മുറിവുകളിൽ പുരട്ടുന്ന സ്നേഹ അല്ലികൾ

0
254
aswani vayana

വായന

പ്രീത ജോർജ്ജ്

ഒരേ പേരെമ്മേലേതെ പലജാതി ജീവിതങ്ങൾ ‘ പോലെ ഒരേ പുസ്തകത്തിലെ പലജാതി കവിതകൾ. പല കാലങ്ങളെ, പല ജീവിതങ്ങളെ ഒറ്റ ഫ്രയിമിനുള്ളിലാക്കി, അതിഭാവുകത്വമില്ലാതെ ജീവിത യാഥാർത്ഥ്യങ്ങളിൽ അനുഭവ തീഷ്‌ണതയുടെ മേമ്പൊടി ചാലിച്ച് എഴുതിയ അതിഗംഭീരമായ ഒരു കൂട്ടം കവിതകൾ ആണ് അശ്വനി ആർ ജീവന്റെ ഒരു ദാഹം അല്ലികൾ അടർത്തുന്നു എന്ന കവിതാ സമാഹാരത്തിൽ ഉള്ളത്.

ടീച്ചർക്കെപ്പോഴും നൂറു നാവാണ് തോറ്റ കുട്ടിയെക്കുറിച്ച് സംസാരിക്കുമ്പോൾ…
എന്നിട്ടുമവൻ തോറ്റു പോയതെന്താണെന്ന് നിങ്ങളാരെങ്കിലുമവരോട് ചോദിച്ചാൽ, ഞാനൊരു മോശം ടീച്ചറാണെന്ന് മുഴുവൻ മാർക്കിൽ അവരവനെ ജയിപ്പിക്കും… ‘മാർക്കിടാൻ ചോദ്യമില്ലാത്ത ചില ഉത്തരങ്ങളുണ്ട്’ എന്ന കവിതയിലെ ടീച്ചറെ ഏതൊരു കുട്ടിയും ആശിച്ചു പോകും. മരണത്തിലും നമ്മെ വിട്ടു പോകാതെ സ്വപ്നങ്ങളിൽ തേടിയെത്തുന്ന പ്രിയപ്പെട്ടവരും , ക്വാറന്റൈനിൽ ഇരിക്കുന്ന പെൺകുട്ടി തനിയെ സംസാരിക്കുമ്പോൾ ജാരനെ തിരയുന്ന സദാചാരക്കാരുമൊക്കെ നമുക്കും എവിടെയൊക്കെയോ പരിചിതരാണ്.

രൂപപെടലിന്റെ, രൂപാന്തര പെടലിന്റെ പെണ്ണിടങ്ങൾ എങ്ങും കാണാൻ സാധിക്കുന്നുണ്ട്.
‘ഒരു ദിവസം പെട്ടെന്നെന്നെ കാണാതാകുമ്പോൾ’ എന്ന കവിതയിൽ ഒരു ശരാശരി മലയാളി സ്ത്രീയുടെ ജീവിതം വരച്ച് കാണിച്ചിരിക്കുന്നു. ആലിപ്പഴം കൊണ്ട് ഉപ്പേരിയുണ്ടാക്കി സ്നേഹം വിളമ്പിത്തരുന്ന അച്ഛനും, മുലകുടിച്ചിട്ടും ജന്മമൊഴിഞ്ഞിട്ടും മാറാത്ത ദാഹമുള്ള മകൾക്ക് വേണ്ടി നാരങ്ങ തേടി അലയുന്ന അമ്മയും സ്നേഹത്തിന്റെ നീളൻ പുൽപായകളാകുന്നു. മുറിവും, മരണവും, പഴുക്കുന്തോറും പച്ചയാവുന്ന പ്രണയവുമെല്ലാം ജീവിതത്തിന്റെ പലമുഖങ്ങളാണ്.

കാലത്ത് നാലു മണിക്കെണീച്ച്
തന്ത പശൂനെ കറക്കുന്നു;
തള്ള കൊര കൊരാ കൊരക്കുന്നു
ഞാനന്നേരം ഓന്റെ കൂട
മെട്രോ സ്റ്റേഷമ്മലേനു
– പ്രയാസങ്ങൾക്കിടയിലും ജീവിത യാഥാർഥ്യം ഉൾക്കൊള്ളാതെ സ്വന്തം സുഖം തേടി അലയുന്ന ആധുനിക മക്കളുടെ പ്രതീകമായി നമുക്കിവരെ ചൂണ്ടിക്കാണിക്കാം

21ആം നൂറ്റാണ്ടിലെ സ്ത്രീക്കും മനുസ്മൃതി സങ്കൽപ്പങ്ങളിൽ നിന്നും വലിയ അന്തരം ഇല്ലെന്നതിന്റെ ഓർമപ്പെടുത്തലാണ് തെസ്നി മറിയം കല്യാണിയും പിന്നെ നാലു ചുണങ്ങുകളും.അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലവും, മനുഷ്യ ജീവിതങ്ങളും വരച്ചു കാട്ടുന്ന നേർക്കാഴ്ചകളുടെ പതിപ്പാണ് ഒരു ദാഹം അല്ലികൾ അടർത്തുന്നു എന്ന കവിതാ സമാഹാരം…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here