കവിത
പൃഥ്വിരാജ് വി. ആർ
ഞാനുറങ്ങുമ്പോൾ മാത്രം
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു കാട് വളർന്നു വരുന്നു.
ഞാൻ മാത്രമധിവസിക്കുന്ന
ലാങ്കി ലാങ്കി മരങ്ങളുടെ കാട്.
കാടിനു മുകളിൽ മഴ
മഴയ്ക്കു കീഴെ കുടപോയ നീ
കുട തേടിയെന്നോണം
കാടിനകത്തേക്ക് നിർഭയമാം
നിന്റെ തീർത്ഥയാത്ര.
ഉണങ്ങുവാനേൽൽപ്പിച്ച ചെടികളിൽ
പൂക്കൾ വിരിയുന്നപോലെ
എന്റെയും നിന്റെയും ശ്വാസോച്ഛ്വാസത്തിൽ
നമുക്ക് രണ്ടു കുട്ടികൾ.
കുട്ടികളാൽ പറ്റിക്കപെട്ടവരുടെ
നാട്ടിൽ നാം അന്തേവാസികൾ.
ഒറ്റമുറിയുടെ കോണിൽ
കാലൊടിഞ്ഞ കട്ടിലിൽ
മൂലോടിൽനിന്ന് ചോർന്നുവീണ
വെള്ളം പോലൊരു ദാമ്പത്യം.
വെള്ളെഴുത്ത് കലർന്നു മങ്ങിയ കണ്ണിൽ
ഇരുട്ട് പെറ്റുകൂട്ടിയ നിറം.
എന്നിട്ടും,
ഞാനുറങ്ങുമ്പോൾ മാത്രം
ഹൃദയത്തിൽ ഒരു കാട്, മഴ, കുട പോയ നീ..
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല