നിലാവ് പൊള്ളുന്നത്

0
303

കവിത

നവീൻ ഓടാടാൻ

 

രാത്രിയെ നേരിടുക പ്രയാസകരമാണ്
പ്രപഞ്ചത്തിലേ ഇരുട്ടെല്ലാം
ആത്മാവിലേക്ക് പ്രവഹിക്കപ്പെടും

ശൂന്യത അപ്പോൾ
ചുറ്റും കനത്തു പെയ്യുന്ന മഴയാകും

സ്വപ്‌നങ്ങൾ ഒക്കെയും
ഉറക്കത്തെ ഉണർത്തി കിടത്തും

കണ്ണുകൾ മുറുക്കി അടക്കുമ്പോൾ  കൺപോളകൾക്ക് ഇടയിലേക്ക്
ചിത്രങ്ങൾ നുഴഞ്ഞു കയറി വിരിഞ്ഞു കിടക്കും

ഇരുട്ടത്രയും നമ്മളെക്കുറിച്ചു
സംസാരിച്ചു തുടങ്ങും

വലിയ വലിയ നേരുകളെ
കണ്മുന്നിലേക്ക് ഉന്തിയിടും

അസ്സഹനീയതയിൽ
കണ്ണും മൂക്കും
ഒലിച്ചിറങ്ങും

വെറുക്കപ്പെട്ട ഉടലൊഴിയണമെന്ന്
അലറിപ്പറയും

ബ്ലേഡരികുകൾ ഞരമ്പുകളെ ഉമ്മ
വെക്കുമ്പോൾ
എത്തിപ്പെടാൻ പോകുന്ന ഇടത്തെ കുറിച്ചും
എത്തുന്ന വേഗതയെ കുറിച്ചും
ഓർമ്മയിൽ എത്തിക്കും

അപ്പോൾ, അപ്പോൾ നമ്മളവയെ
ശ്രദ്ധിച്ചു തുടങ്ങും

മരണത്തെ പ്രണയം പോൽ
ഭ്രമിപ്പിക്കുന്ന പാട്ടാണത്

ഭ്രമത്തിൽ പ്രണയപരവശനായി
തിളങ്ങുന്ന ബ്ലേഡ് കയ്യിൽ എടുത്താൽ

ഇരുട്ടപ്പോൾ മുഖത്തേക്ക്
തുറിച്ചും തുളച്ചും നോക്കും
പല്ലിളിച്ചു കാട്ടും,
കൊടും ഭയമായി സിരകളിൽ തുള്ളി ചാടും

അതിരുകൾ ഒന്നും ഇല്ലാഞ്ഞിട്ടും
ഒന്ന് വറ്റി തീരാൻ
സമതലത്തിൽ കാത്തുകിടക്കും
വെള്ളം പോലെ
നമ്മളപ്പോൾ
പൂർണ നിസ്സഹായരാകും

ശബ്‍ദമില്ലാതെ
അലറി അലറി നിലവിളിക്കാനെ
നമുക്കപ്പോൾ കഴിയൂ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here