HomeTHE ARTERIASEQUEL 88കാലം യവനികയ്ക്കുള്ളിലാവുമ്പോൾ

കാലം യവനികയ്ക്കുള്ളിലാവുമ്പോൾ

Published on

spot_imgspot_img

അനുസ്മരണം

പ്രമോദ് പയ്യന്നൂർ
(നാടക-ചലച്ചിത്ര സംവിധായകൻ
മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ)

അഭിനയത്തിന്റെ ലളിത സമവാക്യങ്ങളുടെയും നാട്ടുതനിമയുടെയും യഥാതഥ ശൈലിയുടെയും കാലമാണ് കെ.പി.എ.സി.ലളിത എന്ന അഭിനേത്രിയുടെ വിടപറച്ചിലിലൂടെ ഓർമ്മയായത്. നമ്മളൊന്നാണെന്ന മനസ്സോടെ ഒത്തുചേരുന്ന കൂട്ടായ്മയുടെ കലകളോടായിരുന്നു കുട്ടിക്കാലത്ത് കിലുക്കാംപെട്ടിയെന്ന് തോപ്പിൽഭാസിയും വയലാറും ദേവരാജൻ മാസ്റ്ററും സ്നേഹത്തോടെ വിളിച്ചിരുന്ന മഹേശ്വരി എന്ന കെ.പി.എ.സി ലളിതയ്ക്ക് പ്രിയം. നൃത്തത്തിന്റെയും നാടകകലയുടെയും അരങ്ങിൽ നിന്നും ചലച്ചിത്രത്തിന്റെ വെള്ളിവെളിച്ചത്തിൽ എത്തിയപ്പോഴും ആ പെരുമാറ്റശൈലികളിൽ സാധാരണക്കാരോടുള്ള ലാളിത്യം നിറവായതും അതിനാലായിരിക്കാം. നടൻ എന്ന ചിത്രത്തിലെ നാടക അഭിനേത്രിയുടെ വേഷം സാർത്ഥകമാക്കിയപ്പോൾ അതിലെ ഗാനരംഗത്ത് ഏകാകിനിയായ കലാകാരിയുടെ നോവുകൾ ആവിഷ്ക്കരിച്ച ‘ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ’ എന്ന പാട്ടിൽ ലളിതേച്ചിയെ നമ്മൾ കണ്ടതാണ്. സത്യത്തിൽ ജീവിതത്തിന്റെ നേരിൽ കൂട്ടായ്മകളിൽ സ്നേഹം പടർത്താനും പരിഭവങ്ങൾ പറയാനും, ദുഃഖങ്ങൾ പങ്കിടുവാനും മടിയില്ലാത്ത ഗ്രാമീണ മനസ്സായിരുന്നു ലളിതേച്ചിയുടേത്. ദേഷ്യമോ പരിഭവമോ ഉണ്ടെങ്കിൽ നേരിൽ പറഞ്ഞ് ഉള്ളം തെളിഞ്ഞ മാനം പോലെ വിശുദ്ധമാക്കുന്ന മനസ്സ്. ഈ സവിശേഷതയും അരങ്ങിലെ ജീവിത തീഷ്ണതയുള്ള കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞുള്ള പകർന്നാട്ടവുമാണ് ഇത്രയേറെ തന്മയത്വത്തോടെ വൈവിദ്ധ്യമാർന്ന 600-ഓളം കഥാപാത്രങ്ങളെ ചലച്ചിത്ര ലോകത്തും ലളിതേച്ചിയ്ക്ക് തിളക്കമാർന്നതാക്കാൻ സാധിച്ചത്.

ചലച്ചിത്രത്തിരക്കിനിടയിലും സാംസ്കാരിക കൂട്ടായ്മകളിൽ കഴിയുന്നിടത്തോളം എത്തിച്ചേരുവാനുള്ള മനസ്സ് ലളിതേച്ചിക്ക് എന്നുമുണ്ടായിരുന്നു. പയ്യന്നൂരിലെ ഗാന്ധിമൈതാനത്തിലും ചെന്നൈയിലെ കേരള- തമിഴ്നാട് ഫെസ്റ്റിലും കാമ്പിശ്ശേരി കരുണാകരന്റെ നാമത്തിലുള്ള നാടകോത്സവത്തിന് കൊല്ലത്തും അന്തർദ്ദേശീയ നാടകദിനത്തിൽ നാടക മേഖലയിലെ 10 അഭിനേത്രികളെ ആദരിച്ച കൂട്ടത്തിൽ ഒരാളായി ഭാരത് ഭവനിലും ശാരീരിക ബുദ്ധിമുട്ടുകൾ വകവയ്ക്കാതെ ലളിതേച്ചി വന്നെത്തിയതും അതിനാലാണെന്ന് നമ്മൾ തിരിച്ചറിയുന്നു. 2020 ജനുവരിയിൽ മദിരാശിയിൽ നടന്ന സാംസ്കാരിക വിനിമയോത്സവ സംഘാടക സമിതി യോഗത്തിൽ ചെന്നൈ മലയാളികൾ ഒന്നു രണ്ടു തവണ ക്ഷണിച്ചപ്പോൾ ലളിതേച്ചി വന്നില്ലെന്ന പരിഭവം പ്രവാസ ജീവിതം നയിക്കുന്ന മലയാളികൾ പറഞ്ഞത് ഫെസ്റ്റിവൽ ഡയറക്ടർ എന്ന നിലയിൽ ഞാൻ ചേച്ചിയെ വിളിച്ചറിയിച്ചു. ചേച്ചി ചെന്നൈയിൽ വന്നു. അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനും തമിഴ്നാട് സാംസ്കാരിക വകുപ്പ് മന്ത്രി പാണ്ട്യരാജനും ശാരദാമ്മയും, ചിത്രചേച്ചിയും റാണി ജോർജ്ജ് ഐ.എ.എസും, എ. വി . അനൂപും ഒത്തുചേർന്ന ഉദ്ഘാടന വേളയിൽ ചേച്ചി മനുഷ്യസ്നേഹത്തെക്കുറിച്ച് സംസാരിച്ചതും ഗ്രാമീണതയുടെ നന്മയുറയുന്ന മനസ്സിന്റെ വെളിപാടുകളായിരുന്നു. രംഗകലകളും നാടകവും ചലച്ചിത്രവും ഒരുപോലെ മനസ്സിലേറ്റി നടന്ന കലയുടെ ആ പൂങ്കുയിലിന് ദുഃഖങ്ങളേറെയുണ്ടായിരുന്നു മനസ്സിൽ. ജീവിത സഹയാത്രികനും വിഖ്യാത സംവിധായകനുമായ ഭരതന്റെ വേർപാട്, മകൻ സിദ്ധാർത്ഥിന് നേരിടേണ്ടി വന്ന അപകടം, പ്രിയപ്പെട്ടവർ വേർപിരിയുമ്പോഴുള്ള നോവുകൾ ഇതെല്ലാം അനുഭവിക്കുമ്പോഴും കൂട്ടായ്മയിൽ കരുത്ത് സമാർജ്ജിച്ച് അർത്ഥപൂർണ്ണതയോടെ പാടിയ കലയിലെ കാലാതീതയായ കലാകാരിയായിരുന്നു കെ.പി.എ.സി ലളിത.

ഓണാട്ടുകരയിലെ പച്ചപ്പാവാട പുതച്ച പാടങ്ങളുടെ പ്രസരിപ്പ് ഉള്ളം നിറയെ കൊണ്ടുനടന്ന കൊച്ചുപാവാടക്കാരി ‘പൊന്നരിവാളമ്പിളിയില്’ എന്ന പാട്ടിന് ചുവടുവെച്ചാണ് ആദ്യമായി അരങ്ങിൽ പ്രകാശം പരത്തിയത്. കായംകുളത്തെ രാമപുരം ഗ്രാമത്തിലെ മഹേശ്വരിയെ കെ.പി.എ.സി ലളിതയാക്കി മാറ്റിയതിനു പിന്നിൽ അനുഭവതീഷ്ണതയുടെ നാടകകാലങ്ങളുണ്ട്. ഒരു സർഗ്ഗ ജീവിതത്തെ നീതിപൂർവ്വം വായിച്ചെടുക്കുമ്പോൾ ആ കാല്പാടുകൾ, ചലച്ചിത്രത്തിന്റെ ആഘോഷ പ്രഭയിൽ മാഞ്ഞു പോകരുതല്ലോ. അക്കാലത്ത് പൂതാനമോക്ഷം ഏകാഭിനയത്തിലൂടെ ശ്രദ്ധേയയായ പെരുന്ന ലീലാമണി വഴി നൃത്തം പഠിച്ചു. കൊല്ലത്തെ കടപ്പാക്കട സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടന വേളയിൽ കൊച്ചു ലളിതയെ ആദ്യമായി സാരിയുടുപ്പിച്ച് അഭിനയത്തിന്റെ ആദ്യപാഠങ്ങൾ പറഞ്ഞ് പരിശീലിപ്പിച്ചത് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യിലെ മാലയെ അരങ്ങത്ത് അനശ്വരമാക്കിയ സുധർമ്മയായിരുന്നു. ‘ചങ്ങനാശ്ശേരി – ഗീഥ’ അവതരിപ്പിച്ച രബീന്ദ്രനാഥ ടാഗോറിന്റെ ‘ബലി’ എന്ന നാടകത്തിലെ നർത്തകിയും പി.ജെ. ആന്റണിയുടെ മാതൃഭൂമി, ഗലീലിയോ, പ്രതിഭാ ആർട്സിന്റെ കാക്കപ്പൊന്ന് എന്നിവയായിരുന്നു കെ.പി.എ.സി ലളിത എന്ന അഭിനേത്രിയുടെ ആദ്യ സർഗ്ഗ വഴികൾ. ആ യാത്രയാണ് 1964 സെപ്തംബർ 4 ന് ലക്ഷ്യത്തിലെത്തിയത്. ഒരുപാടു വർഷത്തെ എന്റെ സ്വപ്നവും കർമ്മഫലവും സംയോജിച്ച ദിനമായിരുന്നു അത് – എന്ന് ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ബാബു ഭരദ്വാജ് തയ്യാറാക്കിയ ‘കഥ തുടരും’ എന്ന ജീവിതാനുഭവങ്ങളുടെ പുസ്തകത്തിൽ ലളിതേച്ചി പറഞ്ഞിട്ടുണ്ട്. തോപ്പിൽ ഭാസി എന്ന പ്രതിഭാധനന്റെ ശിക്ഷണത്തിൽ സർഗ്ഗധനയായ കലാകാരിയുടെ ജൈത്രയാത്രയായിരുന്നു പിന്നീടങ്ങോട്ടുള്ള കാലങ്ങൾ. അശ്വമേധം, മുടിയനായ പുത്രൻ, സർവ്വേക്കല്ല്, പുതിയ ആകാശം പുതിയ ഭൂമി, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം, യുദ്ധകാണ്ഡം, ഇന്നലെ ഇന്ന് നാളെ, മാനസപുത്രി, ജീവിതം അവസാനിക്കുന്നില്ല – തുടങ്ങിയ കെ.പി.എ.സി നാടകങ്ങളിൽ കേന്ദ്രകഥാപാത്രങ്ങളായി ലളിത നിറഞ്ഞാടി. പിന്നീട് 600 ഓളം ചലച്ചിത്രങ്ങളിൽ ഭാവസൂക്ഷ്മതയാർന്ന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുവാൻ ജനകീയ കലാരൂപമായ നാടക നൈരന്തര്യത്തിന്റെ കാലം തനിക്ക് എന്നും തുണയായിട്ടുണ്ടെന്ന് ആദരവോടെ പറയാറുള്ള അഭിനേത്രിയായിരുന്നു കെ.പി.എ.സി ലളിത. കെ.പി.എ.സി ലളിത എന്ന അഭിനയത്തിന്റെ ജൈവീകത ബാല്യകാല ചലച്ചിത്ര കാഴ്ച മുതൽ മനസ്സിൽ ആദരവിന്റെ ഉൾപ്പെരുക്കങ്ങൾ പകർന്നിട്ടുണ്ടായിരുന്നു. ചാനൽ ജീവിതത്തിൽ ഭരതൻ സാറിനെ കുറിച്ചും, തോപ്പിൽ ഭാസിയെ കുറിച്ചുമൊക്കെ ജീവിത രേഖാചിത്രം ഒരുക്കുവാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ ഓർമ്മ സാക്ഷ്യങ്ങൾക്കായി ഓണാട്ടുകരയുടെ ലാളിത്യത്തോടെ പ്രിയപ്പെട്ട അഭിനേത്രി നിറചിരിയുമായി മുന്നിൽ നിന്നു. ജനകീയ നാടകവേദിയുടെ ന്യൂക്ലിയററിഞ്ഞ് അരങ്ങിൽ തെളിഞ്ഞ വെളിച്ചം, ചലച്ചിത്രങ്ങളിലെ ദീപസ്തംഭങ്ങളായ കഥാപാത്രങ്ങളെ പകർന്നാടിയപ്പോൾ അത് മലയാളി ജീവിതത്തെ നിയന്ത്രിക്കുകയും നിർണ്ണയിക്കുകയും ചെയ്ത ജീവിതഗന്ധിയായ പെൺഗരിമയുടെ ആത്മപ്രകാശനങ്ങളായിരുന്നു.

ഈ യാത്രക്കിടയിൽ 2006 – ലാണ് അന്നത്തെ സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായ വിഖ്യാത അഭിനേതാവ് ഭരത് മുരളി ചേട്ടൻ ശിവാജി സാവുന്തിന്റെ ‘മൃത്യുഞ്ജയൻ’ – എന്ന നോവലിനേയും, രവീന്ദ്രനാഥ ടാഗോറിന്റെ ‘കർണ്ണനും കുന്തിയും’ – എന്ന കവിതയെയും അവലംബിച്ചെഴുതിയ നാടകത്തിൽ കർണ്ണന്റെ ആത്മ ദുഖങ്ങളുടേയും അനാഥത്വത്തിന്റെയും സംഘർഷത്തിലേക്ക് നേരിൽ കാണാനെത്തുന്ന അമ്മയായി പകർന്നാടാനെത്തിയത് പ്രിയപ്പെട്ട ലളിതേച്ചിയായിരുന്നു. അരങ്ങിലേയും അഭ്രപാളിയിലേയും രണ്ട് ഇതിഹാസങ്ങൾക്കു മുന്നിൽ സംവിധായകനെന്ന നിലയിൽ നിയുക്തനായ, ഈയുള്ളവൻ ഒട്ടേറെ ആത്മസംതൃപ്തിയറിഞ്ഞ പകലിരവുകളായിരുന്നു അത്. കർണ്ണനും അർജ്ജുനനുമിടയിൽ യുദ്ധത്തിനും സമാധാനത്തിനുമിടയിൽ, മൃതിയ്ക്കും ജീവിതത്തിനുമിടയിൽ, വിങ്ങുന്ന കുന്തീദേവിയുടെ ആന്തരീക ഭാവങ്ങളുടെ വേലിയേറ്റങ്ങൾ. ജനിച്ച അന്നു മുതൽ അനാഥത്വത്തിന്റെ നോവുകളും അവഹേളനവും സഹിച്ച കർണ്ണന്റെ പൊള്ളുന്ന ചോദ്യങ്ങൾക്കു മുന്നിൽ നിസ്സഹായയായി വിങ്ങുന്ന അമ്മ. അനന്തപുരിയിലെ വൈലോപ്പിള്ളി സംസ്കൃതി ഭവൻ കൂത്തമ്പലത്തിൽ സിനിമാ തിരക്കുകൾ മാറ്റിവച്ച് മഹാനടനും അദ്ദേഹം മഹേശ്വരിയമ്മേ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ലളിതചേച്ചിയും ആർട്ടിസ്റ്റ് നമ്പൂതിരിയും ഒപ്പം പ്രൊഫ. അലിയാറും, സുനിൽ കുടവട്ടൂരും, ജോണി മിഖായേലും ഒത്തുചേർന്ന അരങ്ങുഭാഷ. ഭാരതീയ നാടക സമ്പ്രദായങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് നവഭാവുകത്വത്തിന്റെ പുതുരംഗഭാഷയ്ക്കായി ഏവരും ഒരേ മനസ്സോടെ പ്രവർത്തിച്ച പകലിരവുകൾ.

ആറു കുതിരകൾക്ക് സ്ഥാനമുള്ള എന്റെ രഥത്തിൽ, ഒരു കുതിരയുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് നീ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇന്ദ്രപ്രസ്ഥത്തിലെ കൊട്ടാരഭിത്തിയിൽ വരച്ചിരിയ്ക്കുന്ന ആ കരയുന്ന സ്ത്രീ ഞാനാണെന്ന് നിന്നോടാരെങ്കിലും വിശദീകരിക്കണോ കർണ്ണാ?

ശിവാജി സാവുന്തിന്റെ ‘മൃത്യുജ്ഞയൻ’എന്ന നോവലിനെ അവലംബിച്ച് ഭരത് മുരളി രചിച്ച കർണ്ണാനുഭവത്തിന്റെ രംഗാവിഷ്ക്കാരത്തിൽ കുന്തിയായി പകർന്നാടാൻ ഒരുങ്ങിയ കെ.പി.എ.സി ലളിതയുടെ സംഭാഷണങ്ങളിൽ ഒന്നാണിത്. രബീന്ദ്രനാഥ ടാഗോറിന്റെ ‘കർണ്ണനും കുന്തിയും’ എന്ന കവിതയും മുരളിയേട്ടൻ ഈ രചിത പാഠത്തിനായി ഉൾച്ചേർത്തിരുന്നു. ആദ്യപുത്രന്റെ വേർപാട്, വൈധവ്യം, പുത്രന്മാരുടെ വനവാസം സഹോദരങ്ങൾ തമ്മിലുള്ള യുദ്ധത്തിനിടയിൽ പ്രാണൻ പിടയുന്ന വേദനയോടെ നിലകൊള്ളുന്ന അമ്മ. ഭാവതീവ്രതയുടെ സങ്കടലുകൾ, ശരീരം, മനസ്സ്, ശബ്ദം എന്നിവയിൽ ചാലിച്ച യഥാതഥ ശൈലിയുടെ അമ്പരപ്പിയ്ക്കുന്ന സൂക്ഷ്മാഭിനയ പാടവങ്ങളായിരുന്നു അന്ന് ലളിതേച്ചിയും മുരളിയേട്ടനും രംഗഭാഷാ പരിശീലനത്തിന്റെ പകലിരവുകളിലൂടെ കടന്നു പോകുന്ന വേളയിൽ പ്രകാശിപ്പിച്ചത്. അഭിനയ കലയുടെ രണ്ട് ഇതിഹാസങ്ങൾക്കുമുന്നിൽ സംവിധായകനായി നിയുക്തനായ ഈയുള്ളവൻ സർഗ്ഗോന്മാദത്തിന്റെ ആത്മഹർഷങ്ങളറിഞ്ഞ പകലിരവുകളായിരുന്നു 2006-ലെ ആ മകരമാസക്കാലം. ചലച്ചിത്ര പൊലിമകൾ മാറ്റിവച്ച് അരങ്ങിന്റെ ജൈവകരുത്ത് ആവാഹിച്ചെടുക്കുവാനെന്നവണ്ണം ഏകാഗ്രമായ ആത്മസമർപ്പണത്തിന്റെ നാളുകളിലൂടെയാണ് അന്നവർ കടന്നുപോയത്. അതിരാവിലെ തുടങ്ങുന്ന യോഗയും മനോധർമ്മാഭിനയത്തിലധിഷ്ഠിതമായ തിയേറ്റർ ഗെയിംസും. ധ്വനി പാഠങ്ങളറിഞ്ഞ് ദൃശ്യനിർമ്മിതിയ്ക്കായുള്ള പ്രായോഗിക പരിശീലനം, ഇടനേരങ്ങളിൽ ലോക നാടകവേദിയെക്കുറിച്ചുള്ള ചർച്ചകൾ ഭാരതീയ നാടക സങ്കല്പങ്ങളിലേയ്ക്ക് കേന്ദ്രീകരിച്ചെത്തുമായിരുന്നു. ഭാസനാടകങ്ങളോടായിരുന്നു മുരളിയേട്ടനും ഞങ്ങൾക്കും പ്രിയം. അക്കാര്യത്തിൽ ലളിതേച്ചിയുടെ നിലപാടുകൾ കാളിദാസ നാടക പ്രമേയങ്ങളോടായിരുന്നു. കെ.പി.എ.സിയുടെ അൻപതാം നാടകമായ ‘ഇന്നലെകളിലെ ആകാശവും’ തുടർന്ന് കുട്ടനാടിന്റെ 300 വർഷത്തെ കാർഷികതയുടെയും മനുഷ്യരുടെയും കഥ പറഞ്ഞ ‘ദ്രാവിഡവൃത്തവും’ തുടർച്ചയായി സംസ്ഥാനത്തെ മികച്ച നാടകത്തിനുള്ള പുരസ്കാരങ്ങൾ നേടിയ ശേഷം, സംവിധായകനെന്ന നിലയിൽ എനിക്കേറെ പ്രിയപ്പെട്ട അന്വേഷണാത്മക നാടകവേദിയുടെ തട്ടകത്തിലേയ്ക്കുള്ള സർഗ്ഗാത്മകതയുടെ ദീപ്തവേളകളായിരുന്നു അത്.

പരിശീലനം പൂർത്തിയാക്കി മുരളിയേട്ടന്റെ ആഫ്രിക്കൻ യാത്രയ്ക്കുശേഷം അവതരണത്തിനായുള്ള ഒരുക്കങ്ങൾ ആസൂത്രണം ചെയ്ത് നമ്മൾ പിരിയുമ്പോഴേക്കും മാതൃതുല്ല്യമായ സ്നേഹവാത്സല്യം ലളിതചേച്ചിയിൽ നിന്നും പലകുറി ഞാൻ അനുഭവിച്ചറിയുകയായിരുന്നു. വേദന തിങ്ങും ഇരുട്ടിന്റെ നാടകം പോലെ ‘മൃത്യുജ്ഞയന്റെ’ ആവിഷ്ക്കാരത്തിനായി കാലം അനുവദിച്ചില്ല. കരുത്താർന്ന പച്ചിലകളെ വൻകാറ്റടിച്ച് പറത്തിക്കളയുവാനാണ് മൃതിയ്ക്ക് പ്രിയമേറെ എന്നു പറഞ്ഞത്, വില്ല്യം ഷേക്സ്പിയറാണ്. മൃത്യുജ്ഞയനെന്ന അരങ്ങു സ്വപ്നം സാധ്യമാക്കാനാകാതെ, മുരളിയേട്ടനെ മൃതി കവർന്നെടുത്തപ്പോൾ, പ്രിയപ്പെട്ട ലളിതചേച്ചിയുടെ കണ്ണീരും കർണ്ണനെന്ന കഥാപാത്രത്തെക്കുറിച്ചുള്ള കിനാവും പലകുറി നിറകൺമിഴിയോടെ അരികു ചേർന്ന് നിന്ന് ഞാൻ കണ്ടറിഞ്ഞു. ഇത്തിരി സാവകാശമുള്ള ഓരോ കൂടിക്കാഴ്ചയിലും ചേച്ചി പറയും ‘മൃത്യുജ്ഞയൻ’ നമുക്ക് അരങ്ങിലെത്തിക്കണം മുരളിയ്ക്കുവേണ്ടി…. ഇതിനൊപ്പം ആ നാടകത്തിലെ വികാര വിക്ഷുബ്ദമായ രംഗങ്ങളെക്കുറിച്ചും മുരളിയേട്ടനോടൊത്തുള്ള അഭിനയത്തിന്റെ രസതന്ത്രത്തെക്കുറിച്ചും രംഗഭാഷയുടെ വേറിട്ട സമീപനത്തോടുള്ള മമതയും ചേച്ചി പറയുമായിരുന്നു. അസുഖ ബാധിതയാകും മുന്നെ, തൃശൂരിൽ വച്ചുള്ള കണ്ടുമുട്ടലിൽ ഒട്ടേറെ കാര്യങ്ങൾക്കൊപ്പം മൃത്യുജ്ഞയന്റെ ഓർമ്മപ്പെടുത്തലും കൂട്ടിച്ചേർത്തു. ഇക്കുറി വാക്കുകൾക്ക് പാഠഭേദമുണ്ടായിരുന്നു. ശരീരത്തിന് വേണ്ടത്ര സുഖം തോന്നുന്നില്ല. ഞാൻ റിഹേഴ്സൽ ക്യാമ്പിൽ വന്നിരിയ്ക്കാം, കുന്തിയുടെ വേഷം നമ്മുടെ മഞ്ജു ചെയ്യും, മഞ്ജുവാര്യരോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്, പ്രമോദ് ആ രംഗാവതരണത്തിന്റെ നടത്തിപ്പിനായുള്ള കാര്യങ്ങൾ ചെയ്യണമെന്നും കരുതലിന്റെ സ്നേഹത്തോടെ ലളിതേച്ചി പറഞ്ഞു. സത്യത്തിൽ മുരളിയേട്ടൻ വിട പറഞ്ഞപ്പോൾ പകരം വെയ്ക്കാൻ ഒരു കർണ്ണനില്ലാത്തതുപോലെ ലളിതചേച്ചിയുടെ പകരത്തിന് ഒരു കുന്തീദേവിയെ സങ്കല്പിക്കുവാനും മനസ്സൊരുക്കമായിരുന്നില്ല. അതിനാൽ തന്നെ പറഞ്ഞു. ‘ചേച്ചി ചികിത്സ കഴിഞ്ഞ് വരൂ ആ വേഷം ചേച്ചി തന്നെ ചെയ്യണം.’ ആ കണ്ണുകളിൽ ആർദ്രതയുള്ള സ്നേഹം പ്രത്യാശയുടെ തിളക്കമായി മാറുന്നതും കണ്ടാണ് മനസ്സ് തുറന്ന് ചിരിയ്ക്കുന്ന ലളിതേച്ചിയുടെ സവിധത്തിൽ നിന്നും ഒടുവിൽ പിരിഞ്ഞത്.

2008-ലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകൾ’ എന്ന കൃതിയും അദ്ദേഹത്തിന്റെ കവിതയായ യാ ഇലാഹിയും ചേർത്ത് 2 മണിക്കൂർ ദൈർഘ്യമുള്ള രംഗഭാഷ കേരളത്തിലെ മുൻനിര നാടക അഭിനേതാക്കളെ വച്ച് ഒരുങ്ങിയത്. ഇതിൽ നോവലിലും അടൂരിന്റെ ചലച്ചിത്രത്തിലും പ്രത്യക്ഷത്തിലെത്താത്ത നാരായണി അരങ്ങിലെത്തി. രംഗവേദിയുടെ സ്ഥലകാലങ്ങളിലൂടെ മതിലിനപ്പുറത്തുള്ള നാരായണിയേയും ഇപ്പുറത്തുള്ള രാഷ്ട്രീയ തടവുകാരനായ ബഷീറിനെയും പ്രേക്ഷകർക്കുമുന്നിലെത്തിച്ച് കാണികളാണ് മതിൽ എന്ന ദൃശ്യസങ്കല്പം യാഥാർത്ഥ്യമാക്കിയ രംഗഭാഷയ്ക്ക്, അന്ന് ഒപ്പം നിന്നത്. നാരായണിയായി വേദിയിലെത്തിയ ലളിതചേച്ചിയും ബഷീറായി വേഷമിട്ട എം.ആർ. ഗോപകുമാറും എഴുത്തുകാരൻ ബഷീറായി എത്തിയ ഇബ്രാഹിം വേങ്ങരയും കേരളത്തിലെ 40-ഓളം വരുന്ന നാടക അഭിനേതാക്കളായിരുന്നു. പാലക്കാട് സ്വരലയയുടെ ബാനറിൽ ടി.ആർ. അജയൻ എന്ന സാംസ്കാരിക പ്രവർത്തകന്റെ സംഘാടനത്തിൽ, നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുവാൻ ഒരു മാസത്തോളം ലളിതേച്ചിയും പല ഷെഡ്യൂളുകളിലായി റിഹേഴ്സൽ ക്യാമ്പിൽ എത്തിയിരുന്നു. പുതുതലമുറക്കാരോടും സഹ അഭിനേതാക്കളോടും സ്നേഹവായ്‌പ്പോടെ പെരുമാറുകയും കഥാപാത്രത്തിന്റെ രംഗചലനങ്ങളേയും ശരീരഭാഷയേയും സംഭാഷണത്തിന്റെ കയറ്റിറക്കങ്ങളെക്കുറിച്ചും അത്യന്തം സൂക്ഷ്മതയോടെ ഇടപഴകിയുമാണ് ആ കഥാപാത്രത്തിന്റെ മിഴിവിനായി ഏകാഗ്രതയുടെ രാപ്പകലുകൾ കടന്നു പോയത്. തോപ്പിൽഭാസിയെപ്പോലുള്ള പ്രതിഭാധനരുടെ അരങ്ങിൽ പ്രകാശിച്ച അഭിനേത്രി നമുക്കൊപ്പം ചിലവഴിച്ച വേളയിൽ നടകത്തോടും കഥാപാത്രത്തോടും പുലർത്തിയ നീതിയും സൂക്ഷ്മതയും സംവിധായകനെന്ന നിലയിൽ എനിക്ക് കുറേക്കൂടി പ്രായോഗികതയുടെ പാഠങ്ങൾ നല്കുന്നവയായിരുന്നു. ഇടനേരങ്ങളിൽ പഴയകാല നാടക അനുഭവങ്ങൾ പറയുന്ന ലളിതേച്ചി ‘ഹെഡ് മാഷ്’ എന്നാണ് ക്യാമ്പിൽ, സ്നേഹത്തോടെ എന്നെ വിളിച്ചിരുന്നത്. നാടക പാഠങ്ങൾ പറഞ്ഞ്, സൂക്ഷ്മതയോടെ പ്രായോഗികമാക്കുന്ന ശൈലി ചേച്ചിയ്ക്ക് ഏറെ ഇഷ്ടമായിരുന്നുവെന്ന് കാണാമറയത്തു നിന്നും പലരോടും പറഞ്ഞറിഞ്ഞത് അന്ന്… എനിയ്ക്ക് നല്കിയ സർഗ്ഗോത്സാഹം ചെറുതല്ല.

മതിലുകളുടെ ആദ്യ ഷെഡ്യൂളിനൊടുവിൽ പണ്ഡിറ്റ് രമേഷ് നാരായണൻ പശ്ചാത്തല സംഗീതത്തിനായി നൊട്ടേഷൻ എടുത്ത് പിരിഞ്ഞപ്പോഴാണ് കമ്മ്യൂണിസ്റ്റ് നേതാവായ ഭാര്യാ പിതാവ് സ. തോപ്പിൽ ഗോപാലകൃഷ്ണന്റെ വിയോഗം. രണ്ടാം ഷെഡ്യൂളിന്റെ കൂടിച്ചേരലിൽ ലളിതേച്ചി പലകുറി ചോദിച്ചതും പറഞ്ഞതും അച്ഛനെക്കുറിച്ചായിരുന്നു. തോപ്പിൽ ഭാസിയും കെ.പി.എ.സിയും വള്ളിക്കുന്നം എന്ന ഓണാട്ടുകര ഗ്രാമവും ചേരുന്ന ഓർമ്മകളിൽ ലളിതേച്ചി തോപ്പിൽ ഗോപാലകൃഷ്ണൻ എന്ന മിതഭാഷിയും സംഘാടന പാടവവുമുള്ള സഖാവിനെക്കുറിച്ച് ഒട്ടേറെ നന്മയാർന്ന ഓർമ്മ തെളിച്ചങ്ങൾ പങ്കുവച്ചു. കഴിഞ്ഞ വർഷം തോപ്പിൽ ഗോപാലകൃഷ്ണൻ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ പുരസ്ക്കാര ദാനച്ചടങ്ങിൽ എത്താമെന്ന് പറഞ്ഞു. പക്ഷെ… ആശുപത്രിയും ചികിത്സയും ആ വരവിന് തടസ്സമായി. അപ്പോഴും ഫോണിന്റെ അങ്ങേത്തലയ്ക്കലിൽ നിന്നും സ്നേഹാദ്രതയോടെ പറഞ്ഞു. അവിടുള്ളോരൊക്കെ എന്റെ കുടുംബക്കാരാ. പ്രമോദ് എന്നെ കല്ല്യാണത്തിന് ക്ഷണിച്ചത് ഒരുനാൾ മുന്നെയാണെന്നോർമ്മയുണ്ടല്ലോ. അന്ന് കല്ല്യാണത്തിനു വന്ന് എല്ലാവരേയും കാണണോന്ന് ഞാനെത്ര ആശിച്ചതാണെന്നോ. കൈരളി ടി.വിയിലെ ചില പ്രോഗ്രാമുകൾ മുൻകൂട്ടി സ്റ്റോക്ക് ചെയ്യുവാനുള്ള ഓട്ടപ്പാച്ചിലിൽ തലേന്ന് ലളിതേച്ചിയെ ക്ഷണിച്ചതും ചേച്ചി ഷൂട്ടിംഗ് മാറ്റാൻ ശ്രമിച്ചതും. ഷെഡ്യൂളിൽ നിന്ന് മാറിനിൽകുവാൻ വൈകിയ വേളയിൽ കഴിയാത്തതിലുള്ള സ്നേഹ ശകാരവും ഞാൻ പലകുറി കേട്ടിട്ടുണ്ട്. ജോൺ ബ്രിട്ടാസിന്റെ ജെ.ബി ജങ്ഷനിൽ, തന്റെ ജീവിതയാത്രയെ അടയാളപ്പെടുത്തുമ്പോൾ, അതിനായി ചേച്ചി നല്കിയ പന്ത്രണ്ട് പേരുകളിൽ ഒന്ന് എന്റേതുമായിരുന്നു എന്നത് മാത്രം മതി ആ മനസ്സിലെ സ്നേഹകരുതലിന്റെ ആഴമറിയാൻ. പ്രമുഖ കഥാകൃത്തും നോവലിസ്റ്റും കൈരളി ടി.വിയുടെ ക്രിയേറ്റീവ് ഡയറക്ടറുമായിരുന്ന പ്രിയപ്പെട്ട ബാബു ഭരദ്വാജ് ലളിതേച്ചിയുടെ ജീവിതത്തെക്കുറിച്ചെഴുതിയ ‘കഥ തുടരും’ – എന്ന പുസ്തകത്താളിലും പയ്യന്നൂരിലെ പയ്യനെ ഓർത്തെടുത്ത് പറഞ്ഞതും ലളിതേച്ചിയായിരുന്നു. പല പ്രസംഗങ്ങളിലും സിദ്ധാർത്ഥിനെപ്പോലെ എനിക്കു പ്രിയപ്പെട്ട മകനാണിവൻ എന്ന വാക്കുകളും മറക്കുവതെങ്ങിനെ….

ഭാരത് ഭവന്റെ ഒട്ടേറെ കൂട്ടായ്മകളിൽ ലളിതേച്ചി വന്നിരുന്നു. ഒരു ലോക നാടകദിനത്തിൽ നാടകരംഗത്തെ 10 വിഖ്യാത സർഗ്ഗാത്മക വനിതകളെ ആദരിക്കുന്ന ചടങ്ങിൽ നിലമ്പൂർ ആയിഷ, പി.കെ. മേദി ടീച്ചർ, സേതുലക്ഷ്മി, ബിയാട്രസ്, ലീലാ പണിക്കർ തുടങ്ങിയവരെ ആദരിക്കുന്നതിനൊപ്പം ലളിതേച്ചിയും എത്തിയിരുന്നു. ശെമ്മാങ്കുടി സ്മൃതി ഹൈക്യു തിയേറ്ററിന്റെ ഉദ്ഘാടന വേളയിൽ വിളിച്ചപ്പോൾ ഒരുപാടുനേരം ഡോക്ടർമാർ പറഞ്ഞ ശാരീരികാവസ്ഥകളെക്കുറിച്ചും വേദനകളെക്കുറിച്ചും പറഞ്ഞു. പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്. ഗ്രാമീണ മനസ്സോടെ, അമ്മയുടെ വാത്സല്യത്തോടെ അത്രമേൽ ഒപ്പം ചേർത്ത്, സ്നേഹം പകരുന്ന പ്രതിഭാധനയായ സ്ത്രീ എനിക്കാരാണ്?. ലളിതേച്ചിയില്ലാത്ത ലോകത്തെ ശൂന്യതയിൽ…. സ്നേഹ സാന്നിദ്ധ്യങ്ങൾ ഓരോന്നായി ചിറകടിച്ചകലുന്ന കാലത്ത്, അനാഥത്വത്തിന്റെ നോവ് നെഞ്ചകത്ത് ചൂടേരിച്ചിലായി വീർപ്പുമുട്ടിക്കുമ്പോൾ… മതിലുകളിലെ നാരായണിയുടെ സംഭാഷണങ്ങൾ, അന്തരീക്ഷത്തിൽ പ്രിയപ്പെട്ട ലളിതേച്ചിയുടെ സ്വരഭാവങ്ങളിൽ മുഴങ്ങുന്നുണ്ട്.

നാരായണി : ബഷീർ… ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ?
ബഷീർ : എന്താ നാരായണി ഇത്ര സംശയം?
നാരായണി : ഇല്ല… മറന്നു കളയും
ബഷീർ : ഒരിക്കലുമില്ല… നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്…

മതിലുകളുടെ നാടകാവിഷ്ക്കാരത്തിൽ ബഷീർ സാഹിത്യ പ്രപഞ്ചത്തിൽ നിന്നും നാരായണിയുടെയും ബഷീറിന്റെയും മനസ്സിനിണങ്ങിയ വാക്കുകൾ സംഭാഷണങ്ങളായി രൂപാന്തരപ്പെട്ടപ്പോൾ, മതിലിനപ്പുറത്തു നിന്നും ചെമ്പനീർ പൂവ് എറിഞ്ഞു കൊടുത്ത ബഷീർ നാരായണിയോട് ചോദിച്ചത് നമുക്കീ വേർപാടിന്റെ വേദനയോടെ മൃത്യുവിനോട് ചോദിയ്ക്കാം.

ആ പൂവ് നീ എന്തു ചെയ്തു?
ഞാനത് ചവിട്ടിയരച്ചു കളഞ്ഞു.
അതെന്റെ ഹൃദയമായിരുന്നു….

മതിലുകൾ രംഗാവതരണത്തിന്റെ പരിശീലനത്തിനൊടുവിലൊരുനാൾ ബ്രോഷർ പ്രിന്റ് ചെയ്ത് ലളിതചേച്ചിയെ ഏൽപ്പിച്ചു. ” ആരാണ് എന്റെ കാല്പാടുകൾ മായ്ചുകളയുന്നത്? എത്രയോ സ്ഥലങ്ങളിൽ എന്റെ കാല്പാടുകൾ പതിഞ്ഞു എന്നിട്ടെന്തായി”?- എന്ന ബഷീറിയൻ വചനം പതിഞ്ഞ ബ്രോഷറിന്റെ ആദ്യ താളിൽ വിരലോടിച്ച് ലളിതച്ചേച്ചി പറഞ്ഞു. എത്ര നേരായ വാക്കുകൾ… നമ്മളെന്തൊക്കെ ചെയ്യുന്നു… എത്രയേറെ അദ്ധ്വാനമാണ് ഓരോ സൃഷ്ടിക്കുപിന്നിലും. നമ്മുടെ ഈ രംഗാവരണത്തിനു തന്നെ എത്രമാത്രം നമ്മൾ യത്നിച്ചു. കലയോടുള്ള ആത്മസമർപ്പണത്തിന്റെ കാല്പാടുകൾ കാലം മായ്കാതിരിക്കട്ടെ…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...