(കവിത)
കെ.ടി അനസ് മൊയ്‌തീൻ
1
കത്തി കൊണ്ട് കുത്തിയതല്ല.
വിഷം കൊടുത്തതല്ല.
തള്ളിത്താഴെയിട്ടതല്ലേയല്ല.
രാവിലെയെണീറ്റപ്പോൾ
എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ്
ഹേതു.
ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ
എന്റെ കൈകൾ
പ്രതി ചേർക്കപ്പെടില്ല.
2
ആ കുന്നിലാണ് നിന്നെയടക്കുന്നത്.
മറ്റൊരാൾക്ക്
നിന്റെ
ചൂട് കായാൻ കൊടുത്ത അതേ കുന്ന്.
നിന്റെ ഒറ്റുകാരൻ
എന്റെ സന്ദേഹങ്ങൾ.
3
ഒരാഴ്ച്ച കടന്നുപോയിരിക്കുന്നു.
നിന്റെ കല്ലറയിൽ
എന്റെ ഒരല്ലിറോസു മാത്രം കാഴ്ച്ചക്കിരിക്കുന്നു.
മണ്ണിൽ ഒരാഴ്ച പഴക്കമുള്ള
എന്റെ കാലൊച്ചകൾ, പാടുകൾ.
ചുറ്റും എന്റെയെന്ന് വാസനിക്കുന്ന കാറ്റ്.
നിന്റെ കല്ലറയിൽ എന്റെ പൂ മാത്രം.
മറ്റൊരാളുമായി
നീ പ്രേമത്തിലായിരുന്നുവെന്ന സന്ദേഹം
ഒടുവിൽ ചത്തു ചീയുന്നു.
അതിന്റെ കുഴിയെടുത്ത്
കുന്നിറങ്ങവെ ഒരു ചോദ്യം കുന്നുകേറുന്നു;
“എന്റെ കല്ലറയിൽ ആര് പൂ വെക്കും?”
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല