(കവിത)
വിഷ്ണു ശിവദാസ്
ഒരു പെന്‍സില്‍ – സ്വന്തമായി വേണമെന്നില്ല
ആരോടേലും ചോദിച്ചു വാങ്ങുക
എന്നാലും മോഷ്ടിക്കരുത്.
കാരണം, നമ്മള്‍ പറയാന്‍ പോകുന്ന കാര്യം
ഗൗരവമേറിയതാണ്.
പേനയേക്കുറിച്ച്
പേനയേക്കുറിച്ചോ?
അതെ, അതില്‍ കാര്യമുണ്ട്.

നോക്കൂ,
ഇത്രയും പറഞ്ഞപ്പോള്‍ തന്നെ
പെന്‍സിലിന്റെ മുനയൊടിഞ്ഞില്ലേ.
നമ്മള്‍ ഇതുവരെ കാര്യത്തിലേക്ക്
കടന്നിട്ടു പോലുമില്ല.
ആരെങ്കിലും ഇതൊന്നു മൂര്‍ച്ച കൂട്ടിത്തരൂ.
ഇതാ ഇനി പറഞ്ഞോളൂ.
പോരാ മൂര്‍ച്ച പോരാ.
അവരുടെ നാവിനേക്കാളും മൂര്‍ച്ച വേണം.
പേനയ്ക്ക് അത്രയുമുണ്ടോ?
അതിലേറെയുണ്ട്.
അത് എവിടെന്ന് കിട്ടും?
കിട്ടിയിട്ട്?
നിങ്ങള്‍ക്കത് ഉപയോഗിക്കാനറിയാമോ?
ഇങ്ങനെ വീശി വീശിയല്ലേ?
ശ്ശ്..മിണ്ടാതിരിക്ക്
തലകുത്തനെ നിര്‍ത്തി
കഴുത്തിലമര്‍ത്തി..
അതിന് പെന്‍സില് മതി.
നേരെയെഴുതാന്‍ അതുമതി
നമുക്ക് തലങ്ങനേം വിലങ്ങനേം എഴുതണം.
അക്ഷരത്തിന്റെ,
ചുവപ്പ് കണ്ട് തല ചുറ്റണം,
ആഴം കണ്ട് വീഴണം,
മൂര്‍ച്ച കൊണ്ട് മുറിയണം,
പറഞ്ഞത് തടയാന്‍ പറ്റാതെ കിടക്കണം,
അതിന് പേന തന്നെ വേണം.
പേന പിടിക്കാനുള്ള കൈ?
അത് നിങ്ങളുടെ ഉത്തരവാദിത്തം.
എത്ര വില പറഞ്ഞാലും വില്‍ക്കരുത്,
എന്നെപ്പോലെ മരിച്ചു കഴിഞ്ഞാലും
കുത്തിക്കുറിക്കണം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
🥰🥰🥰
നല്ല മൂർച്ചയു.ള്ള കവിത. പുതുമയുള്ളതും. സന്തോഷം