃദയത്തോട് ചേർക്കാൻ അയാൾ എന്ത് കണ്ടെത്തുന്നു എന്നതിന്റെ ഉത്തരം തേടൽ കൂടെയാവുന്നുണ്ട് ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ മലയാളിക്ക്. നമുക്ക് നഷ്ടപ്പെട്ടുപോയ നാട്ടുനന്മകളെ, തുമ്പപൂക്കളെ, പാതിരാ പുള്ളുകളുടെ പാട്ടുകളെയെല്ലാം വാക്കുകളിലൂടെ ഇവിടെ അടയാളപ്പെടുത്തിക്കൊണ്ട് ഗ്രാമങ്ങളിലേക്ക് ചെന്ന് പകലിരവ് കൂടാനും നമ്മളോട് പറയുന്നു. ഗ്രാമം നന്മ മാത്രമളക്കുന്നു എന്ന വരി, അതിന്റെ ഭംഗി, അതുകൂടാതെ കുങ്കുമ കൊമ്പിലിരുന്നു പാടുന്ന ഒരു കുഞ്ഞിളം കിളി.. ആ കിളി പാടുന്നത് വർഷങ്ങൾക്കിപ്പുറം നമ്മളും കേട്ടിരിക്കുന്നു.. അറിയാതെ അങ്ങനെയൊരു ഗ്രാമം നമ്മളും മനസിലെവിടെയോ സ്വപ്നം കാണുന്നു. ആ കിളിക്കു കൂട്ട് പാടുന്നു. വള്ളുവനാടൻ ഗ്രാമങ്ങളുടെ പച്ചപ്പ് മേഘം എന്ന ഒരൊറ്റ ചിത്രത്തിലെ പാട്ടിലൂടെ, നമ്മളൊക്കെ വീണ്ടും പഴയ ഗ്രാമങ്ങളിൽ ചെന്നിരുന്നു കാണണം. വിദൂരമായ നാട്ടുപച്ചകളും തിനവയലുകളും മകരമാസ നിലാവും.. എന്തെന്തു ചന്തങ്ങളാണ് വരികളിൽ അദ്ദേഹം ചേർത്ത് വച്ചത്. ആ പാട്ടിൽ തന്നെ കല്യാണ പെണ്ണിന് ചൂടാൻ മുല്ല കൊടുക്കുന്ന പൂപ്പാടങ്ങളെ കുറിച്ചും കണ്ണാടിചില്ലിൽ നോക്കി കണ്ണെഴുതുന്ന ആകാശത്തെ കുറിച്ചും പറയുമ്പോൾ ബിംബകല്പനകളുടെ അനേകായിരം മഴവില്ല് കൂടെ അദ്ദേഹം വരച്ചിടുന്നു.
ബന്ധങ്ങളുടെ നേരും നോവും കണ്ണീരും ചിരികളും അദ്ദേഹത്തിന്റെ എത്രയെത്ര വരികളിലാണ് നമ്മളോട് സംസാരിച്ചത്. ഒരു പിൻവിളിക്ക് കൊതിച്ചിരുന്നെങ്കിലും, കണ്ണീരിന്റെ നനവ് തുടക്കാനൊരു വിരൽ തുമ്പ് തേടുമ്പോൾ നമ്മുടെ കൂടെ കണ്ണ് നനയിപ്പിച്ചു അദ്ദേഹത്തിന്റെ വരികൾ. ക്ഷണികമാണ് പ്രിയപെട്ടവരെ പിരിയുന്നതൊക്കെ എന്ന് ഒരു പക്ഷെ അദ്ദേഹം കുറിച്ചിട്ടപ്പോൾ നമ്മളും കൂടെ പാടിയില്ലേ അതെ’ എന്നെന്നും നീയെൻ അരികിലില്ലേ ‘ എന്ന്. മാജിക്കൽ റിയലിസം രഞ്ജിത്ത് മനോഹരമായി നന്ദനത്തിലൂടെ നമുക്ക് മുന്നിലെത്തിച്ചപ്പോൾ കൂടെ ഗിരീഷ് പുത്തഞ്ചേരിയുടെ വരികളുണ്ടായിരുന്നു. നീർമണിപ്പൂവുകളെ, വെണ്ണകുടങ്ങളെ, കണ്ണന്റെ കണ്ണിലെ അഞ്ജന നീലിമയെ കണി കണ്ടുണരാൻ വരികളിലൂടെ പറയുമ്പോൾ ആരാണ്, ഏതു ഗോപികയാണ് കണ്ണനെ ആഗ്രഹിക്കാതിരിക്കുക. തിരുവാതിരയും, മേടക്കൊന്നയും വിഷുവും അങ്ങനെ മലയാളിക്ക് എത്രയെത്ര കാലങ്ങളിലേക്ക് മടങ്ങിപോക്കിന് വഴിയൊരുക്കുകയാണ് ഇന്നും ആ വരികൾ. കുഞ്ഞോമനകളെ എടുത്തൊന്ന് ചേർത്ത് പിടിക്കുമ്പോൾ കുനു കുനെ കുഞ്ഞു നെറുകുകളിൽ ചന്ദനം ചാലിച്ചു ചേർത്ത നനവാണ് ആ വരികൾക്കിന്നും. പഴയൊരു ഗസലിന്റെ ഈണം പ്രിയപ്പെട്ടവൾക്ക് നൽകാൻ നിലക്കാത്ത ഹാർമോണിയവുമായി പാടുന്ന ഒരു ഗായകൻ.. എന്നുമെന്നും അത് ഇവിടെയിങ്ങനെ തുടർന്ന് മീട്ടുക തന്നെയാണ്.. ഓരോ പ്രണയിനികളും.
ചടുലമായ നൃത്തരംഗങ്ങൾക്കും അദ്ദേഹത്തിന്റെ വരികൾ ജീവൻ കൊടുത്തു. വരികൾ എടുത്ത് എഴുതുമ്പോൾ എന്നെ പ്രയാസപ്പെടുത്തുന്നത് വാക്കുകളുടെ കുറവ് ആണ്.. പറയാൻ ഉള്ളതൊക്കെ വരികളാക്കി നമുക്ക് തന്നു പോയതാണ് അദ്ദേഹം.. അവിടെ നിലാവും നിഴലും അമ്മകൈകളുടെ കൂട്ടിപിടിക്കലും താരാട്ടും മുല്ലപ്പൂക്കളും സന്ധ്യയും പൂരങ്ങളും കറുകപ്പൂക്കളും ഒക്കെ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കിട്ടിയ പുരസ്‌കാരങ്ങൾ കൊണ്ടേ അല്ല അദ്ദേഹത്തെ കാലം അടയാളപ്പെടുത്തുന്നത്.. മറിച്ച് വസന്തം തേടുമ്പോൾ, നിലാവ് തേടുമ്പോൾ, പുഴവക്കിലൊരു കാറ്റിനെ തിരയുമ്പോൾ, അമ്മയുമ്മക്ക് കൊതിക്കുമ്പോൾ ഇവിടെയുണ്ട് ഗിരീഷ് പുത്തഞ്ചേരി തന്നു പോയ പുലർവെയിലും പൂക്കാലവും എല്ലാം എല്ലാം..ഇനിയും, മഴയുള്ള രാത്രികളിലും മുറികളിൽ നമ്മൾ ഒറ്റയ്ക്കിരിക്കുമ്പോഴും പതുക്കെ നിങ്ങളുടെ തടിച്ച ബാറ്ററിയുള്ള റേഡിയോ ഒന്ന് ഓൺ ചെയ്തുനോക്കുക.. അവിടെ ഒരു ശബ്ദം നമ്മളോട് പറയും, വരികൾ ഗിരീഷ് പുത്തഞ്ചേരി എന്ന്.. ആ വരികളിലെ പുലർകാലങ്ങളിലേക്ക്, സന്ധ്യകളിലേക്ക് ഒക്കെ നമുക്ക് ഇനിയും ഇനിയും നടന്നു ചെല്ലാം.. കേട്ട് കേട്ട് ഇരിക്കുമ്പോൾ അദ്ദേഹത്തോട് പറയാം.. നിങ്ങളില്ലാത്ത 13 വർഷങ്ങൾ, ഇല്ല.. നിങ്ങളില്ലാതാവുന്നില്ല.. ഈ വരികളിവിടെ തുടരുമ്പോൾ.. ഞങ്ങൾ ഇവിടെ ശ്രുതി മീട്ടും, ഓർമകൾ കൊണ്ട് കൂടി..
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല