(കവിത)
സാബിത് അഹമ്മദ്
കുട്ടിക്കാലത്തെ കളിക്കോപ്പുകളിൽ
പാതി പൊട്ടിയ ബോംബും
ചിതറിത്തെറിച്ച പാത്രങ്ങളും
അറ്റ് പോയ കൈകാലുകളും!
അവരുടെ കളർ പെൻസിലുകളിൽ
ചുവപ്പു നിറം മുഴുക്കെ!
അമ്മിഞ്ഞനൽകിയ മാറിടങ്ങൾ
അവരുടെ പാൽപ്പല്ലുകളുടെ കടിയറിഞ്ഞിട്ടില്ല,
കടിച്ചു കീറുന്ന തേറ്റപ്പല്ലുകൾ അവിടെ
ആഴത്തിൽ തറച്ചു നിന്നിരുന്നു!
കണ്ണീരുകൾ കൊണ്ടല്ലാതെ
അവര് മഴയറിഞ്ഞിട്ടില്ല,
തീഗോളങ്ങൾ കൊണ്ടല്ലാതെ
അവര് വേനലറിഞ്ഞിട്ടില്ല!
അവരുടെ ചിത്രങ്ങൾ വരച്ചത് സൂര്യനാണ്,
ഭൂമിയത് നിഴലായി കാണിച്ചു,
അവര് കണ്ടത് സ്വപ്നങ്ങളെ മാത്രം!
ചിരിയും കരച്ചിലും ഏതാണെന്ന്
അവരെ ആരും പറഞ്ഞു പഠിപ്പിച്ചിട്ടില്ല.
അവരോട് പറഞ്ഞത്,
പോരാടൂ, കല്ലെറിയൂ, എന്നൊക്കെ!
തളർന്നില്ല,
തളർച്ചയുടെ ഒരു പോറല് പോലും ഏറ്റില്ല.
അവർക്ക് മുന്നിൽ,
ഇരുളും കരിയും ചോരയും നീറ്റലും
അയൽക്കാരെ പോലെ,
എന്നും കാണുന്നത്!
അവർ നിങ്ങളുടെ ജീവിതം അറിഞ്ഞിട്ടേയില്ല,
അവരറിഞ്ഞതിൽ ഭയം വെറും കൂട്ടുകാരൻ!
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
Heart touching 😢