മധുരിക്കും ഓർമ്മകളേ

0
423
Murshid-molur-arteria

ഗസൽ ഡയറി ഭാഗം 4

മുർഷിദ് മോളൂർ

പ്രണയത്തിന്റെ കിതാബിന് നിറം മങ്ങാത്ത കഥകൾ എത്രയെത്ര പറയാനുണ്ടെന്നോ..
ഉസ്താദ് ഗുലാം അലി ഭൂഖണ്ഡത്തിന്റെ മതിലുകൾ തകർത്തെറിഞ്ഞ് സർവ്വരെക്കൊണ്ടും മൂളിപഠിപ്പിച്ച ഗസൽ,
ചുപ്‌കേ ചുപ്‌കേ രാത് ദിൻ..
ഒളിഞ്ഞിരുന്ന്, ആരാരും കാണാതെ കണ്ണീർ വാർത്ത ദിനരാത്രികളെ ഓർമ്മയുണ്ടെന്ന തുറന്നു പറച്ചിൽ..

ചുപ്‌കേ ചുപ്‌കേ രാത് ദിൻ
ആൻസൂ ബഹാനാ യാദ് ഹേ..
ഹം കോ അബ് തക് ആശിഖീ കാ
വോ സമാനാ യാദ് ഹേ..

പ്രണയാർദ്രമായ ആ സ്വപ്നസുന്ദര കാലം എങ്ങനെ മറന്നു കളയാനാണ്..

കേൻജ് ലേനാ വോ മേരാ പർദേ കാ കോനാ
ദഫതൻ
ഔർ ദുപട്ടെ സെ തേരാ വോ മുഹ്
ചുപാനാ യാദ് ഹേ..

അല്ല, എനിക്കോർമ്മയുണ്ട്..
എന്റെയുള്ളിലെ പ്രണയ നായകൻ നിന്നെയൊന്ന് കാണാൻ തിരശീല പെട്ടെന്ന് നീക്കി കണ്ണെറിഞ്ഞത്..
നാണം വിരിഞ്ഞ മുഖം തട്ടത്തിൻ മറയത്ത് നീ ഒളിപ്പിച്ചു വെച്ചത്..
എല്ലാം..

ഹം കോ അബ് തക് ആശിഖീ കാ
വോ സമാനാ യാദ് ഹേ
നിറം മങ്ങാത്ത ഓർമ്മയായി ആ കാലം എന്റെയുള്ളിൽ ഇന്നുമെന്നുമുണ്ട്…

ദോപെഹർ കി ടൂപ് മേ
മേരെ ഭുലാനെ കേലിയെ..
പൊരിവെയിലുള്ള നട്ടുച്ചകളിൽ, നിന്നെ ഞാൻ വന്ന് വിളിച്ചപ്പോഴെല്ലാം
ചെരിപ്പിടാൻ പോലും സമയമെടുക്കാതെ
ഓടി വരുന്ന നീ..

വോ തേരാ കോതേ പേ നങ്കെ പാവോ
ആനാ യാദ് ഹേ..

നിന്റെയുള്ളിൽ, എന്റെയും പ്രണയത്തിന്റെ കനലെരിയുന്നതാവാമല്ലേ കാരണം..
മഞ്ഞു വീഴുന്നതും വെയില് വന്നു പോകുന്നതുമറിയാതെ നമ്മൾ..

ഹം കോ അബ് തക് ആശിഖീ കാ
വോ സമാനാ യാദ് ഹേ

മറന്നിട്ടില്ല ഞാനൊന്നും..

തുജ് സെ മിൽതേ ഹി വോ കുച്ച്
ബേ ബാക്ക് ഹോ ജാനാ മേരാ..

എന്നിലെ ഞാൻ ഉണ്ടായത്, നീ വന്ന ശേഷം തന്നെ..
എന്റെ ഇല്ലായ്മയെ ഇല്ലാതാക്കിയത് നീ..

ഔർ തേരാ ദാന്തോ മേ വോ
ഉൻകിലീ ദബാനാ യാദ് ഹേ..
തമ്മിലറിഞ്ഞലിഞ്ഞ് തുടങ്ങിയ നേരം, വിരൽ കടിച്ചു മിണ്ടാതെ നിൽക്കുന്ന നിന്നെ,
ഓർമ്മയുണ്ട്.

ചോരി ചോരി ഹം സെ തും
ആ കർ മിലേത്തെ ജിസ് ജഗ..
ആരാരും അറിയാതെ കാണാതെ തമ്മിൽ നാം ചേർന്നിരുന്ന ഇടങ്ങൾ..

മുദ്ദതേം ഗുസറെ, പർ അബ് തക് വോ
ടികാനാ യാദ് ഹേ..
കാലമെത്ര കഴിഞ്ഞു കൊഴിഞ്ഞിട്ടും
ഇന്നുമതെല്ലാം ഓർമ്മയിൽ തന്നെയുണ്ട്..

ഹം കൊ അബ് തക്…
ഓർമ്മയിലേക്ക് വിവർത്തനം ചെയ്യുമ്പോൾ കണ്ണീരിനും പുഞ്ചിരിയുടെ നിറമാണ്..

ചിത്രം : നികാഹ് 1982
പാടിയത് : ഗുലാം അലി


 

LEAVE A REPLY

Please enter your comment!
Please enter your name here