കവിത
സാജിദ എസ്. എ. പി
കിടപ്പിലായി വീടകങ്ങളിലൊതുങ്ങിപ്പോയവരിലേക്ക്
ചെല്ലുമ്പോൾ
കുളിരാശ്വാസത്തിന്റെ തെളിനീരുകൊണ്ട്
ചുവപ്പിച്ച ചുണ്ടിനാൽ നീ
മധുരമാമൊരു
ആനന്ദച്ചിന്ത് പൊഴിക്കണം.
അതിൽ സ്നേഹത്തിന്റെ മുത്തുകളും
പ്രത്യാശയുടെ നിലാക്കഷ്ണവും
തൊങ്ങലായി ചേലൊപ്പിക്കണം.
വിറകൊള്ളുന്ന കൈത്തണുപ്പിനെ കോർത്തെടുത്ത് നിന്റെ
ഉടൽച്ചൂടിനോടണയ്ക്കണം.
നടവഴിയിലെ മതിലുകൾ,
നടക്കല്ലുകൾ പോലും
അവരെ കാണാനാവാത്തതിന്റെ
പരിഭവം പറയുന്നെന്ന് പതിയെ പറയണം.
അവരുടെ സുകൃതപ്പുടവകളിൽ,
പുറകെ വന്നവർ ചുറ്റിപ്പിണയുന്നെന്ന്
പിശുക്കില്ലാതെ വരച്ചു കാണിക്കണം.
അവരിവിടുണ്ടായിരുന്നതിന്റെ തെളിവ്
ബാക്കികിടക്കുമെന്നറിയുമ്പോൾ
ആ മുഖത്ത് മിന്നിമറയുന്ന
ആഹ്ലാദത്തിന്നളവെടുക്കുവാൻ നിനക്കാവില്ല.
അവരറിയാതെ ചതഞ്ഞുപോയിരുന്ന,
പുൽനാമ്പിനെക്കുറിച്ചു പറയാൻ മറന്നേക്കുക.
അവർ നട്ടുനനച്ച മരപ്പച്ചക്കഥകൾ കൊണ്ട്
അവരെ പുതപ്പിക്കുക.
എങ്കിൽ ഉയിരോടെ ഉണ്ടല്ലോ എന്നവർ
സ്വയം ആശ്വസിക്കാതിരിക്കുന്നതെങ്ങനെ?
നമ്മുടെ തേട്ടങ്ങളുടെ ആകാശത്ത്
അവർ നിറഞ്ഞു നിൽപ്പെന്നും
അവരുടെ തേട്ടങ്ങളുടെ,
അവർ പെയ്ത തണലിന്റെ,
ബലം കൊണ്ടു കൂടെയാണ്
മരുച്ചൂടിലും നാം
വസന്തമാകുന്നതെന്നും
വെറുതെയെങ്കിലും ചൊല്ലിയേക്കുക.
ആളൊഴിയുമ്പോൾ
ആരവവുമൊഴിയുമെന്നും
ഓർമ്മകളെ നരബാധിക്കുമെന്നും
ഓർമ്മിപ്പിക്കാതെ,
നിന്റെ ഓർമ്മയിടങ്ങളിൽ മറയിട്ട് വെച്ചേക്കുക.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല