ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
കർണ്ണാടകയിലെ തുംകൂർ റെയിൽവേ സ്റ്റേഷനിൽ മൊബൈൽ ചാർജ് ചെയ്യാൻ വെച്ചു കൊണ്ട് അലസനും അക്ഷമനുമായി ഇരിക്കുകയായിരുന്നു, ഞാൻ. പുറത്ത് പാർക്കിങ്ങ് ഏരിയായിൽ കാർ കിടപ്പുണ്ട്. ഒരു എമൗണ്ട് എൻ്റെ അക്കൗണ്ടിലേക്ക് ഇട്ടു തരാമെന്ന് കരാറുകാരനായ ഉത്തം സിംങ്ങ് ഉറപ്പ് തന്നിരുന്നെങ്കിലും നേരം ഏറെ ആയിട്ടും ഒരു മെസ്സേജും കാണുന്നില്ല. ഉപകരാറുകാരനായ എന്നെ എൻ്റെ കാർ കൊണ്ടുവരാനായി താല്പര്യപൂർവ്വം ബംഗളൂരുവിലേക്ക് അയച്ചതും ഉത്തം സിംങ്ങായിരുന്നു. അദ്ദേഹത്തിൻ്റെ മൊബൈലാണേൽ സ്വിച്ചിഡ് ഓഫും. ഇതു പൊതുവെ പതിവുള്ളതാണല്ലോ? ഉള്ളംകൈയിൽ ഇരുന്ന് കൊണ്ട് നമ്മുടെ ഇംഗിതത്തിനൊത്ത് എന്തിനും കൂട്ടുനിൽക്കുന്ന ചങ്കാണല്ലോ ഈ മൊബൈൽ ചങ്ങാതി. ധാർവാഡിലേക്ക് ഇന്നു തന്നെ തിരിക്കാൻ കഴിയുമോ? പോരാത്തതിന് ഇന്ധനത്തിനും വഴിച്ചെലവിനും നില പരുങ്ങലിലും. ഞാൻ ആശങ്കയിലായി.
റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള ഓവുചാൽ നിർമ്മാണത്തിനും സ്ലാബ് പാകുന്നതിനും വേണ്ടി തലശ്ശേരിയിൽ നിന്നും ഏതാനും ബംഗാളികളെ ചാക്കിട്ടു പിടിച്ച് ധാർവാഡിലെത്തിച്ചതിൻ്റെ ബുദ്ധിമുട്ട് എനിക്കും അഖിലേഷിനും മാത്രമേ അറിയൂ. കാലത്ത് തന്നെ പണി കുപ്പായം പൊതിഞ്ഞെടുത്ത പ്ലാസ്റ്റിക് സഞ്ചിയുമായി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് തമ്പടിക്കാറുള്ള ബംഗാളികളെ കണ്ടാൽ നമ്മൾ കേരളത്തിലല്ല ഇപ്പോൾ ഉള്ളതെന്ന് സ്വയം തോന്നാനിടയുണ്ട്. രാത്രി കടൽപ്പാലത്തിനടുത്തെത്തിയാൽ ഉള്ള അവസ്ഥ പറയുകയും വേണ്ട. പാനിപ്പൂരി, ബേൽപ്പൂരി, പാവ് ബാജി തുടങ്ങിയവയുടെ മസാല മണം. കടുകെണ്ണയുടെയും കഞ്ചാവിൻ്റെയും ഗുഡ്ഖായുടെയും ബംഗാളി ബീഡിയുടെയും അവിഞ്ഞ നാറ്റത്തിൻ്റെ അവാച്യമായ അന്തരീക്ഷം. ഹിന്ദിയും ബംഗാളിയും ഒറിയയും ഇടകലർന്ന ഭാഷാ ത്രയങ്ങളിലെ തെറിയും പ്രാക്കും. തകർച്ച കാത്തു കിടക്കുന്ന പുരാതനമായ കടൽപ്പാലത്തിലിരുന്ന് സൊറ പറയുന്ന ഇതര സംസ്ഥാന തൊഴിലാളികൾ . മൊബൈൽ നോക്കി കുത്തിയിരിക്കുന്നവർ…… നാട്ടിലേക്ക് ഫോൺ വിളിക്കുന്നവർ….
ഇരുൾ പരക്കുന്ന കടലിൽ നിന്നും അലയടിക്കുന്ന തിരയും കാറ്റും.
മൂന്നു ദിവസത്തെ നിരന്തര പ്രയത്നത്താലാണ് സുർജിത്ത് ഭായ് എന്ന ഒരു ടിക്കേദാറോടൊപ്പം(മേസ്ത്രി) ഒമ്പതുപേരെയും കൊണ്ട് ഞങ്ങൾ വണ്ടി കയറിയത്. സമയത്തിന് കൂലി കിട്ടിയില്ലെങ്കിൽ അവന്മാർ ഉഴപ്പാൻ തുടങ്ങും. ഇപ്പോൾ സൈറ്റ് സൂപ്പർവൈസറായി പാതയോരത്തെ പൊരിവെയിലത്തോ വല്ല മരത്തണലിലോ അഖിലേഷ് നില്പുണ്ടാകും. അഖിലേഷുമായുള്ള ഫോൺ സംസാരം കേട്ടുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ അടുത്ത് വന്ന് കുശലം പറഞ്ഞു. ഭംഗിയായി വസ്ത്രം ധരിച്ച് ഷർട്ട് ഇൻ ചെയ്തിരിക്കുന്നു. ഉപ്പൂറ്റിയുടെ കൊരട്ടയ്ക്ക് മുകളിൽ നിൽക്കുന്ന ടൈറ്റ് കോട്ടൺ പാൻറ്. വെളുത്ത ക്രോക്‌സ്(crocs) ചപ്പൽ . സുമുഖൻ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി. പേര് മുബാറക്ക്.
അവിചാരിതമായി ഒരു മലയാളിയെ കൂട്ടിന് കിട്ടിയതിൽ ഞാൻ സന്തുഷ്ടനായി. പ്രൈവറ്റ് ഹോസ്പിറ്റൽ, ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിലേക്കുള്ള ലോഷൻ, ഡിറ്റർജൻ്റ് തുടങ്ങിയ ഹൗസ് കീപ്പിങ്ങ് ഐറ്റത്തിൻ്റെ ഏജൻറും സപ്ലയറുമാണ് കക്ഷി. ഹുബ്ലിയിൽ നിന്നും ബസ്സിൽ മുംബൈയിലേക്ക് പോകാനാണ് പ്ലാൻ. സൂഫിസവും വേദാന്തവും മറ്റെന്തൊക്കെയോ തലയ്ക്കു പിടിച്ച മട്ടുണ്ട്. തുറന്ന സംസാരം. “പെരുമയുള്ള തറവാട്ടിലാ ജനനം…. പക്ഷെ ,ഞാൻ കുലത്തിൽ പിറന്ന കുരങ്ങായിപ്പോയി…. ” ഇടയ്ക്ക് എപ്പഴൊ അവൻ ഉരുവിട്ടത് തൊണ്ടയിൽ തറച്ച മുള്ളുപോലെ കുരുങ്ങി കിടപ്പുണ്ട്.
എൻ്റെ മൊബൈലിൽ നിന്നും സന്ദേശ ഗൗളി ചിലച്ചു. തുക അക്കൗണ്ടിൽ ക്രെഡിറ്റായിരിക്കുന്നു!. ഞാൻ പോകാനൊരുങ്ങി.” വരുന്നോ? ഹുബ്ലിക്ക്….” മുബാറക്ക് കൂടെ വരുമെന്നുള്ള വിശ്വാസത്തോടെ ഞാൻ ചോദിച്ചു. പ്രത്യേകിച്ച്, തനിച്ചുള്ള കാർ യാത്രയിൽ അപരിചിതമായ സ്ഥലത്ത് ഒരു മലയാളി കൂട്ട് ഞാൻ ആഗ്രഹിച്ചിരുന്നു.
” മൈം ഭീ ഹൂബ്ലീ തക്ക് ആരാഹും” (ഞാനും ഹൂബ്ലി വരെ വന്നോട്ടെ) ഉറുദുവിൽ പറഞ്ഞു കൊണ്ട് ഏതാണ്ട് ഇരുപതു വയസ്സ് തോന്നിക്കുന്ന ഒരു യുവാവ് ചാടിക്കയറി ഞങ്ങളോട് അടുപ്പം കാണിച്ചു. അവൻ മൊബൈൽ ഫോൺ കൈയ്യിൽ പിടിച്ചു കൊണ്ട് ചാർജ് ചെയ്ത് നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എൻ്റെ
മൊബൈലും അതിനടുത്ത പ്ലഗ്ഗിൽ നിന്നും ചാർജ് ചെയ്തിരുന്നതിനാൽ അവനു നേരെ നെറ്റി ചുളിച്ച നോട്ടം ഞാൻ ഇടയ്ക്കിടെ തൊടുത്തുവിട്ടിരുന്നു.
‘ആട്ടി പോകുന്ന കൈ കൊണ്ട് കൊടുക്കുന്ന സല്യൂട്ടിന് വല്ല ചേതമുണ്ടോ’ എന്ന ചിന്തയാൽ ഞാൻ അവനെ ചേർത്തു പിടിച്ചു. ഞങ്ങൾ കാറിനടുത്തേക്ക് നടന്നു. നഗരത്തിരക്കിലൂടെ ഒഴുകിയ കാർ രണ്ട് കിലോമീറ്റർ ദൂരം പിന്നിട്ടതിനു ശേഷം ആദ്യമായി കണ്ട ബങ്കിൽ നിന്നും പെട്രോൾ നിറച്ചു. ഞാൻ സ്വയിപ്പിങ്ങിനായി ATM കാർഡ് നീട്ടിയപ്പോൾ പെട്ടു. സ്വയിപ്പിങ്ങ് മിഷൻ ഇല്ലത്രേ. മുബാറക്കും പിറകിൽ നിന്ന് ലിയാക്കത്ത് അലിയും പണം കൊടുക്കാൻ തയ്യാറായെങ്കിലും എൻ്റെ അഭിമാനബോധം സമ്മതിച്ചില്ല. പെട്രോൾ കാശ് കൊടുത്തതിനു ശേഷം കീശയുടെ കനം കുറഞ്ഞെങ്കിലും കാർഡിലായിരുന്നു മനം.
“ഇനി ഞാനെടുക്കാം ” മുബാറക്കിൻ്റെ ആത്മവിശ്വാസമുള്ള ആവശ്യം അംഗീകരിച്ചു കൊണ്ട് ഞാൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും മാറിയിരുന്നു. ‘ഞാനെത്ര വണ്ടി കണ്ടിരിക്കുന്നു’ എന്ന ലാഘവത്തോടെ മുബാറക്ക് കാറിനെ ഹൈവേയിലൂടെ പറത്തി. എതിരെ വരുന്ന വാഹനങ്ങളും തരിശുനിലങ്ങളും കന്നുകാലികളും പാടവും കർഷകരും ഒറ്റപ്പെട്ട യൂക്കാലി മരങ്ങളും കെട്ടിടങ്ങളും പിറകോട്ട് പറന്നു. പി.യു.സി പഠനത്തിനു ശേഷം തുടർന്ന് പഠിക്കാൻ ത്രാണിയില്ലാത്തതിനാൽ ലിയാഖത് അലി അഗർബത്തി ഫാക്ടറിയിൽ ജോലി ചെയ്യുന്നു. ബാപ്പ മരണപ്പെട്ടതിനാൽ കുടുംബത്തിൻ്റെ അത്താണി. അവൻ കുനിഞ്ഞിരുന്ന് മൊബൈൽ നോക്കുന്നതിനിടയിൽ എന്നോട് മൊഴിഞ്ഞത് ഇത്രമാത്രം.
മണി രണ്ടരയായി. ഹൈവേയിൽ വെയിൽ തിളയ്ക്കുന്നു. അത്രയൊന്നും തിരക്കില്ലാത്ത ഇടത്തരം ഹോട്ടലിനു മുന്നിൽ വണ്ടി നിറുത്തി. ഖുശ്ക്കായും (Ghee Rice) കബാബും പൊറോട്ടയും സേറുവയും (gravy) മാത്രമുള്ള ഒരു പഠാണി ഹോട്ടൽ. ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിയുന്നതിനു മുന്നേ ലിയാഖത്ത് അലി കാശ് കൊടുത്ത് കഴിഞ്ഞിരുന്നു. ഇവൻ ആളു കൊള്ളാമല്ലോ! എന്നിലെ മാനവികത ഉണർന്നു . ഉള്ളാലെ അഭിനന്ദിച്ചു. ഹുബ്ലിയിൽ എത്തിയതിനു ശേഷം ATM ൽ നിന്നും കാശെടുത്തു കൊടുക്കാം. മനസ്സിൽ തീരുമാനിച്ചു. മുബാറക്കും നല്ല മൂഡിലായിരുന്നു. അവൻ്റെ ജീവിതകാമനകൾ,കാഴ്ചപ്പാടുകൾ, സ്വപ്നങ്ങൾ, പ്രതീക്ഷകൾ ഒക്കെയും മനോഹര ചിത്രങ്ങളായി പകർന്നു കഴിഞ്ഞിരിക്കുന്നു !
ഇവരില്ലായിരുന്നുവെങ്കിൽ ഈ യാത്ര തീർത്തും വിരസവും അന്തസ്സാര ശൂന്യവും ആകുമായിരുന്നു. ഞാൻ വെറുതെ ഓർത്തു.
ഇരുട്ട് പരക്കുന്നതിന് മുന്നേ ഹുബ്ലി പിടിക്കാം. പിറകിലെ സീറ്റിൽ ലിയാഖത്ത് അലി മയക്കത്തിലായി. ക്ഷണികമായ ജീവിത യാത്രയിൽ എവിടെ നിന്നോ കയറി എവിടെയോ ഇറങ്ങി പോകേണ്ടി വരുന്ന യാത്രികരാണല്ലോ നമ്മൾ. നിരാശയും പ്രതീക്ഷയും സ്നേഹവും സൗഹൃദവും പകയും ചതിയും കരുതലും ഓർമ്മകളും അവശേഷിപ്പിച്ച് കടന്നു പോകുന്നവർ.
ഹുബ്ലി റെയിൽവേ സ്റ്റേഷനടുത്ത് കാർ പാർക്ക് ചെയ്തു. മുബാറക്ക് മഗരിബ് നമസ്കാരത്തിനായി തിടുക്കപ്പെട്ട് യാത്ര പറഞ്ഞു പോയി. പള്ളിയിൽ നിന്നും ബാങ്ക് വിളി ഉയർന്നു കേൾക്കാമായിരുന്നു. ” ഒരു ചായ കുടിച്ച് നമുക്ക് പിരിയാം’ ഞാൻ ലിയാഖത്ത് അലിയോടൊപ്പം മെയിൻ റോഡിലേക്ക് നടന്നു. എ ടി എം ബൂത്തിൽ നിന്നും പൈസ എടുത്ത് ലിയാഖത്തിനെ ഏൽപ്പിക്കണമെന്ന ചിന്ത എന്നെ അത്രമേൽ മദിച്ചിരുന്നു. അവൻ്റെ നല്ല മനസ്സിനുള്ള സ്തുതി. റോഡിൽ ഉത്സവരാത്രി പോലെ തിരക്കും ബഹളവുമുണ്ടായിയിരുന്നു.
” മേരാ ഫോൺ സ്വിച്ച് ഓഫ് ഹോ ഗയാ ….. ഉമ്മയെ വിളിക്കാൻ താങ്കളെനിക്ക് ഫോൺ തന്നാലും “
ഞാൻ തൊട്ടടുത്തുള്ള എ.ടി.എം ബൂത്തിലേക്ക് കടക്കാൻ ഭാവിക്കവേ ലിയാഖത്ത് അലി പരുങ്ങലോടെ ചോദിച്ചു. എൻ്റെ വില കൂടിയ സാംസങ് ഗ്യാലക്സി ഫോൺ ഞാൻ അഭിമാനത്തോടെ അവനു നേരെ നീട്ടി.
മിനിട്ടുകൾക്കകം പൈസ എടുത്ത് തിരിഞ്ഞു നോക്കിയപ്പോൾ അലി മാത്രം ഇല്ല !. നാലുപാടും തിരഞ്ഞു.
ഇല്ല.!!? അവൻ ഏതു ഗലിയിലൂടെയാണ് മിന്നൽ വേഗത്തിൽ അപ്രത്യക്ഷനായത്.?? എൻ്റെ ഏത് അവയവമാണ് ഇത്രയും പെട്ടെന്ന് ഒരപരിചിതനായ ചതിയൻ കവർന്നെടുത്തത്? കൈക്കുമ്പിളിലെ ഹൃദയ താളത്തിന് കൈമോശം സംഭവിച്ചിരിക്കുന്നു . വിരൽത്തുമ്പിലെ ലോകം പൊടുന്നനെ നീർക്കുമിള പോലെ മാഞ്ഞു പോയി. എത്രമാത്രം ഫോൺ നമ്പറുകൾ. നോട്ട് പാഡിലെ എൻ്റെ വിരലെഴുത്തുകൾ. കവിതയ്ക്ക് വേണ്ടി കരുതി വെച്ച വരികൾ… പിറക്കാതെ പോയ കവിതയുടെ നൊമ്പരങ്ങൾ….
ജീവിതസന്ധാരണത്തിൻ്റെ കണക്കെഴുത്തുകൾ….ഞാൻ ശ്വാസം കിട്ടാത്തവനെ പോലെ പിടഞ്ഞു.
എൻ്റെ വിശാലമനസ്കതയെ സ്വയം ശപിച്ചു.
മഗരിബ് നിസ്ക്കാരം അനുഷ്ഠിച്ച് തിരിച്ചെത്തിയ മുബാറക്ക് എന്നെ തിരഞ്ഞു നടക്കുകയായിരുന്നു.
ചതിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ അവൻ അന്ധാളിച്ചു. അവൻ തൻ്റെ മൊബൈലിൽ നിന്നും എൻ്റെ നമ്പറിലേക്ക് കോൾ ചെയ്തു. “The number you are calling is currently switched off ” എന്ന കിളിനാദം എന്നെ speaker mode ൽ കേൾപ്പിച്ചു. തട്ടിപ്പുവീരൻ്റെ പേര് കാരണം മുബാറക്കിൻ്റെ ഹൃദയത്തിന് മുറിവേറ്റിരിക്കാമെന്ന് എൻ്റെ
മനസ്സു പറയുന്നു. നടന്നു പോകാൻ മാത്രം ദൂരമുള്ള ഹുബ്ലി ടൗൺ പോലീസ് സ്റ്റേഷനിൽ പോയി ഞങ്ങൾ പരാതി എഴുതിക്കൊടുത്തു. തിരിച്ച് കാറിനടുത്തെത്തി. അവൻ വിസിറ്റിങ് കാർഡ് തന്നു. ഞങ്ങൾ അവരവരുടെ കർമ്മ പഥങ്ങളിലൂടെ യാത്ര തുടർന്നു. വീണ്ടും കണ്ടുമുട്ടാമെന്ന ഉറപ്പോടെ….
സ്നേഹം അഭിനയിക്കുന്നവർക്ക് ആത്മാർത്ഥതയുള്ളവരെ തിരിച്ചറിയാൻ കഴിയില്ല. ആത്മാർത്ഥത കാണിക്കുന്നവർക്ക് അഭിനയിക്കുന്നവരെ തിരിച്ചറിയാനും കഴിയില്ല. അതാണല്ലോ ജീവിതയാത്ര !
എല്ലാത്തിനും മൂകസാക്ഷിയായി ലോകത്തിലെ ഏറ്റവും നീളമേറിയ പ്ലാറ്റ് ഫോമുള്ള ഹുബ്ലി റെയിൽവേ സ്റ്റേഷൻ ഞങ്ങൾക്ക് പിന്നിൽ പരവതാനി പോലെ നീണ്ടു നിവർന്നു കിടന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല