സ്വസ്ഥം, സ്വാസ്ഥ്യം, പലയിനം സാദ്ധ്യതകൾ

6
538

കവിത

സുജ എം.ആർ

കാറ്റേറ്റ് തുടുത്ത ലില്ലി പൂക്കൾ താമസിച്ചിരുന്ന താഴ്വാരത്തിൽ വെച്ച്,
തണുത്ത ലില്ലി പൂക്കൾക്കിടയിൽ
തല കുനിച്ച് നിന്ന കുറേ വെളുത്ത മഞ്ഞുപൂക്കൾ
ഇറുത്തെടുത്ത് നിനക്ക് നീട്ടി ഞാൻ,

ഒന്ന് വീതം മൂന്ന് നേരം!!!
ഒക്കെ ശരിയാകും..

നീയിറങ്ങി നടന്ന എന്റെ വഴിയിലേക്കൊരു പുഴയിരമ്പി വന്നു..

ആദ്യമാദ്യം,
ഓളപ്പരപ്പുകൾ നിറയെ,
ഒഴുകിപ്പരന്ന
മഞ്ഞു പൂക്കളുടെ സുഗന്ധം..
പിന്നെപ്പിന്നെ,
ഒഴുക്കിനൊത്തുലയുന്ന
ദീപനാളമെന്ന് കരുതിയ ഇടങ്ങളിലാകെ,
വീണുറഞ്ഞ മെഴുതിരിപ്പൂക്കളുടെ
അടയാളങ്ങൾ..
തേളുകളുടെ തേരോട്ടങ്ങൾ..
വീടു കാണാൻ വന്ന മീൻ പിടച്ചിലുകൾ..
പ്രളയം!!

നമ്മള്, നീന്താൻ പഠിച്ച മനുഷ്യര്,
ഗേറ്റടച്ചിടാനും പഠിച്ചിരിക്കണം !!
ഒരു പുഴക്ക് മുമ്പിലും
പ്രളയത്തിന് മുമ്പിലും
തോറ്റു പോവരുത്..
ഒരിക്കലും..

പക്ഷെ,
നിന്നോട്
തോൽക്കാതെങ്ങനെയാണ്
ഞാനൊന്ന് ഞാനാവുക?
പുഴയൊന്ന് പുഴയാവുക ?
മഞ്ഞു പൂക്കളിൽ കവിത വിരിയുക ?
ഓരോ പ്രളയത്തിലും ലില്ലിപ്പൂക്കൾ നിറഞ്ഞ് ചിരിക്കുക ?

മഞ്ഞു പൂക്കൾ കോർത്തൊരു ബൊക്കെയുണ്ടാക്കി,
കവിളിൽ തട്ടിച്ച് ചിരിച്ച്
എന്റെ ലില്ലി പൂക്കളും പറിച്ചെടുത്ത്,
നടന്നകലുന്നു നീ..
വെളുത്ത ഈ ഇരുട്ടിൽ
നിനക്ക് ശേഷം,
ഞാൻ മാത്രമാകുന്നു…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

6 COMMENTS

  1. കവിതയെ സുന്ദരമായി വരയിലൂടെ ആവിഷ്കരിച്ചതിന് നന്ദി, സുബേഷ് പത്മനാഭൻ????????

Leave a Reply to Noushad Cancel reply

Please enter your comment!
Please enter your name here