The Reader’s View
അന്‍വര്‍ ഹുസൈന്‍
മലയാള ചെറുകഥയിൽ തൻ്റേതായ ഇടം നേടിയ കഥാകാരിയാണ് ഷീബ ഇ കെ. സ്ത്രീപക്ഷ കഥകൾ അതീവ ചാരുതയോടെ ഷീബയിൽ നിന്നും പിറന്ന് വീണിടുണ്ട്. പെണ്ണ് പെണ്ണിൻ്റെ കഥ പറയുമ്പോൾ പെണ്ണെഴുത്ത് എന്നും ദളിതൻ ദളിതൻ്റെ കഥ പകർത്തുമ്പോൾ ദളിതെഴുത്ത് എന്നും കളം വരയ്ക്കുന്നത് ശരിയല്ല. അനുഭവത്തിൽ നിന്നാണ് ഉജ്ജ്വലമായ എഴുത്തുണ്ടാവുന്നത്.
ഷീബ ഇ കെ യുടെ കഥാസമാഹാരം ഇരുപത് വർഷങ്ങൾക്ക് ശേഷം ഡി സി പുറത്തിറക്കിയിരിക്കുന്നത്. പത്തു കഥകളും ഷീബയുമായി രാജേശ്വരി പി ആർ നടത്തിയ അഭിമുഖവും പുസ്തകത്തിലുണ്ട്.
ഏകാന്തതയെയും ഒറ്റപ്പെടലിനെയും അതിജീവിക്കാൻ ഉന്മാദത്തിലേക്ക് പോവാനാവാതെ എഴുത്തു തുടങ്ങിയെന്നാണ് അഭിമുഖത്തിൽ ഷീബ വ്യക്തമാക്കുന്നത്. അവരുടെ കഥാപാത്രങ്ങളും പൊതുവേ അസ്വസ്ഥരാണ്. തീഷ്ണമായ അനുഭവങ്ങളാണ് ആ കഥാപാത്രങ്ങൾക്കുള്ളത്. ജീവിതത്തിൻ്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ ഈ കഥാപാത്രങ്ങൾ പേറി നടക്കുന്നു.
ഇതിലെ മിക്ക കഥകൾക്കും ഒരു ദേശീയ പരിവേഷം ഉണ്ടെന്നു പറയാം. ചില കഥകൾ ഹിന്ദിയിൽ നിന്നോ മറാഠിയിൽ നിന്നോ തർജമ ചെയ്തതാണോ എന്നു സംശയിച്ചു പോവും. ഉത്തരേന്ത്യൻ പശ്ചാത്തലം പല കഥകൾക്കും ഉണ്ട്.
പെണ്ണനുഭവിക്കേണ്ടി വരുന്ന ചില അവസ്ഥകൾ ഉണ്ട്. പെണ്ണ് മാത്രം അനുഭവിക്കുന്നത്. വിധവയുടെ അനുഭവം വിഭാര്യന് നമ്മുടെ സമൂഹത്തിൽ ഉണ്ടാവില്ല. അവളെ സമീപിക്കുന്ന പുരുഷൻ പലപ്പോഴും ഒരേ ലക്ഷ്യം വയ്ക്കുന്നത് കാണാം. ലൈംഗിക ദാരിദ്ര്യം: നിഷ്കളങ്കമായ ചില ഓർമ്മപ്പെടുത്തലുകൾ എന്ന കഥയിൽ അവളുടെ അവസാന പ്രതീക്ഷയും മങ്ങുന്നു. സ്ത്രീയുടെ വ്യക്തിത്വം മനസിലാക്കാൻ പുരുഷന് പലപ്പോഴും കഴിയാറില്ല.
രാവൺ എന്ന കഥയിൽ രാവണൻ ക്രൂരനല്ല. മികവാർന്ന ഒരു രാഷ്ട്രീയ കഥയാണിത്. ഒടുവിൽ വെടിമരുന്നിൻ്റെ രൂക്ഷ ഗന്ധത്തിനൊപ്പം കാവി കൊടിക്കൂറ ചാരമായ് വീഴുന്നു.
കലാജാഥക്ക് പോവുന്ന പെണ്ണുങ്ങൾ പരസ്പരം ജീവിതം പറയുന്നു പെണ്ണരശിൽ. വേദിയിൽ പ്രസംഗിക്കുന്ന വനിതകൾ പക്ഷേ മേക്കപ്പിൽ അഭിരമിക്കുന്ന സുഖലോലുപരാണ്. പരിഹാസ താളത്തിൽ സ്ത്രീ ജീവിതം നന്നായി ഈ കഥയിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
പ്രണയം പലപ്പോഴും ഒരുമിച്ചുള്ള ജീവിതത്തിലേക്കെത്താറില്ല. മറ്റൊരു ജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ട അവൻ ഇരുപത് വർഷങ്ങൾക്ക് ശേഷം അവളെ കാണുന്നു. ജീബനാനന്ദൻ്റെ കവിത അവനു കൊടുക്കാൻവേണ്ടി കൈയിൽ സൂക്ഷിച്ചതായിരുന്നുവെന്ന് അവൾ മറന്നു. എന്നത്തേയും പോലെ സന്ധ്യയുടെ ആകുലവെളിച്ചത്തിൽ അത് അവളുടെ വഴികളിൽ പ്രകാശം പൊഴിച്ചുകൊണ്ട് സ്വയം പാടിക്കൊണ്ടിരുന്നു. ഇരുപത് വർഷങ്ങൾക്കു ശേഷം..
അച്ഛനുലകത്തിൽ അച്ഛന് മകളോടുള്ള അറ്റാച്ച്മെൻ്റാണ് പ്രമേയം. ചരിത്രം ആവർത്തിക്കപ്പെടുന്ന പോലെ, സ്നേഹം ഉണർത്തുന്ന വേദനകളുടെ കഥയാണിത്. കാശ്മീർ എന്ന ഭൂമിയിലെ സ്വർഗത്തിൻ്റെ കഥയും മനോഹരമാണ്. കാശ്‌മീരിൻ്റെ മനസ് ഈ കഥ പറയുന്നു.
കോവിഡ് അനുഭവമാണ് ക്വാറൻറീൻ എന്ന കഥ. ഈ അണു മനുഷ്യനെ പലതും പഠിപ്പിച്ചല്ലോ? കെഡാവർ ഹൃദ്യമായ കഥയാണ്. ബാബയും മകളും നമ്മെ ഈറനണിയിക്കും.
ഷീബയുടെ കഥകൾക്ക് വ്യതിരിക്തതയുണ്ട്. നേരേ കഥ പറയുന്ന രീതിയുണ്ട്. കഥാപാത്രങ്ങൾക്ക് മിഴിവുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല