(കവിത)
വിനോദ് വിയാർ
ഈ റോഡ്
അത്ര വൃത്തിയുള്ളതല്ല
പുഴുവരിച്ച റൊട്ടിക്കഷണം പോലെ
ആകൃതിയില്ലാത്ത കുഞ്ഞുകുളങ്ങൾ
കുളത്തിൽ നിന്നു ജനിച്ചെന്നുതോന്നുംവിധം
മഞ്ഞ്
സർവ്വത്ര മഞ്ഞ്!
ചുരത്തിലെ റോഡിൽ
മഞ്ഞോളങ്ങളിൽ
കിതച്ചുമിരമ്പിയുമൊരു ബസ്സ്
പ്രകാശത്തിൻ്റെ മഞ്ഞച്ച വിതുമ്പലിൽ
മഞ്ഞലിയുമ്പോൾ
നീട്ടിക്കൂവി ബസ്സ് ചുരം കയറുന്നു.
ബസ്സിനുള്ളിൽ
ഒരു സൂര്യൻ
അതിനെ ചുറ്റി ഭൂമി
അതിനതിരിട്ട് കോടാനുകോടി നക്ഷത്രങ്ങൾ!
ബസ്സിനുള്ളിൽ മനുഷ്യർ മാത്രമാണെന്ന
വിഡ്ഢിത്തം
കുറഞ്ഞപക്ഷം ബസ്സെങ്കിലും ചിന്തിക്കുന്നില്ല
ഒരുലകമുളളിലുള്ള പോലെ
ഏറെ സൂക്ഷിച്ചാണ് കയറ്റം
ജീവിതമാഞ്ഞു-
കയറുന്നതിനേക്കാൾ ക്ലേശമെന്നു
തോന്നും പോലെയാണത്
ബസ്സ്
ചുരം കയറുമ്പോൾ
നേർരേഖയിലല്ലാത്ത
ജീവിതത്തിൻ്റെ മിനിയേച്ചർ കാണുംപോലെ.
ദൂരെ നിന്ന്
ബസ്സിനെ നോക്കുകയാണ്,
ഹെയർപിൻ വളവുകൾ താണ്ടി
അങ്ങേയറ്റത്ത്
എന്നെങ്കിലും ബസ്സെത്തുമെന്നറിയാം,
ഇതേ റോഡിലൂടെ…
ജീവിതത്തിലെ
പ്രതീക്ഷയുടെ ഹോണടി പോലെയൊന്ന്
ചങ്കിൽ തിളപ്പിച്ചുകൊണ്ട്…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
ബസിൽ കയറിയ അനുഭൂതി. മികച്ച രചന.
അഭിനന്ദനങ്ങൾ💙😊
നല്ല രചന
അർത്ഥവത്തായ കവിത.
അർഷാദ് ബത്തേരിയുടെ കഥകൾ ഇതോടൊപ്പം ഓർത്തുപോയി.
ചുരം ഒരു വികാരമാണ്, കടൽ പോലെ..