മുത്തശ്ശി

0
504

കവിത

വിനോദ് വി.ആർ

മുത്തശ്ശിയെ വരയ്ക്കാൻ എളുപ്പമല്ല
പഞ്ഞിത്തലമുടി
മോണകാട്ടിച്ചിരി
തോളൊപ്പം തൂങ്ങിയ കാതുകൾ
കാലം ചുളിവ് പുരട്ടിയ തൊലി
നിറങ്ങളുടെ കോലായയിൽ
മുത്തശ്ശി തെളിയുന്നില്ല.
കഥകളുടെ തെളിച്ചത്തെ
ഏതു വർണ്ണം ചേർത്തുവരയ്ക്കും!
കഥ പറയുന്ന മുത്തശ്ശിയുടെ
കുസൃതിയെ വരച്ചെടുക്കാൻ
എനിക്കിനിയും പ്രായമാകണം.
വരച്ചു തുടങ്ങാൻ നല്ലത്
മലകൾക്കിടയിലിരുന്ന് ഒളിഞ്ഞുനോക്കുന്ന
സൂര്യനോ
ഒൻപത് വരകൾക്കുള്ളിൽ നിവരുന്ന കുടിലോ
നിറയെ ‘ന’ പക്ഷികളുള്ള ആകാശമോ
രണ്ടു വരകൾക്കുള്ളിൽ അടങ്ങിക്കിടക്കുന്ന,
ഒരിക്കലും പ്രളയമുണ്ടാക്കാത്ത പുഴയോ
ഒക്കെയാണെന്ന് മുതിർന്നവർ പറയുന്നു
അവരും വിറ ബാധിച്ച കൈകൾ കൊണ്ട്
മുത്തശ്ശിയെ വരച്ച് പരാജയപ്പെട്ടു.
വീടിൻ്റെ തെക്കേ മൂലയ്ക്കുള്ള മുറിയിൽ
ക്യാൻവാസ് വെച്ചു
ഓർമ്മകൾ കൂട്ടി ചേർത്ത് നിറം മിനുക്കി.
പൊടിപിടിച്ച ഓട്ടുപാത്രങ്ങൾക്കൊപ്പം
വേർതിരിക്കാനാവാത്ത വേദനയായി
മുത്തശ്ശി ഒടുക്കം കിടന്നതിവിടെയായിരുന്നു,
വെറും നിലത്ത്
മുറി വിട്ടിറങ്ങാതിരിക്കാൻ
കാല് ചങ്ങലയിൽ ചുറ്റിയിട്ട്

ഭ്രാന്തിൻ്റെ മുൾക്കിരീടം ചൂടിച്ച്
ശാപവാക്കുകൾ ആവോളം കുഴച്ച
അന്നം എറിഞ്ഞുകൊടുത്ത്
മുത്തശ്ശി ഒടുക്കം പൊടിപോലെയലിഞ്ഞത് ഇവിടെയായിരുന്നു.
വേദനയുടെ ആഴത്തിൽ
കഴുത്തൊപ്പം നിന്ന് ആദ്യവര വരച്ചു.
വരച്ച് മുന്നേറുമ്പോൾ
കഥകളുടെ പൊളിഞ്ഞ ഇല്ലത്തറയിൽ
അവഗണനകളിൽ മുഖമിരുണ്ട ഒരു ചിത്രം
ക്യാൻവാസിൽ കിളിർത്തുവന്നു
ചിരികൊണ്ട് പൂരിപ്പിക്കാൻ കഴിയാത്ത സത്യങ്ങൾ
നിറങ്ങളിൽ കലർന്നു.
മുത്തശ്ശി!
വലത്തേക്കാലും നീട്ടി
മുഖം താഴ്ത്തി
കപടസ്നേഹത്തിൻ്റെ കാലത്തെ
ചുമലിൽ താങ്ങിയ പോലെ,
ജീവൻ വെച്ചു!
അവസാന വരയ്ക്കുമപ്പുറം
മുത്തശ്ശിയുടെ നീട്ടിയ വലംകാലിൽ
ചുടുചോര കൊണ്ട്
വ്രണം പൂത്ത വസന്തം തൊടുവിച്ചപ്പോൾ
ചിത്രം പൂർത്തിയായി
മുത്തശ്ശിയുടെ കരച്ചിലിൻ്റെ ഒരിരുള്
പിന്നിൽ ചങ്ങല കിലുക്കി.


 

LEAVE A REPLY

Please enter your comment!
Please enter your name here