(കവിത)
സിന്ധു സൂസന്‍ വര്‍ഗീസ്
മൗനത്തിന്റെ പുകമഞ്ഞു
മൂടിയ സ്റ്റേഷനുകൾ താണ്ടി
രണ്ടാമതൊരു യാത്ര.
മുമ്പേയിറങ്ങിപ്പോയവർ കയറുന്നു
മുന്നേ മുന്നേ..
മണിമലേടെ ചിറ്റോളം പോലെ
സുധാമണി വന്നു കേറുമ്പോൾ
എണ്ണക്കറുപ്പിന്റെ
ഓമനച്ചേല്..
കഴുത്തിലാ പഴയ
വെള്ളേം ചൊമപ്പും
പളുങ്കിന്റെ മാല..
ഹൈസ്‌കൂളിലെ ചേച്ചിമാരിടുന്ന
ഫുൾപാവാടയിടാനാണത്രെ
അവൾക്കു പൂതി..
ആറ്റിനക്കരെ,
കാലമുറഞ്ഞ കുടിലിൽ
പഴഞ്ചനൊരു കണ്ണീർവിളക്ക്
ഇപ്പോഴും മുനിഞ്ഞു കത്തുന്നുണ്ടത്രേ!
രാജശ്രീടെ
മെഴുക്കുള്ള മുഖവും
ഒഴുക്കൻ മുടിയും
ഇത്തിരിക്കുറുമ്പും പണ്ടേപ്പോലെ..
അവൾക്കാണേലെന്നും പതിനാല്!
ഒരിക്കലും കാണാത്ത,
പ്രണയം ചാറുന്ന
ചൂളമരങ്ങളുള്ള കോളേജിനെപ്പറ്റി,
ഒരിക്കലും കേട്ടിട്ടില്ലാത്ത,
യുവത്വത്തിന്റെ
ചടുല സിംഫണികളെപ്പറ്റി
എത്ര കേട്ടാലുമവൾക്കു പോരാ..
പിന്നെ വന്നു കേറിയത്
വിജിയാണ്..
പൂക്കാൻ മേടമൊന്നും കാക്കാത്ത
കണിക്കൊന്ന പോലെ
അവൾ വന്നു നിന്ന പഴയൊരോർമ്മ.
വിവാഹം ക്ഷണിക്കാനായിരുന്നത്..
എന്തായിരുന്നു പെണ്ണിന്റെയഴക്!
കണ്ടിട്ടേ ഇല്ലാത്ത കടിഞ്ഞൂലിന്
ഒസ്യത്തായി
ഒത്തിരി സ്നേഹം നെഞ്ചിൽ
നീറ്റി നീറ്റിയാണിപ്പോൾ
അവളുടെ വരവ്..
അവനെ ഒന്നു കാണണമെന്ന്
അവനെ ഒന്ന് തൊടണമെന്ന്
അവൻ വളർന്നൊത്തയൊരാളായി
കാണുമല്ലേടിയെന്നു
അവൾ തോരാതെ പെയ്യുന്നു..
ഉഷയുടെ ചുണ്ടിലാണേൽ
പാടിത്തീരാത്ത രാഗങ്ങളാണ്.
പണ്ട് ക്ലാസ്റൂമിൽ വച്ച്
പങ്കിട്ടു തിന്ന
മാലഡുവിനില്ല ഇത്രയ്ക്കിനിപ്പ്!
അവൾക്കുമുണ്ടായിരുന്നു
മിണ്ടാനൊത്തിരി..
ശാന്തികവാടത്തിനു മുന്നിൽ
ഞങ്ങളെ പിരിഞ്ഞപ്പോ
അവളുടെ ഉള്ളെരിഞ്ഞപോലെ
ഒരു ചിതയുമെരിഞ്ഞിട്ടില്ലെന്ന്…
ആ വാതിൽക്കൽ കാത്തു കിടന്ന
കോളേജ് ബസ്സിനുള്ളിൽ പെയ്ത പോലെ
ഒരിടവപ്പാതിയും പെയ്തിട്ടില്ലെന്ന്…
റെയിൽ വണ്ടി മുന്നോട്ട് നീങ്ങുന്നു..
ഒരു തുരങ്കത്തിനങ്ങേപ്പുറം
രാവെന്നോ പകലെന്നോ തിരിയാത്ത
ഇഹമെന്നോ പരമെന്നോ
ചൂണ്ടു പലകകളില്ലാത്ത
വിടപറയലിന്റെ നോവുകളില്ലാത്ത
ഒരു സ്റ്റേഷൻ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
മനോഹരം❤️