വർക്കിച്ചായൻ

2
177

(കവിത)

എസ് രാഹുൽ

അതിരാവിലെ ഓട്ടോയിൽ
വർക്കിച്ചായൻ റോഡ് ചുറ്റും.

നടന്നലയുന്നവരെ
വെറുതേ കൊണ്ടാക്കും
വെയിൽ വീഴാതെ
പുള്ളി പൈസ തൊടില്ല.

ശനിയും ഞായറും
വർക്കിച്ചായൻ ഓട്ടോയെടുക്കില്ല.

പിൻസീറ്റിൽ
പഴയൊരു നോട്ട്ബുക്കുണ്ട്
കയറുന്നവരതിൽ കഥയെഴുതും.

വർക്കിച്ചായൻ എണീറ്റുടൻ
ആദ്യ വരിയെഴുതും
പിന്നീട് കയറുന്നവരതു തുടരും
എഴുതാതെ അച്ചായൻ
വണ്ടി നിറുത്താറില്ല
തെറിപറഞ്ഞ്
ചെകിട് പൊളിക്കും
ഉച്ചയ്ക്ക് വണ്ടിയൊതുക്കി
രണ്ടു പേജുകൾ
കീറി മാറ്റും.

ചിത്രീകരണം: മിഥുന്‍ കെ.കെ

കഥയുടെ ദിശയിൽ
ശനിയും ഞായറും
വർക്കിച്ചായൻ സഞ്ചരിക്കും
ആ വഴികൾ
അത്രമേൽ നിഗൂഢം.

കുറ്റിക്കാട്ടിനപ്പുറത്തെ
കല്ലറയ്ക്കരികിൽ നട്ടുച്ചയ്ക്ക്
വണ്ടിയൊതുക്കുമ്പോൾ
ഇന്നാളു ഞങ്ങൾ മറഞ്ഞുനോക്കി.

കല്ലറയ്ക്കു മറവിൽ ചാഞ്ഞ്
നോട്ടുബുക്ക് വായിച്ച്
അതിലിടയ്ക്കെഴുതുന്നു
രണ്ട് പേജ് കീറുന്നു
വണ്ടിയെടുത്ത് പായുന്നു…

വർക്കിച്ചായൻ മറ്റുള്ളവരുടെ
കഥകളെടുത്ത്
ശനിയും ഞായറും
സ്വന്തം വഴിയേ അദൃശ്യനാകുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here