(കവിത)
വിവർത്തനം : ശിവശങ്കർ
നോക്കുകുത്തി
ഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു,
“ഈ ഒഴിഞ്ഞ പാടത്ത്
ഒറ്റയ്ക്കുനിന്ന് നീ
മടുത്തിട്ടുണ്ടാകും അല്ലേ ?”
അപ്പോൾ നോക്കുകുത്തി പറഞ്ഞു,
“ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്”
ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും പറഞ്ഞു , “ശരിയാണ്; ആ സന്തോഷം ഞാനുമറിഞ്ഞിട്ടുണ്ട്”
നോക്കുകുത്തി, അപ്പോൾ വീണ്ടും പറഞ്ഞു.
“വൈക്കോൽ കൊണ്ട് അകം നിറഞ്ഞൊരുവനേ അതറിയാൻ കഴിയൂ”
അവനെന്നെ വന്ദിച്ചതോ നിന്ദിച്ചതോ എന്നറിയാതെ ഞാനവിടുന്നു പോയി.
ഒരു വർഷം കടന്നുപോയി. അതിനിടെ നോക്കുകുത്തിയൊരു താത്വികനായി.
പിന്നൊരിക്കൽ ഞാനവനെ കടന്നുപോ കുമ്പോൾ അവന്റെ തലയിൽ രണ്ടു കാക്കകൾ കൂടു വെക്കുന്നതും കണ്ടു.
കണ്ണ്
ഒരു ദിവസം കണ്ണ് പറഞ്ഞു ,
“ഈ മലഞ്ചെരിവുകൾക്കപ്പുറത്ത് , നീല നിറത്തിൽ മഞ്ഞുപുതച്ച ഒരു പർവതം ഞാൻ കാണുന്നു. എന്തു ഭംഗിയാണതിന് അല്ലേ ?”
അപ്പോൾ , ചെവി ഒരു നിമിഷം കാതുകൂർപ്പിച്ചിട്ടു പറഞ്ഞു ,
“പക്ഷെ , എവിടെ ? എനിക്കൊന്നും കേൾക്കാൻ കഴിയുന്നില്ല.”
ശേഷം കൈ പറഞ്ഞു ,
“അതൊന്നു തൊടാൻ ശ്രമിക്കുകയാണ് ഞാൻ. പക്ഷെ ഇതുവരെ ഒരു പർവതവും ഞാൻ കണ്ടെത്തിയില്ല.”
അപ്പോൾ മൂക്ക് പറഞ്ഞു ,
“എനിക്കതിന്റെ ഗന്ധമില്ല അതുകൊണ്ടവിടെ പർവതവുമില്ല”
ഒടുക്കം , കണ്ണ് കണ്ണിന്റെ വഴിക്കുപോയി. അവരെല്ലാവരും കണ്ണിന്റെ ഈ വിചിത്ര സ്വഭാവത്തെക്കുറിച്ച് സംസാരിക്കാനും തുടങ്ങി.
“ഈയിടെയായി കണ്ണിനെന്തോ കുഴപ്പമുണ്ട്”
ജിബ്രാൻ ഖലീൽ ജിബ്രാൻ
ലെബനീസ് – അമേരിക്കൻ മിസ്റ്റിക് കവി. 1883 ൽ ലെബനോണിൽ ജനിച്ചു. കവിതയും ചിത്രകലയും തത്വശാസ്ത്രവും പഠിച്ചു. 22-ാം വയസ്സിൽ ആദ്യപുസ്തകവും ഇംഗ്ലീഷിലെഴുതിയ ആദ്യ പുസ്തകം, ‘ഭ്രാന്തൻ’ 1918 ൽ, 35-ാം വയസ്സിലും പ്രസിദ്ധീകരിച്ചു. ഗദ്യകവിത എന്ന കവിതാശാഖായെ ഫലവത്തായി ഉപയോഗിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പിൽക്കാല കവിതകളിൽ നീറ്റ്ഷേയുടെയും ബ്ലേക്കിന്റെയും സ്വാധീനവും തെളിഞ്ഞു കാണാം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല