കവിത
രമ സൗപര്‍ണിക
കത്തുന്ന കാലം കടന്ന് തീക്കാറ്റുകള്‍-
ദിക്കുകള്‍ ചുറ്റുന്ന ഭൂവില്‍;
ചെത്തിയും, വീണ്ടും മിനുക്കിയും-
ചായങ്ങളത്രയും മൂടിപ്പൊതിഞ്ഞും,
പുത്തന്‍ ഋതുക്കള്‍ കടന്ന് പോയീടവേ-
പച്ചപ്പണിഞ്ഞവള്‍ വന്നു.
കണ്ണിലേയ്ക്കുറ്റുനോക്കിക്കൊണ്ടവള്‍-
ചോദ്യമൊന്ന് ചോദിക്കുന്നു വീണ്ടും!
കണ്ടുവോ തീ പടര്‍ന്നാളുന്ന തെരുവിലെ
അന്ധകാരത്തിന്റെ ചിത്രം..
ബോധോദയത്തിന്റെ ഗയകളെ തേടുന്ന-
നേരിന്റെ ശബ്ദങ്ങള്‍ പോലെ
ചോദിച്ചവള്‍ ലോകമൊന്നായ് നടുങ്ങുന്ന-
വേദനയ്ക്കുള്ളില്‍ നിന്നന്ന്
നിങ്ങള്‍ ജയിച്ചുവോ, തോറ്റുവോ?
തീക്കനല്‍പ്പുണ്ണുകള്‍ നീറുന്ന മണ്ണില്‍!
വിസ്‌ഫോടനങ്ങള്‍ തുളയ്ക്കുമാകാശത്ത്
പക്ഷികള്‍ വീണ്ടുംപറക്കേ!
ചക്രവ്യൂഹങ്ങള്‍ പണിഞ്ഞ് പോകും യുദ്ധ-
രക്തഹോമപ്പുരക്കുള്ളില്‍
ലോകയുദ്ധം കഴിഞ്ഞാണവപ്പകലിന്റെ
സൂര്യാസ്തമയകാലങ്ങള്‍
ഓര്‍ക്കിഡിന്‍ താഴ്വരേ ഗന്ധകത്തോട്ടങ്ങള്‍-
പൂക്കുന്നു നിന്നിലായിന്ന്
കീവിലായ് തീപടര്‍ന്നാളുന്നു ചുറ്റിലും-
രാവിന്റെ ചുടലനൃത്തങ്ങള്‍
പകയുടെയിരമ്പുന്ന കടലുകളതില്‍ കിനാ-
വള്ളിക്കുരുക്കിന്‍ പടര്‍പ്പ്
നരബലിത്തട്ടുകള്‍, പ്രണയപ്പകച്ചുരുള്‍,
ലഹരിതന്‍ മൂവന്തിവലകള്‍
മരണത്തിലേയ്ക്ക് തേര്‍ പായുമ്പോഴും-
ശിരസ്സിലിരുളിന്‍ കിരീടങ്ങള്‍ വയ്‌ക്കെ!
നിറുകയില്‍ വീണ തീഗോളത്തിലിന്നുമെന്‍-
സ്മൃതിയുടക്കുന്നുണ്ട് വീണ്ടും
മുറിവുണങ്ങാതെയാ സങ്കടത്തരിയിന്നു-
ദേശാടനം കഴിഞ്ഞെത്തുന്ന പക്ഷികള്‍-
കൂട്ടുകൂടാനായിരിക്കേ,
ശാന്തിയില്‍ വീണ്ടും പ്രശാന്തിയില്‍ സൂര്യനാ-
പാതയില്‍ വീണ്ടുമെത്തുമ്പോള്‍
ശാന്തമാകും സാഗരത്തിന്റെ തീരത്ത്-
സാന്ത്വനം തേടി ഞാനെത്തി!
നഗരം നടുങ്ങിത്തെറിച്ചോരു ഭൂമിയില്‍-
പുതിയൊരുദ്യാനമിന്നുണ്ട്
അവിടെ ഹിരോഷിമ പാര്‍ക്കിന്നിടങ്ങളില്‍-
മിഴി പൂട്ടി നില്‍ക്കുന്നു നിങ്ങള്‍,
പഴയതെല്ലാമോര്‍മ്മയുണ്ടെന്ന പോലെയോ-
മിഴിപൂട്ടി നില്‍ക്കുന്നു നിങ്ങള്‍!
ഒലിവ് മരമൊന്ന് ഞാന്‍ നട്ടുപോകുന്നതിന്‍
തണലിലായ് നിങ്ങള്‍ക്കിരിക്കാം..
ശിരസ്സിലിരുളിന്‍ കിരീടങ്ങള്‍ വയ്‌ക്കെ!
നിറുകയില്‍ വീണ തീഗോളത്തിലിന്നുമെന്‍-
സ്മൃതിയുടക്കുന്നുണ്ട് വീണ്ടും
മുറിവുണങ്ങാതെയാ സങ്കടത്തരിയിന്നു-
മവിടെപ്പിടഞ്ഞ് നീറുന്നു
*1972ലെ വിയറ്റ്‌നാം യുദ്ധത്തിന്റെ കെടുതി ലോകത്തിനു മുന്നിലെത്തിച്ച പെണ്‍കുട്ടിയാണ് ഫാന്‍ തി കിം ഫുക് . 1972 ജൂണ്‍ 8ന് ദക്ഷിണ വിയറ്റ്‌നാം വര്‍ഷിച്ച ഒരു നാപാം ബോംബ് താഴെ പതിച്ച് വസ്ത്രങ്ങള്‍ കരിഞ്ഞുപോയശേഷം രണ്ടു കൈകളും ഉയര്‍ത്തി നിസ്സഹായയായി രക്ഷയ്ക്കായി പുറത്തേയ്‌ക്കോടിയ പെണ്‍കുട്ടി.. ഈ ചിത്രം പകര്‍ത്തിയ അസോസിയേറ്റഡ് പ്രസ്സിന്റെ ഫൊട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന് 1972ല്‍ പുലിറ്റ്‌സര്‍ അവാര്‍ഡ് ലഭിച്ചു.ഫാന്‍ തി കിം ഫുക് എന്ന നാപാം പെണ്‍കുട്ടിയുടെജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ഈ കവിത
*യുക്രെയിനിന്റെതലസ്ഥാനമാണ്കീവ്
*കൊറോണ.
* ജപ്പാനിലെ ഹിരോഷിമയില്‍ സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് ഹിരോഷിമാ ശാന്തിസ്മാരക ഉദ്യാനം അഥവാ ഹിരോഷിമാ പീസ് മെമ്മോറിയല്‍ പാര്‍ക്ക് 1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയില്‍ ആദ്യമായി അണുബോംബ് പ്രയോഗിച്ചതിനെത്തുടര്‍ന്ന് മരണമടഞ്ഞവരുടെ ഓര്‍മ്മയ്ക്കായാണ് ഉദ്യാനം നിര്‍മ്മിച്ചിരിക്കുന്നത്. ആണവായുധങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ ഉദ്യാനം സമാധാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല